ആലപ്പുഴ: വിദ്യാഭ്യാസ വിചക്ഷണനും ചരിത്രപണ്ഡിതനും എഴുത്തുകാരനും വാഗ്മിയുമായ ഷെവലിയര്‍ പ്രഫ. ഏബ്രഹാം അറക്കല്‍ അന്തരിച്ചു. ആലപ്പുഴയിലെ പുരാതന കുടുംബമായ അറക്കല്‍ വീട്ടിലെ നിര്യാതനായ ഈപ്പന് അറക്കല്‍ (മുന്‍ എംഎല്‍എ)യാണ് പിതാവ്. മാതാവ് നിര്യാതയായ ഏലിയാമ്മ ഈപ്പന് (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് സ്കൂള്‍). കെആര്‍എല്‍സിസിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരമുള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.
ട്രിച്ചി സെന്റ് ജോസഫ് കോളജില്‍ നിന്നു ബിരുദം(ഓണേഴ്സ്) നേടിയ ശേഷം ഫാത്തിമ കോളേജില്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. ആലപ്പുഴ സെന്റ്. മൈക്കല്‍, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു.കാലിക്കറ്റ്, കേരള യൂണിവേഴ്സിറ്റികളിലെ സെനറ്റ് അംഗമായിരുന്നു. കൊച്ചി രൂപത പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍, സദ് വാര്‍ത്ത പത്രങ്ങളുടെ ചീഫ് എഡിറ്ററായിരുന്നു. ഗവ. കോളജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ സ്ഥാപക പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. പ്രൈവറ്റ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു.
സാമൂഹ്യ സഭാ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 2007ല്‍ പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍ ഷെവലിയര്‍ പദവി നല്കി ആദരിച്ചു. ഭാര്യ: പരേതയായ റീനി അബ്രഹാം (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്, ആലപ്പുഴ).