കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയില്‍ സി ബി ഐ അന്വേഷണം വേണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ ഹൈക്കോടതി. അതേസമയം ഹര്‍ജിയില്‍ നിലപാടറിയിക്കണം എന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സതീശന്റെ ഹര്‍ജി പൊതുതാല്‍പര്യമല്ലെന്നും പബ്ലിസിറ്റി ഇന്ററസ്റ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2019 ല്‍ ആരംഭിച്ച പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് ഇപ്പോള്‍ കോടതിയെ സമീപച്ചത് എന്ന് കോടതി ചോദിച്ചു. കെ ഫോണ്‍, എ ഐ കാമറ ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണം എന്ന ആവശ്യവും കോടതി തള്ളി. സി എ ജി റിപ്പോര്‍ട്ട് ലഭിച്ചിട്ട് ബാക്കി തെളിവുകള്‍ ഹാജരാക്കാം എന്നും ഹര്ജിക്കാരന് അറിയിച്ചു. അതോടെ ‘അത് ലഭിച്ചിട്ട് വന്നാല്‍ പോരെ’യെന്നായിരുന്നു കോടതിയുടെ ചോദ്യം.
തെരുവിലും മൈതാനത്തും കിട്ടാത്ത നീതി തേടിയാണ് കോടതിയില്‍ പോയതെന്ന് സതീശന് പറഞ്ഞു. തന്റെ കേസ് തള്ളിയിട്ടില്ലെന്നും പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘കെ ഫോണ്‍ അഴിമതി സംബന്ധിച്ച ഹര്‍ജി പബ്ലിക് ഇന്ററസ്റ്റാണോ പബ്ലിസിറ്റിയാണോയെന്ന് കോടതി ചോദിച്ചെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരാതിയുമായി കോടതിയെ സമീപിക്കേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ തെരുവില്‍ പറഞ്ഞാലും അതിനൊരു പബ്ലിസിറ്റിയുണ്ട്. തെരുവില്‍ പറഞ്ഞാലും മൈതാനത്ത് പറഞ്ഞാലും കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയില്‍ പോയത്-സതീശൻ പറഞ്ഞു .