ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 172 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ 26 പന്തുകള്‍ ശേഷിക്കേയാണ് വിജയ റണ്ണെടുത്തത് .ഇന്ത്യന്‍ വിജയത്തിന്റെ ശില്പികള് ഓപ്പണര്‍ യശസ്വി ജയ്സ്വാളും ശിവം ദുബൈയുമാണ്.
34 പന്തില്‍ അഞ്ച് ഫോറും ആറ് സിക്സറും അടക്കം 68 റണ്‍സാണ് ജയ്സ്വാള്‍ അടിച്ചുകൂട്ടിയത്. മുപ്പത്തിരണ്ട് പന്തില്‍ അഞ്ച് ഫോറും നാലു സിക്സറുമടക്കം 63 റണ്‍സാണ് ശിവം നേടിയത്. ഇതോടെ പരമ്പരയിലെ രണ്ടുമത്സരത്തിലും ശിവം അര്‍ധസെഞ്ച്വറി നേടി.ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായി. പിന്നാലെ വിരാട് കോഹ്ലിയും ജയ്സ്വാളും അടിച്ചുചേര്‍ത്ത് 57 റണ്‍സാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കിയത്.
16 പന്തില്‍ 29 റണ്‍സ് നേടി കോഹ്ലി പുറത്തായി. പിന്നീടാണ് ജയ്സ്വാള്‍ ശിവം കൂട്ടുകെട്ട് ഇന്ത്യന്‍ വിജയം ഉറപ്പാക്കിയത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് 172 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഗുല്‍ബാദിന്‍ നയ്ബാണ് അഫ്ഗാന്റെ ടോപ് സ്കോറര്‍. നയ്ബ് ഒഴികെയുള്ള അഫ്ഗാന് താരങ്ങള്‍ക്കൊന്നും തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനായില്ല. അഫ്ഗാനു വേണ്ടി കരിം ജനത് രണ്ട് വിക്കറ്റ് വീഴ്ത്തി.