കോട്ടയം: വിസ്തൃതിയില്‍ കേരളത്തിലെ ഏറ്റവും വലിയ റോമന്‍ കത്തോലിക്കാ രൂപതയായ വിജയപുരത്ത് സഹായമെത്രാനായി റവ. ഡോ. ജസ്റ്റിന് അലക്സാണ്ടര്‍ മഠത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. വിജയപുരം വിമലഗിരി മാതാ കത്തീഡ്രലില്‍ ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കത്തെച്ചേരില്‍ നിയമന പ്രഖ്യാപനം നടത്തി. ചാന്‍സലര്‍ മോണ്‍. ജോസ് നവസ് പുത്തന്‍പറമ്പിലും കൂരിയ അംഗങ്ങളും സന്നിഹിതരായിരുന്നു.
വത്തിക്കാനില്‍ നിന്നുള്ള നിയമന കല്പന ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലെയൊപോള്‍ദോ ജിറേല്ലിയില്‍ നിന്നു ബിഷപ് തെക്കത്തെച്ചേരിലിന് ലഭിച്ചു. ബിഷപ് തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രൂപതയിലെ വൈദികരും സന്ന്യസ്തരും ദൈവജനവും തെദേവും സ്തോത്രഗീതം ആലപിച്ച് ദൈവത്തിനു നന്ദിയര്‍പ്പിച്ചു.
അഞ്ചുവര്‍ഷമായി വിജയപുരം രൂപതാ വികാരി ജനറലായി സേവനം ചെയ്തുവരികയായിരുന്നു അന്പത്തിരണ്ടുകാരനായ മോണ്‍. മഠത്തിപ്പറമ്പില്‍. പാമ്പനാര്‍ തിരുഹൃദയ ഇടവകയില്‍ 1972 ഏപ്രില്‍ ആറിനാണ് ജനിച്ചത്. ഇടവകയില്‍ ഇപ്പോഴും കപ്യാരായി സേവനം ചെയ്യുന്ന അലക്സാണ്ടറിന്റെയും പരേതയായ തെരേസയുടെയും ഏക മകനാണ്.
കോട്ടയം ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരിയിലും ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദികപരിശീലനം നടത്തി.
റോമിലെ സെന്റ് ആന്‍സലേം പൊന്തിഫിക്കല്‍ അത്തെനേവുമില്‍ നിന്ന് ലിറ്റര്‍ജിയില്‍ ലൈസന്‍ഷ്യേറ്റും ഉര്‍ബാനിയാന സര്‍വകലാശാലയില്‍ നിന്ന് ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റും നേടി.
1996 ഡിസംബര്‍ 27ന് ബിഷപ് പീറ്റര്‍ തുരുത്തിക്കോണം പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ഇടവകയില്‍ സഹവികാരിയായി ആയിട്ടായിരുന്നു ആദ്യ നിയമനം. ഗൂഡല്ലൂര്‍ സെന്റ് ജോസഫ് ഇടവക, ഇടുക്കി ഹോളി ഫാമിലി ഇടവക എന്നിവിടങ്ങളില്‍ വികാരിയായും ഇടുക്കി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഡയറക്ടറായും സേവനം ചെയ്തതിനുശേഷം ഇറ്റലിയിലെ പ്രാത്തോ രൂപതയില്‍ 2006 മുതല്‍ 2017 വരെ സേവനം ചെയ്തു.
ഫോട്ടോ : വിജയപുരം കത്തീഡ്രലില്‍ ബിഷപ് തെക്കത്തെച്ചേരിലിനൊപ്പം
രൂപതയിലെ അഞ്ചാമത്തെ മെത്രാനായ ഡോ. തെക്കത്തെച്ചേരില്‍ 2017-ലാണ് മോണ്‍. മഠത്തിപ്പറമ്പിലിനെ തന്റെ വികാരി ജനറലായി നിയമിച്ചത്. രൂപതയിലെ സാമൂഹിക സേവന സംഘടനയായ വിഎസ്എസ്എസ്, സ്കൂളുകളുടെ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി, എംഐഎസ്ടിഎസ് എന്നിവയുടെ പ്രസിഡന്റ്, പൊന്തിഫിക്കല്‍ അസോസിയേഷനുകളുടെയും സെമിനാരി, ക്ലര്‍ജി എന്നിവയ്ക്കായുള്ള കമ്മിഷന്റെയും ഡയറക്ടര്‍, അസ്സീസി ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് നഴ്സിങ് ചെയര്മാന് എന്നീ ചുമതലകള്‍ മോണ്‍. മഠത്തിപ്പറമ്പില്‍ വഹിക്കുന്നുണ്ടായിരുന്നു.
വരാപ്പുഴ അതിരൂപത വിഭജിച്ച് 1930 ജൂലൈ 14ന് പീയൂസ് പതിനൊന്നാമന്‍ പാപ്പാ സ്ഥാപിച്ച വിജയപുരം മിഷന് രൂപതയുടെ ചുമതല സ്പെയിനിലെ നവാര പ്രോവിന്സിലെ കര്‍മലീത്താ മിഷനറിമാര്ക്കായിരുന്നു. ബൊനവെന്തൂര അരാന ഒസിഡി ആണ് ആദ്യമെത്രാനായി നിയമിക്കപ്പെട്ടത്. ബിഷപ് അംബ്രോസ് അബസോള ഒസിഡിയില് നിന്ന് രൂപതയുടെ ഭരണസാരഥ്യം 1971-ല്‍ ഏറ്റെടുത്ത കൊര്‍ണേലിയസ് ഇലഞ്ഞിക്കലാണ് വിജയപുരം രൂപതയിലെ തദ്ദേശീയനായ ആദ്യത്തെ മെത്രാന്. അദ്ദേഹം പിന്നീട് വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി.
കോട്ടയം, ഇടുക്കി ജില്ലകള്‍ മുഴുവനായും, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളും വിജയപുരം രൂപതയുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മലമ്പ്രദേശവും സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്ന കായലോരവും ഉള്‍പ്പെടെ മലയോരവും ഇടനാടും തീരപ്രദേശവും ഈ രൂപതയുടെ സവിശേഷ ഭൂമിശാസ്ത്ര പശ്ചാത്തലമൊരുക്കുന്നു. വരാപ്പുഴ, കൊച്ചി, കൊല്ലം രൂപതകളില്‍ നിന്ന് കുടിയേറിയ റോമന്‍ കത്തോലിക്കരുടെ സാന്നിധ്യവും വിജയപുരത്തിന്റെ വിശിഷ്ട പാരമ്പര്യമാണ്. നിഷ്പാദുക കര്‍മലീത്താ സഭയുടെ മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസ് പ്രോവിന്സില് നിന്നുള്ള പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിലെ ബ്രദര്‍ റോക്കി പാലക്കല്‍ വിജയപുരം രൂപത സംസ്ഥാപനത്തില്‍ വലിയ പങ്കുവഹിച്ച ‘കീഴാളരുടെ അപ്പോസ്തലന്’ എന്നറിയപ്പെടുന്ന മിഷനറിയാണ്.