ലക്കിടി:കേരളത്തെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരളത്തില്‍ കന്നുകാലികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വൈവിധ്യങ്ങളായ പരിപാടികളോടെ വിവിധ വേദികളിലായാണ് ലക്കിടിയിൽ ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ക്ഷീര കർഷകർ പങ്കെടുത്ത സംഗമത്തിന്റെ സമാപന സമ്മേളനം ക്ഷീര വികസന – മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പാലിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കലുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.