കൊച്ചി: പ്രശസ്ത നോവലിസ്റ്റും പത്രാധിപരുമായിരുന്ന ജോസഫ് വൈറ്റില അന്തരിച്ചു. 2012-ല്‍ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിനു ഇദ്ദേഹം അര്‍ഹനായി. വിക്ടര്‍ ലീനസുമായി ചേര്‍ന്ന് ‘ദൃൂതി’ എന്നൊരു സാഹിത്യ പ്രസിദ്ധീകരണം തുടങ്ങിക്കൊണ്ടാണ് പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നത്. സമയം മാസികയുടെ പത്രാധിപരാരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.
രണ്ടു നാടകങ്ങളും തിരക്കഥകളും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആദ്യമായി 18-ആം വയസ്സില്‍ ചരമവാര്‍ഷികം എന്ന കൃതി മാതുഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം, പീഡിതരുടെ സങ്കീര്‍ത്തനം എന്നീ കൃതികള്‍ രണ്ടാം വര്‍ഷം പുറത്തിറക്കി. സ്വാമി നിര്‍മ്മലാനന്ദന്റെ ആശ്രമത്തില്‍ അന്തേവാസിയായി കഴിഞ്ഞിരുന്ന അനുഭവങ്ങളില്‍ നിന്നുമാണ് ആശ്രമം എന്ന കൃതി രചിച്ചത്. നവദര്‍ശന എന്ന നാടകട്രൂപ്പ് തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. വിജയന് കരോട്ടില്‍ സംവിധാനം നിര്‍വഹിച്ച ചെമ്മീന്‍കെട്ട് എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ചു. പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത മുദ്ര എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
ഭരതനടനം എന്ന നോവല്‍ പി.ജെ ആന്റണിയുടെ ജീവിതകഥയെ ആസ്പദമാക്കി കാര്‍ട്ടൂണിസ്റ്റ് ജോഷി ജോര്‍ജുമായി ചെര്ന്നെഴുതിയയതാണ്. കമ്പക്കല്ല് എന്ന മറ്റൊരുനോവലും ഇരുവരും ചേര്‍ന്ന് എഴുതിയിട്ടുണ്ട്. കെആര്‍എല്‍സിസി പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഭാര്യ എലിസബത്ത്. മക്കള്‍: ദീപ, ജോണ്‍ വില്യം, അപര്‍ണ.
സംസ്കാരം ഇന്ന് (9 -01 2024)വൈകിട്ട് അഞ്ചിന് തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍.