പത്തനംതിട്ട: സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമത്തിന്റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തു. കന്റോണ്‍മെന്റ് പോലീസ് പത്തനംതിട്ട അടൂരിലെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്.
2023 ഡിസംബര്‍ 20 നായിരുന്നു യൂത്ത്കോണ്‍ഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്. കേസില്‍ നാലാംപ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിഡിപിപി ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അനധികൃതമായി സംഘം ചേരല്‍, കലാപാഹ്വാനം, പോലീസിനെ ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പിങ്ക് പോലീസ് വാഹനം അടിച്ചുതകര്‍ക്കല്‍ എന്നിവയ്ക്കും കേസെടുത്തിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഷാഫി പറമ്പില്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് നേതാവ് വിന്‍സെന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാണ് കേസിലെ രണ്ട്, മൂന്ന് നാല് പ്രതികള്‍. 38 പേര്‍ക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം, കണ്ടോണ്മെന്റ് സ്റ്റേഷനുകളില്‍ കേസെടുത്തിരിക്കുന്നത്. കണ്ടോണ്മെന്റ് സ്റ്റേഷനില്‍ 23 പേര്‍ക്കെതിരെയും മ്യൂസിയം സ്റ്റേഷനില്‍ 15 പേര്‍ക്കെതിരെയുമാണ് കേസ്. കണ്ടാലറിയുന്ന 300 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.