കൊച്ചി:എറണാകുളത്തെ സർക്കാർ നേഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷിക്കുമ്പോൾ അതിന് പ്രാരംഭം കുറിച്ച മഹാന്മക്കളെ മറക്കുന്നത് ഉചിതമല്ലെന്ന് കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് കുറ്റപ്പെടുത്തി.
സ്കൂളിന്റെ പ്രാരംഭ ചരിത്രം തന്നെ തെറ്റായിട്ടാണ് സംഘാടകർ ക്ഷണക്കത്തിൽ ചേർത്തിട്ടുള്ളത്. 1924 ൽ കൊച്ചി മഹാരാജാവിന്റെ അഭ്യർത്ഥനയെത്തുടർന്ന് വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത ഡോ, എയ്ഞ്ചൽ മേരി താല്പര്യമെടുത്താണ് യൂറോപ്പിൽ നിന്നും സിസ്സ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സന്ന്യാസിനി സമൂഹത്തിലെ സഹോദരിമാർ കേരളത്തിലെത്തുന്നത്.
തിരുവതാംകൂറിൽ 117 വർഷങ്ങൾക്ക് മുൻപെ ഹോളി ക്രോസ് സന്ന്യാസിനിമാരെ കൊണ്ടുവന്നിരുന്നു. കൊല്ലത്ത് കൊട്ടിയത്ത് ആതുര ശുശ്രൂഷാ മേഖലയിൽ ഇന്നും സജീവമാണ്.
കേരളത്തിലെ നേഴ്സിംഗ് പരിശീലനത്തിനു ഊടുംപാവും നല്കിയത് ഈ ക്രൈസ്തവ സന്യാസസമൂഹങ്ങളാണ്.
സിസ് സ്റ്റേഴ്സ് ഓഫ് ചാരിറ്റീസ് ഇപ്പോഴും നഗരത്തിലെ ലൂർദ്ദ് ആശുപത്രിയിലും അശരണരായ വയോജനങ്ങളെ സംരക്ഷിക്കുന്ന ഹൗസ് ഓഫ് പ്രൊവിഡൻസിന്റെ പ്രവർത്തനങ്ങളിലും സജീവമാണ്.
പ്രാരംഭകരായ ഈ സമൂഹത്തെ ശതാബ്ദി ആഘോഷങ്ങളിൽ ഉൾപ്പെടുത്താതിരുന്നത് നന്ദികേടാണ്, ഇത് തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്-ജോസഫ് ജൂഡ് പ്രസ്താവനയിൽ പറഞ്ഞു