റിയാദ് : ഈ വര്‍ഷം കൂടുതല്‍ ഗോളുകളെന്ന നേട്ടം സ്വന്തമാക്കി സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്റിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ പിഎസ്ജിയുടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് 38കാരനായ റൊണാള്‍ഡോ ഈ വര്‍ഷം കൂടുതല്‍ ഗോളുകള്‍ നേടിയ താരമായത്.
54 ഗോളുകളാണ് റൊണാള്‍ഡോ 2023ല്‍ അടിച്ചുകൂട്ടിയത്.
ഇത് അഞ്ചാമത്തെ പ്രാവശ്യമാണ് റൊണാള്‍ഡോ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമാകുന്നത്. നേരത്തെ നാല് പ്രാവശ്യവും സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിനായി 2011ല്‍ 60 ഗോളും 2013ല്‍ 63 ഗോളും 2014ല്‍ 61 ഗോളും 2015ല്‍ 57 ഗോളും നേടിയാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്.
ഈ വര്‍ഷം അല്‍ നസ്റിനായി 44 ഗോളുകളാണ് റൊണാള്‍ഡോ നേടിയത് .സൗദി പ്രോ ലീഗില്‍ അല്‍ താവൂനെതിരായ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു താരം ഈ വര്‍ഷത്തെ അവസാന ഗോള്‍ സ്വന്തമാക്കിയത്. രാജ്യാന്തര ഫുട്ബോളില്‍ പോര്‍ച്ചുഗലിനായി 10 ഗോളുകളാണ് ഈ വര്‍ഷം റൊണാള്‍ഡോ എതിര് വലയിലെത്തിച്ചത്.