കനിവോടെ സ്വീകരിക്കേണമേ ……
ആറു പതിറ്റാണ്ടായി കേരളത്തിലെ ദേവാലയങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഗാനം.
വരികളിലെ ലാളിത്യവും ദൈവിക സംഗീതവും ഒരുപോലെ ഇഴ ചേര്‍ന്ന ഗാനം. ജീവിതത്തില്‍ സംഗീതം വരദാനമായി ലഭിച്ച ഒ. വി. റാഫേലിലൂടെ ദൈവം പകര്‍ന്നു നല്‍കിയതാണ് ഈ ഗാനം. എത്ര കേട്ടാലും മതിവരാത്ത ഇതിലെ സംഗീതം വിശുദ്ധ കുര്‍ബാനയുടെ (ബലിയര്‍പ്പണത്തിന്റെ) മുഴുവന്‍ അര്‍ത്ഥവും വെളിപ്പെടുത്തുന്നതാണ്. ഇറ്റാലിയന്‍ റേഡിയോ പ്രക്ഷേപണം ചെയ്ത ആദ്യ മലയാള ഭക്തിഗാനവും ഇതുതന്നെയാണ്.
സംഗീതം ശാസ്ത്രീയമായ അഭ്യസിക്കുന്നതിനു മുമ്പ് ഒ.വി. റാഫേല്‍ എഴുതി ചിട്ടപ്പെടുത്തിയ രണ്ടാമത്തെ ഗാനമാണ് കനിവോടെ സ്വീകരിക്കണമേ. ഇതിനു മുന്‍പ് രൂപപ്പെടുത്തിയ വന്നാലുമെന്‍ ഹൃത്തില്‍ നാഥാ,തുടര്‍ന്ന് പാവനാത്മാവാമെന് ദൈവമേ, ദീപമേ ശാശ്വത ദ്വീപമേ തുടങ്ങിയ ഗാനങ്ങളിലൂടെ 1964ല്‍ ആലുവ മംഗലപ്പുഴ സെമിനാരിയില്‍ വിദ്യാര്‍ഥിയായി പ്രവേശിച്ച യുവാവ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്നാണ് വിശ്വപ്രസിദ്ധമായ ഗാഗുല്‍ത്താ മലയില്‍ നിന്നും എന്ന ഗാനം പിറവിയെടുക്കുന്നത്. മംഗലപ്പുഴ സെമിനാരിയിലെ അധ്യാപകനായ ഫാ. സെബാസ്റ്റ്യന്‍ മങ്കുഴിക്കരി (പിന്നീട് ബിഷപ് സെബാസ്റ്റ്യന്‍ മങ്കുഴിക്കരി) ഫാ. ആബേല്‍ സിഎംഐ രചിച്ച വരികള്‍ക്ക് സംഗീതം നല്കാന് ബ്രദര്‍ റാഫേല്‍ ഓളാട്ടുപുറത്തിന് നല്കി.
ദീപമേ ….. ശാശ്വതദീപമേ ….! രണ്ടാഴ്ച മുന്‍പ് പുറത്തിറങ്ങിയ തന്റെ ആത്മകഥയില്‍ നിന്നു തന്നെയാകട്ടെ ഈ ഗാനത്തിന്റെ കൂടുതല്‍ വിവരണം.
മങ്കുഴിക്കരിയച്ചന്‍ ഗായകനായിരുന്നില്ലെങ്കിലും ഗാനാസ്വാദകനും വിമര്‍ശകനുമായിരുന്നു. എന്റെ കമ്പോസിഷനെ എപ്പോഴും അച്ചന് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഒരുദിവസം അച്ചന് എന്നെ റൂമില്‍ വിളിപ്പിച്ച്, ഒരു പാട്ടിന്റെ വരികള്‍ എന്റെ നേരെ വെച്ച് നീട്ടിയിട്ട് പറഞ്ഞു: ‘എറണാകുള ത്തുള്ള ആബേലച്ചന് എഴുതിയ വരികളാണ്; ഇതിന് ബ്രദര്‍ ഈണം നല്‍കണം. ആബേലച്ചനെപ്പറ്റി അന്നാണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. കലാഭവന്‍ അന്ന് തുടങ്ങിയിട്ടില്ല. ഞാന്‍ സ്വന്തമായിട്ടെഴുതിയതും എന്റെ സഹോദരന് ഒ.വി ജോസഫ് എഴുതിയ വരികള്‍ക്കും സെമിനാരിയിലെ ചില ബ്രദേഴ്സ് എഴുതിയ രചനകള്‍ക്കുമാണ് ഞാന്‍ അന്നുവരെ സംഗീതം നല്‍കിയിട്ടുള്ളത്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം എനിക്ക് വന്നു ചേരുന്നത്. അഭിമാനത്തോടെയും അതിലേറെ സന്തോഷത്താലും ഞാന്‍ റൂമില്‍നിന്നു വെളിയിലിറങ്ങി വരികള്‍ വായിച്ചുനോക്കി – ‘ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന് മാറ്റൊലി കേള്‍പ്പൂ…’ എന്ന് തുടങ്ങുന്ന വരികള്‍. അതുംകൊണ്ട് ഞാന്‍ നേരെപോയത് സെമിനാരി ചാപ്പലിലേക്കാണ്. അവിടെയിരുന്ന് വീണ്ടും ഞാനത് വായിച്ചു. ഉള്ളില്‍ അനുഭവപ്പെട്ട തേങ്ങലോടെ… കുരുടന് കാഴ്ചനല്കി, ചെകിടന് കേള്‍വി നല്കി, കുഷ്ഠരോഗികളെയും തളര്‍വാതരോഗികളെയും രക്തസ്രാവക്കാരിയെയും അതുപോലെ രോഗങ്ങളാല്‍ കഷ്ടപ്പെട്ട് തന്നെ സമീപിച്ച എല്ലാവരെയും കൈവച്ച് സുഖപ്പെടുത്തി. ലോകത്തിന് നന്മമാത്രം ചെയ്തുകൊണ്ട് കടന്നുപോയ കരുണാമയനായ യേശുദേവന് കുരിശില്‍ കിടന്നുകൊണ്ട് വിലപിക്കുന്നു. ‘ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്ത് ഞാന്‍ ചെയ്തു? ‘ ശോകാത്മകമായ വരികള്‍ക്ക് ഈണം നല്കാന് ഉള്ളം വെമ്പല്‍കൊണ്ടു. റിക്രിയേഷന്‍ സമയത്ത് എം എസ് മ്യൂസിക് ക്ലബ്ബില്‍ ഏകാന്തതയില്‍ പോയി പ്രാര്‍ഥനയോടെ ഹാര്‍മോണിയം കൈയിലെടുത്തു. ദൈവപുത്രന്റെ വിലാപത്തോടൊപ്പം ഉള്ളിലുതിര്‍ന്ന തേങ്ങലില്‍ നിന്നാണ്, അതിന് അനുയോജ്യമായ ഈ ഈണം നല്കുവാന് യേശുവിന്റെ കൃപ എന്നില്‍ പ്രവര്‍ത്തിച്ചത്.
പിന്നീട് ഇസ്രായേലിലെ, ജറുശലേമിലെ, ഗാഗുല്‍ത്താമലയില്‍ നിന്നു കൊണ്ട് തന്നെ, ഈ ഗാനം ആലപിക്കാന്‍ എനിക്ക് അവസരമൊരുക്കിയ ആ കൃപയെ ഓര്‍ക്കുമ്പോള്‍, ദൈവമേ, അങ്ങേക്ക് ആയിരം നന്ദി.
ട്യൂണ്‍ ചെയ്തതിനുശേഷം, ഞാനത് പാടി റെക്കോഡാക്കി മങ്കുഴിക്കരിയച്ചനെ ഏല്പിച്ചു. അദ്ദേഹം അത് എറണാകുളത്ത് കൊണ്ടുപോയി അതിരൂപതാ കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ തിരുമേനിയെ കേള്‍പ്പിച്ചു. ‘ഹൃദയത്തില്‍ തട്ടുന്ന സംഗീതമെന്ന് പറഞ്ഞ്, മങ്കുഴിക്കരിയച്ചന്‍ വഴി, കര്‍ദ്ദിനാള്‍ എന്നെ അഭിനന്ദിച്ചത്, എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു.
2000 വര്‍ഷത്തില്‍ ലോകമെങ്ങും പല രീതിയിലുള്ള ആഘോഷങ്ങള്‍ ഉണ്ടായല്ലോ. മഹാജൂബിലി വര്‍ഷത്തില്‍ ബിബിസി ലോകപ്രശസ്തരായ നിരവധി പേരുടെ ഇന്റര്‍വ്യൂ പ്രക്ഷേപണം ചെയ്യുകയുണ്ടായി. ഇന്ത്യയിലെ കത്തോലിക്കാ സംഗീതത്തെക്കുറിച്ച്, ഭക്തിഗാനശാഖയെ കുറിച്ച് ഇന്റര്‍വ്യൂവിന് തിരഞ്ഞെടുത്തത് ഒ.വി.ആറിനെയാണ്. ബിബിസി സംഘം തിരുവനന്തപുരത്ത് എത്തി അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു. ലോകത്ത് ആദ്യമായി വോക്കല്‍ സിംഫണി ബിബിസിയില്‍ അദ്ദേഹം അവതരിപ്പിച്ചു.
എറണാകുളം ജില്ലയിലെ കുറുമ്പത്തുരുത്ത് എന്ന ദ്വീപില്‍ നിന്ന് സംഗീതത്തിന്റെ വിശ്വപ്രഭയിലേക്ക് ഉയര്‍ന്ന നക്ഷത്രമാണ് ഓളാട്ടുപുറം വര്‍ഗീസ് റാഫേല്‍. ഇന്ന് ഒ.വി.ആര്. എന്ന ചുരുക്കപ്പേര് ലോകം അറിയുന്ന ദേവാലയ സംഗീതജ്ഞന്റേതായി. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ആകൃഷ്ടനായ ദേവരാജന്‍ മാഷ് പലവട്ടം നേരില്‍ വന്ന് മദ്രാസില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചതാണ്. പക്ഷേ, ബന്ധങ്ങളോടുള്ള ആഴമാര്‍ന്ന ഇഴയടുപ്പം പ്രത്യേകിച്ച് ഗര്‍ഭിണിയായ ഭാര്യയെ വിട്ടുപിരിയാനുള്ള മനോവ്യഥ മൂലം കേരളത്തിന് നഷ്ടപ്പെട്ടത് സിനിമ മേഖലയിലെ ഒരു നക്ഷത്രത്തെയാണ്. എങ്കിലും മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, സിനിമാനടി ആനി, ഗായകന് വിന്‍സന്റ് ഗോമസ് തുടങ്ങി നിരവധി പ്രതിഭകളെ അദ്ദേഹം കലാകേരളത്തിന് സമ്മാനിച്ചു. കാനായി കുഞ്ഞിരാമനും ജോണ്‍ എബ്രഹാമും ഒ.എന്‍.വിയും അദ്ദേഹത്തിന്റെ സൗഹൃദ വലയത്തില്‍ ചേര്‍ന്നു നിന്നു. ഗാനഗന്ധര്വന് യേശുദാസിന് ഒ.വി. ആര്. ഇന്നും അച്ചന്‍കുഞ്ഞാണ്. മംഗലപ്പുഴ സെമിനാരിയില്‍ ആദ്യമായി യേശുദാസ് ഗാനമേളയ്ക്ക് എത്തുന്നത് ബ്രദര്‍ റാഫേലിന്റെ ശ്രമഫലമായിട്ടാണ്. അന്ന് പ്രതിഫലമായി വാങ്ങിയ 5000 രൂപ ഗാനമേള ട്രൂപ്പിലെ ഹുസൈന്റെ മകളുടെ വിവാഹത്തിനായി യേശുദാസ് സമ്മാനിച്ചു.
ഇങ്ങനെ നന്മകളുടെ ഒരുപാട് നേര്‍ചിത്രങ്ങളുണ്ട് ഈ ആത്മകഥയില്‍.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (1961 – 1963)ആഹ്വാനം പ്രാദേശിക ഭാഷകളിലുള്ള ബലിയര്‍പ്പണത്തിന് കേരളത്തിലും കാരണമായി. അക്കാലത്ത് മംഗലപ്പുഴ സെമിനാരിയില്‍ വിദ്യാര്‍ഥിയായിരുന്ന ബ്രദര്‍ റാഫേല്‍ ചരിത്രത്തിന്റെ ഭാഗമായി മാറുന്നത് ദൈവനിശ്ചയം തന്നെയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ ഹാര്‍മോണിയം, തബല, ഗിറ്റാര്‍, വയലിന് എന്നിവ ഉപയോഗിച്ച് ആദ്യത്തെ മലയാളം ക്വയറിന് നേതൃത്വം കൊടുത്തത് ഒ.വി.ആറാണ്. അന്ന് ആ ക്വയറില്‍ പാടാന്‍ പിന്നീട് വരാപ്പുഴ വരാപ്പുഴ ആര്‍ച്ച്ബിഷപ്പായി അവരോധിതനായ ജോസഫ് കേളന്തറയച്ചന് ഉണ്ടായിരുന്നു. സ്പെയിന്ക്കാരനായിരുന്ന റെയ്മണ്ട് അച്ചന്റെ കീഴില്‍ പാശ്ചാത്യ സംഗീതം പഠിക്കാന്‍ കഴിഞ്ഞത് റാഫലിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി.
സെമിനാരിയിലെ എംഎസ് മ്യൂസിക്സ് മറ്റൊരു ചരിത്രം കൂടിയാണ്. ഗാനമേള, ശാസ്ത്രീയ സംഗീത ക്ലാസ് എന്നിവ സെമിനാരിയില്‍ ആരംഭിക്കുന്നതിന് ഈ ക്ലബ്ബ് കാരണമായി. മഞ്ഞുമ്മലില്‍ നിന്നുള്ള ചെറുപുഷ്പം മാസികയിലാണ് ബ്രദര്‍ റാഫേല്‍ ചെയ്ത 21 ഗാനങ്ങള്‍ കര്‍ണാട്ടിക് നോട്ടേഷനോടുകൂടി പ്രസിദ്ധീകരിച്ചത്. ഇതോടെ അദ്ദേഹം കൂടുതല്‍ പ്രശസ്തനായി. ഇന്ന് കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.ഒ.സി യുടെ ആരംഭത്തില്‍ ഫാ.ജോസഫ് കണ്ണത്തിന്റെ സഹായിയാകാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഒരുകാലത്ത് ആലപ്പുഴ രൂപതയിലെ ക്വയറുകളില്‍ ഗിറ്റാര്‍ ഉപയോഗിക്കാനുള്ള അനുവാദം ബിഷപ് മൈക്കിള്‍ ആറാട്ടുകുളം പിതാവ് നിഷേധിച്ചിരുന്നു. ഓര്‍ക്കസ്ട്രയുടെ അതിപ്രസരം കൊണ്ടാണ് ബിഷപ് അങ്ങനെ ഒരു തീരുമാനമെടുത്തത്. എന്നാല്‍ പിതാവിന്റെ മെത്രാഭിഷേക ജൂബിലി വേളയില്‍100 പേര് അടങ്ങുന്ന ക്വയറിന് നേതൃത്വം നല്‍കിയത് ഒ.വി.ആറാണ്. ദിവ്യബലിയ്ക്കുശേഷം ആലപ്പുഴയുടെ ചരിത്രത്തില്‍ ഇത്ര മനോഹരമായ ക്വയര്‍ ആദ്യമായിട്ടാണ്. ഇത് നയിച്ച ഒ.വി.ആറിനെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നാണ് മൈക്കിള്‍ പിതാവ് പ്രതികരിച്ചത്. ആ ക്വയറില്‍ ഗിറ്റാര്‍ ഉപയോഗിച്ചിരുന്നു എന്ന് പിതാവ് അറിഞ്ഞപ്പോള്‍ ‘എത്ര മനോഹരമായി ഗിറ്റാര്‍ ഉപയോഗിച്ചു’ എന്നാണ് പിതാവ് പ്രതികരിച്ചത്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ തിരുവനന്തപുരം കടപ്പുറത്ത് ദിവ്യബലിയര്‍പ്പിച്ചത് ഒ.വി. ആര്. നേതൃത്വം കൊടുത്ത 500 പേരുടെ ഗായകസംഘത്തിന്റെ പങ്കാളിത്തത്തോടുകൂടിയാണ്. ബിഷപ് പീറ്റര്‍ ചേനപ്പറമ്പില്‍, ബിഷപ്പ് സൂസപാക്യം എന്നിവരുടെ മെത്രാഭിഷേക ചടങ്ങുകളിലെ ക്വയറിനും നേതൃത്വം നല്‍കിയത് അദ്ദേഹം തന്നെയാണ്. ഇന്ന് കേരളലത്തീന് സഭയിലെ ദിവ്യബലിയിലെ ഗാനങ്ങള്‍ക്ക് രൂപം നല്കാന് മെത്രാന്മാര് നിയോഗിച്ച സമിതിയിലും ഒ.വി.ആര് ഉണ്ടായിരുന്നു.
പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ശതാബ്ദി ആഘോഷത്തിന് ക്വയറിന് നേതൃത്വം നല്‍കിയത് ഒ.വി.ആര് തന്നെയാണ് ഡിസംബര്‍ ആദ്യവാരത്തില്‍ നടന്ന 150-ാം വാര്‍ഷികത്തിലും ക്വയര്‍ മാസ്റ്ററായി സേവനം നല്‍കിയത്.
തിരുവനന്തപുരം ദൂരദര്‍ശന്റെ ഉദ്ഘാടനത്തില്‍ 1985 ജനുവരി ഒന്നിന് പ്രക്ഷേപണം ചെയ്ത ലൈറ്റ് മ്യൂസിക് കോറല്‍ കണ്ടക്ട് ചെയ്തത് അദ്ദേഹമാണ്. മലയാളം വാര്‍ത്തകള്‍ക്കുള്ള മ്യൂസിക്കും. അങ്ങനെ എത്രയെത്ര ചരിത്ര സംഭവങ്ങള്‍ ഈ സംഗീതജ്ഞനെ വലയം ചെയ്യുന്നു.
224 പേജുകളിലായി ചിത്രങ്ങളോടൊപ്പമുള്ള ആത്മകഥ നമ്മെ അദ്ഭുതപ്പെടുത്തും.
ജീവിതത്തിന്റെ വിവിധ തുറകളില്‍ അദ്ദേഹം ചെയ്ത നന്മകള്, സൗഹൃദത്തില്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയവര്‍, തന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം, കണ്മുമ്പിലെ അപകടങ്ങള്‍, സഹധര്‍മ്മിണിയുടെ വേര്‍പാട്, അങ്ങനെ എത്രയെത്ര സന്തോഷിപ്പിക്കുന്നതും കണ്ണുകളെ ഈറനണിയിപ്പിക്കുന്നതുമായ സംഭവങ്ങള്‍ മനോഹരമായി ആത്മകഥയില്‍ ചേര്‍ത്തു വച്ചിരിക്കുന്നു. ഫാ. ഷാജ്കുമാര്‍, ഡോ. ഐറീസ് കൊയ്ലിയോ, സന്തോഷ് വിഴവൂര്‍ എന്നിവരാണ് പുസ്തക രചനയില്‍ സഹായിച്ചിട്ടുള്ളത്.
ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം ഓരോ ഘട്ടത്തിലും ഒ.വി.ആര് ബൈബിളിലെ സങ്കീര്ത്തനങ്ങളിലൂടെയാണ് വെളിപ്പെടുത്തുന്നത്. ബൈക്ക് അപകടത്തെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ദൈവത്തിന്റെ പാട്ടുകാരന് ഉരുവിട്ടത് 23-ാംസങ്കീര്ത്തനമാണ്. മരണത്തിന്റെ നിഴല്‍ വീണ താഴ് വരയിലൂടെ നടന്നാലും കര്‍ത്താവ് കൂടെയുള്ളപ്പോള്‍ ഭയപ്പെടില്ല.
അനേകായിരങ്ങള്‍ക്ക് സംഗീതത്തിലൂടെ ദൈവത്തെ പകര്‍ന്നുനല്‍കിയ ഒ.വി. റാഫേല്‍ എന്ന പ്രതിഭയെ അടുത്തറിയാന്‍ ഉപകരിക്കുന്ന ഖനിയാണ് ഈ ആത്മകഥ.
ദീപമേ …
ശാശ്വതദീപമേ …!