ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയ്ക്കും ഭാര്യയ്ക്കും മൂന്ന് വര്‍ഷം തടവുശിക്ഷ.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇരുവരും 50 ലക്ഷം വീതം പിഴ ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജനപ്രാധിനിത്യ നിയമത്തിന്റെ വകുപ്പ് 8(1) അനുസരിച്ചുള്ള ശിക്ഷാവിധി വന്നതോടെ തന്നെ മന്ത്രിക്ക് എംഎല്‍എ സ്ഥാനം നഷ്ടമായി.വിധി നടപ്പിലാക്കുന്നത് കോടതി 30 ദിവസത്തേയ്ക്ക് തടഞ്ഞുവച്ചിട്ടുണ്ട്. ഇതിനുള്ളില്‍ മന്ത്രിക്ക് സുപ്രീംകോടതിയെ സമീപിക്കാം.
1989ന് ശേഷം ഡിഎംകെ അധികാരത്തില്‍ എത്തിയപ്പോഴെല്ലാം മന്ത്രിസ്ഥാനത്തിരുന്ന ആളാണ് പൊന്മുടി. 2006-2010 കാലയളവില്‍ മന്ത്രി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് കേസ്. 2016ല്‍ കേസില്‍ ഇരുവരും കുറ്റക്കാരല്ലെന്ന് വില്ലുപുരം കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ വിജിലന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.