അയോധ്യ: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല.
അയോധ്യാ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ മുന്നിരക്കാരായിരുന്ന ഇരുവരും പ്രായാധിക്യത്തെത്തുടര്‍ന്നുള്ള ആരോഗ്യകാരണങ്ങളാലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
കുടുംബത്തിലെ മുതിര്‍ന്നവരാണ് ഇരുവരുമെന്നും പ്രായത്തിന്റെ ബുദ്ധിമുട്ടുകളാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വരാനാവില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, ബിജെപിയുടെ മുതിർന്ന നേതാക്കളെ ചടങ്ങിൽ നിന്ന് മാറ്റി നിർത്തിയതാണെന്ന ആക്ഷേപം ഇതിനകം ഉയർന്നിട്ടുണ്ട് . ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്,സംവിധായകൻ മധുര് ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് കാമത്ത് തുടങ്ങിയവരെല്ലാം ചടങ്ങിന് എത്തുമ്പോൾ എന്തുകൊണ്ട് അദ്വാനിയെയും മുരളി മനോഹറിനെയും എത്തിക്കാൻ സാധിക്കില്ലെന്നാണ് വിമർശനം ഉയരുന്നത്.