ആലുവ: കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍മല്‍ഗിരി ഫോര്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് ആന്‍ഡ് പാസ്റ്ററല്‍ ഫോര്മേഷന് (റിക് സിഡിപിഎഫ്) പ്രസിദ്ധീകരിക്കുന്ന കേരള ലത്തീന്‍സഭാ വിജ്ഞാനകോശത്തിന്റെ പ്രകാശനം കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റും സെമിനാരികള്ക്കായുള്ള സിസിബിഐ കമ്മിഷന് ചെയര്‍മാനുമായ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിര്‍വഹിച്ചു.
ചരിത്രത്തില്‍ നിന്ന് മനുഷ്യര്‍ ഒരു പാഠവും പഠിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഇപ്പോള്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധവുമെന്ന് ബിഷപ് ചക്കാലക്കല്‍ പറഞ്ഞു. ചരിത്രാവബോധത്തില്‍ നിന്നാണ് ഒരു സമൂഹം എന്ന നിലയില്‍ സ്വത്വബോധവും തനതു പൈതൃകത്തിന്റെയും പാരമ്പര്യങ്ങളുടെയും മഹിമയും നവോത്ഥാന മുന്നേറ്റത്തിന്റെ ഉണര്‍വും നമ്മില്‍ നിറയുന്നത്. സാമൂഹിക നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന് നമ്മെ പ്രേരിപ്പിക്കുന്നതും ചരിത്രപാഠങ്ങളും അനുഭവങ്ങളുമാണ്. അഭിഭാഷകന് എന്ന നിലയില്‍ സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യം വച്ച് ദക്ഷിണാഫ്രിക്കയിലേക്കു പോയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി വര്‍ണവിവേചനത്തിന്റെ തിക്താനുഭവത്തിലൂടെയാണ് സ്വാതന്ത്ര്യസമര നായകനും മഹാത്മാഗാന്ധിയുമായി മാറിയത്.
കേരള ലത്തീന്‍സഭയുടെ ഉദ്ഭവത്തിന്റെയും വളര്‍ച്ചയുടെയും മുന്നേറ്റത്തിന്റെയും അടരുകള്‍ എല്ലാ സത്യാന്വേഷികള്‍ക്കും സംലഭ്യമാക്കുന്ന കാര്‍മല്‍ഗിരി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 25 വാല്യങ്ങളുടെ വിജ്ഞാനകോശം നമ്മുടെ സ്വത്വബോധത്തിന്റെ ആഴപ്പെടലിനും തുടരന്വേഷണങ്ങള്‍ക്കും വലിയ പ്രചോദനമാകുമെന്ന് ബിഷപ് ചക്കാലക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഫാ. ജോര്‍ജ് അറയ്ക്കല്‍, റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍, ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി, എഫ്. ആന്റണി പുത്തൂര്‍, റവ. ഡോ. ആന്റണി വാലുങ്കല്‍, റവ. ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപ്പറമ്പില്‍, റവ. ഡോ. ക്ലെമന്റ് വള്ളുവശ്ശേരി, ഫാ. തോമസ് ജുസ്സാ, റവ. ഡോ. ബിജോയ് മരോട്ടിക്കല്‍, സിസ്റ്റര്‍ ജൂലിയറ്റ് ജോസഫ്, റവ. ഡോ. ഷാജി ജെര്‍മ്മന്‍, റവ. ഡോ. ജോസി കണ്ടനാട്ടുതറ, റവ. ഡോ. ആന്റണി കുരിശിങ്കല്‍, റവ. ഡോ. ക്രിസ്റ്റി ജോസഫ്, ഫാ. എബിജിന്‍ അറയ്ക്കല്‍, റവ. ഡോ. ജോയ് സി. മാത്യു, ജോയ് ഗോതുരുത്ത്, ജോസഫ് പനക്കല്‍, ഇഗ്നേഷ്യസ് തോമസ്, ഫാ. നെല്സന് ജോയി, ഫാ. സ്റ്റനിസിലാവോസ് തീസ്മസ്, ഫാ. അസ്സീസി ജോണ്‍, ഫാ. സുരേഷ് എ, സോജന് മൂന്നാര്‍, എസ്.എസ് മരിയാന്, രതീഷ് ഭജനമഠം, ഫാ. ജി. ക്രിസ്തുദാസ്, ഡോ. ചാള്‍സ് ഡയസ്, ഡോ. സിസ്റ്റര്‍ ജിയോ മേരി എന്നിവരാണ് വിജ്ഞാനകോശത്തിന്റെ രചയിതാക്കള്‍. റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കല്‍, റവ. ഡോ. ക്ലെമന്റ് വള്ളുവശ്ശേരി, റവ. ഡോ. ഷാജി ജെര്‍മ്മന്‍, റവ. ഡോ. ബിജോയ് അഗസ്റ്റിന് മരോട്ടിക്കല്‍ എന്നിവരാണ് ജനറല്‍ എഡിറ്റര്‍മാര്‍.
സെമിനാരിയും അനുബന്ധ സൗകര്യങ്ങളും വൈദികാര്ഥികള്ക്കെന്നപോലെ അല്മായര്ക്കും ലഭ്യമാക്കി സഭയെയും സമൂഹത്തെയും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ റിക് സിഡിപിഎഫ് ആരംഭിച്ചത്. സെമിനാരിയിലെ ഫാ. സഖറിയാസ് മെമ്മോറിയല്‍ ബുക്ക് സെന്ററില്‍ നിന്ന് വിജ്ഞാനകോശത്തിന്റെ ഗവേഷണഗ്രന്ഥങ്ങള്‍ ലഭിക്കും.
വിജ്ഞാനകോശ പ്രകാശനത്തോടനുബന്ധിച്ച് കാര്‍മല്‍ഗിരി സെമിനാരിയില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍, ‘ലത്തീന്‍ സമുദായ മുന്നേറ്റം: മാര്‍ഗങ്ങളും സാധ്യതകളും’ എന്ന മുഖ്യപ്രഭാഷണം സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നടത്തി. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലും സാമൂഹിക വികസന രംഗത്തും ലത്തീന്‍ കത്തോലിക്ക സഭ വലിയ മുന്നേറ്റങ്ങള്‍ക്കു വഴിതെളിച്ചുവെങ്കിലും ലത്തീന്‍ സമുദായം പൊതുവെ അതിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ പിന്നാക്കം പോയത് എന്തുകൊണ്ടാണെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരളത്തിലെ ചെറുസമൂഹങ്ങള്‍ അടക്കം വ്യത്യസ്ത സമുദായങ്ങള്‍ സംഘടിച്ച് അധികാര പങ്കാളിത്തവും അവകാശങ്ങളും നേടിയെടുക്കുന്ന മുന്നേറ്റങ്ങളുടെ ഒരു കാലഘട്ടത്തിന് നമ്മള് സാക്ഷ്യം വഹിച്ചതാണ്. ‘നിങ്ങളെങ്ങനെ നിങ്ങളായി’ എന്ന തിരിച്ചറിവ് ഒരു സമൂഹം എന്ന നിലയില്‍ നമ്മുടെ വളര്‍ച്ചയ്ക്ക് പ്രചോദനമാകും. വികസനത്തിന്റെ ആത്മീയതലത്തിനു കൂടി പ്രാധാന്യം നല്കാന് നമുക്കു കഴിയണമെന്ന് മിനി ആന്റണി ഓര്‍മിപ്പിച്ചു. ‘കേരളനവോത്ഥാനത്തില്‍ ലത്തീന്‍ സമുദായത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ ജീവനാദം ചീഫ് എഡിറ്റർ ജെക്കോബി പ്രസംഗിച്ചു.
സെമിനാരി റെക്ടര്‍ റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. റിക് സിഡിപിഎഫ് ഡയറക്ടര്‍ റവ. ഡോ. ക്ലെമന്റ് വള്ളുവശേരി സ്വാഗതവും സെമിനാരി വൈസ് റെക്ടര്‍ റവ. ഡോ. ഷാജി ജെര്‍മ്മന്‍ നന്ദിയും പറഞ്ഞു.