മനുഷ്യന്റെ അവകാശങ്ങള്ക്കായി ഒരു ദിനം.ഡിസംബർ പത്തിന് ലോകം മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നു.മനുഷ്യാവകാശങ്ങൾ അനുദിനം ചവിട്ടിത്തേക്കപ്പെടുന്ന നമ്മുടെ രാജ്യവും കാര്യമായിത്തന്നെ ഈ ദിനവും ഇന്ന് ആഘോഷിക്കുന്നുണ്ട് . 1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ മാനിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്. എല്ലാ മനുഷ്യരുടെയും സാർവത്രികമായി സംരക്ഷിക്കപ്പെടേണ്ട മൗലികാവകാശങ്ങളുടെ രൂപരേഖ വ്യക്തമാക്കുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ആഗോള രേഖയായാണ് ഈ സമ്മേളനം അംഗീകരിക്കപ്പെടുന്നത്.
ജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ആരോഗ്യം, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള അവകാശങ്ങൾ മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടുന്നു. വംശം, ജാതി, ദേശീയത, മതം, ലിംഗഭേദം മുതലായവയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ ഇല്ലാതാക്കാനോ അടിച്ചമർത്താനോ കഴിയാത്ത മൗലികമായ സ്വാഭാവിക അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ.
സവിശേഷമായ ഈ ദിനത്തിൽ നമ്മുടെ രാജ്യം ,മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ഇവിടെ എത്തിനിൽക്കുന്നു എന്ന തിരക്കുന്നത് നന്നായിരിക്കും .ഇന്ത്യയിലെ പൗര സമൂഹങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിന് സംഭവിച്ച വീഴ്ചകൾ കാരണം അന്താരാഷ്ട്രതലത്തിൽ രാജ്യം ഏറെ വിമർശങ്ങൾ നേരിടുകയാണ് .അന്താരാഷ്ട്ര മനുഷ്യാവകാശ സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം ഓരോ വർഷവും കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ് . അന്തർദേശീയ മനുഷ്യാവകാശ സംഘടനകൾ രാജ്യത്തെ വലിയ രീതിയിൽ വിമർശിക്കുന്നു .നിരവധി മാധ്യമങ്ങൾ ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങളെ അപലപിച്ചുകൊണ്ട് രംഗത്തുവന്നു. യുഎന്നിന്റെ ആഗോള മനുഷ്യാവകാശ കൂട്ടായ്മയിൽ അംഗങ്ങളായ രാജ്യങ്ങൾ ഇന്ത്യക്കെതിരെ നിലപാട് സ്വീകരിച്ചു. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന മുൻകാല വിശേഷണങ്ങളിൽ നിന്ന് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ മാറുകയാണ്.
2023 ജൂൺ മാസത്തിൽ നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അമേരിക്കൻ മാധ്യമങ്ങൾ ഒന്നടങ്കം ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ കണക്കിലെടുത്ത് മോദിയുടെ അമേരിക്കൻ സന്ദർശനത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചു. ദ ന്യൂയോർക് ടൈംസ്, ദ ന്യൂയോർകർ, ലോസ് ആഞ്ചലസ്, ടൈംസ്, ഫോറിൻ അഫയേഴ്സ്, ദ അറ്റ്ലാന്റിക്, പൊളിറ്റിക്കോ തുടങ്ങിയ അമേരിക്കൻ മാധ്യമങ്ങൾ സമീപകാല ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് മോദിയുടെ അമേരിക്കൻ സന്ദർശനത്തെ എതിർത്തത്.
കേന്ദ്ര സർക്കാറിന്റെ വിമർശകരായ മാധ്യമപ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും നിശബ്ദമാക്കുന്നതിനായി തീവ്രവാദ വിരുദ്ധ നിയമങ്ങളെയും സാമ്പത്തിക നിയമങ്ങളെയും രാജ്യം ദുരുപയോഗം ചെയ്യുകയാണെന്നാണ് അന്താരാഷ്ട്ര സംഘടനകൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തിയത്.
ഉത്തരേന്ത്യൻ ജാതിഗ്രാമങ്ങളിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി കെല്ലപ്പെടുന്നത് നിത്യസംഭവമായി. ജാതിവെറിയുടെ പേരിൽ ദളിത് യുവാക്കളെ അടിച്ചുകൊല്ലുന്നതും പശുക്കടത്താരോപിച്ച് മുസ്ളിങ്ങളെ സംഘം ചേർന്ന് മർദിച്ച് കൊല്ലുന്നതുമെല്ലാം സർവസാധാരണ വാർത്തകളായി മാറി.
ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെയെല്ലാം വെറുടെ വിട്ടത്, ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് നടപ്പാക്കിയ മതംമാറ്റം തടയൽ നിയമം, ദളിതുകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ വർധന, കസ്റ്റഡി മരണങ്ങൾ, മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും തടവിലിട്ടത്, ന്യൂനപക്ഷങ്ങളുടെ കിടപ്പാടങ്ങളെ ബുൾഡോസർ കൊണ്ട് ഇടിച്ചുതകർത്തത് തുടങ്ങി സമീപകാലത്ത് ഇന്ത്യയിൽ അരങ്ങേറിയ പല മനുഷ്യാവകാശ ധ്വംസനങ്ങളും ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ 2023ലെ റിപോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.