കൊച്ചി: യു എൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച ഗാസ അടിയന്തര വെടിനിർത്തൽ പ്രമേയം അമേരിക്കതള്ളി. ഗാസയിലെ അടിയന്തര വെടിനിർത്തലിന് യുഎസ് പിന്തുണ നൽകുന്നില്ലെന്ന് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ്. ഹമാസ് ഇസ്രായേലിന് ഇപ്പോഴും ഭീഷണി ആയതിനാൽ വെടിനിർത്തലിന് സമയപരിധി വെക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാനാവില്ല. വെടിനിർത്തൽ അടുത്ത യുദ്ധത്തിനുള്ള വിത്തിടാൻ മാത്രമേ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാസമിതിയിലെ 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ബ്രിട്ടൺ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. യുഎൻ ചാർട്ടറിലെ 99-ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറലിന്റെ പ്രത്യേകാധികാരം പ്രയോഗിച്ച് വിളിച്ചുചേർത്ത അടിയന്തര രക്ഷാസമിതിയിൽ സംസാരിക്കുകയായിരുന്നു റോബർട്ട് വുഡ്.