ന്യൂഡൽഹി: പാർലമെന്റിലെ ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ലോക്സഭയിൽ വെച്ചു. വിഷയം സംസാരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ രണ്ടുമണിക്കൂർ നിർത്തിവെച്ചു. മഹുവക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് 12 മണിക്ക് ചർച്ചക്ക് എടുക്കും എന്നാണ് അറിയിച്ചിരുന്നത്. റിപ്പോർട്ട് എടുക്കുമ്പോൾ പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നൽകാം എന്നായിരുന്നു സ്പീക്കർ ഓം ബിർല അറിയിച്ചത്.
മഹുവയെ പുറത്താക്കാനുള്ള നടപടി എതിർക്കുമെന്ന് ഇൻഡ്യ മുന്നണി അറിയിച്ചിരുന്നു. എത്തിക്സ് കമ്മിറ്റി പാനൽ നേതാവും ബി.ജെ.പി എം.പിയുമായ വിജയ് സോങ്കർ ആണ് റിപ്പോർട്ട് സഭയിൽ വെച്ചത്. മഹുവക്കെതിരായ റിപ്പോർട്ട് നാലിനെതിരെ ആറ് വോട്ടുകൾക്കാണ് എത്തിക്സ് കമ്മിറ്റി പാസാക്കിയത്. റിപ്പോർട്ട് ലോക്സഭ സ്പീക്കർ ഓം ബിർലക്ക് കൈമാറും.