ദൽഹി : രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണം റിപ്പോര്‍ട്ടു ചെയ്യുന്ന സംസ്ഥാനമായി ഗുജറാത്ത്.ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണ് പുറത്തുവന്നത് . 2022-ല്‍ കേരളത്തില്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം 14 പേരാണ് ഗുജറാത്ത് പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 2022-ലെ എന്‍സിആര്‍ബി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഗുജറാത്തില്‍ നൂറിൽ എട്ടുമരണം ആത്മഹത്യ മൂലമാണ്. അഞ്ചുമരണം ചികിത്സയ്ക്കിടയിലും ഒരു മരണം കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴുമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-ല്‍ ഗുജറാത്തില്‍ 23 കസ്റ്റഡിമരണവും 2020-ല്‍ 15 മരണവുമാണ് റിപ്പോര്‍ട്ടു ചെയ്തത്.
മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തതും ഗുജറാത്തിലാണ്. 2022-ല്‍ മദ്യനിരോധന നിയമപ്രകാരം 3.10 ലക്ഷം കേസുകളും 2021-ല്‍ 2.83 ലക്ഷം കേസുകളും റിപ്പോര്‍ട്ടു ചെയ്തു.2022-ല്‍ കേരളത്തില്‍ കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 50 സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതില്‍ ആറുപേര്‍ ലോക്കപ്പിനകത്തു നിന്നും 44 പേര് ലോക്കപ്പിന് വെളിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതായും റിപ്പോർട്ടിലുണ്ട്