മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു ചെറിയ തീപ്പൊരിക്കു പോലും മാറ്റങ്ങളുടെ വലിയ ജ്വലനത്തിനു സാധിക്കും. ജാങ് ജൂണ്‍-ഹ്വാന്‍ സംവിധാനം ചെയ്ത ദക്ഷിണ കൊറിയന്‍ ചിത്രമായ ‘1987: വെന്‍ ദ ഡേ കംസ്’ അതിന്റെ മികച്ച ഉദാഹരണം അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്രീകരിച്ച ‘1987: വെന്‍ ദ ഡേ കംസ്’ കാണുമ്പോള്‍ കേരളത്തില്‍ നടന്ന ചില സംഭവങ്ങള്‍ ഓര്‍മയിലെത്തുക സ്വാഭാവികമാണ്. അടിയന്തിരാവസ്ഥ കാലത്ത് പൊലീസ് കസ്റ്റഡിയില്‍ രാജന് എന്ന വിദ്യാര്‍ഥി മരിച്ച സംഭവമാണത്. പതിറ്റാണ്ടുകള്‍ക്കു ശേഷം രാജന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ നിയമം തുറങ്കിലടക്കുകയും ചെയ്തു.
ദക്ഷിണ കൊറിയയെ കുറിച്ചു സംസാരിക്കുമ്പോള്‍ സ്വാഭാവികമായും മറുവശത്തു നില്ക്കുന്ന സഹോദര-അയല്‍രാജ്യമായ ഉത്തരകൊറിയയെ പരാമര്‍ശിക്കാതെ കഴിയില്ല. അമേരിക്കയും സോവിയറ്റ് യൂണിയനും വീതിച്ചെടുത്ത് പിന്തുണച്ച ഈ കൊറിയകളില്‍ ദക്ഷിണ കൊറിയ ജനാധിപത്യരാജ്യവും ഉത്തരകൊറിയ കമ്യൂണിസ്റ്റ് ഏകാധിപത്യരാജ്യവുമാണെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ ദക്ഷിണകൊറിയ ജനാധിപത്യമാര്‍ഗത്തിലേക്ക് പ്രവേശിച്ചിട്ട് അധികകാലമായില്ലെന്നുള്ള വസ്തുത ചരിത്രം മറച്ചുപിടിച്ചിരിക്കുകയാണ്. 1950 മുതല്‍, യുഎസ് പിന്തുണയുള്ള സൈനിക സ്വേച്ഛാധിപതികളുടെ ഒരു പരമ്പരയാണ് രാജ്യത്തെ നയിച്ചിരുന്നത്. ഈ സൈനിക ഭരണകൂടങ്ങള്‍ ദേശീയ സുരക്ഷയെ സംരക്ഷിക്കുക എന്ന മറയുടെ കീഴില്‍ പലപ്പോഴും മനുഷ്യാവകാശങ്ങള്‍ ലംഘിച്ചു. പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും പരമ്പര സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്താന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കുന്നത് വരെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ നിലനിന്നു. 1987ലെ ജൂണ്‍ ഡെമോക്രസി മൂവ്മെന്റിലോ ജൂണ്‍ വിപ്ലവത്തിലോ അതു കലാശിച്ചു. ദക്ഷിണ കൊറിയയുടെ ജനാധിപത്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പിനെ ചിത്രീകരിക്കുകയാണ് ‘1987: വെന്‍ ദ ഡേ കംസ്.
രാഷ്ട്രത്തെ മയക്കത്തില്‍ നിന്നുണര്‍ത്തിയ ഒരു വിദ്യാര്‍ഥി കൊലപാതകത്തെ കേന്ദ്രീകരിച്ച് ജാങ് ജൂണ്‍-ഹ്വാന്‍ ഒരുക്കിയിരിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമ.
ഉത്തരകൊറിയയില്‍ മുതലാളിത്തത്തെ ശത്രുവായി പ്രഖ്യാപിച്ച് ദക്ഷിണകൊറിയയെ വെറുക്കാന്‍ ജനങ്ങളെ പഠിപ്പിച്ചിരുന്നതുപോലെ ദക്ഷിണകൊറിയയില്‍ മുഖ്യശത്രു കമ്യൂണിസമായിരുന്നു. ഏകാധിപതികളായ ഭരണാധികാരികള്‍ കമ്യൂണിസ്റ്റ് വേട്ട രഹസ്യമായും പരസ്യമായും ചെയ്തുപോന്നു. ആന്‍ഡി കമ്യൂണിസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍സ് ബ്യൂറോ(എസിഐബി) എന്നൊരു പ്രത്യേക സംവിധാനം തന്നെ പൊലീസിനുള്ളില്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ തുടക്കത്തില്‍ കമ്യൂണിസ്റ്റ് അനുഭാവം പ്രകടിപ്പിച്ചു എന്ന കുറ്റമാരോപിച്ച് എസിഐബി പിടികൂടിയ പാര്‍ക്ക് ജോങ്-ചുള് എന്ന വിദ്യാര്‍ഥിയുടെ മരണമാണ് ചിത്രീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥിയെ പരിശോധിച്ച ഡോക്ടര്‍ക്ക് മര്‍ദനം മൂലമാണ് അയാള്‍ കൊല്ലപ്പെട്ടതെന്ന് ഏകദേശം തീര്‍ച്ചയുണ്ടായിരുന്നു. രാജ്യത്തെ നിയമമനുസരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ സംസ്കരിക്കാന്‍ (ദഹിപ്പിക്കാന്‍) കഴിയുമായിരുന്നില്ല. എസിഐബിയുടെ ചുമതലയുള്ള കമ്മീഷണര്‍ പാര്‍ക്ക് ചിയോ-വോണ്‍ (കിം യൂന്‍-സിയോക്ക്) പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിക്കുകയും മരണകാരണം ഹൃദയാഘാതമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തുകൊണ്ട് അത് മൂടിവയ്ക്കാന്‍ തീരുമാനിക്കുന്നു.
കമ്മീഷണര്‍ പാര്‍ക്കിന്റെ ആളുകള്‍ സെപ്ഷല്‍ പ്രോസിക്യൂട്ടര്‍ ചോയിയെ ശവസംസ്കാരത്തിന് അനുമതി നല്‍കാനായി സമീപിക്കുന്നു. പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറുടെ ഒരു ഒപ്പ് മാത്രം മതി. ഏകാധിപത്യം കൊടികുത്തി വാഴുന്ന കാലത്ത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സമ്മതമെന്നത് നിസാര കാര്യമാണല്ലോ. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്കു വിപരീതമായി പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന റിപ്പോര്‍ട്ടില്‍ ഒപ്പിട്ടില്ലെന്ന് മാത്രമല്ല പ്രോസിക്യൂട്ടര്‍ ചോയി, പോസ്റ്റ്മോര്‍ട്ടം വേണമെന്നു ശഠിക്കുകയും അതിനായി കൗണ്ടര്‍ ഓര്‍ഡര്‍ പുറപ്പെടവിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിലേക്കുള്ള പ്രയാണത്തിന്റെ ആദ്യചുവടായിരുന്നു ആ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഈ ഉറച്ച തീരുമാനമെന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിക്കുന്നു. കമ്മീഷണര്‍ പാര്‍ക്കിന്റെ എല്ലാ ശ്രമങ്ങളേയും വിഫലമാക്കി പോസ്റ്റ്മോര്‍ട്ടം നടക്കുന്നു. അതിനിടയില്‍ വിവരം ചോര്‍ന്നു കിട്ടിയ മാധ്യമങ്ങള്‍ വിദ്യാര്‍ഥിയുടെ മരണം മര്‍ദനം മൂലമാണെന്ന സംശയമുണര്‍ത്തുന്നു. പൊലീസ് മാധ്യമ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യുകയും മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും വാര്‍ത്തകള്‍ നല്കാന് മാര്‍ഗരേഖ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നിരീക്ഷിക്കുന്നതില്‍ നിന്ന് കുടുംബത്തെ തടയാന്‍ പോലീസ് ശ്രമിക്കുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരെ സ്വാധീനിക്കാനുള്ള അധികൃതരുടെ ശ്രമവും പരാജയപ്പെടുന്നു. മര്‍ദനം മൂലവും വെള്ളത്തില്‍ മുക്കിപിടിച്ചതിന്റെ ഫലമായി ശ്വാസകോശത്തില്‍ വെള്ളം കയറിയുമാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.
കൊല്ലപ്പെട്ട മകന്റെ ചിതാഭസ്മം നദിയിലൊഴുക്കുമ്പോള്‍ പിതാവ് വിങ്ങിപ്പൊട്ടുന്ന രംഗമുണ്ട്. ‘മോനെ നിനക്കിനിയും ഇവിടെ നിന്ന് പോകാന്‍ കഴിയുന്നില്ലേ’ എന്നാണാ അച്ഛന് ചോദിക്കുന്നത്. ‘എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ….” കേരളത്തില്‍ അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട എന്‍ജിനീയറിംഗ് വിദ്യാര്‍ഥി രാജന്റെ അച്ഛന് ഈച്ചരവാര്യര്‍, ‘ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ എഴുതിയ അവസാന വരികളോടു വലിയ സാദൃശ്യമുണ്ട് ദക്ഷിണകൊറിയയിലെ ഈ അച്ഛന്റെ വിലാപത്തിന്.
പത്രപ്രവര്‍ത്തകനായ യൂണിനെ (ലീ ഹീ-ജുന്) ടിപ്പ് ചെയ്ത് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ചോയി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്കുന്നു. ഭീഷണികള്‍ വകവയ്ക്കാതെ മാധ്യമങ്ങള്‍ അതു വാര്‍ത്തയാക്കുന്നു. അതൊരു കൊടുങ്കാറ്റായി മാറുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ബലിയാടുകളായി ജയിലിലേക്ക് അയക്കാതെ നിവൃത്തിയില്ലാതായി. അവരെ രക്ഷിക്കാനുള്ള കമ്മീഷണറുടെ ശ്രമവും വിജയിക്കുന്നില്ല. അവരാകട്ടെ നിര്‍ണായക ചോദ്യം ചെയ്യലില്‍ സത്യം വെളിപ്പെടുത്തുകയും ചെയ്തു. ഹാന്‍ ബ്യുങ്-യോങ് (യൂ ഹെ-ജിന്‍) എന്ന ജയില്‍ ഉദ്യോഗസ്ഥന് വ്യവസ്ഥകള്‍ക്ക് എതിരുനില്ക്കുന്നയാളാണ്. അയാളുടെ ഒപ്പം സഹോദരി പുത്രിയും വിദ്യാര്‍ഥിയുമായ യോണ്-ഹീയും (കിം ടെ-റി ) ചേരുന്നു. ഏതു സാധാരണക്കാരനേയും പോലെ അധികൃതരെ നേരിടാന്‍ ആദ്യം ഭയക്കുന്ന യോണ്-ഹീ, വീട്ടിലേക്കുള്ള വഴിയില്‍ ഒരു പ്രതിഷേധത്തില്‍ കുടുങ്ങി, അവിടെ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുകയാണ്. പ്രതിഷേധത്തിനിടയില്‍ അവളുടെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റപ്പോള്‍, ഗവണ്മെന്റിന്റെ നടപടികളില്‍ യോണ്-ഹീ രോഷാകുലയാകുകയും കൂട്ടുകാരന് പിന്നീട് മരിച്ചുവെന്ന് അറിഞ്ഞതിന് ശേഷം അവള് പ്രതിഷേധത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു.
സമ്മര്‍ദത്തിന് വഴങ്ങാന്‍ വിസമ്മതിച്ച പ്രോസിക്യൂട്ടര്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ സജീവമായി അടിച്ചമര്‍ത്തുന്ന ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ധൈര്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍, ജയില്‍ ഉദ്യോഗസ്ഥന്, ക്രിസ്ത്യന്‍ പുരോഹിതന് എന്നിങ്ങനെ ‘ചെറിയ ആളുകളുടെ’-താഴ്ന്ന റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യുവ വിദ്യാര്‍ഥികളുടെയും പ്രവര്‍ത്തനങ്ങള്‍-ആത്യന്തികമായി ലോകത്തെ മികച്ചതാക്കാന്‍ സഹായിക്കുമെന്ന ഓര്‍മ്മപ്പെടുത്തലുകളാണ് 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ ഉടനീളം നെയ്തെടുത്തിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍ പലരും അചിന്തനീയമായ ത്യാഗങ്ങള്‍ സഹിച്ചപ്പോള്‍, ജനാധിപത്യത്തിനുവേണ്ടി പോരാടുന്നതിലും സംരക്ഷിക്കുന്നതിലും നമുക്കെല്ലാവര്‍ക്കും ഒരു പങ്കുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ.
ഒരു ചിന്തയുമില്ലാത്തവരെന്ന് പൊതുജനത്തെ നാം ആക്ഷേപിക്കുമ്പോഴും ഒരു ജനാധിപത്യ വിപ്ലവത്തിന്റെ ഭാഗമായ ആളുകള്‍ ഇപ്പോഴും നമുക്കുചുറ്റും ഉണ്ടെന്ന് അറിയുന്നത് ആഹ്ളാദകരമാണെന്ന് സിനിമ ഓര്‍മപ്പെടുത്തുന്നു.
പലരും സാധാരണ ജീവിതം നയിക്കുന്നു, ജോലിക്ക് പോകുന്നു, കുടുംബമുണ്ട്. പക്ഷേ നിര്‍ണായകമായ ഒരവസരത്തില്‍ അവര്‍ അതെല്ലാം ഉപേക്ഷിച്ചു. അവര്‍ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്തു, പൊലീസിനെ അവഗണിച്ചു, ക്രൂരമായ മര്‍ദ്ദനങ്ങള്‍ നേരിട്ടു, സുഹൃത്തുക്കള്‍ അവരുടെ കണ്മുന്നില് മരിക്കുന്നത് കണ്ടു. രാജ്യത്തിന്റെ മെച്ചപ്പെട്ട ജനാധിപത്യ ഭാവിക്കായി അവര്‍ തങ്ങളുടെ ആത്മസംതൃപ്തി ത്യജിച്ചു, അവര്‍ വിജയിച്ചു.
പൊലീസ് മേധാവി പാര്‍ക്ക് ചിയോ-വോണായി വേഷമിട്ട കിം യൂന്‍-സിയോക്കിന്റെ മികച്ച അഭിനയം വേറിട്ട കാഴ്ചയാണ്. ഇരുണ്ട ഭൂതകാലമുള്ള ദയയില്ലാത്ത മനുഷ്യനായാണ് പാര്‍ക്ക് ചിയോ-വോണിനെ അവതരിപ്പിക്കുന്നത്. തന്റെ കുടുംബത്തിന്റെ കൊലപാതകം കണ്ടാണ് പാര്‍ക്ക് ഉത്തരകൊറിയയില്‍ നിന്ന് കൂറുമാറിയതെന്ന് പിന്നീട് വെളിപ്പെടുന്നു. അദ്ദേഹത്തിന് അചഞ്ചലമായ ദേശസ്നേഹമുണ്ട്. പക്ഷേ അത് കമ്യൂണിസ്റ്റ് വിരുദ്ധതയില്‍ വേരൂന്നിയതാണ്. തന്റെ മുന്നില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പഴയ ലോകവും ആശയവും മുറുകെ പിടിക്കുന്ന ഒരു തിരുശേഷിപ്പ് പോലെയാണ് അയാള്‍.
ജോങ്-ചുളിന്റെ പോസ്റ്റ്മോര്‍ട്ടത്തിന് ഉത്തരവിടുന്ന പ്രോസിക്യൂട്ടര്‍ ചോയിയായി ഹാ ജുങ്-വൂവും മികച്ച പ്രകടനം കാഴ്ചവച്ചു.
യാങ് ജിന്‍-മോയുടെ സൂക്ഷ്മമായ എഡിറ്റിംഗും കിം വൂ-ഹ്യുങ്ങിന്റെ ഛായാഗ്രഹണവും എണ്ണമറ്റ ലൊക്കേഷനുകള്‍ക്കും സംഭവങ്ങള്‍ക്കുമിടയില്‍ കാലഗണനയെ ശരിയായ ട്രാക്കില്‍ നിലനിര്‍ത്തുന്നു.