ഹൈദരാബാദ്∙രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ചെയ്തേക്കും .നിലവിൽ തെലങ്കാന കോൺഗ്രസ് അധ്യക്ഷനാണ് അദ്ദേഹം .മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാർകയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ നൽകിയേക്കും. സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി റൊട്ടേഷൻ അടിസ്ഥാനത്തിലാകില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലെ, ഉത്തം റെഡ്ഡി കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. രേവന്ത് മുഖ്യമന്ത്രിയാകുമോ, ബിആർഎസ് കോൺഗ്രസ് എംഎൽഎമാരെ സമീപിച്ചോ എന്നീ മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.
തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയുണ്ടായേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, 64 എംഎൽഎമാരും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ സമവായത്തിലെത്താത്തതിനാൽ വൈകുകയായിരുന്നു. മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവച്ചത്. മല്ലു ഭട്ടി വിക്രമാർക, ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, കോമാട്ടിറെഡ്ഡി സഹോദരന്മാർ എന്നിവർ രേവന്ത് മുഖ്യമന്ത്രിയാകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്.