കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് ഒരു കുടുംബത്തിലെ മൂന്ന് പേരെയെന്ന് വിവരം . ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരിൽ പത്മകുമാർ എന്നയാൾക്ക് മാത്രമാണ് കൃത്യത്തിൽ നേരിട്ട് പങ്കുള്ളതെന്ന് വിവരമുണ്ട്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.തട്ടികൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ള പത്മകുമാറിനെ കെഎപി ക്യാമ്പില്‍ ചോദ്യം ചെയ്യുകയാണ്. എഡിജിപി, ഡിഐജി, ഐജി എന്നിവര്‍ ക്യാമ്പിലെത്തി. കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. തെങ്കാളി പുളിയറയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു.
പിടിയിലായവരില്‍ ഒരാളുടെ ഫോട്ടോ പൊലീസ് കുട്ടിയെ കാണിച്ചു. സ്ത്രീയുടെ ഫോട്ടോയാണ് കാണിച്ചത്. എന്നാല്‍ ഇവരെ അറിയില്ലെന്നാണ് അബിഗേല്‍ സാറ റെജി പറഞ്ഞിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
അതെസമയം , കൊല്ലത്തെ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് 3 പ്രതികൾ പിടിയിലായതിന് പിന്നാലെ പ്രതികരണവുമായി യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ രംഗത്ത്. ഊഹാപോഹങ്ങൾക്ക് ഏതാനും മണിക്കൂറിനുള്ളിൽ അന്ത്യമാകുമെന്നും ശുഭവാർത്തയാകട്ടെ എന്നുമാണ് ജാസ്മിൻ ഷാ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് നെഴ്സസുമാരുടെ സംഘടനയായ യു എൻ എക്കെതിരെയടക്കം ആരോപണം ഉയർന്നിരുന്നു. തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛൻ യു എൻ എയുടെ നേതാവാണ്. അങ്ങനെയാണ് യു എൻ എയുമായി ബന്ധപ്പെട്ട തർക്കങ്ങളിലേക്കും ആരോപണം ഉയർന്നത്. എന്നാൽ ആദ്യം മുതലെ ജാസ്മിൻ ഷായടക്കമുള്ളവർ ഈ പ്രചരണത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.