പുതിയ ആശയങ്ങള്‍, പുതിയ പേരുകള്‍ പുതിയ കര്‍മ്മപദ്ധതികള്‍ ഒക്കെയും കൈനീട്ടി സ്വീകരിക്കാന്‍ എന്നും മലയാളിമുന്നിലാണ്. കേരളീയം, നവകേരളസദസ് തുടങ്ങിയവയൊക്കെയും പ്രതിപക്ഷത്തിന്റെ പരിഹാസവും പ്രതിഷേധവും നേരിട്ടെങ്കിലും കേരളീയര്‍ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ പരിപാടികള്‍ക്ക് ഇത്രവലിയ ജനപങ്കാളിത്തം ലഭിക്കുന്നത്.
കുറച്ചുകാലം മുമ്പ് ഉമ്മന്‍ചാണ്ടി ഇപ്രകാരം ഒരു പരിപാടി ഒറ്റയ്ക്കു ചെയ്തിരുന്നു. അന്ന് പരിഹസിച്ചവരാണ് ഇപ്പോള്‍ പഴയ വീഞ്ഞ് പുതിയ തോല്ക്കുടങ്ങളില് കൊണ്ടുവരുന്നത്.
ഇന്നു പക്ഷേ മന്ത്രിസഭ മുഴുവന്‍ ഉണ്ട്. അതു പുതുമയാണ്. മന്ത്രിസഭ പൂര്‍ണ്ണമായും ജനങ്ങളിലേക്കെത്തുന്നു എന്നത് നല്ല കാര്യമാണ്. പക്ഷേ ഇക്കാലമത്രയും മന്ത്രിമാര്‍ ഭരണകേന്ദ്രത്തിലില്ല എന്നത് മൊത്തം ജനങ്ങള്‍ക്കും ബുദ്ധിമുട്ടുതന്നെയാണ ്എന്നതും പറയാതിരിക്കാനാവില്ല. ഒരു നല്ല പരിപാടി നന്നായിട്ടും നടത്താം തെറ്റായരീതിയിലും സംഘടിപ്പിക്കാം. നവ കേരളസദസ് ഒരു നല്ല കാര്യം തെറ്റായ രീതിയില്‍ സംഘടിപ്പിക്കപ്പെടുന്നതാണ് നാമിപ്പോള്‍ കാണുന്നത്. വഴി തെറ്റുന്നതു മാര്ക്്സിസ്റ്റു പാര്‍ട്ടിക്കു സ്വതവേയുള്ളതാണ്. നവ കേരളസദസ് കലാപ കേരളസദസായി മാറിക്കൊണ്ടിരിക്കുന്നു. ഈ സദസ് നന്നായി നടത്താന്‍ കുറെപ്പേരെ കരുതല്‍ത്തടങ്കലില്‍ പിടിച്ചിടേണ്ട ഗതികേടുണ്ടായി എന്നത് സംഘാടനത്തിലെ പിഴവുതന്നെയാണ്. അങ്ങനെ കരുതല്‍ത്തടങ്കലില്‍ ഇട്ടിരുന്നവരെ ഡിവൈഎഫ്ഐക്കു കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുത്തതോടെ പാര്‍ട്ടിയും ഭരണകൂടവും ഗുണ്ടാസംഘമായി മാറി. അതോടെ നവകേരളം കലാപകേരളമായി.
ഇംഗ്ലീഷില്‍ അനാര്‍ക്കി എന്നൊരു പദമുണ്ട്. ഒരു ഭരണസമ്പ്രദയെത്തയാണതു സൂചിപ്പിക്കുക. അതിന്റെ മലയാളം അരാജകത്വം എന്നാണ്. നിയമവാഴ്ച ബോധപൂര്‍വ്വം തകര്‍ത്ത് ഭരണമില്ലാത്ത അവസ്ഥ സൃഷ്ടിക്കലാണത്. ഒരു നിയമവുമില്ലാത്ത, ആര്‍ക്കും എന്തുമാകാവുന്ന അരാജകത്വാവസ്ഥയാണിത്. കേരളത്തെ അത്തരമൊരവസ്ഥയിലേക്കു കൂപ്പുകുത്താന്‍ വിട്ടുകൊടുത്തുരിക്കുന്നു. ഈ സമ്പ്രദായത്തില്‍ കൈയ്യുക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണു പ്രമാണം. രണ്ടാം പിണറായി സര്‍ക്കാര്‍ കയറിയപ്പോള്‍ മുതല്‍ ഇതുതന്നെയാണവസ്ഥ. പി.എസ്.സി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കിക്കൊണ്ട് പിന്‍വാതില്‍ നിയമനങ്ങളുമായി മുന്നറുന്നു. കുട്ടിസഖാക്കള്‍ പരീക്ഷ എഴുതാതെ പോലും ജയിക്കുന്നു. കൈയിലുള്ള പല സര്‍ട്ടിഫിക്കറ്റുകളും വ്യാജം. എന്തുമേതും പാര്‍ട്ടിക്കാര്‍ക്കും അനുഭാവികള്‍ക്കും അണികള്‍ക്കുമായി പരസ്യമായി വിതരണം ചെയ്യുന്നു. പൊതു ഖജനാവ് ആരുടേയും സ്വകാര്യസ്വത്തല്ല, അങ്ങനെ തന്നിഷ്ടംപോലെ ചെലവഴിക്കാനുള്ളതല്ലെന്നകാര്യം സൗകര്യപൂര്‍വ്വം മറക്കുന്നു. ആജ്ഞാനുവര്‍ത്തികളായ ഐ.എ.എസ്, ഐ.പി.എസ്കാര്‍ക്ക് റിട്ടയര്‍മെന്റിനു ശേഷവും ലക്ഷങ്ങള്‍ നല്‍കിക്കൊണ്ട് പുതിയ പുതിയ തസ്തികകളിലേക്കു പോസ്റ്റുചെയ്യുന്നു. പാവങ്ങള്‍ക്കു പെന്ഷന് കൊടുക്കാനില്ലാത്തപ്പോഴാണ് ഈ ധൂര്‍ത്ത് എന്നോര്‍ക്കണം.
സഹകരണ ബാങ്കുകള്‍ മൊത്തം കൊള്ളയടിക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് പെര്മിഷന് കൊടുത്തിരിക്കുന്നു.
കരിമണല്‍ ഖനനം വ്യാപകമായി നടത്തി കുത്തകകള്‍ക്കു വില്‍ക്കുന്നു. കേന്ദ്രത്തെപ്പോലെതന്നെ പൊതുമുതല്‍ കുത്തകകള്‍ക്കു വില്ക്കാന് തത്രപ്പാടാണ്. മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് അവരുടെ തത്വസംഹിത ഓര്‍മ്മയുണ്ടെങ്കില്‍ ഇതുചേരുന്ന നടപടിയല്ല. എല്ലാകുഴപ്പങ്ങളും പാര്ട്ടിക്കാര് ചെയ്തുകഴിഞ്ഞാല്‍ ന്യായീകരിക്കുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ല. കേരളീയം പരിപാടിക്ക് സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ ഇറങ്ങി നടക്കാന്‍ അനുവാദം കൊടുത്തു. കേരളീയം നടന്ന ദിനങ്ങളില്‍ സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ ഇല്ലായിരുന്നു.
നവകേരളസദസിലും പ്രാദേശികമായ ജോലിക്കാരും ഹാജരാകണമെന്ന് സമ്മര്‍ദ്ദം. സ്കൂള്‍കുട്ടികളെ വരെ എത്തിക്കണമെന്ന് ഡി.ഇ.ഒ.മാര്‍ ഉത്തരവിടുന്നു. രണ്ടാംപിണറായി സര്‍ക്കാര്‍ ആദ്യംമുതല്ക്കേ തുടര്‍ന്നുവന്ന അരാജകത്വ നടപടികളുടെ പൂര്‍ണ്ണതയാണ് നവ കേരളസദസ്. പ്രതീക്ഷ ഇല്ലാതാകുന്ന നേരത്തു തോന്നുന്ന ഒരുതരം വിഭ്രാന്തിയുടെ പേരാണു നവകരേളസദസ് എന്നു പറയേണ്ടി വരുന്നു. അതാണിപ്പോള്‍ കലാപ കേരളസദസായിരിക്കുന്നത്. എല്ലാം നിയമവാഴ്ചയുടെ തകര്‍ച്ചയാണു സൂചിപ്പിക്കുക.
മറ്റൊന്ന് എത്ര നവ കേരളസദസു നടത്തിയാല്ത്തീരും മറിയക്കുട്ടിയും അന്നക്കുട്ടിയും പിച്ചതെണ്ടി നടന്നതിന്റെ ക്ഷീണം. മറിയക്കുട്ടിയേയും കുടുംബത്തേയും കല്ലെറിഞ്ഞും ഇല്ലാക്കഥകളെഴുതിയും അധിക്ഷേപിച്ച ഡി.വൈഎഫ്ഐ പ്രവര്‍ത്തകരും ദേശാഭിമാനി പത്രവും എന്തുചെയ്തു ശുദ്ധികലശം നടത്തും. അമ്പലപ്പുഴയിലെ കര്ഷകന് പ്രസാദിന്റെ ആത്മഹത്യയ്ക്കു പകരും എന്തു കൊടുത്തു കളങ്കം അകറ്റും. കര്‍ഷകന്റെ ഉത്പന്നങ്ങൾ വാങ്ങിവിറ്റിട്ട് കര്‍ഷകനു ലോണ്‍ കൊടുത്തു ഭാവിതകര്‍ത്ത ദുഷ്കര്‍മ്മത്തിന് എന്തു നഷ്ടപരിഹാരം നല്‍കും.
വിഴിഞ്ഞം പദ്ധതിവഴി മീന്‍ പിടുത്തക്കാരെ വഞ്ചിച്ചതിലുള്ള കൈക്കുറ്റപ്പാടു തീര്‍ക്കാന്‍ എന്തു ചെയ്താല്‍ മതിയാകും.
കുട്ടനാട്ടിലെ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പങ്ങള്‍ സര്‍ക്കാരിനു നല്‍കിയിട്ട് പണംകിട്ടാതെ ആത്മഹത്യചെയ്യുന്നു. കുറെപ്പേര് നാടുവിടുന്നു. മീന്‍പിടുത്തക്കാരെല്ലാം സര്ക്കാരിനാല് ഉപേക്ഷിക്കപ്പെട്ടവരാണ്്. ക്ഷേമ പെന്ഷന് മുടങ്ങിയിട്ട് ആറുമാസമായി. സപ്ലൈക്കോ തകര്‍ത്തു. കുടുംബശ്രീക്കാർ വഴിമുട്ടി നില്ക്കുന്നു. സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിനു കാശില്ല. കരാറുകാര്‍ക്കു പണംകൊടുക്കാനില്ല. നവ കേരള പരിപാടിക്കായി വാങ്ങിയ ബസ്സിനുതന്നെ ഒന്നരക്കോടിയായി. ഇല്ലായ്മയുടെ മധ്യത്തില്‍ ഇത്ര ആര്‍ഭാടം വേണോ?