2022ലെ നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയാണ് കോഡ (coda). മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കും മികച്ച സഹനടനുമുള്ള ഓസ്കര് അവാര്‍ഡുകള്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ എന്നിവ സിയാന് ഹെഡറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കോഡ നേടിയിട്ടുണ്ട്. ഓസ്കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒ.ടി.ടി പ്ലാറ്റ്ഫോം വഴി, കേള്‍വിശക്തി ഇല്ലാത്ത നടീനടന്മാരെ പ്രധാന കഥാപാത്രങ്ങള്‍ ആക്കി പുറത്തിറങ്ങുന്ന ഒരു ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിക്കുന്നത്. 2021 ലെ മികച്ച 10 ചിത്രങ്ങളില്‍ ഒന്നായി കോഡയെ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റൂട്ട് തിരഞ്ഞെടുത്തു. സിയാന് ഹെഡറാണ് സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
കുടുംബം, സ്നേഹം, അഭിനിവേശം എന്നിവയുടെ ആശയം ഉള്‍ക്കൊള്ളിച്ച ചിത്രമാണ് കോഡ. ഇത് നിങ്ങളെ ചിരിപ്പിക്കാനും കരയാനും ചിന്തിക്കാനും ജീവിതത്തെ പുനര്‍വിചിന്തനം ചെയ്യാനും പ്രേരിപ്പിച്ചേക്കും. ബധിരര്‍ക്കുള്ള സംഗീതമായി സിനിമ മാറുന്നു. ബധിരരെ, മൂകരെ പലപ്പോഴും നമ്മള് പരിഗണിക്കാറില്ല. അവരുടെ കൊച്ചുസമൂഹത്തിനു പുറത്ത് അവര്‍ക്കു പലപ്പോഴും സ്ഥാനമുണ്ടാകാറില്ല എന്നതാണ് സത്യം. സമൂഹം ബധിരരായ ആളുകള്‍ക്ക് നല്കുന്ന വിവേചനം നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സിനിമ ലക്ഷ്യമിടുന്നുണ്ട്. ഉദാഹരണത്തിന്, നായിക റൂബിയുടെ സഹപ്രവര്‍ത്തകര്‍ അവളുടെ കുടുംബം കാരണം അവളെ പരിഹസിക്കുന്നത്.
സംഗീതമാണ് സിനിമ യുടെ കേന്ദ്രബിന്ദു. ഒരു ബധിര കുടുംബത്തിലെ ഏക കേള്‍വി ക്കാരിയാണ് കൗമാരക്കാരിയായ റൂബി. മത്സ്യത്തൊഴിലാളികളാണ് കുടുംബം. റൂബി അച്ഛനും അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തെ സഹായിക്കുന്നു. മറ്റുള്ളവരുമായി സംവദിക്കാനുള്ള കുടുംബത്തിന്റെ ഇടനിലക്കാരിയും കൂടിയാണവള്‍. അവള്‍ക്കു കുടുംബമുണ്ടെന്നതു പോലെ തന്നെ സ്വപ്നങ്ങളുമുണ്ട്. തനിക്ക് പാടാനുള്ള ഒരു കഴിവുണ്ടെന്ന് റൂബി കണ്ടെത്തുന്നു, അത് അവള്‍ക്ക് വലിയ സന്തോഷം നല്‍കുന്നതാണ്. പക്ഷേ കുടുബവും അവള്‍ക്കു പ്രിയപ്പെട്ടതു തന്നെ. പാട്ടിന്റെ പിറകേ പോയാല്‍ ഒരു പക്ഷേ കുടുംബത്തെ കൈവിടേണ്ടി വന്നേക്കാം. കേള്‍വിശക്തി ഇല്ലാത്തവരുടെ കുടുംബത്തിലെ ഒരു അംഗം ആയതിനാല്‍ത്തന്നെ റൂബിയുടെ കഴിവ് അവളുടെ വീട്ടുകാര്‍ക്ക് അറിയാനോ, ആ സ്വദിക്കാനോ കഴിയുന്നുമില്ല.
അവളുടെ സ്വപ്നങ്ങള്‍ മുന്നോട്ട് പോകുന്നതിന്, അവള് പോരാടുകയും ത്യാഗം ചെയ്യുകയും വേണം. സംഗീതമാണ് ദിവസവും റൂബിയെ മുന്നോട്ടു നയിക്കുന്നത്; പക്ഷേ അവളെ അവ ളുടെ കുടുംബത്തില്‍ നിന്ന് വേര്‍പെടുത്തുന്നതും സംഗീതം തന്നെയാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രം സംഗീതമാണെന്നു പറഞ്ഞല്ലോ. ബധിരരായ ആളുകള്‍ക്ക് പോലും ഇത് ‘കേള്‍ക്കാന്‍’ കഴിയുന്നത്ര മാന്ത്രികമാണത്. ഉദാഹരണത്തിന്, റൂബിയുടെ പിതാ വായ ഫ്രാങ്ക്, റാപ്പ് സംഗീതത്തില്‍ ബാസിന്റെ വൈബ്രേഷന്‍ ആസ്വദിക്കുന്ന രംഗം, മകള്‍ പാടുമ്പോള്‍ കേള്‍ക്കാന്‍ കഴിയുന്ന മറ്റുള്ളവരുടെ മുഖഭാവങ്ങള്‍ ശ്രദ്ധിക്കുന്നത്, അവള് പാടുമ്പോള്‍ അവളുടെ കഴുത്തില്‍ തൊട്ട് സംഗീതത്തെ തിരിച്ചറിയാന്‍ നടത്തുന്ന ശ്രമം. ഏതാനും നിമിഷങ്ങളുടെ ദൈര്‍ഘ്യമേ ഈ രംഗങ്ങള്ക്കുള്ളൂവെങ്കിലും ക്ലാസിക് എന്നു പറ യുന്നത് ഇതിനെയാണ്. സംഗീത പരിപാടിയുടെ ഒരു ഘട്ടത്തില്‍ സംവിധായക ശബ്ദം നീക്കം ചെ യ്ത് ബധിരരുടെ കൂടെ പ്രേക്ഷകനേയും ഇരുത്തുന്നതും ഉജ്വലം തന്നെ.
റൂബി തന്റെ വഴിയും പ്രചോദനവും കണ്ടെത്തുന്നത് അവളുടെ അധ്യാപകനായ ബെര് ണാഡോയില് നിന്നാണ്. അതൊരു വഴിത്തിരിവാണ്. റൂബി തന്റെ ജീവിതവും മാതാപിതാക്കളുമൊത്തുള്ള ജീവിതവും ഒരേ സമയം കൈകാര്യം ചെയ്യാന്‍ പാടുപെടുന്നു. അവള്‍ക്ക് അവളുടെ വഴി കണ്ടെത്താന്‍ കഴിയുന്നില്ല, അവള് തോല്‍ക്കുകയാണെന്നു തോന്നു മ്പോള്‍, അവളെ നയിക്കാന്‍ ബെര്‍ണാഡോ രംഗത്ത് പ്രത്യക്ഷപ്പെടുകയാണ്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ പാടാന്‍ റൂബിക്ക് ഭയമാണ്. ബെര്‍ണാഡോ റൂബിയെ സ്വയം കണ്ടെത്താന്‍ സഹായിക്കുന്നു. അവളുടെ ശബ്ദം, സ്റ്റേജിലെ അവളുടെ സ്ഥാനം. റൂബിയെ പഠിപ്പിക്കുക മാത്രമല്ല സ്വയം പഠിക്കുകയും ചെയ്യുന്ന കഥയിലെ പ്രചോദനാത്മക കഥാപാത്രമാണ് ബെര്‍ണാഡോ.
മറ്റൊരു ഉപകഥയും അതിനിടെ കടന്നുവരുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് അവ രുടെ മത്സ്യം വില്ക്കാന് ഇട നിലക്കാരുള്ളതിനാല് അവര്‍ക്ക് ലഭിക്കേണ്ട വരുമാനം ലഭിക്കു ന്നില്ല. ഓരോ ബോട്ടിലും ഡാറ്റ ശേഖരിക്കുന്നതിന് ഒരു മോണിറ്റര്‍ സ്ഥാപിക്കാന്‍ അധികാരികള്‍ ഉത്ത രവിടുമ്പോള് സ്ഥിതി കൂടുതല്‍ വഷളാകുന്നു. ഇതിന് പ്രതിദിനം വലിയൊരു തുക ചിലവാകും. ഒരു മത്സ്യത്തൊഴിലാളി ഒരു ദിവസം ശരാശരി സമ്പാദിക്കുന്നതി നേ ക്കാള്‍ കൂടുതലാണിത്. റൂബിയുടെ പിതാവായ ഫ്രാങ്കും സഹോദരന് ലിയോയും ഈ സംവിധാന ത്തിനെതിരെ പോരാടാന്‍ ആഗ്രഹി ക്കുന്നു, പക്ഷേ അത് ചെയ്യാന്‍ അവര്‍ക്ക് ശബ്ദമില്ല. അവിടെ റൂബി അവരെ സഹായിക്കുന്നു. അധികാ രികള്ക്കെതിരേ ശബ്ദിക്കാനും മത്സ്യം നേരിട്ട് വില്‍ക്കാനും മറ്റു മത്സ്യത്തൊഴിലാളികളെ അവള് പ്രേരിപ്പിക്കുന്നു.
റൂബിയുടെ അമ്മ ജാക്കിയും റൂബിയും തമ്മിലുള്ള രംഗം ഹൃദയസ്പര്‍ശിയാണ്. മകളുടെ ധൈര്യത്തെ ജാക്കി അഭിനന്ദിക്കുന്നു, അവളും റൂബിയില്‍ നിന്ന് പഠിക്കുന്നു. പക്ഷേ അവളെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ റൂബി കോളജില്‍ പോകാന്‍ അവള് ആഗ്രഹി ക്കുന്നില്ല.
പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത നിരവധി രംഗങ്ങള്‍ റൂബിയുടെ അച്ഛന്റെ വേഷം ചെയ്ത ട്രോയ് കോട്സൂര് സമ്മാനിച്ചു. ജീവിതത്തിലും കേള്‍വിശക്തി ഇല്ലാത്ത ഇദ്ദേഹത്തിന്റെ അവിസ്മരണീയ പ്രകടനത്തിനാണ് സഹനടനുള്ള ഓസ്കര് ലഭിച്ചത്. 1987ല്‍ ‘ചില്‍ഡ്രന്‍ ഓഫ് എ ലെ സ്സര്‍ ഗോഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാറ്റ്ലിന് ഓസ്കര് നോമിനേഷന് ലഭിച്ചതിനു ശേഷം ഓസ്കറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന രണ്ടാമത്തെ ബധിര നടനാണ് കോട്സൂര്. കേന്ദ്ര കഥാപാത്രമായ റൂബിയെ അവതരിപ്പിച്ച എമിലിയ ജോണ്‍സ്, സംഗീത അധ്യാപകന്റെ വേഷം ചെയ്ത യൂജെനിയോ ഡെര്ബെസ്, റൂബി യുടെ അമ്മയുടെയും ചേട്ടന്റേയും വേഷം ചെയ്ത മെര്‍ലി മാര്ട്ടിലിന്, ഡാനിയല്‍ ഡുറന്റ് എന്നിവരുടെ അഭിനയവും ശ്രദ്ധേയം തന്നെ.
കുടുംബം ഹാസ്യം ആസ്വദിക്കുന്നവരാണ്. ഫ്രാങ്കും ജാക്കിയും അഗാധമായി സ്നേഹിക്കുന്നു. അവര്‍ അവരുടെ മക്കള്‍ക്ക് മാതൃകയാണ്. പ്രയാസങ്ങളുടെ നിമിഷങ്ങളില്‍ അവര്‍ ഒരുമിച്ചാണ്. ഉദാഹരണത്തിന്, അധികാരികള്‍ ഫ്രാങ്കില്‍ നിന്ന് ലൈസന്‍സ് നീക്കം ചെയ്യുമ്പോള്‍. അല്ലെങ്കില്‍ റൂബിക്ക് ഓഡിഷനായി പെര്‍ഫോം ചെയ്യേണ്ടിവരുമ്പോള്‍.
നേരത്തെ സൂചിപ്പിച്ചതു പോലെ അഭിനിവേശം, കുടുംബം, സൗഹൃദം എന്നിവയുടെ ഒരു സിനിമയാണിത്. ബധിരര്‍ എല്ലാ ദിവസവും നേരിടുന്ന ബുദ്ധിമുട്ടുകള്‍ സിനിമ വ്യക്തമാക്കുന്നു ണ്ട്. തിരക്കഥ പലപ്പോഴും സിനിമയെ മന്ദഗതിയിലാക്കിയിട്ടുണ്ട്. ഛായാഗ്രഹണം കുറച്ചുകൂടി മികച്ചതാകാമെന്നും തോന്നിപ്പോകും.