എറണാകുളം ജില്ലയിലെ വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ ജൂലൈ 10ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച നിഖിത ജോബിയാണ് നിലവില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി. വടക്കേക്കര പഞ്ചായത്ത് മുറവന്തുരുത്ത് 11-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായ 21കാരി നിഖിത ജോബി തിരഞ്ഞെടുക്കപ്പെട്ടത്. നിഖിതയുടെ പിതാവ് മുറവന്തുരുത്ത് പൈനേടത്ത് ജോസഫിന്റെ മകന് ജോബി (പി.ജെ. ജോബി) ആയിരുന്നു ഇവിടത്തെ പഞ്ചായത്തംഗം. മേയ് 5ന് കൊടുങ്ങല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ ജോബി മരിച്ചതിനെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
യുവാക്കള്‍ കൈവിടുന്ന രാഷ്ട്രീയം
രാജ്യത്ത് യുവാക്കള്‍ പൊതുവേ രാഷ്ട്രീയത്തിനോട് അകല്‍ച്ച പാലിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് യുവത്വത്തിലേക്ക് കാലൂന്നിയ നിഖിത രാഷ്ട്രീയ രംഗത്തെത്തുന്നത്. നിഖിതയുടെ പിതാവ് ജോബി കേബിള്‍ ടിവി ഓപറേറ്ററായിരുന്നു. മുസിരിസ് എന്നൊരു പ്രാദേശിക ചാനലിന്റെ പ്രവര്‍ത്തകനുമായിരുന്നു. കേബിള്‍ ടിവി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ജോബിയുടേയും ഷീബയുടേയും ഒറ്റമകളാണ് നിഖിത. വീട്ടില്‍ അമ്മൂമ്മ ലൂസിയുമുണ്ട്. രാഷ്ട്രീയം നിഖിതയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ പുതിയ കാര്യമായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ ജോബി ചെയ്തിരുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിഖിത സഹകരിച്ചിരുന്നു. പഠനം പൂര്‍ത്തിയായ വേളയിലാണ് മത്സരംഗത്ത് ഇറങ്ങാനുള്ള ആവശ്യമുയരുന്നത്. അപ്പച്ചന് മരിച്ചിട്ട് അപ്പോള്‍ മൂന്നു മാസമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ മനസ് ചാഞ്ചാടിക്കൊണ്ടിരിക്കുകയായിരുന്നു. തന്നെക്കൊണ്ട് ഇതു ചെയ്യാന്‍ പറ്റുമോ എന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ അമ്മയും ബന്ധുക്കളും സ്നേഹിതരും നല്ല പിന്തുണ തന്നു.
രാഷ്ട്രീയവുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ലാത്തതുകൊണ്ടാണ് ആദ്യം മടിച്ചത്. മാധ്യമ പ്രവര്‍ത്തനമാണ് പഠിച്ചതെന്നതു കൊണ്ട് പിന്നീട് വീണ്ടുമാലോചിച്ചപ്പോള്, രണ്ടും എന്തുകൊണ്ട് ഒരുമിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചുകൂടാ എന്നു തോന്നി. ജനങ്ങളുമായി ഇടപഴുകേണ്ട മേഖലകളാണ് രണ്ടും. അപ്പച്ചന് കേബിള്‍ ടിവിയും പ്രാദേശിക ചാനലുമൊക്കെയായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു. താന്‍ ബിരുദപഠനത്തിനു ശേഷം ഉന്നതവിദ്യാഭ്യാസത്തിനു തിരഞ്ഞെടുത്തത് ജേര്‍ണലിസമായിരുന്നു. ബിഎയ്ക്ക് ഇംഗ്ലീഷ് സാഹിത്യമാണ് ഐച്ഛികവിഷയമായെടുത്തിരുന്നത്. അതിന്റെ സബ്ബായി ജേര്‍ണലിസവും പഠിക്കാനുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തനത്തോട് താല്പര്യം തോന്നിയത് അതുകൊണ്ടാണ്. അഡ്മിഷന് കിട്ടിയത് കോട്ടയത്തായിരുന്നു. വീട്ടില്‍ നിന്ന് ദൂരെയായിരുന്നെങ്കിലും അപ്പച്ചന് സമ്മതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ജേര്‍ണലിസം എന്നാല്‍ ഒരു പ്രഫഷണപ്പുറത്തേക്ക് ജനങ്ങളിലേയ്ക്കു ചെന്നുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുക എന്നതുമാണല്ലോ. അത് എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്നു എനിക്കു മനസിലായി. അങ്ങിനെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്.
പ്രായവും പക്വതയും
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതുവേ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രീതി കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ കണ്ടുവരുന്നുണ്ട്. നിഖിതയുടെ അതേ പ്രായത്തില്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റും 23 വയസില്‍ മേയര്‍ സ്ഥാനവും മറ്റും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. കുറഞ്ഞ പ്രായക്കാര്‍ക്ക് പക്വത കുറവാണെന്നും ഭരണപരിചയം ഇല്ലെന്നും പറഞ്ഞാണ് പലപ്പോഴും യുവാക്കളെ അകറ്റി നിര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് നിഖിതയ്ക്കു നേരിടേണ്ടി വന്ന ഒരു വെല്ലുവിളി പ്രായം തന്നെയായിരുന്നു. ഈ ചെറിയ പ്രായത്തില്‍ പഞ്ചായത്ത് അംഗമാകാനുള്ള പക്വത ഉണ്ടാകില്ലെന്നു പലരും പറഞ്ഞു. എല്ലായിടത്തും ഓടിയെത്താന്‍ സാധിക്കുമോ എന്നൊക്കെയായിരുന്നു മറ്റു സംശയം. അതൊക്കെ സ്വാഭാവികമാണ്. പക്ഷേ ജനങ്ങളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവരുടെ സംശയം മാറ്റിയെടുക്കാന്‍ തനിക്കു കഴിഞ്ഞുവെന്ന് നിഖിത പറയുന്നു. പ്രചരണ പരിപാടികളിലും മീറ്റിങ്ങുകളിലുമൊക്കെ തന്റേതായ ആശയങ്ങളും അഭിപ്രായങ്ങളും തുറന്നു പറഞ്ഞു. തന്റെ വാക്കുകളിലൂടെ അവര്‍ക്ക് തന്നെ മനസിലായി. ആദ്യമൊക്കെ വീടുകളില്‍ ചെല്ലുമ്പോള്‍ ജോബിയുടെ മകള്‍ എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്. പിന്നീട് സംസാരത്തിലൂടെയും അതിലെ ആശയത്തിലൂടേയും അവര്‍ക്ക് നിഖിതയില്‍ വിശ്വാസം വന്നു, സംശയം മാറി. അവരുടെ പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാവുന്ന ഒരാളായി നിഖിതയെ കണക്കാക്കി.
എല്ലാവരുടേയും പ്രതിനിധി
ജോബി വാര്‍ഡില്‍ പല പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. അതില്‍ പൂര്ത്തിയാക്കാനുള്ളതുമുണ്ട്. ശേഷിക്കുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ അതെല്ലാം ചെയ്തുതീര്‍ക്കുകയാണ് നിഖിതയുടെ പ്രഥമ ലക്ഷ്യം. വാര്‍ഡിലെ എല്ലാവര്ക്കും വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഉദ്ദേശം. അതില്‍ ഒരു രാഷ്ട്രീയവുമില്ല. ഇപ്പോള്‍ തന്നെക്കൊണ്ട് എന്തു ചെയ്യാന്‍ സാധിക്കും എന്നതാണ് ആലോചിക്കുന്നത്. അതിനുശേഷമുള്ള കാര്യങ്ങളൊന്നും ഇപ്പോള്‍ പരിഗണനയിലില്ല. ഈ നാടിനെ കുറിച്ച് നിഖിതയ്ക്ക് ഒരു കാഴ്ചപ്പാടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനു പോയ വേളയില്‍ കുറേ കാര്യങ്ങളെല്ലാം നേരിട്ടു മനസിലാക്കാനും സാധിച്ചു. അപ്പച്ചന്റെ പ്രവര്‍ത്തന ഫലമായി പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി സ്കൂള്‍ ബസ് അനുവദിച്ചിട്ടുണ്ട്. പലയിടത്തും റോഡു പണിയാനുണ്ട്. റീട്ടാറിംഗ് വേണം. വെള്ളക്കെട്ട് ബാധിച്ച മേഖലകളുമുണ്ട്. ഇതെല്ലാം പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ മനസിലാക്കിയ കാര്യങ്ങളാണ്. വീടില്ലാത്ത കുറെപ്പേരുണ്ട്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുണ്ട്. അവരുടെ കാര്യത്തിലൊക്കെ എന്തുചെയ്യാന്‍ സാധിക്കുമെന്നാണ് ആലോചിക്കുന്നത്.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നു ഉറപ്പുണ്ടെങ്കില്‍ മാത്രമേ മുന്നോട്ടു പോകാന്‍ താന്‍ തയ്യാറാകുകയുള്ളൂവെന്നും നിഖിത പറയുന്നു.
സ്ത്രീശക്തീകരണവും ആവശ്യം
യുവജനങ്ങളെ പോലെ തന്നെ സ്ത്രീകളും പൊതുരംഗത്ത് വരാന്‍ മടിക്കുന്ന സാഹചര്യം കേരളത്തില്‍ പോലും ഇപ്പോഴും നിലനില്ക്കുന്നു. അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ പാര്‍ട്ടികളില്‍ അവര്‍ക്കു ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. സംവരണം പോലും പലപ്പോഴും പാലിക്കപ്പെടാത്ത അവസ്ഥയുണ്ട്. കേരള നിയമസഭയിലും വനിതാ പ്രാതിനിത്യം വളരെ കുറവാണ്. എല്ലാവരേയും തുല്യരായി കാണേണ്ടതുണ്ട്. സ്ത്രീ പ്രാതിനിധ്യം തീര്‍ച്ചയായും എല്ലാ മേഖലകളിലും വേണം എന്നു തന്നെയാണ് നിഖിതയുടെ അഭിപ്രായം. പക്ഷെ എന്തുകൊണ്ടാണ് പൊതുരംഗത്ത് സ്ത്രീ പ്രാതിനിത്യം കുറയുന്നു എന്നുള്ളതിനെ കുറിച്ച് കൂടുതലായി മനസിലാക്കേണ്ടതുണ്ട്. സാഹചര്യം കൊണ്ടാണോ പ്രോത്സാഹന കുറവു കൊണ്ടാണോ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതെന്ന കാര്യം ശരിക്കും പഠിക്കേണ്ട വിഷയം തന്നെയാണ്. താന്‍ പ്രചരണത്തിനു ഇറങ്ങിയപ്പോഴും കൂടെ സ്ത്രീകള്‍ കുറവായിരുന്നു.
മാധ്യമ പ്രവര്‍ത്തനമോ രാഷ്ട്രീയമോ?
മാധ്യമ പ്രവര്‍ത്തനമാണല്ലോ നിഖിതയുടെ പഠനവിഷയം. മാധ്യമ പ്രവര്ത്തകയാകാനാണോ രാഷ്ട്രീയ രംഗത്ത് തുടരാനാണോ താല്പര്യമെന്നു ചോദിച്ചാല്‍ രണ്ടും ഒരുമിച്ച് മുന്നോട്ടു കൊണ്ട് പോകാനാണ് ഇപ്പോള്‍ താല്പര്യപ്പെടുന്നതെന്ന് നിഖിത പറയും. വിദ്യാഭ്യാസം ഇല്ലാതാക്കി മുന്നോട്ടുപോകാന്‍ താല്പര്യമില്ല. ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. രണ്ടും ഒരുമിച്ചു കൊണ്ടുപോകാനുളള ശ്രമത്തിലാണിപ്പോള്‍. അതില്‍ ബുദ്ധിമുട്ടുണ്ട്, കഴിയുന്നില്ല എന്നാണെങ്കില്‍ തീര്ച്ചായായും ജോലിയുമായിട്ടായിരിക്കും മുന്നോട്ടു പോവുക. ഇപ്പോഴത്തെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തായിരിക്കും അതു തീരുമാനിക്കുക. നല്ല രീതിയില്‍ പൊതുപ്രവര്‍ത്തനം നടത്താന്‍ പറ്റുമെങ്കില്‍ രാഷ്ട്രീയത്തില്‍ തന്നെ തുടരും.
ജാതിയും മതവും സമുദായവും
ഏതെങ്കിലും ജാതിയേയോ മതത്തേയോ സമുദായത്തേയോ പ്രതിനിധീകരിച്ചല്ല താന്‍ പഞ്ചായത്ത് അംഗമായിരിക്കുന്നതെന്ന് സുവ്യക്തമായി നിഖിത പറയുന്നു. തിരഞ്ഞെടുപ്പ് രംഗത്തോ വ്യക്തിപരമായോ ജാതിയും മതവുമൊന്നും ബാധിച്ചിട്ടില്ല. എല്ലാവര്ക്കും വേണ്ടി നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. താന്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ അതു താന്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിനു തന്നെ ഒരു അസറ്റായിരിക്കുമല്ലോ എന്നാണഭിപ്രായം.
പൊതുരംഗവുവും അഴിമതിയും
നേതാക്കള്‍ക്കെതിരേയുള്ള അഴിമതി ആരോപണങ്ങളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. രാഷ്ട്രീയരംഗത്തെ സംബന്ധിച്ചിടത്തോളം അതൊരു ആശങ്ക തന്നെയാണെന്ന് നിഖിത പറയുന്നു. ഒരുപക്ഷേ യുവാക്കളും സ്ത്രീകളും മറ്റും രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുന്നതും ഇതുകൊണ്ടൊക്കെ തന്നെയാകും. ആശങ്ക എന്നു പറയുമ്പോള്‍ അഴിമതിയെപ്പറ്റി കേള്‍ക്കുന്നതു തന്നെ പേടിയാണ്. താന്‍ രാഷ്ട്രീയരംഗവുമായി ബന്ധമില്ലാത്ത ആളാണ്. തിരഞ്ഞെടുപ്പില്‍ നില്ക്കാന് തീരുമാനിച്ചപ്പോള്‍ സഹായം ചെയ്ത കുറെ ആളുകളുണ്ട്. നമ്മള് ഓരോ ആശയവും പങ്കുവയ്ക്കുമ്പോള്‍ നമ്മളിലുള്ള ആത്മാര്‍ത്ഥതയാണ് അവര്‍ കാണുന്നത്. താനിപ്പോള്‍ 1400 പേരെയാണ് പ്രതിനിധീകരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടിയാണ് നമ്മള് പൊതുരംഗത്തേക്കു വന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും തികഞ്ഞ ബോധ്യമുണ്ടെങ്കില്‍, അപ്പോള്‍ നമുക്ക് അഴിമതി ചെയ്യാന്‍ തോന്നില്ല എന്നാണ് നിഖിതയുടെ അഭിപ്രായം. അപ്പച്ചന് അഴിമതിയൊന്നും ചെയ്തിട്ടില്ല. അതു പോലെ തുടരാനാണ് തന്റെയും ആഗ്രഹം.
മറ്റുള്ളവര്‍ക്ക് പ്രചോദനം
തിരഞ്ഞെടുപ്പ് രംഗത്ത് എത്തിയപ്പോള്‍ തന്നെ തന്റെ പ്രായത്തിലുള്ള നിരവധി പേര്‍ക്ക് അത് അദ്ഭുതമായിരുന്നു. നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന്. അവരുടെ പലരുടെ ഉള്ളിലും ഇത്തരം ആഗ്രഹങ്ങളുണ്ടായിരിക്കാം. അവര്‍ക്ക് അവസരം ലഭിക്കുന്നില്ല എന്നതാണ് കാര്യം. അത്തരത്തിലുള്ളവരെ കൈപിടിച്ച് ഉയര്‍ത്താന്‍ സാധിക്കുമെങ്കില്‍ അതു തീര്‍ച്ചയായും ചെയ്യും.
ഫോട്ടോഗ്രാഫി, ചിത്രരചന
ചിത്രങ്ങള്‍ വരക്കാനും ഫോട്ടോകളെടുക്കാനും വലിയ താല്പര്യമാണ്. ജേര്ണലിസത്തിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്‍ഹൗസ് പീരിയോഡിക്കല്സിനു വേണ്ടി ഫോട്ടോകളെടുത്തിരുന്നു. പെന്‍സില്‍ ഡ്രോയിംങ്ങൊക്കെ ചെയ്യാറുണ്ട്. കൊറോണ കാലത്ത് ചിത്രരചന വളരെ നന്നായി നടന്നിരുന്നു. കാര്‍ട്ടൂണുകളും ചെയ്യാറുണ്ട്.