ആന്‍ഡ്രിയ റൈസ്ബറോയ്ക്ക് മികച്ച നടിക്കുള്ള ഓസ്കറിനുള്ള 2022ലെ നോമിനേഷന് ലഭിച്ച ചിത്രമാണ് ടു ലെസ്ലി. മൈക്കല്‍ മോറിസ് സംവിധാനം ചെയ്ത ചിത്രത്തിന് വിവിധ തലങ്ങളുണ്ട്. കടുത്ത മദ്യപാനാസക്തിയുള്ളവരുടെ ജീവിതം എപ്രകാരം വിപരീത തലങ്ങളിലേക്കു നീങ്ങുന്നു എന്നതും പാശ്ചാത്യലോകത്ത് ഇപ്പോഴും മനുഷ്യബന്ധത്തിന് മൂല്യം കല്പ്പിക്കുന്നവര് ശേഷിക്കുന്നുവെന്നതും ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
ലോട്ടറി അടിച്ച് നശിച്ച അനേകം പേരുടെ കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. മാനം മര്യാദയ്ക്ക് തൊഴിലെടുത്ത് ജീവിച്ചിരുന്നവര്‍ വിയര്‍പ്പൊഴുക്കാതെ കിട്ടിയ പണം ധൂര്‍ത്തടിച്ച് നശിപ്പിക്കുകയും നേരത്തെ ഉണ്ടായിരുന്ന സാമ്പാദ്യം പോലും നഷ്ടപ്പെടുത്തുകയും ബന്ധുക്കളെയും നാട്ടുകാരേയും വെറുപ്പിക്കുകയും ചെയ്ത കഥകള്‍ ധാരാളമുണ്ട്. ടു ലെസ്ലിയില്‍ ആന്‍ഡ്രിയ റൈസ്ബറോ അവതരിപ്പിക്കുന്ന ലെസ് ലി എന്ന കഥാപാത്രത്തിനും കിട്ടി ഒരു വമ്പന്‍ ലോട്ടറി. ആന്‍ഡ്രിയ മധ്യവയസ്കയായ ഒരു അമ്മയാണ്. ലോട്ടറി ആന്‍ഡ്രിയയുടെ ജീവിതം മാറ്റി മറിക്കുന്നു. സമ്മാനത്തുക മുഴുവനും മദ്യസക്തി മൂത്ത അവള് നഷ്ടപ്പെടുത്തുന്നു. താമസിക്കാന്‍ ഒരിടം പോലുമില്ലാതെ തെരുവിലേക്കിറങ്ങേണ്ട ഗതികേടിലായി അവള്. അവസാനമായി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും വാടകനല്കാത്തതിനാല് അവള് പുറത്താക്കപ്പെട്ടു. അവള് മറ്റ് താമസക്കാരോട് കടം യാചിക്കുന്നു, മാനേജരെ ശപിക്കുന്നു. വീണ്ടും ബാറിലേക്ക് പോയി മദ്യപിക്കുന്നു.
അവളുടെ അഴുക്കു പുരണ്ട രൂപത്തിൽ നിന്നും വസ്ത്രങ്ങളില്‍ നിന്നും അവള് കുറച്ചുകാലമായി തെരുവിലുണ്ടെന്ന് നമുക്കൂഹിക്കാം. അവളുടെ കണ്ണില്‍ ലഹരിയുടെ ചെമപ്പ് തളം കെട്ടിക്കിടക്കുന്നു.
അവളുടെ മകനാണ് കൗമാരം പിന്നിട്ടുകൊണ്ടിരിക്കുന്ന ജെയിംസ് (ഓവന് ടീഗ്). അവന് സ്വന്തമായി അധ്വാനിച്ച് ജീവിക്കുകയാണിപ്പോള്‍. അമ്മയോടൊത്തുള്ള ജീവിതം അവന് കയ്പുമാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. ചെറിയ പ്രായത്തില്‍ തന്നെ ലെസ്ലി അവനെ ഉപേക്ഷിച്ചു. തെരുവില്‍ നിന്ന് ജെയിംസ് അമ്മയെ താന്‍ താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. മദ്യപിക്കരുതെന്ന വ്യവസ്ഥയില്‍ അവനോടൊപ്പം ജീവിക്കാന്‍ അവളെ അനുവദിക്കുന്നു. അവള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങിനല്‍കുന്നു. ലെസ്ലിയുടെ അമ്മയ്ക്ക് അവന് ഫോണ്‍ ചെയ്യുന്നുണ്ട,് ‘മുത്തശ്ശീ, അമ്മ എന്നെ ഉപദ്രവിക്കില്ലെന്നാണ് കരുതുന്നത്,’ അവന് പറയുന്നു.
പക്ഷേ ലഹരിക്ക് അടിമയായ ലെസ്ലിക്ക് വാക്കു പാലിക്കാന്‍ കഴിയുന്നില്ല. ജെയിംസിന്റെ റൂംമേറ്റ് ഡാരനില് നിന്ന് പണം മോഷ്ടിച്ച് അവള് വീണ്ടും ബാറുകള്‍ കയറിയിറങ്ങുന്നു. അവളെ മുറിയില്‍ കാണാതായപ്പോള്‍ ജെയിംസ് നടത്തിയ പരിശോധനയില്‍ അവളുടെ കട്ടിലിനടിയില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി. സഹായത്തിനായി മുത്തശ്ശിയെയും ലെസ്ലിയുടെ പഴയകാല സുഹൃത്തായ നാന്‍സിയെയും (അലിസണ് ജാനി) വിളിക്കാന്‍ ജെയിംസ് തീരുമാനിച്ചു. ലെസ്ലിയുടെ അമ്മ അവളോടു പറയുന്ന ഒരു വാചകമുണ്ട്, ‘നല്ല ക്രിസ്ത്യാനികളാണ് നിന്നെ വളര്‍ത്തിയത്…എന്നിട്ടും!’
നാന്‍സിയും അവളുടെ ബോയ്ഫ്രണ്ട് ഡച്ചും (സ്റ്റീഫന്‍ റൂട്ട്) മനസ്സില്ലാമനസ്സോടെ ലെസ്ലിയെ തങ്ങളോടൊപ്പം താമസിക്കാന്‍ അനുവദിച്ചു, എന്നാല്‍ അര്‍ദ്ധരാത്രിയില്‍ ഒരു ബാറിലിരുന്ന് മദ്യപിക്കുന്ന ലെസ്ലിയെ അവരുടെ സുഹൃത്തുക്കളിലൊരാളായ പീറ്റ് കണ്ടു. മദ്യപിച്ച് മതികെട്ട ലെസ്ലി ഒരു മോട്ടലിന്റെ വരാന്തയില്‍ കിടന്നുറങ്ങുന്നു, അവിടെ ഉടമകളില്‍ ഒരാളായ സ്വീനി (മാര്‍ക്ക് മാറോണ്) അവളെ പ്രഭാതത്തില്‍ കണ്ടെത്തി. അവന് അവളെ അവിടെ നിന്ന് ഓടിക്കുന്നു. അവള് അവളുടെ ആകെ സമ്പാദ്യമായ സ്യൂട്ട്കേസ് ഉപേക്ഷിച്ച് ഓടിപ്പോകുന്നു.
പിറ്റേദിവസം ലഹരി വിട്ടപ്പോള്‍ ലെസ്ലി തന്റെ സ്യൂട്ട്കേസിനായി മോട്ടലില്‍ തിരിച്ചെത്തുന്നു. സഹതാപം തോന്നിയ ഉടമ സ്വീനി ചെറിയ കൂലിക്കും താമസത്തിനും പകരമായി മോട്ടലിലെ മുറികള്‍ വൃത്തിയാക്കാനുള്ള ജോലി അവള്‍ക്ക് നല്കുന്നു. സ്വീനിക്കൊപ്പം ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളിയായ റോയലിന് (ആന്ദ്രേ റോയ) ലെസ്ലിയെ ഇഷ്ടമല്ല. കുട്ടിക്കാലം മുതല്‍ അറിയാവുന്ന ലെസ്ലിയോട് അവന് ദേഷ്യമാണ്. ഇവിടേയും തന്റെ ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കാന്‍ അവള്‍ക്കു കഴിയുന്നില്ല. ജോലി ചെയ്തു കിട്ടുന്നതു മുഴുവന്‍ മദ്യത്തിനായി ചെലവഴിക്കുന്നത് തുടരുന്നു. ജോലിയില്ലാത്ത സമയം അവളെ ബാറിലേ കാണാന്‍ കഴിയൂ എന്ന സ്ഥിതിയായി. ലക്കുകെട്ട ലെസ്ലി ഒരു രാത്രി താനും ജെയിംസും പണ്ടു താമസിച്ചിരുന്ന വീട്ടിലേക്ക് മദ്യപിച്ച് ചെല്ലുന്നു. അവിടെയിപ്പോള്‍ പുതിയ താമസക്കാരാണ്. അവര്‍ ഹോട്ടലുടമ സ്വീനിയെ വിളിച്ച് വിവരം പറയുന്നു.
ലെസ്ലിയുടെ പ്രതിബദ്ധതയില്ലായ്മയില് നിരാശനായ സ്വീനി അവളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിക്കുന്നു, എന്നാല്‍ അവള് താനിനി നന്നായിക്കോളാമെന്ന് ഉറപ്പുനല്കിയപ്പോള് മനസില്ലാമനസോടെ സ്വീനി തീരുമാനം മാറ്റുന്നു. അതിനൊരു പ്രധാന കാരണം, അയാളും പണ്ടൊരു മുഴുത്ത മദ്യപാനിയായിരുന്നുവെന്നതാണ്. സ്വീനി ലെസ്ലിയോടു സംസാരിക്കുകയും ഇരുവരും നല്ല സുഹൃത്തുക്കളാകുകയും ചെയ്യുന്നു.
ഒരു മേളയില്‍ ഇരുവരും ഒരുമിച്ചു പോയി. അവിടെ സ്വീനിയുടെ മകളെയും ചെറുമകളെയും കണ്ടുമുട്ടുന്നു. മേളയില്‍ വച്ചു തന്നെ സുഹൃത്ത് നാന്‍സിയേയും ലെസ്ലി കാണുന്നു. കുട്ടിയായിരുന്ന ജെയിംസിനെ ഉപേക്ഷിച്ചതിന് സ്വീനിയുടെ മുന്നില്‍ നാന്‍സി ലെസ്ലിയെ അധിക്ഷേപിക്കുന്നു.
അന്ന് ഒരു പഴയ വിഎച്ച്എസ് ടേപ്പ് സ്വീനി ലെസ്ലിയെ കാണിക്കുന്നു. ലെസ്ലിക്ക് ലോട്ടറി അടിച്ചതിനെ തുടര്‍ന്നുള്ള ടിവി വാര്‍ത്ത അടങ്ങിയ ടേപ്പായിരുന്നു അത്. അതില്‍, കൗമാരക്കാരനായ ജെയിംസ്, തന്റെ അമ്മ ഒരു ചെറിയ ഹോട്ടല്‍ തുടങ്ങാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. സ്വീനിയുമായി വഴക്കിട്ട ലെസ്ലി ജോലി ഉപേക്ഷിക്കുന്നു. അവള് മകന് ഒരു സന്ദേശം അയക്കുന്നു, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്ന്. പിന്നീട് ബാറിലേക്ക് പോയി ഓര്‍ഡര്‍ നല്‍കിയെങ്കിലും അവള്‍ക്കു മദ്യപിക്കാന്‍ കഴിയുന്നില്ല.
സ്വീനിയുടെ ഹോട്ടലിനു സമീപത്ത് ഒരു പഴയ ഐസ്ക്രീം കടയുണ്ട്. അത് ഉപേക്ഷിക്കപ്പെട്ടതാണ്. അവിടെ ഒരു ചെറിയ ഭക്ഷണശാല തുടങ്ങാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ലെസ്ലി സ്വീനിയെ അറിയിക്കുന്നു. അയാള്‍ക്കും വലിയ സന്തോഷമായി.
സ്വീനിയുടെയും റോയലിന്റെയും സഹായത്തോടെ അവള് കെട്ടിടം ശരിയാക്കി അത് ഒരു ചെറിയ ഭക്ഷണശാലയാക്കി മാറ്റി. ഉദ്ഘാടന ദിവസം കാര്യമായ കച്ചവടമൊന്നും കിട്ടിയില്ല. വൈകുന്നേരം കടയടക്കാറാകുമ്പോള് സുഹൃത്ത് നാന്‍സി എത്തുന്നു. തന്റെ കടയിലേക്ക് പോകരുതെന്ന് നാട്ടുകാരോടു പറഞ്ഞ് നാന്‍സി തന്റെ ബിസിനസ് അട്ടിമറിച്ചതായി ലെസ്ലി കുറ്റപ്പെടുത്തുന്നു. എന്നാല്‍ ദേഷ്യത്തോടെ പ്രതികരിക്കുന്നതിനുപകരം, ലെസ്ലിയുടെ ജീവിതത്തിലുടനീളം ഒരു കൈ സഹായത്തിന് താന്‍ ഉണ്ടാകാതിരുന്നതിന് നാന്‍സി ലെസ്ലിയോട് ക്ഷമ ചോദിക്കുകയാണ്. അതേസമയം മദ്യാപാനസക്തി മൂലം മകനെ ഉപേക്ഷിച്ചതിന് താന്‍ ഒരിക്കലും ലെസ്ലിയോട് ക്ഷമിക്കില്ലെന്നും പറയുന്നു. പഴയ സുഹൃത്തുക്കളുടെ ഒരു പുനഃസമാഗമമായിരുന്നു അത്. ജെയിംസിനെ തന്നോടൊപ്പം കൊണ്ടുവന്നതായി വെളിപ്പെടുത്തി നാന്‍സി ലെസ്ലിയെ അദ്ഭുതപ്പെടുത്തുന്നതാണ് പരിമസമാപ്തി.
മനുഷ്യരുടെ ധാര്‍മികതയെ കുറിച്ചുള്ള സിനിമകള്‍ വളരെ കുറച്ചേ ഇപ്പോള്‍ പുറത്തിറങ്ങുന്നുള്ളൂ. അതുകൊണ്ടു തന്നെ പഴയമയുടെ ഒരു രുചി ‘ടു ലെസ്ലിയില്‍’ കാണാനാകും.
യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ചിത്രീകരണത്തിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ് സിനിമ. ലെസ്ലി നഷ്ടപ്പെട്ട ഒരു ആത്മാവായിരുന്നു. മകനെ പോലും വേണ്ടെന്നു വച്ച് മദ്യത്തിനു പിറകേ പോയവള്‍. സുഹൃത്തുക്കളുടെ ഇടപെടലുകള്‍ അവിശ്വസനീയമായി തന്നെ അവളെ ജീവിതത്തിലേക്കു മടക്കികൊണ്ടുവരുന്നു. സിനിമയുടെ ക്ലൈമാക്സ് അല്ലെങ്കില്‍ വഴിത്തിരിവ് സിനിമയ്ക്കു മാത്രമല്ല, ജീവിതത്തിനു തന്നെ അലങ്കാരമാണ്.
മൈക്കല്‍ മോറിസ് ആദ്യമായി സംവിധാനം ചെയ്താണ് ഈ സിനിമയെന്ന് ആഖ്യാനരീതി കണ്ടാല്‍ പറയില്ല. റയാന് ബിനാക്കോ എഴുതിയ തിരക്കഥ യഥാര്ത്ഥജീവിതത്തോടു വളരെ അടുത്തുനില്ക്കുന്നു. കഥയ്ക്കാണ്, അതിനു മാത്രമാണ് ചിത്രത്തില്‍ പ്രസക്തിയെന്നുള്ളതു കൊണ്ട് മറ്റു സാങ്കേതിക വശങ്ങളെല്ലാം ഒരു കണക്കിന് ഇവിടെ അപ്രസക്തമാണ്. സത്യസന്ധമായ തിരക്കഥ, ശക്തമായ ആഖ്യാനം, അഭിനയം എന്നിവയില്‍ മാത്രം ശ്രദ്ധയൂന്നിയിരിക്കുകയാണ് സംവിധായകന്.