ദക്ഷിണ കൊറിയന്‍ സംവിധായിക യിം സൂണ്‍-റൈ സംവിധാനം ചെയ്ത സിനിമയാണ് ലിറ്റില്‍ ഫോറസ്റ്റ്. കൗമാരകാലത്ത് വീട്ടില്‍ നിന്ന് അകന്നുനില്ക്കുന്നവര്ക്കെല്ലാം തോന്നുന്ന പ്രധാനപ്പെട്ട ഒരു കാര്യം, വീട്ടിലെത്തിയാല്‍ അമ്മയുണ്ടാക്കുന്ന കഞ്ഞിയും കപ്പയും മീന്കറിയുമൊക്കെ കഴിക്കാമല്ലോ എന്നായിരിക്കും. വീട്ടിലായിരിക്കുമ്പോള്‍ ഒരു വിലയും കല്പിക്കാതെ തള്ളിക്കളയുന്ന ഈ വിഭവങ്ങള്‍ രുചിക്കാന്‍ അവധി ദിനത്തിനായി കാത്തിരുന്നവര്‍ എത്രയോ പേര്. ഗൃഹാതുരത്വം എന്ന് ഇതിനെ സാമാന്യമായി വിശേഷിപ്പിക്കാം. ജപ്പാന് സംവിധായകനായ ഡെയ്സുകെ ഇഗരാഷിയുടെ അതേ പേരിലുള്ള ടിവി സീരീയലിനെ അടിസ്ഥാനമാക്കിയാണ് യിം സൂണ്‍-റൈ ലിറ്റില്‍ ഫോറസ്റ്റ് മെനഞ്ഞിരിക്കുന്നത്.
കൊറിയന്‍ സിനിമകള്‍ ത്രില്ലര്‍-ആക്ഷന്‍ മാത്രമാണെന്നു കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ലിറ്റില്‍ ഫോറസ്റ്റ്. ഈ സിനിമ ഒരു യാത്രയാണ്. കഥയില്‍ വലിയ കാര്യമില്ല. ട്വിസ്റ്റുകളില്ല. ഇച്ചിക്കോയാണ് ( കിം തേ-റി )യാണ് നായിക. കൊറിയയിലെ ഗ്രാമത്തിലെ ജീവിതം അവള്‍ക്കു മടുത്തു. അവിടെ ഗതാഗതസൗകര്യങ്ങള്‍ കുറവ്. എന്തെങ്കിലും സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യണം. നഗരം അവളെ മാടിവിളിക്കുകയാണ്. അങ്ങിനെയാണവള്‍ ജനിച്ച നാടിനെ ഉപേക്ഷിച്ച് സിയോളിലേക്ക് വണ്ടി കയറുന്നത്.
അധ്യാപികയാകാനാണ് അവള്‍ക്കു താല്പര്യം. അതിനു യോഗ്യതാപരീക്ഷ ജയിക്കേണ്ടതുണ്ട്. പഠിപ്പിന്റെ കൂടെ അവള് പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. പക്ഷേ യോഗ്യതാ പരീക്ഷയില്‍ വിജയിക്കാത്തതിനെത്തുടര്‍ന്ന് തന്റെ പാര്‍ട്ട് ടൈം ജോലി ഉപേക്ഷിച്ച് താന്‍ വളര്‍ന്ന ചെറിയ ഗ്രാമത്തിലേക്ക് അവള് മടങ്ങുന്നു. ചിത്രത്തിന്റെ ആദ്യസീന്‍ തന്നെ നമ്മെ സുന്ദരമായ ഒരു ഭൂപ്രദേശത്തേക്കു കൊണ്ടുപോകും. ഇരുഭാഗത്തും പച്ചപിടിച്ചു കിടക്കുന്ന വയലുകള്‍ക്കു നടുവിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ സൈക്കിള്‍ ചവിട്ടി വരുന്ന നായിക.
വേനല്‍, ശരത്കാലം, ശീതകാലം, വസന്തം എന്നിങ്ങനെ വ്യത്യസ്ത സീസണുകളെ അടിസ്ഥാനമാക്കി വ്യത്യസ്ത ഭാഗങ്ങളായി സിനിമയെ തിരിച്ചിരിക്കുന്നു.
”തൊഹോക്കു മേഖലയിലെവിടെയോ ഒരു ഗ്രാമത്തിലെ ഒരു ചെറിയ വാസസ്ഥലമാണ് കൊമോറി. ഇവിടെ കടകളൊന്നുന്നുമില്ല, ഒരു ചെറിയ കര്‍ഷക സഹകരണ മാര്‍ക്കറ്റ് ഉണ്ട്…’എന്നിങ്ങനെ ഒരു കമന്ററി പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്.
കൊമോറി എന്ന സ്ഥലം ഒരു പര്‍വതത്തിന്റെ താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു സാങ്കല്‍പ്പിക ഗ്രാമമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് അകന്ന് ഈ മനോഹര ഭൂമിയില്‍ ജീവിക്കുന്ന ഒരു ചെറിയ സംഘം കര്‍ഷകരാണ് താമസക്കാര്‍. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന സമൃദ്ധമായ നെല്‍വയലുകളും സമൃദ്ധമായ ചെടികളും വന്യജീവികളും നിറഞ്ഞ നിബിഡ വനങ്ങളുമാണ് കൊമോറിയുടെ ഭൂപ്രകൃതിയുടെ ഭൂരിഭാഗവും. നായികയോട് കൂട്ടുകാരികള്‍ ചോദിക്കുന്നുണ്ട്, നീയെന്തിനാണ് നഗരം വിട്ടു പോകുന്നതെന്ന്. അവള് പറയുന്ന മറുപടി, ‘വിശന്നിട്ടാണ് ഞാന്‍ തിരിച്ചുപോകുന്നതെന്നാണ്’.
അവള് തിരിച്ചുവന്നപ്പോള്‍, പക്ഷേ അവളുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. വീട് ഒഴിഞ്ഞുകിടക്കുന്നു. ഒരു ചെറുപട്ടണത്തിലെ ബാങ്കില്‍ ജോലി ചെയ്ത് മടുത്ത അവളുടെ സുഹൃത്തുക്കളായ യൂന്‍-സൂക്ക് (ജിന്‍ കി-ജൂ), പിതാവിന്റെ കൃഷിയിടം ഏറ്റെടുത്ത് തഴച്ചുവളരുന്ന ജെയ്-ഹ (റ്യൂ ജുന്-യോള്‍) എന്നിവരുമായി അവള് വീണ്ടും ഒന്നിക്കുന്നു. അവളെ തിരികെ കിട്ടിയതില്‍ അവര്‍ സന്തുഷ്ടരാണ്. കുറച്ച് ദിവസങ്ങള്‍ മാത്രമേ താനവിടെ ഉണ്ടാകുകയുള്ളൂവെന്ന് അവള് പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ ആഴ്ചകളായി, മാസങ്ങളായി മാറുന്നു. മാറുന്ന ഋതുക്കള്‍ അവളുടെ ഹൃദയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. വീടിനടുത്തുള്ള കഠിനഭൂമി കഠിനാധ്വാനത്തിലൂടെ സമൃദ്ധമായ വയലായി മാറുന്നു. അമ്മയെയും മകളെയും- ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കുന്ന ഒന്നായി വിഭവങ്ങള്‍ മാറുന്നു.
ഓരോ ഋതുക്കളിലും വ്യത്യസ്ത കാലാവസ്ഥകളിലും ഗ്രാമത്തില്‍ തയ്യാറാക്കുന്ന വ്യത്യസ്തമായ വിഭവങ്ങളിലൂടെയാണ് പിന്നീട് കഥ പറയുന്നത്. വായില്വെള്ളമൂറാതെ അതു കണ്ടിരിക്കാനാവില്ല. മരത്തില്‍ നിന്ന് അപ്പോള്‍ പൊട്ടിച്ചെടുത്ത ആപ്പിള്‍ കടിച്ചു തിന്നുന്നത് ആലോചിച്ചു നോക്കൂ. ചെടികളുടെ പൂവും ഇലകളും കായകളും മറ്റുമുപയോഗിച്ച് വ്യത്യസ്തമായ വിഭവങ്ങളും പാചകം ചെയ്യുന്നുണ്ട്.
സിനിമയുടെ പ്രധാന ഭാഗങ്ങള്‍ അടുക്കളയില്‍ തന്നെയാണ്. ഓരോ വിഭവവും എങ്ങനെ തയ്യാറാക്കപ്പെടുന്നു എന്നതിന്റെ വിശദമായ ഫൂട്ടേജുകള്‍. സിനിമയുടെ ‘സമ്മര്‍’ ഭാഗത്ത് മാത്രം ഏഴ് വ്യത്യസ്ത വിഭവങ്ങളാണുള്ളത്.
ഈ സിനിമയുടെ ട്രീറ്റ്മെന്റും ടോണും അതിനെ വേറിട്ടു നിര്‍ത്തുന്നു. പക്ഷേ, അതിന്റെ ഹൃദയഭാഗത്ത്, ലിറ്റില്‍ ഫോറസ്റ്റിന് വളരെ രസകരമായ ഒരു കഥ പറയാനുണ്ട്. അത് ആശയവിനിമയം നടത്താന്‍ തിരഞ്ഞെടുത്ത രീതിയാണ് ഈ പാചകമൊക്കെ. നായിക ഇച്ചിക്കോ തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെയും കൃഷിയിലും പാചകത്തിലും മുഴുകിയിരിക്കുന്ന അവളുടെ ആഖ്യാന ചിന്തകളിലൂടെയും – കാഴ്ചക്കാരന് അവളുടെ കുട്ടിക്കാലത്തെക്കുറിച്ചും അമ്മയുമായുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെക്കുറിച്ചും അവളുടെ സുഹൃത്തുക്കളെയും അയല്‍ക്കാരെയും നഗരത്തിലെ അവളുടെ സമയത്തെയും കുറിച്ച് പതുക്കെ മനസ്സിലാക്കുന്നു.
ലിറ്റില്‍ ഫോറസ്റ്റ് ജീവിതത്തിലെ ഏറ്റവും സാധാരണമായ കാര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തന്നെ പ്രേക്ഷകനെ ആര്‍ദ്രമായി ചിലത് പഠിപ്പിക്കുകയും ചെയ്യുന്നു. അമ്മ സച്ചിക്കോ (കാരെന് കിരിഷിമ)യോടൊപ്പം കൊമോറിയില് ഏകാകിയായ കുട്ടിയായി ഇച്ചിക്കോ വളര്‍ന്നു, കൃഷിയില്‍ നിന്ന് സച്ചിക്കോ ഉണ്ടാക്കിയ ചെറിയ പണം കൊണ്ട് അവര്‍ ജീവിച്ചു. ഒരു നല്ല ദിവസം, 18 വയസ്സുള്ള മകളെ സ്വയം രക്ഷപ്പെടുത്താന്‍ വിട്ട് സച്ചിക്കോ യാത്ര പുറപ്പെടുന്നു.
അമ്മയില്ലാത്ത വീട്ടില്‍ ഇച്ചിക്കോ തന്റെ അമ്മയെപ്പോലെ ലളിതമായ ഒരു ജീവിതം നയിക്കുന്നു – കൃഷി, പാചകം, ഭക്ഷണം – അവള് ഈ ലോകത്ത് തന്റെ സ്ഥാനം കണ്ടെത്താനും അവളുടെ ജീവിതത്തില്‍ എന്താണ് ചെയ്യാനാഗ്രഹിക്കുന്നതെന്നും മനസിലാക്കുന്നു.
പക്ഷേ, ഗ്രാമജീവിതം അവള് സ്വയം തിരഞ്ഞെടുത്ത ഒരു തീരുമാനമായിരുന്നില്ലല്ലോ. നിവൃത്തികേടുകൊണ്ട് അവള്‍ക്ക് ലഭ്യമായ ഒരേയൊരു ഓപ്ഷനായിരുന്നു അത്. പക്ഷേ, അവള് കൊമോറിയില് തിരിച്ചെത്തുമ്പോള്‍ തന്റെ ഏകാന്ത ജീവിതം ആസ്വദിക്കുന്നു.
‘ഹൃദയം ഉള്ളിടത്താണ് വീട്’ എന്ന് അവള് പറയുന്നു. നമ്മളില്‍ ഭൂരിഭാഗം പേരും ജീവിതകാലം മുഴുവന്‍ നമ്മുടെ ആത്മാവ് ആഗ്രഹിക്കുന്ന സന്തോഷവും ഊഷ്മളതയും തേടി നടക്കുന്നവരാണ്. വീട്ടിലേക്കുള്ള വഴിയാണ് നമ്മള് കണ്ടെത്തേണ്ടതെന്നാണ് ലിറ്റില്‍ ഫോറസ്റ്റ് പറയാന്‍ ശ്രമിക്കുന്നത്.
ഇച്ചിക്കോ സില്വര്ബെറിയില് നിന്ന് ജാം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു രംഗത്തില്‍, അവള് നഗരത്തിലുണ്ടായിരുന്ന കാമുകനെ ഓര്‍മ്മിക്കുന്നു. സില്വര്ബെറിയുടെ പുളിച്ചരുചി ഇല്ലാതാക്കാന്‍ കൂടുതല്‍ പഞ്ചസാര ചേര്‍ക്കണമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. അവള് ഒരു തീരുമാനത്തിലെത്തും മുമ്പ് ജാം തിളച്ചുമറിയുന്നു – അവളുടെ കാമുകനുമായുള്ള ബന്ധം പോലെ.
ഉജ്ജ്വലമായ ഛായാഗ്രഹണം എല്ലാ ഫ്രെയിമിനും ജീവന് നല്കുന്നു. ഈ സിനിമ കാഴ്ചക്കാരനെ വെല്ലുവിളിക്കാനും ആവേശം കൊള്ളിക്കാനും ഉദ്ദേശിച്ചുള്ളതല്ല. പകരം അവര്‍ക്ക് ഒരു ആശ്വാസവും ആത്മാവിന്റെ ആഴത്തിലുള്ള ശാന്തിയും നല്കുന്നു.
മുന്നറിയിപ്പ്: വെറും വയറ്റില്‍ ഈ സിനിമ കാണരുത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇത് വിശപ്പുണ്ടാക്കും.