അബ്രഹാമിന്റെ മക്കള്‍ തമ്മിലുള്ള സംഘട്ടനം ലോകസമാധാനം നശിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മനുഷ്യര്‍ ഒരു സത്തയുടെയും ആത്മാവിന്റെയും സൃഷ്ടിയാണെന്ന ബോധം നഷ്ടപ്പെട്ടവര്‍ പരസ്പരം കൊല്ലാനൊരു അവസരം കാത്തിരിക്കുകയാണ്. ഏതു സംഘര്‍ഷ ഭൂമികളിലും ഏറ്റവുമധികം ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. മണിപ്പൂരിലെ സ്ത്രീകള്‍ അനുഭവിക്കുന്ന നരകയാതനകള്‍ നമ്മള് കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തോടേയും കരുത്താര്‍ജ്ജിച്ച ആധുനിക വംശീയ-വര്‍ഗീയ സംഘട്ടനങ്ങള്‍ ലോകസാംസ്കാരികതയുടെ കളിത്തൊട്ടിലായിരുന്ന മധ്യപൂര്വദേശങ്ങളെ കീറിമുറിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. അതില്‍ ഏറ്റവും രൂക്ഷമായ ആഭ്യന്തരയുദ്ധം നടന്ന പ്രദേശമാണ് ലെബനന്.
ക്രിസ്ത്യാനികളും മുസ്ലീങ്ങളും അവര്‍ക്കിടയിലെ വിവിധ വിഭാഗങ്ങളുമായി ഇടകലര്‍ന്ന് സഹോദരങ്ങളെ പോലെ ജീവിച്ചിരുന്ന ഇവിടെ വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും വിത്തുകള്‍ മുളപൊട്ടുകയും വര്‍ഗീയമെന്നോ വംശീയമെന്നോ വേര്‍തിരിച്ചറിയാനാകാത്ത വിധം സംഘട്ടനങ്ങള്‍ രൂക്ഷമാകുകയും ചെയ്ത ഒരു കാലഘട്ടത്തെ കുറിച്ചുള്ള നേര് ചിത്രമാണ് ലെബനന്-കനേഡിയന്‍ സംവിധായിക നദീന്‍ ലബാക്കിയുടെ വെയര്‍ ഡു വീ ഗോ നൗ ? (ഞങ്ങളിപ്പോള്‍ എങ്ങോട്ട് പോകും? ). മധ്യപൂര്‍വദേശത്തിലെ പോരാട്ടങ്ങളുടെ സാമൂഹിക വശം പ്രതിഫലിപ്പിക്കുന്ന മികച്ച സിനിമകളില്‍ ഒന്നാണ് വേര് ഡൂ വി ഗോ നൗ. ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടി. 2011 ലെ മികച്ച വിദേശ ഭാഷാ ചലച്ചിത്ര വിഭാഗത്തില്‍ ഓസ്കര് അവാര്‍ഡിനുള്ള എന്‍ട്രിയായിരുന്നു. അഭിനേത്രിയായി സിനിമാ രംഗത്തെത്തിയ നദീന്‍ ലബാക്കി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.
ലെബനിലെ ഒരു സാങ്കല്പിക ഗ്രാമമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പുറംലോകവുമായി കാര്യമായ ബന്ധമില്ല. വലിയൊരു ഗര്‍ത്തത്തിനു കുറുകേ ഇടുങ്ങിയ ഒരു പാലം കടന്നുവേണം മറുനാടുകളിലേക്കെത്താന്. നെല്ലിനും ഗോതമ്പിനും ചോളത്തിനും പകരം കുഴിബോംബുകള്‍ പാകിയതിനാല്‍ ഓരോ കാല്‍വയ്പും സൂക്ഷിച്ചുവേണം. ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തെ പ്രതീകമാക്കുന്ന ഒരു ഫ്രെയിമില്‍, പൊടിനിറഞ്ഞ സന്ധ്യാസമയത്ത് ഗ്രാമത്തിലെ തൊട്ടടുത്തുള്ള മസ്ജിദിന്റെയും പള്ളിയുടെയും കാഴ്ചയോടെ, ഏതാണ്ട് ഉട്ടോപ്യന്‍ പശ്ചാത്തലത്തിലാണ് സിനിമ ആരംഭിക്കുന്നത്. സ്ത്രീശബ്ദത്തില്‍ ഒരു ചെറിയ കമന്ററി ഗ്രാമത്തെ കുറിച്ചുണ്ട്. അതു കഴിയുമ്പോള്‍ കറുപ്പുവസ്ത്രമണിഞ്ഞ ഒരു കൂട്ടം സ്ത്രീകള്‍ താളത്തില്‍ ചുവടുവച്ച് പാട്ടുപാടി മുന്നോട്ടു നീങ്ങുന്നു. അവര്‍ ഒരു ശവസംസ്കാര ഘോഷയാത്രയില്‍ പങ്കുചേരുകയാണ്. ചിലര്‍ ശിരോവസ്ത്രം ധരിച്ചിരിക്കുന്നു. മറ്റുള്ളവര്‍ കഴുത്തില്‍ കുരിശുമാലകളും. വിലപിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ പുത്രന്മാരുടെയും ഭര്ത്താക്കന്മാരുടെയും ചിത്രങ്ങള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച്, തല കുനിച്ച്, ശ്മശാനത്തിലേക്ക് പതുക്കെ നീങ്ങുമ്പോള്‍ നെഞ്ചിലടിച്ച് വിലപിക്കുന്നു. അക്രമത്തിന്റെയും മതവിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും ദുരന്തത്തെക്കുറിച്ചു സംസാരിക്കുന്ന ഒരു വിലാപനൃത്തമാണിത്.
ഗ്രാമത്തില്‍ രണ്ടു മതക്കാരും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പള്ളിയും മസ്ജിദും തൊട്ടടുത്താണ്. അവരുടെ ഹൃദയങ്ങള്‍ പോലെ…പക്ഷേ എല്ലാത്തിനും മാറ്റം വരികയാണ്.
രണ്ടു യുവാക്കള്‍ ചേര്‍ന്ന്-റൂക്കോസും നസിയും- ഒരു ടിവി ആന്റീന എവിടെ നിന്നോ സംഘടിപ്പിച്ച് സ്കൂട്ടറില്‍ ഗ്രാമത്തിലേക്കു കൊണ്ടുവരുന്നതാണ് അടുത്ത ദൃശ്യം. റൂക്കോസും നസിയുമാണ് ഗ്രാമത്തിന് പുറത്തേക്ക് പോയി സോപ്പ്, പാത്രങ്ങള്‍, പത്രങ്ങള്‍ എന്നിങ്ങനെയുള്ള അവശ്യസാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുന്നത്. റൂക്കോസ് നാസിമിന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. നാസിമിന്റെ പിതാവ് കൊല്ലപ്പെട്ടു.
ടിവി സിഗ്നലുള്ള ഒരു സ്ഥലം തേടി യുവാക്കള്‍ കുന്നിന്മുകളിലേക്കു നീങ്ങുന്നു. ഗ്രാമത്തിന്റെ മേയര്‍ അവരെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. അവിടെ കുഴിബോംബുകളുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അകലെയല്ലാതെ സ്ഫോടനശബ്ദം കേള്‍ക്കുന്നു. ‘നശിച്ച ഗ്രാമമെന്ന്’ ശപിച്ച് ചിലര്‍ കൂട്ടംവിട്ടു ഓടി പോകുന്നു. മേയറുടെ ഭാര്യ കനിഞ്ഞുനല്കിയ ഒരു ടിവി റൂക്കോസും നസിയും ചേര്‍ന്ന് സ്ഥാപിക്കുക തന്നെ ചെയ്തു. ടിവിയുടെ ഉദ്ഘാടന സംപ്രേഷണം ആഘോഷമായി തന്നെ നടത്തുന്നു. കുഴിബോംബ് പൊട്ടി പരിക്കേറ്റ ആടിനെ കശാപ്പ് ചെയ്താണ് ആഘോഷം. പക്ഷേ ടിവിയുടെ അപകടം പെട്ടെന്നു തന്നെ സ്ത്രീകള്‍ തിരിച്ചറിയുന്നു.
വാര്‍ത്തകളില്‍ സംഘര്‍ഷങ്ങളുടെ കാര്യം പറയുമ്പോള്‍ അവര്‍ പുരുഷന്മാരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നു. ഒരു ചെറിയ തീപ്പൊരി പോലും ഗ്രാമത്തിന്റെ സാമാധാനന്തരീക്ഷം നശിപ്പിക്കുമെന്നവര്ക്കറിയാം.
പുരുഷന്മാരെ തണുപ്പിക്കാനും വിവേകശൂന്യരായ അവര്‍ അക്രമം അഴിച്ചുവിടാതിരിക്കാനുമുള്ള അവരുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണിത്. അതിനു വേണ്ടി രാത്രിയില്‍ പുരുഷന്മാരറിയാതെ അവര്‍ ടിവിയുടെ കണക്ഷന് വിച്ഛേദിക്കുന്നു. മേയറുടെ ഭാര്യ തന്നില്‍ കന്യാമറിയം പ്രവേശിച്ചു എന്ന മട്ടില്‍ പുറപ്പെടുവിക്കുന്ന പ്രവചനങ്ങളും വനിതകളുടെ കൂട്ടായ ശ്രമത്തിന്റെ ഭാഗം തന്നെ. യുക്രൈനില്‍ നിന്നുള്ള നൃത്തക്കാരികളെ കൊണ്ടുവരുന്നതും ഭക്ഷണത്തില്‍ ഹാഷീഷ് കലര്‍ത്തി ആണുങ്ങളെ മയക്കുന്നതും തളര്ത്തുന്നതുമെല്ലാം പെണ്ണുങ്ങളുടെ കരവിരുതു തന്നെ. പുരുഷാധിപത്യ സമൂഹമായതിനാല്‍ സ്ത്രീകളുടെ വികാരങ്ങള്‍ ഒരിക്കലും അംഗീകരിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ മതത്തിന്റെ വേലിക്കെട്ടുകള്‍ മാറ്റിവച്ച് എല്ലാവരും ഒത്തുചേരുന്നു; ആണുങ്ങളെ പറ്റിക്കുന്നു. പുറംലോകത്തെ വാര്‍ത്തകള്‍ അധികമൊന്നും ഗ്രാമത്തിലെത്തുന്നില്ലെങ്കിലും ആണുങ്ങളുടെ മനസുകളില്‍ വിഭാഗീയതയുടേയും വര്‍ഗീയതയുടേയും ചിന്തകള്‍ ഇടക്കിടെ തലപൊക്കുന്നുണ്ട്.
ഗ്രാമത്തിലെ പൊതുഇടമായ കാപ്പിക്കടയില്‍ പെയ്ന്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനിയും വിധവയുമായ അമാലേയും (നദീന്‍ ലബാക്കി) പെയിന്റ് പണിക്കാരനും മുസ്ലീമുമായ റാബിയനും (ജൂലിയന്‍ ഫര്ത്താറ്റ്) തമ്മില്‍ നിശബ്ദമായ ഒരു പ്രണയം പൊട്ടിമുളക്കുന്നു. സ്ത്രീകള്‍ക്കെല്ലാം ഇതറിയാം. അവര്‍ ഇതു പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. റൂക്കോസ് പള്ളിയിലെ സ്പീക്കറുകള്‍ ശരിയാക്കാന്‍ ശ്രമിക്കുമ്പോള്‍ അവന് ഗോവണി തെറ്റി വീണ് കുരിശില്‍ ഇടിച്ച് അത് തകരുന്നു. അവന് പേടിച്ച് അവിടെ നിന്ന് രക്ഷപ്പെടുന്നു. എന്നാല്‍ കുരിശ് മുസ്ലീങ്ങള്‍ ഒടിച്ചതാണെന്ന് ക്രിസ്ത്യാനികളായ ആണുങ്ങള് ആരോപിക്കുന്നു. കാറ്റടിച്ചാണ് കുരിശൊടിഞ്ഞതെന്നു പറഞ്ഞ് അവരെ സമാധാനിപ്പിക്കുന്നത് പള്ളിയിലെ അച്ചനാണ്. പിറ്റേദിവസം തന്നെ മസ്ജിദില്‍ ആരോ കയറി വൃത്തികേടാക്കുന്നു. അവിടെ സംഘര്‍ഷം ഉറഞ്ഞുകൂടുമ്പോള്‍ ഇമാമും സ്ത്രീകളും ചേര്‍ന്നാണ് തണുപ്പിക്കുന്നത്.
റൂക്കോസും നസിയും സ്കൂട്ടറില്‍ ഗ്രാമത്തിനു പുറത്തുപോയി മടങ്ങുമ്പോള്‍ നസി വെടികൊണ്ടു മരിക്കുന്നു. നസിയുടെ മൃതദേഹം അമ്മയും സഹോദരിയും ചേര്‍ന്ന് ആരുമറിയാതെ മറവുചെയ്യുന്നു. ഇക്കാര്യം ആരുമറിയരുതെന്ന് റൂക്കോസിനോടു ചട്ടം കെട്ടുന്നു. തന്റെ മൂത്ത മകന് പോലും ഇതറിയരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. വികാരതീവ്രമായ ഒരു രംഗമാണിത്. ഗ്രാമത്തില്‍ സമാധാനം നിലനില്ക്കാന് ഒരു അമ്മ നടത്തുന്ന ശ്രമം.
മധ്യപൂര്‍വദേശങ്ങളിലെ സംഘര്‍ഷങ്ങളും യുദ്ധങ്ങളും പ്രമേയമാക്കി ധാരാളം സിനിമകള്‍ ഹോളിവുഡിലുള്‍പ്പെടെ വന്നിട്ടുണ്ട്. അതില്‍ മിക്കവയും യുദ്ധത്തിന്റെ-ഏറ്റുമുട്ടലുകളുടെ ദൃശ്യാവിഷ്കാരങ്ങളായിരുന്നു. എന്നാല്‍ അത്തരത്തിലൊരു രംഗം പോലും കാണിക്കാതെയാണ് നദീന്‍ ലബാക്കി തന്റെ സിനിമ ചെയ്തിരിക്കുന്നത്. ഒരു ദുരന്തമാണ് ചിത്രീകരിക്കുന്നതെങ്കിലും അതിന് ഹാസ്യത്തിന്റെ മേമ്പോടി ചേര്‍ക്കാന്‍ അവര്‍ തയ്യാറാകുന്നു. വിഷയം അര്‍ഹിക്കുന്ന ഗൗരവം കുറക്കാതെ തന്നെ കാഴ്ചയെ രസകരമാക്കുന്ന വിദ്യ. കോമഡിയില്‍ നിന്ന് ആര്‍ദ്രതയിലൂടെയും ദുരന്തത്തിലൂടെയും പ്രേക്ഷകനെയത് കൊണ്ടുപോകുന്നു. ഛായാഗ്രഹണവും അഭിനയവും ഏറ്റവും മികച്ചതാണ്. അഭിനേതാക്കള്‍ ചിരപരിചിതരല്ല. നാടകശാലകളില്‍ നിന്നാണ് മിക്കവരുടേയും വരവ്. അവര്‍ സ്വാഭാവികമായ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നു.
സമകാലിക കഥ, മികച്ച എഡിറ്റിംഗ്. സാങ്കേതികമായി വലിയ മികവുകളൊന്നും പ്രദര്‍ശിപ്പിക്കേണ്ട ആവശ്യവുമില്ല. ഗ്രാമത്തിലെ ഏതാനും ലൊക്കേഷനുകള്ക്കപ്പുറം ക്യാമറ സഞ്ചരിക്കുന്നതുപോലുമില്ല. ടാനിയ സാലിഹ് എഴുതിയ രണ്ടു ഗാനങ്ങളും മനോഹരം. ഒന്ന് ചിത്രത്തിന്റെ തുടക്കത്തില്‍ സ്ത്രീകള്‍ നൃത്തം ചെയ്തു പാടുന്നത്. രണ്ടാമത്തേത് അമാലെയും റാബിയനും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അമാലെയുടെ സ്വപ്നാടന രംഗത്തും.
ആഭ്യന്തരയുദ്ധം നേരിടുന്ന ഒരു രാജ്യത്ത് മതത്തെക്കുറിച്ചുള്ള വിഷയം കൈകാര്യം ചെയ്യുന്നത് അതിധീരതയാണെന്നു പറയേണ്ടിവരും. ആരെയും വ്രണപ്പെടുത്താത്ത സൂക്ഷ്മമായ രീതിയിലാണ് നദീന്‍ ലബാക്കി ഇതുനിര്വഹിച്ചിരിക്കുന്നത്. ഈ പ്രദേശത്തുനിന്നും സാംസ്കാരിക ജീവിതം വീണ്ടും മുളപൊട്ടി ലോകമെമ്പാടും എത്തുമെന്ന പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കുന്ന ഒരു മികച്ച ചിത്രമായി അവരതിനെ മാറ്റിയിരിക്കുന്നു. ഇത്തരത്തിലുള്ള ഓരോ സമൂഹത്തിലും സമാധാനത്തിനായി സ്ത്രീകള്‍ വഹിക്കുന്ന പങ്കിന്റെ പ്രധാന്യം എടുത്തുപറഞ്ഞിരിക്കുന്നു. നിശ്ചയദാര്‍ഢ്യത്തോടെ, സ്ത്രീകള്‍ മുന്നോട്ടുവന്നാല്‍ സമാധാനത്തിന് സ്ഥാനമുണ്ടാകുമെന്ന ആശയവും അവര്‍ വ്യക്തമാക്കുന്നു.
സിനിമയുടെ അവസാനത്തില്‍ കമന്ററിക്കാരന്‍ പറയുന്നു: ‘എല്ലായിടത്തും യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ സമാധാനം കണ്ടെത്തിയ ഒരു ഗ്രാമത്തിന്റെ കഥ ഇവിടെ അവസാനിക്കുകയാണ്. വളരെ ആഴത്തില്‍ ഉറങ്ങുകയും പുതിയ സമാധാനം കണ്ടെത്താന്‍ ഉണരുകയും ചെയ്ത മനുഷ്യരുടെ കഥ. തോക്കുകള്‍ക്കും തീജ്വാലകള്‍ക്കും പകരം പൂക്കളും പ്രാര്‍ഥനകളും കൊണ്ട് പോരാടുകയും തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുന്ന കറുത്ത വസ്ത്രമണിഞ്ഞ സ്ത്രീകളുടെ വിധി, ഒരു പുതിയ വഴി കണ്ടെത്താന്‍ അവരെ പ്രേരിപ്പിച്ചു, ഇനി എവിടേക്കാണ് ഞങ്ങള്‍ പോകുന്നത്?’