തിരുവനന്തപുരം: നിരവധി അപകടങ്ങള്‍ക്കു കാരണമായ മുതലപ്പൊഴി ഹാര്‍ബറില്‍ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ജൂലൈ 31ന് അദാനി കമ്പനി പ്രതിനിധികളുമായും രാഷ്ട്രീയ, ട്രേഡ് യൂണിയന് സംഘടനകളുമായും മന്ത്രിമാരായ സജി ചെറിയാന്, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ വെവ്വേറെ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് 10 അടിയന്തര നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും കെആര്‍എല്‍സിസിയും മുന്നോട്ടുവച്ച ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെങ്കിലും ചര്‍ച്ചയ്ക്ക് അതിരൂപതയേയും കെആര്എല്സിസിയേയും ക്ഷണിക്കാഞ്ഞത് പ്രതിഷേധത്തിന് കാരണമായിരുന്നു.
മുതലപ്പൊഴി അടച്ചിടില്ല, പൊഴിയില്‍ നിന്ന് പാറയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തി ഉടനെ തുടങ്ങും തുടങ്ങിയവയാണ് അംഗീകരിച്ച പ്രധാന ആവശ്യങ്ങള്‍. ലോങ്ങ് ബൂം ക്രെയിന്‍ റോഡ് മാര്‍ഗ്ഗം എത്തിച്ചാണ് അദാനി കമ്പനി പാറകളും അവശിഷ്ടങ്ങളും എടുത്തു മാറ്റുക. ഒപ്പം എക്സ്കവേറ്ററുകള്‍ ആവശ്യത്തിന് എത്തിച്ച് മണലും ഉടനെ നീക്കംചെയ്യും.
സാന്‍ഡ് ബൈപ്പാസിങ് പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങാന്‍ ലോറിയില്‍ മണല്‍ കൊണ്ടുപോകാനും തീരുമാനമായി. ഇതിനായി ഒരു കോടി രൂപ അനുവദിച്ചു. സാന്‍ഡ് ബൈപ്പാസിങ് ശാശ്വതമായി നടപ്പാക്കാനായി 11 കോടിയുടെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. സാന്‍ഡ് ബൈപ്പാസിങ്ങ് ഒഴികെ എല്ലാ നിര്‍മിതികളും അദാനി കമ്പനിയാണ് ചെയ്യേണ്ടത്. സാന്‍ഡ് ബൈപ്പാസിങ്ങ് പ്രവൃത്തി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഏറ്റെടുത്ത് ചെയ്യും.
ഇതനുസരിച്ച് മണല്അടിയുന്ന ഒരു ഭാഗത്തുനിന്ന് എടുത്ത് മാറ്റുകയാണ് ചെയ്യുക. രണ്ടാഴ്ചയ്ക്കുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്ന ഈ പ്രവൃത്തി രണ്ടുമാസത്തിനുള്ളില്‍ തുടങ്ങും. മുതലപ്പൊഴിയില്‍ ആറ് ഹൈമാസ്റ്റ് വിളക്കുകള്‍ ഒരാഴ്ചയ്ക്കകം സ്ഥാപിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി ഫിഷറീസ് വകുപ്പ് സെക്രട്ടറി കെല്‍ട്രോണുമായി ചര്‍ച്ച നടത്തും. മുതലപ്പൊഴിയില്‍ സുരക്ഷ മുന്‍നിര്‍ത്തി മുങ്ങല്‍വിദഗ്ധരിലെ 22 പേരെക്കൂടി അധികമായി നിയമിക്കും. നിലവില്‍ എട്ട് പേരാണ് ജോലിചെയ്തിരുന്നത്. ഡൈവിംഗ് വിദഗ്ധരായ ഇവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരായിരിക്കും. മൂന്ന് ഷിഫ്റ്റുകളിലായി എട്ടു മണിക്കൂറില്‍ സുരക്ഷാ ജീവനക്കാര്‍ ജോലി ചെയ്യും. ഇതോടെ മുഴുവന്‍ സമയവും ഇവിടെ സുരക്ഷയ്ക്ക് ആളുണ്ടാവും. രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു സ്പീഡ് ബോട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. സ്ഥലത്ത് ആംബുലന്‍സ് ലഭ്യമാക്കാന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന് നിര്‍ദേശിച്ചു. പൊഴിയിലേക്കുള്ള റോഡിന്റെ പണിയും ഉടനെ തുടങ്ങും. മുതലപ്പൊഴിയില്‍ അപകടം ഒഴിവാക്കാന്‍ റിമോട്ട് കണ്ട്രോള് ബോയി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. കടലേറ്റവേളയില് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതിരിക്കാന്‍ സര്‍ക്കാറും മത്സ്യത്തൊഴിലാളി സംഘടനകളും ചേര്‍ന്ന് സംയുക്തമായി മേഖലയില്‍ പ്രചാരണം നടത്തും.
മുതലപ്പൊഴിയിലെ ഡ്രെഡ്ജിങ്ങ് അനുകൂല കാലാവസ്ഥ അനുസരിച്ച് ഏറ്റവും അടുത്ത സമയം തുടങ്ങും. ഇക്കാര്യത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വകുപ്പും അദാനി കമ്പനിയും ചര്‍ച്ച നടത്തും. തുടര്‍ന്ന് ഡ്രെഡ്ജര്‍ കടല്‍വഴി കൊണ്ടുവരും. ഉയര്‍ന്ന തിരമാല കാരണം ഡ്രെഡ്ജര്‍ കടല്‍വഴി കൊണ്ടുവരാന്‍ സാധിക്കില്ല എന്നായിരുന്നു യോഗത്തില്‍ അദാനി കമ്പനി പ്രതിനിധികള്‍ അറിയിച്ചത്. എന്നാല്‍ മന്ത്രിമാരും മറ്റു പ്രതിനിധികളും ഇതിനെ എതിര്‍ത്തു. ഏറ്റവും പെട്ടെന്ന് തന്നെ ഡ്രെഡ്ജിങ്ങ് തുടങ്ങേണ്ടതുണ്ടെന്നും നിലവില്‍ ആഴ്ചയില്‍ നാലു ദിവസം നല്ല കാലാവസ്ഥയാണ് എന്നാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ് ഡ്രെഡ്ജര്‍ കൊണ്ടുവരാം എന്ന കാര്യം കമ്പനി അറിയിച്ചത്. മുതലപ്പൊഴി തുറമുഖ നിര്‍മാണത്തിലെ അപാകത പഠിക്കുന്ന പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്റെ അന്തിമ പഠന റിപ്പോര്‍ട്ട് ഡിസംബറില്‍ ലഭ്യമാകുമെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു.
കാലവര്‍ഷത്തിനു ശേഷമുള്ള ഡാറ്റ കൂടി ശേഖരിച്ച് പഠന വിധേയമാക്കണം എന്നാണ് ഒടുവില്‍ പൂനെയില്‍ നിന്ന് അറിയിച്ചത്. ഇതനുസരിച്ച് അടുത്താഴ്ച പഠനസംഘം മുതലപ്പൊഴി സന്ദര്‍ശിക്കും. നിര്‍മാണത്തിലെ അപാകതയാണ് മുതലപ്പൊഴിയിലെ അപകടത്തിനു കാരണമെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന് അറിയിച്ചു. മുതലപ്പൊഴിയില്‍ ഡ്രഡ്ജിങ്ങ് നടത്തി മണലും മണ്ണും പാറയും മറ്റു നീക്കം ചെയ്യാന്‍ 2024 വരെ അദാനി ഗ്രൂപ്പുമായാണ് സംസ്ഥാന സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. യോഗതീരുമാനങ്ങള്‍ നടപ്പാക്കാതെ വന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കമ്പനി പ്രതിനിധികളെ മന്ത്രിമാര്‍ അറിയിച്ചു.
യോഗത്തില്‍ വി. ജോയ് എം.എല്‍.എ, ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ.എസ് ശ്രീനിവാസ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി അദീല അബ്ദുള്ള, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്, ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
മുതലപ്പൊഴി സുരക്ഷയെ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ചര്‍ച്ചയില്‍ നിന്നും അധികാരികള്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയെ മനഃപൂര്‍വം ഒഴിവാക്കിയതാണെന്ന് അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും മത്സ്യബന്ധന മേഖലയിലെ വിവിധ തൊഴിലാളി സംഘടനാ നേതാക്കളെയും, മുതലപ്പൊഴി ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി അംഗങ്ങളെയും ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. അതേ സമയം ലത്തീന്‍ അതിരൂപതാ നേതൃത്വത്തെ ഒഴിവാക്കികൊണ്ടായിരുന്നു ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ ലത്തീന്‍ സഭാ നേതൃത്വത്തെ പങ്കെടുപ്പിക്കാത്തതു മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മുതലപ്പൊഴിയില്‍ ബോട്ട് അപകടത്തെ തുടര്‍ന്നു ലത്തീന്‍ സഭാ നേതൃത്വവുമായാണ് സര്‍ക്കാര്‍ പരസ്യമായി ഏറ്റുമുട്ടിയത്. വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോള്‍ മുതലപ്പൊഴിയില്‍ സ്വീകരിക്കുമെന്നറിയിച്ച സുരക്ഷാ നടപടികളും പാലിച്ചിരുന്നില്ല. ബോട്ട് ദുരന്തത്തില്‍ നാലു പേര് മരിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ മന്ത്രിതല സംഘവും ലത്തീന്‍ സഭാ നേതൃത്വത്തോടു സംസാരിക്കുവാന്‍ സന്നദ്ധരായിരുന്നില്ല.
അപടകത്തില്പെട്ടവര്ക്കായുള്ള തിരച്ചില്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളും അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളും മന്ത്രിമാരോടു പരാതി പറയാന്‍ എത്തിയതും പൊലീസ് തടയാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോ, വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര എന്നിവര്‍ തൊട്ടടുത്തുണ്ടായിരുന്നുവെങ്കിലും വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്.അനില്‍ എന്നിവരടങ്ങിയ മന്ത്രിസംഘം പ്രശ്ന പരിഹാരത്തിനായി സംസാരിക്കാന്‍ തയാറായിരുന്നില്ല. പിന്നാലെ മോണ്‍. യൂജിന്‍ പേരേരയ്ക്കും കണ്ടാലറിയുന്ന 50 മത്സ്യത്തൊഴിലാളികള്‍ക്ക് എതിരെ കേസെടുക്കുകയും ചെയ്തു.