തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടമുണ്ടായപ്പോള്‍ അവിടെ സന്ദര്‍ശനം നടത്തിയ മന്ത്രിമാര്‍ ജനങ്ങളോടു തട്ടിക്കയറുകയും ഷോ കാണിക്കരുതെന്ന് പറയുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ മോണ്‍. യൂജിന്‍ പെരേരയ്ക്കെതിരേ മന്ത്രി വി. ശിവന്‍കുട്ടി ആരോപണമുന്നയിക്കുകയും പൊലീസ് മോണ്‍. യൂജിനെതിരേ കലാപാഹ്വാനത്തിന് കേസെടുക്കുകയും ചെയ്തു. അതു സംബന്ധിച്ച മോണ്‍. യൂജിന്റെ വിശദീകരണം.
തനിക്കെതിരേ ഉന്നയിച്ച കുറ്റകൃത്യങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവര്‍ തെളിയിക്കട്ടെയെന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര. പൗരന്മാരുടെ അവകാശങ്ങളും ന്യായമായ സംഭാഷണങ്ങളും ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത്. എന്നാല്‍, ഇന്ന് ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നത്. കേസെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കും.
മന്ത്രി ശിവന്‍കുട്ടി സ്ഥലവാസികളോട് മര്യാദയില്ലാതെയാണ് പെരുമാറിയത്. സംഭവങ്ങള്‍ വളച്ചൊടിക്കുന്ന സ്ഥിരം ശൈലിയാണ് അവരിപ്പോഴും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ അലംഭാവം ഉണ്ടായി. അപ്പോള്‍ ആരുടെയെങ്കിലും പേരില്‍ കുറ്റമാരോപിച്ച് രക്ഷപ്പെടാനാണ് ശ്രമം. അവിടെ കൂടിയിരുന്ന ജനങ്ങളെ കേള്‍ക്കാനോ നടപടികള്‍ സ്വീകരിക്കാനോ മന്ത്രിമാര്‍ തയ്യാറായില്ല. പകരം, ജനങ്ങളോട് ഷോ കാണിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. നേരത്തെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരെ അവിടെ അണിനിരത്തിയിരുന്നു. ഈ സീസണ് തുടങ്ങുന്നതിനു മുമ്പു തന്നെ മുതലപ്പൊഴിയില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകത അധികാരികളോട് പറഞ്ഞിരുന്നു. ഒന്നും ചെയ്തില്ല. കാലവര്‍ഷം ആരംഭിച്ച ശേഷം തുടര്‍ച്ചയായ പത്താം തവണയാണ് പൊഴിമുഖത്ത് മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ സീസണില്‍ 12 പേരാണ് ഇവിടെ മരിച്ചത്. പൊഴി ഉണ്ടാക്കിയ ശേഷം അരുപതിലധികം പേര് മരിച്ചിട്ടുണ്ട്.
വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീര്‍പ്പനുസരിച്ച് മുതലപ്പൊഴിയില്‍ മികച്ച സുരക്ഷാസംവിധാനം ഒരുക്കേണ്ടതായിരുന്നു. അതു ചെയ്തില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതികാഘാതം പഠിക്കാനായി വിദഗ്ദ സമിതിയെ നിയോഗിക്കുമെന്ന ഉറപ്പിന് പ്രകാരം നിയോഗിച്ച പൂനൈ വാട്ടര്‍ ആന്‍ഡ് പവര്‍ അതോറിറ്റി വന്ന് സ്ഥലം സന്ദര്‍ശിക്കുക മാത്രമാണ് ചെയ്തത്. ഇടക്കാല റിപ്പോര്‍ട്ട് പോലും കൊടുത്തിട്ടില്ലെന്നും മോണ്‍. യൂജിന്‍ പെരേര വിശദീകരിച്ചു.