കൊച്ചി : കടലേറ്റം രൂക്ഷമായ കണ്ണമാലി ചെറിയകടവ് പ്രദേശങ്ങളില്‍ ഇന്ന് രാവിലെ ലത്തീന്‍ കത്തോലിക്ക ബിഷപ്പുമാര്‍ സന്ദര്‍ശനം നടത്തി. ദുരിതബാധിതരെ നേരിട്ട് കണ്ട് അവരോട് വിവരങ്ങള്‍ അന്വേഷിച്ചു. തങ്ങളുടെ പരാതികളും സങ്കടങ്ങളും അവര്‍ ഇടയന്മാരുമായി പങ്കുവെച്ചു. കണ്ണമാലി ചെറിയകടവ് പ്രദേശങ്ങളില്‍ കടല്‍ഭിത്തി തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. പല സ്ഥലത്തും കടല്‍ഭിത്തി ഇല്ല. ഇവിടെ കടലേറ്റം രൂക്ഷമായപ്പോള്‍ വെള്ളം ഇരച്ചുകയറി നിരവധി വീടുകള്‍ താമസയോഗ്യമല്ലാതായിരിക്കുകയാണ്. സാധനസാമഗ്രികളും നഷ്ടപ്പെട്ടു. വളരെ കാലമായി തുടരുന്ന ഈ ദുരിതങ്ങള്‍ക്ക് അവസാനം ഉണ്ടാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. അധികൃതര്‍ക്ക് പലതവണ നിവേദനങ്ങള്‍ നല്‍കുകയും പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല എന്നവര്‍ ബിഷപ്പുമാരെ അറിയിച്ചു.
ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ നടന്നുവരുന്ന കെആര്‍എല്‍സിസി ത്രിദിന ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പുമാരും വൈദികരും സന്ന്യസ്ഥരും അല്മായരുമാണ് കണ്ണമാലി ചെറിയകടവ് പ്രദേശം സന്ദര്‍ശിച്ചത്. തീരദേശവാസികളുടെ ദുരിതങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് ചെല്ലാനം മാതൃകയില്‍ ടെട്രാപ്പോട് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മ്മിക്കണം. നിലവില്‍ ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.
ഹൈബി ഈഡന് എംപി, ജില്ലാകളക്ടര്‍, കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, ബിഷപ് ഡോ. ക്രിസ്തുദാസ്, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വിവിധ രൂപതകളിലെ വികാരി ജനറല്‍മാരും കൊച്ചി രൂപത ചാന്‍സലര്‍ ഫാ. ജോണി പുതുക്കാട്, കണ്ണമാലി ഫൊറോന വികാരി ഫാ. ജോപ്പന് അണ്ടിശ്ശേരി, കണ്ടക്കടവ് ഫൊറോന വികാരി ഫാ. സോളമന് ചാരങ്ങാട്ട്, ചെറിയകടവ് വികാരി ഫാ. സെബാസ്റ്റ്യന്‍ പനച്ചിക്കല്‍, ഫാ. ഫ്രാന്‍സിസ് കൊടിയനാട്, ഫാ. അഗസ്റ്റിന് കടയപ്പറമ്പില്‍,ടി.എ ഡാല്‍ഫിന്‍, പൈലി ആലുങ്കല്‍, ബാബു ജോയ് എന്നിവരും സന്ദര്‍ശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ചെറിയകടവ്, കമ്പനിപ്പടി, കണ്ണമാലി ക്യാമ്പ്, പുത്തന്‍തോട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.