ലിംഗുയി, ദി സേക്രഡ് ബോണ്ട്സ് മഹമത് സാലിഹ് ഹാറൂണ്‍ എഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ്. 2021 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓറിനായി മത്സരിക്കാന്‍ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 2022ലെ ഓസ്കര് അക്കാദമി അവാര്‍ഡിനുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രത്തിനുള്ള മത്സരത്തിലും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ 52ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഐഎഫ്എഫ്ഐ ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡല്‍ നേടി.
ഗര്‍ഭച്ഛിദ്രത്തിന് എതിരേയോ അനുകൂലമോ ആയ ഒരു കഥയല്ല ‘ലിംഗുയി, ദ സേക്രഡ് ബോണ്ട്സ്’. സ്ത്രീ കേന്ദ്രീകൃതമായ കഥയില്‍ രണ്ടു സ്ത്രീകളുടെ-അമ്മയുടേയും മകളുടേയും ആത്മസംഘര്‍ഷങ്ങള്‍ നിറഞ്ഞുനില്ക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് കേരള ഹൈക്കോടതി അനുമതി നല്‍കിയത് അടുത്തിടെയാണ്. സാഹചര്യങ്ങള്‍ നീതിന്യായ വ്യവസ്ഥയില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഒരുപക്ഷേ ലോകത്തില്‍ എല്ലായിടത്തും സംഭവിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. മകളുടെ ഭാവി സംരക്ഷിക്കാന്‍ എന്തും ചെയ്യാനുള്ള ആത്മവിശ്വാസവും ഉറച്ച തീരുമാനവും പ്രകടിപ്പിക്കുന്ന അമ്മമാര്‍ ഏതു കാലത്തും എവിടേയുമുണ്ടായിട്ടുണ്ട്.
സ്കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ മരിയ ഗര്ഭിണിയാണന്നറിയുമ്പോള് അമ്മ ആമിന ഞെട്ടുന്നു. ആമിനയുടെ ആദ്യ പ്രതികരണം സ്വാഭാവികമാണ്. അവള് ദേഷ്യത്തോടെ മരിയയെ അടിക്കുകയും അവളെ ശപിക്കുകയും ചെയ്യുന്നു. ഒടുവില്‍, അമ്മയുടെയും മകളുടെയും കോപം തണുക്കുന്നു, ഒരു അപകടകരമായ പദ്ധതി അവര്‍ ആലോചിക്കുന്നു. ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധവും മതപരമായി നിഷിദ്ധവുമാകുമ്പോള്, എങ്ങനെ സുരക്ഷിതമായും രഹസ്യമായും ഗര്‍ഭം അലസിപ്പിക്കും? സ്ത്രീകള്‍, ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉള്ളതുപോലെ അതിനൊരു വഴി കണ്ടെത്തുമെന്നാണ് സംവിധായകന് പറയുന്നത്.
മരിയയെ സ്കൂളില്‍ നിന്നു പുറത്താക്കുന്നു. മകളുടെ ഭാവിയെ കുറിച്ചോര്‍ത്ത് ആമിനയുടെ നെഞ്ചുരുകുമ്പോള്‍ പോംവഴി നിര്‍ദേശിക്കുന്നത് മകള്‍ തന്നെയാണ്-ഗര്‍ഭച്ഛിദ്രം. ആമിന അപ്പോള്‍ പൊട്ടിക്കരയുന്നു. അവളും ഇതുപോലെ കൗമാരപ്രായത്തില്‍ പ്രസവിച്ചവളാണ്. ‘നമുക്കത് ചെയ്യാന്‍ കഴിയില്ലെന്ന് നിനക്കറിയാം!’ എന്നായിരുന്നു ആമിനയുടെ ആദ്യപ്രതികരണം. അവളുടെ രാജ്യത്ത് അത് നിയമവിരുദ്ധമാണ്. ജനങ്ങളറിഞ്ഞാല്‍ അവര്‍ അമ്മയേയും മകളേയും വെറുതേ വച്ചേക്കില്ല. എങ്കില്‍പോലും അവള് തന്റെ ആദ്യതീരുമാനത്തില്‍ മാറ്റം വരുത്തുന്നു. ഡോക്ടര്‍മാരോടും നഴ്സുമാരോടും മിഡൈ്വഫുമാരോടും അതിനുവേണ്ടി വരുന്ന ചെലവുകളെ കുറിച്ച് അന്വേഷിക്കുന്നു. അപ്പോഴവള്‍ വീണ്ടും ഭയപ്പെടുന്നു. ഏകദേശം 1,600 യു.എസ് ഡോളറാണ് നിയമവിരുദ്ധമായ ഈ പ്രവര്‍ത്തിക്ക് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. അവള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തുക. നമ്മുടെ നാട്ടിലെ ആക്രിപെറുക്കിക്കാരെ പോലുള്ള തൊഴിലാണ് അവള് ചെയ്യുന്നത്. വാഹനങ്ങളുടെ ടയറുകളില്‍ നിന്ന് മെറ്റല്‍ വയര്‍ ഊരിയെടുത്ത് സ്റ്റൗവുകള്‍ ഉണ്ടാക്കി വിറ്റാണ് അമ്മയും മകളും ഉപജീവനം തേടുന്നത്. അതൊരു ചെറിയ തൊഴിലായിരിക്കാം. എന്നാല്‍ ഇത് സത്യസന്ധമായാണ് അവള് നിര്‍വഹിക്കുന്നത്. അവളുടെ മകളെ തീറ്റിപ്പോറ്റുകയും വസ്ത്രമടുപ്പിക്കുകയും അവളെ സ്കൂളില്‍ ചേര്‍ക്കുകയും ചെയ്യുന്നതിന് ഈ തൊഴില്‍ സഹായിക്കുന്നുണ്ട്.
ആമിനയ്ക്കും മരിയയക്കും സമൂഹത്തിന്റെ പിന്തുണ അല്പം പോലുമില്ല. അവരുടെ രക്തബന്ധുക്കള്‍ പോലും കയ്യൊഴിയുന്നു. ഇടനിലക്കാരനായ ഇമാമിന്റെ സാന്നിധ്യം, അധികൃതരുടെ ഭീഷണി എല്ലാം വ്യക്തമാണ്. സിനിമ ആത്യന്തികമായി സ്ത്രീവിരുദ്ധ അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള ഒരു കഥയല്ല, മറിച്ച് സ്ത്രീ ശക്തിയുടെ ഒരു വിസ്മയകരമായ ഛായാചിത്രമാണ്. അത് പുരുഷാധിപത്യമുള്ള ക്രൂരലോകത്തിലെ കൗശലത്തിന്റെയും സഹിഷ്ണുതയുടെയും കഥയാണ് പറയുന്നത്.
ആമിനയും വേര്‍പിരിഞ്ഞ സഹോദരിയുമായി കണ്ണീരോടെ വീണ്ടും ഒന്നിക്കുന്ന ഒരു സീനിലെന്നപോലെ സംവിധായകന് ക്ഷണികമെങ്കിലും സ്ത്രീ സന്തോഷത്തിനും ഇടം നല്കുന്നു. ആമിനയുടെ അനന്തിരവളുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നവുമായാണ് സഹോദരി വരുന്നത്. അമ്മയും മകളും ഒരു പോപ്പ് ട്യൂണില്‍ സ്വപ്നത്തില്‍ നൃത്തം ചെയ്യുന്ന രംഗവുമുണ്ട്.
മഹമത് സാലിഹ് ഹാറൂണ്‍ തന്റെ രണ്ടാമത്തെ ഹ്രസ്വചിത്രമായ ‘മാറല്‍ താനി’യില്‍ 50 വയസ്സുള്ള ഒരാളെ വിവാഹം കഴിക്കാനുള്ള കുടുംബത്തിന്റെ തീരുമാനം നിരസിക്കുന്ന 17 വയസ്സുള്ള പെണ്‍കുട്ടിയെക്കുറിച്ചുള്ള കഥയാണ് ചെയ്തത്. തങ്ങളുടെ മാതൃരാജ്യത്തിന്റെ വ്യവസ്ഥാപിത സാംസ്കാരിക അടിച്ചമര്‍ത്തലിനെതിരെ പൊരുതുന്നവരോ അതില്‍ നിന്ന് രക്ഷപ്പെടുന്നതോ ആയ ജനതയെക്കുറിച്ചായിരുന്നു ആ സിനിമ. പുതിയ ചിത്രമായ ലിംഗുയി, ദ സേക്രഡ് ബോണ്ട്സ് കാണുമ്പോള്‍ ആഫ്രിക്കന്‍ സ്ത്രീ ഐക്യദാര്‍ഢ്യത്തിന്റെ ഈ കഥ ഒരു പുരുഷന് എഴുതി സംവിധാനം ചെയ്തതാണെന്നത് ആശ്ചര്യകരമായി തോന്നിയേക്കാം.
പണ്ട് ആമിനയ്ക്ക് സംഭവിച്ചതുപോലെ മകളും ബലാത്സംഗത്തിന് ഇരയായിയെന്ന് പ്രേക്ഷകര്‍ക്ക് തിരിച്ചറിയുന്നു. മരിയ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. മകളുടെ ഗര്‍ഭച്ഛിദ്രത്തിന് ആവശ്യമായ പണം സ്വരൂപിക്കാന്‍ ആമിന ശ്രമിക്കുന്നു. ഒരു ഘട്ടത്തില്‍, അവള് അതിനായി തന്റെ ശരീരം വില്ക്കാന് പോലും ശ്രമിക്കുന്നുണ്ട്.
എല്ലാ പുരുഷന്മാരെയും അപലപിക്കാന്‍ സംവിധായകന് തയ്യാറല്ലെങ്കിലും, പുരുഷാധിപത്യം തന്റെ രാജ്യത്തെ സ്ത്രീകളെ എങ്ങനെ ഭീഷണിപ്പെടുത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച മരിയയെ ഒരു കൂട്ടം യുവാക്കള്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ രംഗം. ഹാറൂണിന്റെ മുഖ്യകഥാപാത്രങ്ങള്‍-ഉത്കണ്ഠാകുലരും എന്നാല്‍ ഒറ്റപ്പെട്ടവരുമായ അമ്മ ആമിനയും (അച്ചൗക്ക് അബക്കര്‍ സൗലെമാനെ) അവളുടെ മകള്‍ മരിയയും (റിഹാനെ ഖലീല്‍ അലിയോ)- എപ്പോഴും അവര്‍ ആരാണെന്ന് വ്യക്തമായി ആശയവിനിമയം നടത്തുന്നവരാണ്.
ആമിനയുടെയും മരിയയുടെയും കഥയ്ക്ക് സിനിമയുടെ തലക്കെട്ടില്‍ സൂചന നല്കുന്ന വൈകാരിക തീവ്രത ഒട്ടും കുറവല്ല. അമ്മയുടേയും മകളുടേയും ഐക്യദാര്‍ഢ്യവും, പരസ്പര സഹായവും വ്യക്തമായി സൂചിപ്പിക്കപ്പെടുന്നുണ്ട്. തുറന്ന ജാലകത്തിലൂടെ ആമിന തന്റെ അമ്മയോട് ഗര്‍ഭച്ഛിദ്രത്തിന് അപേക്ഷിക്കുന്ന രംഗം കാണുക. ഭാഗികമായി അടച്ച ഫ്രെയിമില്‍ നിന്നുള്ള വെളിച്ചം ഒരു വിശുദ്ധ പ്രകാശം അവിടെ ചൊരിയുന്നുണ്ട്. പാരമ്പര്യവും പുരോഗതിയും തമ്മിലുള്ള പോരാട്ടവും സിനിമയില്‍ ദര്‍ശിക്കാം. സിനിമയുടെ അവസാനത്തില്‍, അയല്പക്കത്തെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള നടത്തം ആമിനയും മരിയയും ഒരു പേടിസ്വപ്നത്തിലൂടെ കടന്നുപോകുന്നതുപോലെയാണ്.