നൊബേല്‍ സാഹിത്യ പുരസ്കാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 1901ലാണ്. ആല്‍ഫ്രഡ് നൊബേലിന്റെ 1895ലെ വില്‍പ്പത്രപ്രകാരം ‘പോയവര്‍ഷം മനുഷ്യരാശിക്ക് ഏറ്റവും മഹത്തായ പ്രയോജനം ചെയ്തവര്‍ക്ക്’ സമ്മാനിക്കുന്ന അഞ്ച് വ്യതിരിക്ത പുരസ്കാരങ്ങളാണ് നോേബല് സമ്മാനങ്ങള്‍. സ്വീഡന്‍കാരനായ രസതന്ത്രജ്ഞനും യന്ത്ര നിര്‍മ്മാതാവും വ്യവസായിയുമായിരുന്ന ആല്‍ഫ്രഡ് നൊബേലിനെ ഏറ്റവും പ്രസിദ്ധനാക്കിയത് ഡയനാമിറ്റ് കണ്ടുപിടിച്ചതിന്റെ പേരിലാണ്. അദ്ദേഹം 1896ല്‍ മരിച്ചു. തന്റെ അവശേഷിക്കുന്ന സമ്പത്തെല്ലാം നൊബേല്‍ സമ്മാനങ്ങള്‍ നല്കാന് ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന്റെ ഒസ്യത്തില്‍ വ്യവസ്ഥ ചെയ്തു. അങ്ങനെയാണ് 1901ല്‍ നൊബേല്‍ സമ്മാനങ്ങള്‍ നല്കി തുടങ്ങിയത്.
ഭൗതികശാസ്ത്രം, രസതന്ത്രം, ശരീരശാസ്ത്രം അഥവാ വൈദ്യം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. 1968ല്‍ സ്വീഡന്റെ കേന്ദ്ര ബാങ്ക് ആയ റിക്സ് ബാങ്ക് അതിന്റെ മുന്നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സാമ്പത്തിക ശാസ്ത്രത്തിനും സമ്മാനം നല്‍കാനുള്ള തുക ഏര്‍പ്പെടുത്തി. അതത് മേഖലകളിലെ ഏറ്റവും പെരുമയുള്ള പുരസ്കാരങ്ങളായി ഇന്ന് ലോകത്ത് നൊബേല്‍ സമ്മാനങ്ങള്‍ കണക്കാക്കപ്പെടുന്നു.
എല്ലാവര്‍ഷവും ഡിസംബര്‍ 10നാണ് (ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികദിനം) സമ്മാനദാന ചടങ്ങുകള്‍ നടക്കുക. ഓരോ സമ്മാനിതനും ലോറിയറ്റ് (പുഷ്പകിരീടി) എന്നറിയപ്പെടും. ഒരു സ്വര്‍ണപ്പതക്കവും ഒരു ഡിപ്ലോമയും പണക്കിഴിയുമാണ് അവാര്‍ഡ് ജേതാവിന് ലഭിക്കുക. നൊബേല്‍ സമ്മാനത്തിന്റെ തുക ഒരുലക്ഷം സ്വീഡിഷ് ക്രോണറാണ് (7.82 കോടി രൂപ). ഇതിനോടകം 609 തവണ നൊബേല്‍ അവാര്‍ഡുകള്‍ നല്കി കഴിഞ്ഞു. 975 വ്യക്തികള്‍ക്കും 25 സംഘടനകള്‍ക്കുമായി. അഞ്ചു വ്യക്തികളും രണ്ട് സംഘടനകളും ഒന്നിലേറെ തവണ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.
നൊബേല്‍ സമ്മാന പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖരില്‍ മഹാത്മാഗാന്ധിയും ടോള്സ്റ്റോയിയുമുണ്ട്.
രണ്ടു വ്യക്തികള്‍ സ്വയമേവ നൊബേല്‍ സമ്മാനം നിരസിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം 1964ല്‍ ഴാങ് പോള്‍ സാര്‍ത്ര് നിരസിച്ചു. ‘വിയറ്റ്നാമില്‍ യഥാര്‍ത്ഥ സമാധാനമില്ല’ എന്നാരോപിച്ച് ലെ- ഡൂക് – തോ 1973 ലെ സമാധാന പുരസ്കാരവും നിരസിച്ചു. അവാര്‍ഡു ജേതാക്കളില്‍ 2014ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ 17 വയസ്സുകാരി മലാല യൂസഫ് സെരാരിയാണ് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
നൊബേല്‍ സമ്മാനങ്ങളെ കുറിച്ചുള്ള ഈ അറിവുകളുടെ ഉറവിടം മുതിര്‍ന്ന പത്രപ്രവര്ത്തകന് എസ്. ജയചന്ദ്രന് നായരുടെ ഗ്രന്ഥമാണ്. ‘പുസ്തകങ്ങളുടെ പുസ്തകം’ എന്ന ശീര്‍ഷകത്തില്‍ 1901 മുതല്‍ 2022 വരെ അത്യന്തം വിശിഷ്ടമായ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായ 119 പേരുടെ ജീവചരിത്രവും സാഹിത്യകൃതികളും ചര്‍ച്ച ചെയ്യുന്ന ചെറു കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 21 പേജുകളിലായി നൊബേല്‍ അവാര്‍ഡ് ജേതാക്കളുടെ വിവരങ്ങള്‍, കൗതുകങ്ങള്‍ പുസ്തകത്തിന്റെ ആമുഖമായി രേഖപ്പെടുത്തിയിട്ടുണ്ട്.
1901ല്‍ ഫ്രാന്‍സുകാരനായ സുല്ലി പ്രൊഥാം സാഹിത്യത്തിനുള്ള ആദ്യത്തെ നൊബേല്‍ സമ്മാനം നേടി. അന്ന കരീനീന, വാര് ആന്‍ഡ് പീസ് എന്നീ മഹത്തായ നോവലുകളിലൂടെ സാഹിത്യലോകത്തെ കീഴടക്കിയ ടോള്‍സ്റ്റോയ് ജീവിച്ചിരിക്കെ പുരസ്കാരത്തിനായി പ്രൊഥഥാമിനെ പരിഗണിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായി. അവാര്‍ഡ് കമ്മിറ്റിയെ അപലപിച്ചും ടോള്‍സ്റ്റോയിയോട് ക്ഷമായാചനം നടത്തിയും സ്വീഡനിലെ കവികളും ബുദ്ധിജീവികളും ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.
നൊബേല്‍ സമ്മാനങ്ങളുടെ ഭാഗം തന്നെയാണ് അവാര്‍ഡ് ജേതാക്കളുടെ നൊബേല്‍ പ്രഭാഷണങ്ങളും. 1971ല്‍ സാഹിത്യത്തിനുള്ള നോവല്‍ പുരസ്കാരം ലഭിച്ചപ്പോള്‍ സ്നേഹിതനായ ചിലി പ്രസിഡന്റ് അലന്‍ഡേയുടെ പ്രേരണ സ്വീകരിച്ച് നാഷണല്‍ സ്റ്റേഡിയത്തില്‍ തിങ്ങി കൂടിയ 70000 പേരെ അഭിസംബോധന ചെയ്താണ് നൊബേല്‍ സമ്മാന സ്വീകരണ പ്രഭാഷണം പാബ്ലോ നെരൂദ നടത്തിയത്.
82 മത്തെ വയസ്സില്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആനി എര്‍നോയുടെ കുറിപ്പാണ് പുസ്തകത്തിന്റെ അവസാന താളുകളില്‍. ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ ലില്ലിബോസ് എന്ന സ്ഥലത്ത് 1940 സെപ്റ്റംബര്‍ ഒന്നാം തീയതി ജനിച്ച ആനിയുടെ മാതാപിതാക്കള്‍ ഒരു കോഫി ഷോപ്പും ഒരു ക്രോസ് സര്‍വീസ് സ്റ്റോറും നടത്തിയിരുന്നു. താമസസൗകര്യവും ഭക്ഷണവും കിട്ടുന്നതിനുവേണ്ടി താമസിക്കുന്നിടത്തെ വീട്ടുജോലിക്കാരിയായി ഒരു കൊല്ലം ലണ്ടനില്‍ താമസിച്ച അനുഭവങ്ങള്‍ ആയിരുന്നു ‘എ ഗോള്‍ഡ് സ്റ്റോറി’ എന്ന് നോവലിന് ആനി പ്രമേയമാക്കിയത്. ആത്മകഥാംശം നിറഞ്ഞ നോവലുകളാണ് അവരെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ‘ലോകത്തിന്റെ എല്ലാ കോണുകളിലും അമ്മയുടെ സ്നേഹത്തിനു വേണ്ടി ഞാന്‍ തിരഞ്ഞു’ എന്ന ആനി എര്‍നോയുടെ വാക്കുകള്‍ വേദനയുണര്‍ത്തുന്നതാണ്.
മുഴുവന്‍ സാഹിത്യപ്രേമികള്‍ക്കും ഉപകാരപ്രദമായ രീതിയിലാണ് എസ്. ജയചന്ദ്രന് നായര്‍ പുസ്തകരചന നിര്‍വഹിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഒരു അന്തോളജി. അപൂര്‍വ ചിത്രങ്ങളും ഈ പുസ്തകത്തെ ശ്രേഷ്ഠമാക്കുന്നു. കോഴിക്കോടുള്ള പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകത്തിന്റെ വില 790 രൂപയാണ്.