ഈ എഴുത്തുപക്ഷം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള, പൊതുസമൂഹത്തിന്റെ പണം കൊണ്ടു നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളജുകളും യൂണിവേഴ്സിറ്റികളും തലയെടുപ്പോടെ ഇനിയും ഈ നാട്ടില്‍ നിലനില്‍ക്കണം എന്ന നിലപാടായിട്ടാണ് എഴുതിത്തുടങ്ങുന്നത്. കൊച്ചി നഗരമധ്യത്തില്‍ ഉയര്‍ന്നു നില്ക്കുന്ന ഉന്നതമായ ഒരു വിദ്യാകേന്ദ്രത്തെ ചുറ്റിപ്പറ്റി ഉയരുന്ന വാര്‍ത്തകളും വാര്ത്താപ്പടപ്പുകളും കാണാതെ വിട്ടുകളയുന്ന പല സാമൂഹ്യയാഥാര്ത്ഥ്യങ്ങളുമുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളായി നിലനില്‍ക്കുന്ന ഭൂരിഭാഗം വിദ്യാകേന്ദ്രങ്ങളിലും എത്തുന്ന സാമൂഹ്യമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്ഥാപനങ്ങളല്ലാതെ മറ്റൊരു താങ്ങും ഇവിടെ ഇല്ലാ എന്നതാണ് പച്ചപ്പരമാര്ത്ഥങ്ങളില് ആദ്യത്തേത്.
ഉയര്‍ന്ന മാര്‍ക്ക് നേടി മെറിറ്റ് തെളിയിച്ചാലും സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടാത്ത അവസ്ഥയുള്ള നാട്ടില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളല്ലാതെ ആശ്രയിക്കാന്‍ വേറെ സ്ഥാപനങ്ങളില്ലായെന്നു പരിതപിക്കുന്ന/ആദരവോടെ പറയുന്ന നിരവധി ചെറുപ്പക്കാരെ കോളജ് യൂണിവേഴ്സിറ്റി ക്യാംപസുകളില്‍ ഇപ്പോഴും കാണാം. തലവരിപ്പണമൊക്കെ പണ്ടേ നിരോധിച്ചതാണ്. സ്ത്രീധനം പോലെ കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ കുറ്റക്കാരായതിനാല്‍ രണ്ടുകൂട്ടരും നിശബ്ദരാകുകയും സീറ്റുകളുടെ പേരില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പലവിധേന വില്‍പ്പന നടക്കുകയും ചെയ്യുന്നുണ്ട്.
ഹാജരാക്കാന്‍ തെളിവുകളില്ലാത്തിടത്ത് കേസ് നിലനില്‍ക്കില്ല. സത്യസന്ധമായി സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കു അപമാനകരമായ ഈ കാര്യങ്ങള്‍ സ്വയം പരിശോധനയ്ക്ക് വിധേയമാക്കണം. പിന്നാക്ക സമുദായങ്ങളിലേയും ദളിത് വിഭാഗങ്ങളിലേയും തീരദേശ-മലയോര മേഖലകളില്‍ അവശവിഭാഗങ്ങളിലേയും എത്ര യുവതീ യുവാക്കളാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അല്ലാതെ പഠിച്ചുയര്ന്നിട്ടുള്ളത് എന്ന സാമൂഹ്യയാഥാര്‍ത്ഥ്യത്തിന്റെ കണക്കെടുപ്പ് നടത്തിയാല്‍ ഇത് മനസിലാകും. അവരവരുടെ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടിയും അതല്ലാതെയുമുള്ള സ്വകാര്യ സ്ഥാപനങ്ങളായി നിലനില്‍ക്കുന്ന വിദ്യാകേന്ദ്രങ്ങളില്‍ പരിശിലനം നേടുന്നവരില്‍ എല്ലാവരും തന്നെ മധ്യവര്ഗങ്ങളിലോ ഉപരിവര്ഗങ്ങളിലോ പെടുന്നവര്‍ തന്നെയാണ്. എത്ര ദളിതരെ നമ്മള് ഉയര്‍ത്തിവിട്ടു? എത്ര അവശവിഭാഗങ്ങളെ വളര്‍ത്തി? ഉയര്‍ത്തി? സ്വയം ചോദിക്കണം. സമൂഹമധ്യത്തില്‍ എഴുന്നേറ്റുനിന്നു ചോദിക്കണം. സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ എണ്ണത്തില്‍ എത്ര ശതമാനം പേര് ദളിതരും പിന്നാക്കം നില്ക്കുന്ന സാമൂഹ്യവിഭാഗങ്ങളിലും പെട്ടവര്‍ ഉണ്ടാകും? കണക്കുകള്‍ ലഭ്യമാണ്. പക്ഷേ ഒരു മാധ്യമവും അതു ചര്‍ച്ച ചെയ്യില്ല.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അപഹസിക്കപ്പെട്ടും കല്ലെറിയപ്പെട്ടും അപ്രത്യക്ഷമാകണമെന്ന അജണ്ട ആരുടേതാണ്?
പാര്‍ട്ടി രാഷ്ട്രീയത്തിലെ ചിലരുടെ സ്വകാര്യ ബിസിനസ് താല്പര്യങ്ങളും വിദ്യാഭ്യാസ കച്ചവടക്കാരുടെ മൂലധനതാല്പ്പര്യങ്ങള്ക്ക് കുഴലൂതുന്ന ചില മാധ്യമ മുതലാളിത്ത നയങ്ങളുടെയും ഇടയില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ ഒരാള്‍ ഏറെ പണിയെടുക്കേണ്ടിവരും. കടലോര-മലയോര മേഖലയില്‍ നിന്നും ദളിത് വിഭാഗത്തില്‍ നിന്നും ഗവണ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി ഉന്നതപദവികള്‍ അലങ്കരിക്കുന്ന നിരവധി പേരെ നമുക്ക് കണ്ടെത്താനാകുന്നതിന്റെ കാരണം ഈ സ്ഥാപനങ്ങള്‍ ഇവിടെ ഇത്രയും കാലം പരിക്കുകളില്ലാതെ നിലനിന്നു എന്നതുകൂടിയാണല്ലോ.
ലോകത്താകമാനം പിടിമുറുക്കിയ ചങ്ങാത്ത മുതലാളിത്ത മൂലധന താല്പര്യങ്ങള് വിദ്യാഭ്യാസ രംഗത്തും പിടിമുറുക്കുമ്പോള്‍, അത്തരം താല്പര്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍ നാട്ടില്‍ നടപ്പിലാക്കിയെടുക്കാന്‍ തുനിഞ്ഞിറങ്ങുന്ന മാധ്യമ കച്ചവടക്കാര്‍ പൊതുമേഖലയെ ബാധിക്കുന്ന അപചയങ്ങളെ പെരുപ്പിച്ചു കാണിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. പരീക്ഷയെഴുതാതെ പാസാകുന്ന മാജിക്കിനെപ്പറ്റി ദിവസങ്ങള്‍ നീളുന്ന ചര്‍ച്ചകളിലൂടെ മാധ്യമങ്ങള്‍ ഉന്നം വയ്ക്കുന്നത് പൊതുമേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തെറ്റുതിരുത്തി ശക്തമായി മുന്നേറുന്ന കാഴ്ച കാണാനാണോ? ഇതൊക്കെ അടച്ചുപൂട്ടേണ്ട സമയമായല്ലോ എന്ന നിലയില്‍ പൊതുബോധത്തെ വളര്‍ത്തിയെടുക്കാന്‍ പല മാധ്യമങ്ങളും പരിശ്രമിക്കുന്നതുപോലെ തോന്നുന്നു. ഇതൊന്നും ഇനി ഇവിടെ നിലനില്ക്കേണ്ട കാര്യമില്ല. സമൂഹത്തില്‍ പണവും പ്രാപ്തിയുമുള്ളവരൊക്കെ ഇനി പഠിച്ചാല്‍ മതി. ബാക്കിയുള്ള അഴുക്കും ചണ്ടിയുമൊക്കെ തുലഞ്ഞുകൊള്ളട്ടെ എന്ന ലൈനിലാണ് കാര്യങ്ങളുടെ പോക്ക്.
പല അജണ്ടകളും നാട്ടില്‍ നടപ്പാക്കിയെടുക്കാന്‍ കൂട്ടംകൂടുന്ന തല്‍പ്പരകക്ഷികളായ രാഷ്ട്രീയപ്രവര്‍ത്തകരില്‍ ചിലരും മാധ്യമക്കുട്ടവും അതിനായി പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമ മേലാളന്മാരും കൂടി നിര്‍മിക്കുന്ന പൊതുബോധത്തില്‍, മതങ്ങള്‍, കുടുംബങ്ങള്‍ എന്നിവ ഇവിടെ തകരുകയും മൂല്യബോധം താറുമാറാവുകയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും വ്യവസായ പ്രമുഖര്‍ക്കു ആവശ്യമുള്ള യന്ത്രതുല്യരായ തൊഴിലാളികളെ നിര്‍മിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ മാത്രം നിലനില്ക്കുകയും ചെയ്യുന്ന ‘സുന്ദരസുരഭില’ ധനാഢ്യ സമൂഹത്തെ മാത്രം സ്വപ്നം കാണുന്നവര്‍ എന്നും ഉണ്ടാകും. അവര്‍ക്ക് എന്ത് ദളിതര്‍, എന്ത് അവശവിഭാഗങ്ങള്‍! മാധ്യമങ്ങള്‍ ചെയ്യുന്ന ‘നിസ്തുല സേവനങ്ങള്‍’ ജനാധിപത്യ ജീവിതത്തെ ഉദ്ധരിക്കാന്‍ മാത്രമുള്ളതല്ലായെന്ന് സമകാല മാധ്യമരംഗം സാക്ഷ്യം പറയുന്നു. ടെലിവിഷന്‍ ചാനലുകളുടെ സായാഹ്ന ചര്‍ച്ചകള്‍ ഉദാഹരണമായി നോക്കൂ. മാധ്യമങ്ങള്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍, ചര്ച്ചയിലേയ്ക്കുവരുന്ന സ്ഥിരാംഗങ്ങള്‍, വിഷയത്തിന്റെ തീവ്രതയും തുടര്‍ച്ചകളും എന്നിവ സാവകാശത്തില്‍ പരിശോധിച്ചാല്‍ മനസിലാകും, മാധ്യമ മുതലാളത്തത്തിന്റെ അജണ്ടകള്‍. വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്ന കാലത്ത് യഥാര്‍ത്ഥ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലും, അവ നിര്‍മ്മിതിയാണെന്ന് വരുത്താന്‍ യാതൊരു പ്രയാസവുമില്ല. മാധ്യമ പ്രവര്‍ത്തക സത്യം റിപ്പോര്‍ട്ട് ചെയ്താലും, സത്യാനന്തരകാലമായതിനാല് അത് നിര്‍മ്മിച്ച സത്യമാണെന്ന പേരില്‍ കേസെടുക്കാനാവും. ആര്‍ക്കൊക്കെയോ വേണ്ടി വാര്‍ത്തകള്‍ പാകം ചെയ്യുന്ന മാധ്യമക്കാര് ഓര്‍ക്കണം, നവീന സാങ്കേതികതയുടെ കാലത്ത് എല്ലാവാര്‍ത്തകളും നിര്‍മിതിയാണെന്നു തെളിയിക്കാന്‍ യാതൊരു പ്രയാസവുമില്ല; പ്രത്യേകിച്ച് മാധ്യമരംഗം വ്യവസായമാക്കി മാറ്റി പണം കൊയ്യുന്നവരായി നിങ്ങള്‍ നിങ്ങളെത്തന്നെ അവതരിപ്പിക്കുന്ന സമകാലീന ലോകത്ത്. സത്യസന്ധമായി വാര്‍ത്തകള്‍ കൊടുക്കുന്ന ജനാധിപത്യ ധര്‍മത്തെ തിരികെപ്പിടിക്കുന്നതുവരെ ഈ നാടകം ഈ സമൂഹത്തില്‍ തുടരുക തന്നെ ചെയ്യും.
പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പുഴുക്കുത്തുകള്‍ നീക്കേണ്ടവ തന്നെ. പക്ഷേ, അതിനുള്ള വഴി പൊതുവിദ്യാഭ്യാസത്തെ ഇല്ലാതാക്കലല്ല.
” വെടക്കാക്കി തനിക്കാക്കുക” എന്ന പഴഞ്ചൊല്ലില്‍ ഇനിയും പതിരില്ല. സാമൂഹ്യമായി പിന്നാക്കം നില്ക്കുന്ന ഭൂരിഭാഗം മനുഷ്യരുള്ള നമ്മുടെ സമൂഹത്തില്‍, വിദ്യ ആര്‍ജ്ജിക്കാന്‍ പൊതുവിദ്യാ കേന്ദ്രങ്ങളെ നിലനിര്‍ത്തേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്. മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരും മുതലാളിത്ത താല്പര്യക്കാരും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്ന അടിത്തറകളെ പൊതുസമൂഹം താങ്ങി നിര്‍ത്തേണ്ടതുണ്ട്. ജാതി വഴക്കങ്ങള്‍ അവസാനിക്കാത്ത നമ്മുടെ നാട്ടില്‍ പൊതുമണ്ഡലമായി പൊതുമേഖലയിലെ വിദ്യാകേന്ദ്രങ്ങള്‍ നിലനില്ക്കട്ടെ. അതാണ് ശരി. അതാണ് ജനാധിപത്യം.