തുര്‍ക്കിയിലെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം സിനിമ ഉള്‍പ്പടെയുള്ള സാംസ്കാരിക മേഖലകള്‍ക്ക് അനുകൂലമല്ലെന്നാണ് പുറംലോകത്തിന്റെ അറിവ്. തുര്‍ക്കിയുടേയും ഇറാന്റേയും മത – രാഷ്ട്രീയത്തിലധിഷ്ടിതമായ ഭരണകൂടങ്ങളുടെ കണ്ണുകള്‍ സംശയദൃഷ്ടിയോടെ ഈ മേഖലകളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുമ്പോള് തന്നെ മികച്ച സിനിമകള്‍ ഇവിടങ്ങളില്‍ നിന്നുണ്ടാകുന്നുവെന്നത് അതിശയം തന്നെയാണ്. ഇറാനിലേതില് നിന്നു വ്യത്യസ്തമായി മുസ്തഫ കമാലിന്റെ കാലം മുതല്‍ സിനിമകള്‍ക്ക് തുര്‍ക്കിയില്‍ പ്രത്യേക പരിഗണന ലഭിച്ചിരുന്നു. പലപ്പോഴും മാറിവരുന്ന ഭരണകൂടങ്ങള്‍ കടുത്ത സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സിനിമ സജീവമായി തന്നെ അവിടെ നിലകൊണ്ടു. പ്രമുഖ സംവിധായകന് എര്‍ക്സന്റെ, 1964-ലെ ക്ലാസിക് സിനിമ ‘ഡ്രൈ സമ്മര്‍’ തുര്‍ക്കിയില്‍ പ്രദര്‍ശിപ്പിക്കാന്‍ പോലും കഴിഞ്ഞില്ല. പക്ഷേ ജര്‍മ്മനിയിലേക്ക് ഒളിച്ചുകടത്തിയ സിനിമ ബെര്‍ലിന്‍ ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് നേടി. വര്‍ഷങ്ങള്‍ക്ക് ശേഷം, തിരക്കഥാകൃത്ത് യില്‍മാസ് ഗൂനിക്കൊപ്പം സെരിഫ് ഗോറിന് സംവിധാനം ചെയ്ത യോളും (ദി റോഡ്) വിദേശത്തേക്ക് കടത്തുകയും 1982 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര് നേടുകയും ചെയ്തു.
പുതിയ സഹസ്രാബ്ദത്തില്‍ തുര്‍ക്കി ചലച്ചിത്ര നിര്‍മ്മാണത്തിന്റെ സാങ്കേതിക നിലവാരം ലോകനിലവാരത്തിലാണ്.
സെന്‍സര്‍ഷിപ്പ് ഉണ്ടെങ്കില്‍ പോലും മികച്ച സിനിമകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സിനിമ പ്രത്യേക വിഷയമായെടുത്ത് പഠിക്കുന്ന യുവാക്കളുടെ കുത്തൊഴുക്ക്, സിനിമകളുടെ വൈവിധ്യം, അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ടര്‍ക്കിഷ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പുരസ്കാരങ്ങള്‍ എന്നിവയെല്ലാം സിനിമയുടെ പുനരുജ്ജീവനത്തിന്റെ സാക്ഷ്യമാണെന്നു പറയപ്പെടുന്നു. അസമത്വത്തെ ചോദ്യം ചെയ്യുകയും വിയോജിപ്പുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സിനിമകള്‍ പലതും ഇന്ന് അവിടെ നിര്‍മിക്കപ്പെടുന്നുണ്ട്. ഈ വിഭാഗത്തിലൊന്നും പെടാത്ത സിനിമയാണ് ലവ് ലൈക്ക്സ് കൊയിന്‍സിഡന്‍സ്.
ഒമര്‍ ഫാറൂക്ക് സോറക്ക് സംവിധാനം ചെയ്ത തുര്‍ക്കിയില്‍ നിന്നുള്ള സിനിമയാണ് ലവ് ലൈക്ക്സ് കൊയിന്‍സിഡന്‍സ് (ടര്‍ക്കിഷ്: ആസ്ക് ടെസാദുഫ്ലേരി സെവര്‍). മെഹ് മത് ഗുന്സറും ബെല്സിം ബില്ജിന് എര്‍ദോഗനും മുഖ്യവേഷങ്ങളില്‍ അഭിനയിച്ചു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ടര്‍ക്കിഷ് ചിത്രങ്ങളില്‍ ഒന്നാണിത്. ഈ സിനിമ പുറത്തിറങ്ങിയിട്ട് പത്തുവര്ഷമായെന്നത് (2012) സിനിമ കാണുമ്പോള്‍ ഒരിക്കലും അറിയില്ല. സബ്ടൈറ്റിലുകള്‍ എളുപ്പം വായിച്ചുപോകാമെങ്കില് മലയാളം സിനിമ കാണുന്നതു പോലെ അനുഭവപ്പെടുകയും ചെയ്യും.
ഇതൊരു ത്രികോണ പ്രണയകഥയാണ്. യാദൃശ്ചികത എന്നത് പ്രണയകഥകളിലെ മുഖ്യഇനമായതു കൊണ്ടാകാം ഒമര്‍ ഫാറൂക്ക് പേരില്‍ തന്നെ അത് സൂചിപ്പിച്ചിരിക്കുന്നത്. എല്ലാവരും ജീവിതത്തില്‍ യാദൃശ്ചികതകള്‍ അനുഭവിച്ചിട്ടുള്ളവരായിരിക്കാം. എന്നാല്‍ രണ്ടു പേരുടെ ജീവിതത്തില്‍ അത് ഒരുപോലെ സംഭവിക്കുന്നത് യാദൃശ്ചികം തന്നെ. ഈ സിനിമ മറ്റു പ്രണയകഥകളില്‍ നിന്നു വ്യത്യസ്തമായിരിക്കുന്നത് സംവിധായകന്റെ അസാധാരണ അവതരണ ശൈലിയിലൂടെയാണ്. സംവിധായകന്റെ ചില സുഹൃത്തുക്കളുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നതെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ യാദൃശ്ചികതയ്ക്ക് ന്യായീകരണമാണോ എന്നറിയില്ല.
1977ല്‍ അങ്കാറയിലാണ് സിനിമയുടെ തുടക്കം. ഒരു യുവാവ് ഗര്‍ഭിണിയായ ഭാര്യയെ ആസന്നമായ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. അയാളുടെ കാര്‍ മറ്റൊരു കാറില്‍ ഇടിക്കുന്നു. ആ കാറിലും ഒരു ഭര്‍ത്താവും ഭാര്യയുമുണ്ട്. ഭാര്യ ഗര്‍ഭിണിയാണ്. യാദൃശ്ചികതയുടെ തുടക്കം ഇവിടെ നിന്നാണ്. അപകടം സംഭവിച്ച കാറുകളിലെ യാത്രക്കാര്‍ സ്വാഭാവികമായും ഒരേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. രണ്ടു സ്ത്രീകളും ഒരേ ദിവസം പ്രസവിക്കുന്നു.
ഓസ്ഗറിന്റെയും ഡെനീസിന്റെയും ബാല്യകാലത്ത് അവര്‍ തമ്മില്‍ പരിചയമുണ്ട്. ഓസ്ഗറിന്റെ അച്ഛന് പ്രശസ്തനായ ഫൊട്ടോഗ്രാഫറാണ്. അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ എത്തുന്ന ഡെനീസിന്റെ ഒരു മനോഹര ചിത്രം അയാള്‍ പകര്‍ത്തുന്നു. യാദൃശ്ചികമായാണ് ഡെനീസിന്റെ പ്രത്യേക ഭാവം അയാളുടെ ക്യാമറയില്‍ പതിയുന്നത്. ബാല്യകാലത്തെ അവരുടെ ബന്ധം അധികം നീണ്ടു നിന്നില്ല. ഡെനീസിന്റെ കുടുംബം ഇസ്താംബൂളിലേക്കു മാറി താമസിച്ചു. കൗമാരകാലഘട്ടത്തില്‍ ഇരുവരും പലപ്പോഴും കണ്ടുമുട്ടുന്നുണ്ടെങ്കിലും തിരിച്ചറിയുന്നില്ല.
ഏകദേശം 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടുത്ത സംഭവ വികാസങ്ങള്‍. ഓസ്ഗര് പിതാവിന്റെ പാത പിന്തുടര്ന്ന് ഫൊട്ടോഗ്രാഫറാകുന്നു. ഡെനീസ് നാടകവേദിയില്‍ തിളങ്ങുന്നു. അവളുടെ ലക്ഷ്യം പക്ഷേ സിനിമയാണ്. ഒരു സിനിമയുടെ ഒഡീഷനു പോകുമ്പോള്‍ ഇരുവരും ട്രാഫിക്കിനിടയില്‍ കണ്ടുമുട്ടുന്നുണ്ട്, തിരിച്ചറിയുന്നില്ല. ട്രാഫിക്ക് സിഗ്നലിനടുത്ത് ഓസ്ഗറിന്റെ പിതാവിന്റെ സ്മരണക്കായി ഒരു ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. അതിലെ പ്രമുഖ ചിത്രം ഡെനീസിന്റെ ബാല്യകാല ചിത്രമാണ്. പക്ഷേ അതവളുടെ ശ്രദ്ധയില്‍ പെടുന്നില്ല.
ഡെനീസ് ഓഡീഷനെ നേരിടുമ്പോള്‍ തന്നെ പ്രശസ്ത ഫൊട്ടോഗ്രാഫറായ ഓസ്ഗര് ഒരു മാഗസിന് അഭിമുഖീകരണവും നടത്തുന്നു. ഡെനീസിന് ദീര്‍ഘകാലമായുള്ള ഒരു കാമുകനുണ്ട്. ബുറാക്ക്. അദ്ദേഹമൊരു വ്യവസായിയാണ്. അതേ രാത്രിയില്‍ തന്നെ ബുറാക്കിന്റെ മാതാപിതാക്കള്‍ അയാളോടൊത്ത് ഡെനീസിനെ സന്ദര്‍ശിക്കാനെത്തുന്നു. അവരുടെ വിവാഹം നിശ്ചയിക്കുന്നതിന്റെ മുന്നോടിയായിരുന്നു ആ കൂടിക്കാഴ്ച. എന്നാല്‍ ബുറാക്കിന്റെ മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് അമ്മയ്ക്ക് മരുമകള്‍ ഒരു നടിയാണെന്നത് അംഗീകരിക്കാന്‍ കഴിയുന്നില്ല. അവര്‍ ഡെനീസിനെ അതില്‍ നിന്നു പിന്തിരിപ്പിക്കാന് ശ്രമിച്ച് പരാജയപ്പെടുന്നു. ബുറാക്കിന് ഡെനീസിനോട് അഗാധമായ സ്നേഹമുണ്ടെങ്കിലും മാതാപിതാക്കളെ ധിക്കരിക്കാന്‍ അയാള്‍ക്കു കഴിയുന്നില്ല. തത്കാലം വിവാഹകാര്യം തടസപ്പെടുകയാണ്. ഡെനീസും ബുറാക്കുമായുള്ള മടക്കയാത്രയില്‍ ഇരുവരും കലഹിക്കുന്നു. ഡെനീസ് റോഡിന്റെ നടുക്ക് വാഹനം നിര്‍ത്തി അതില്‍ നിന്ന് ഇറങ്ങിപ്പോകുന്നു. തിരക്കിട്ട് റോഡിലൂടെ നടക്കുമ്പോള്‍ അവളുടെ ചെരുപ്പ് കേടുവരുന്നു. അതുശരിയാക്കി നിവരുമ്പോള്‍ കാണുന്നത് അവളുടെ ബാല്യകാല ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നതാണ്. അത് താന്‍ തന്നെ അല്ലേ എന്നവള്‍ക്കു സംശയമായി. സംശയനിവാരണത്തിനായി പ്രദര്ശനഹാളിലേക്കു നീങ്ങുമ്പോഴേക്കും ബുറാക്ക് പിന്നാലെയെത്തി അവളെ കൂട്ടിക്കൊണ്ടുപോകുന്നു. ഓസ്ഗറിനും ഡെനീസിനും അവിടെ കണ്ടുമുട്ടാന്‍ സംവിധായകന് അനുവദിക്കുന്നില്ല.
പിറ്റേദിവസം ഡെനീസ് പ്രദര്ശനഹാളിലെത്തി ഓസ്ഗറിനെ കാണുന്നു.
ആ ചിത്രം തന്റേതാണെന്ന് അവള് പറയുന്നു. ഇരുവരും പഴയ കാര്യങ്ങള്‍ പലതും പരസ്പരം പങ്കുവച്ച് വല്ലാത്ത അടുപ്പത്തിലാകുന്നു.
ഓസ്ഗര് ഒരു ഹൃദ്രോഗിയാണെന്ന വിവരം അയാള്‍ എല്ലാവരില്‍ നിന്നും മറച്ചുവച്ചിരിക്കുകയാണ്. അടുത്ത സുഹൃത്തിനോ അമ്മയ്ക്കോ പോലും ഈ വിവരം അറിയില്ല. രഹസ്യമായാണ് അയാള്‍ ഡോക്ടറെ സന്ദര്‍ശിക്കുന്നത്. അയാളുടെ ഹൃദയം വളരെ അപകടാവസ്ഥയിലാണെന്ന് ഡോക്ടര്‍ മുന്നറിയിപ്പു കൊടുക്കുന്നു. അടുത്ത ദിവസം തന്നെ ഓപറേഷന് വിധേയനാകണമെന്ന് നിര്‍ബന്ധിക്കുന്നു. പെട്രോള്‍ തീരാറായ ഒരു വാഹനത്തിന്റെ അവസ്ഥയിലാണ് താനെന്നാണ് ഡോക്ടര്‍ അയാളോടു പറയുന്നത്. ഡെനീസും ഓസ്ഗറും ഒരിക്കല്‍ ഒരു ഡിന്നറിന് ഒരുമിച്ചു കൂടുന്നു. അമിതമായി മദ്യം കഴിച്ച ഡെനീസിന് ഓര്മ നഷ്ടപ്പെടുന്നു. അവളെ ഓസ്ഗര് തന്റെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു. ഡെനീസ് അന്നു രാത്രി അവിടെ കഴിച്ചുകൂട്ടുന്നു. ആ രാത്രി കഠിനമായ നെഞ്ചുവേദനായാല് പുളയുന്ന ഓസ്ഗറിനെ നമുക്കു കാണാം.
ഡെനീസ് തന്നില്‍ നിന്നകലുകയാണെന്നു മനസിലാക്കിയ ബുറാക്ക് അവളുടെ സ്നേഹം തിരികെ കിട്ടാന്‍ ശ്രമിക്കുന്നു. ഓസ്ഗര് ഒരു ഗായകനായിരുന്നെന്നും പ്രശസ്തമായ ഒരു ബാന്റില്‍ അംഗമായിരുന്നെന്നും ഡെനീസ് മനസിലാക്കുന്നു. ഓസ്ഗര് പിതാവുമായി ശണ്ഠയുണ്ടാക്കി പാട്ടുകാരനാകാന്‍ ഇറങ്ങിതിരിച്ച കാര്യം അപ്പോള്‍ ഓര്‍ക്കുന്നു. റെയില്‍വേസ്റ്റേഷനില്‍ വച്ച് അവന് ഹൃദയാഘാതമുണ്ടായി ആശുപത്രിയിലാകുന്നു. സുഖപ്പെട്ടതിനു ശേഷവും പിതാവുമായി പൊരുത്തപ്പെടാന്‍ അവനു കഴിഞ്ഞിരുന്നില്ല. ഇസ്താംബൂളിലേക്കു പോയ അവന് ഫൊട്ടോഗ്രാഫറായി മാറുകയായിരുന്നു. ബുറാക്ക് ഡെനീസുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ദിവസം ഡെനീസും ഓസ്ഗറും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു.
ഡെനീസിന് സിനിമയില്‍ സെലക്ഷന് ലഭിച്ചു. ബുറാക്കിനെ പോലെയോ അയാളുടെ മാതാപിതാക്കളെ പോലെയോ ഓസ്ഗര് അവളെ അഭിനയത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നില്ല. മറിച്ച്, അവന് ഡെനീസിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഡെനീസിന്റെ നാടക അരങ്ങേറ്റ ദിവസത്തില്‍ അതു കാണാനായി ഓസ്ഗറും ബുറാക്കും വരുന്നു. തീയറ്ററിന്റെ വാതിക്കല് കുഴഞ്ഞുവീഴുന്ന ഓസ്ഗറിനെ അതേസമയം അവിടെയെത്തിയ ബുറാക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. രണ്ടുപേരും പരസ്പരം അറിയുന്നില്ല. ഓസ്ഗറിന്റെ ഫോണിലേക്ക് ഈ സമയം ഡെനീസിന്റെ ഫോണ്‍ വരുന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നത് ബുറാക്കാണ്. ഡെനീസിന്റെ പുതിയ കാമുകനെ അയാള്‍ വേദനയോടെ തിരിച്ചറിയുന്നു. ഓസ്ഗറിന്റെ അസുഖത്തെ കുറിച്ച് ബുറാക്ക് ഡെനീസിനെ അറിയിക്കുന്നു. പരിഭ്രമത്താല്‍ അമിത വേഗത്തില്‍ കാറോടിച്ചു വന്ന ഡെനീസ് അപകടത്തില്‍ പെടുന്നു. ഓസ്ഗറും ഡെനീസും ഇപ്പോള്‍ ആശുപത്രിയില്‍ മരണത്തോടു മല്ലിട്ടുകൊണ്ടിരിക്കുന്നു. ഒരേ സ്ഥലത്ത്, ഒരേ സമയത്ത് ജനിച്ച രണ്ടുപേര്‍ മരണത്തിലും ഒന്നിക്കുകയെന്ന യാദൃശ്ചികതയെ ഇവിടെ സംവിധായകന് മറികടക്കുന്നു. മസ്തിഷ്ക മരണം സംഭവിച്ച ഡെനീസിന്റെ ഹൃദയം ഓസ്ഗറില് വച്ചുപിടിപ്പിക്കുകയാണ്. ഓസ്ഗറിലൂടെ ഡെനീസ് ജീവിക്കുന്നു; അല്ലെങ്കില്‍ യാദൃശ്ചികത ഈ രൂപത്തിലാണ് അവരെ ഒന്നിപ്പിക്കുന്നത്.
കഥയിലെ അവിശ്വസനീയ നാടകീയതകള്‍-അതിനെ എന്തുപേരുചൊല്ലിവിളിച്ചാലും- മാറ്റി നിര്‍ത്തിയാല്‍, അതിമനോഹരമായ ചിത്രസന്നിവേശമാണ് സിനിമയുടെ പ്രത്യേകതയെന്നു കാണാം. ഫ്ളാഷ്ബാക്കും സമകാലീന സംഭവങ്ങളും ഒരുപോലെ ചേര്‍ത്തുവച്ചിരിക്കുന്നു. ഫ്ളാഷ്ബാക്കിന്റെ സാധാരണഗതിയിലുള്ള മടുപ്പ് ഒരിക്കല്‍ പോലും അനുഭവപ്പെടുന്നില്ല. ഫ്ളാഷ് ബാക്കുകളിലൂടെയാണ് ഓസ്ഗറിന്റേയും ഡെന്നീസിന്റേയും ജീവിതത്തിലെ എണ്ണമറ്റ യാദൃശ്ചികതകള്‍ വെളിപ്പെടുന്നതും. മെഹ്മെത് ഗണ്സുറും ബെല്സിം ബില്ഗിനും കിടയറ്റ അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. മെഹ്മെതിന്റെ പുഞ്ചിരിയുടെ ഊര്‍ജം ഏതു പെണ് ഹൃദയത്തെയാണ് കീഴടക്കാത്തതെന്ന് ചിന്തിച്ചുപോകും. ഇസ്താംബൂളിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ഛായാഗ്രഹണവും, മനോഹര ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.