കോട്ടപ്പുറം: കോട്ടപ്പുറം രൂപതയെ 12 വര്‍ഷം സ്തുത്യര്‍ഹമായ രീതിയില്‍ നയിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ബിഷപ് ഡോ. ജോസഫ് കാരിക്കശേരിക്ക് കോട്ടപ്പുറം രൂപതാ ജനതയുടെ യാത്രയയപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലക്ക് സ്വീകരണവും നല്കി. മഴ ഒഴിഞ്ഞു നിന്ന അനുഗ്രഹീത സായന്തനത്തില്‍ കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി സന്ന്യസ്തരും അല്മായരുമടക്കം ആയിരങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
കോട്ടപ്പുറം രൂപത ബിഷപ് എന്ന നിലയില്‍ രൂപതയുടെ ആത്മീയ- ഭൗതീക വളര്‍ച്ചക്ക് ശക്തമായ നേതൃത്വമാണ് ഡോ. ജോസഫ് കാരിക്കശേരി നല്‍കിയതെന്ന് വിശുദ്ധ ബലിക്കിടെ വചനസന്ദേശം നല്കിയ സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ്് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. യേശു ദൈവത്തിന്റെ പുതിയ ഭാഷ്യം നല്കിയതുപോലെ തന്റെ ജനതയെ സ്നേഹം കൊണ്ടു കീഴടക്കിയ മനുഷ്യനായിരുന്നു അദ്ദേഹം. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എല്ലാവരോടും സൗഹാര്‍ദപരമായി പെരുമാറി. അനേകം ഉയര്‍ന്ന സഭാ തസ്തികകള്‍ അദ്ദേഹം വിദ്ഗ്ദമായി കൈകാര്യം ചെയ്തിട്ടുണ്ട്. കോട്ടപ്പുറത്ത് അദ്ദേഹം നയിച്ചത് 12 വര്‍ഷത്തെ മിഷണറി തുല്യമായ സേവനമായിരുന്നു. ഉയര്‍ന്ന ചിന്തയുള്ള കുറിയ മനുഷ്യനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. കൊവിഡിന്റേയും പ്രളയ കാലത്തും അദ്ദേഹം തൃശൂരിലടക്കമുള്ള പ്രദേശങ്ങളില്‍ ചെയ്ത സേവനങ്ങള്‍ നേരിട്ടറിയാം. തന്റെ രൂപതയിലെ എല്ലാ ഇടവകകളും കുടുംബയൂണിറ്റുകളും സന്ദര്‍ശിച്ച് അദ്ദേഹം ജനങ്ങളെ അടുത്തു മനസിലാക്കി. കോട്ടപ്പുറത്തിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ് ഡോ. അലക്സ് വടക്കുംതലയെ കണ്ണൂരിലെന്ന പോലെ കോട്ടപ്പുറത്തും ജനങ്ങള്‍ക്ക് ഏറെ പ്രിയമാണ്. ഭാവി കാര്യങ്ങള്‍ പറയാന്‍ സിബിസിഐ പ്രസിഡന്റ് സ്ഥാനത്തിരുന്ന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ അങ്കണത്തില്‍ വൈകീട്ട് 3.30ന് അര്‍പ്പിച്ച ദിവ്യബലിക്ക് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാര്‍മികത്വം വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആമുഖസന്ദേശം നല്കി. കെസിബിസി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവര്‍ മുഖ്യസഹ കാര്‍മ്മികരായി. കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരായി.
ദിവ്യബലിക്ക് കത്തീഡ്രല്‍ ഗായക സംഘം ഗാനങ്ങളാലപിച്ചു. സിസ്റ്റര്‍ ഇസബെല്ല സിഎസ്എം, സിസ്റ്റര്‍ ജുവാന സിടിസി എന്നിവര്‍ വിശുദ്ധ ഗ്രന്ഥവായനകള്‍ നടത്തി. ഡീക്കന്‍ അജയ് സുവിശേഷ പാരായണം നടത്തി. ശില്പ റെല്‍സ് പ്രതിവചന സങ്കീര്‍ത്തനം ആലപിച്ചു. രൂപതയിലെ മതാധ്യാപകരുടെ പ്രതിനിധികള്‍ വിശ്വാസികളുടെ പ്രാര്‍ഥന നടത്തി. വിവിധ സംഘടനകളുടെ ഭാരവാഹികള്‍, രൂപത ബിസിസി ഭാരവാഹികള്‍, ശുശൂഷ സമിതി ഭാരവാഹികള്‍ എന്നിവരുടെ പ്രതിനിധികള്‍ കാഴ്ച സമര്‍പ്പിച്ചു. ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.
തുടര്‍ന്ന് ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
യഥാര്‍ത്ഥ ക്രൈസ്തവ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് ബിഷപ് കാരിക്കശേരിയെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന് എംപി ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയെയും ഹൈബി ഈഡന് എംപി അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയെയും ആദരിച്ചു. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മറുപടി പ്രസംഗം നടത്തി.
ബിഷപ് ഡോ. അലക്സ് വടക്കുംതല രചിച്ച കരുതല്‍ എന്ന ഗ്രന്ഥം പ്രതിപക്ഷനേതാവ് വി.ഡി സതീശന് ബെന്നി ബഹനാന് എംപി ക്ക് നല്കി പ്രകാശനം ചെയ്തു. കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ ചരിത്രരചനകളുടെ വിജ്ഞാനകോശം എന്ന റവ. ഡോ. ആന്റണി പാട്ടപറമ്പിലിന്റെ ഗ്രന്ഥം ഹൈബി ഈഡന് എംപി, ഇ.ടി ടൈസന്‍മാസ്റ്റര്‍ എംഎല്‍എക്ക് നല്കി പ്രകാശനം ചെയ്തു. മാധ്യമ പ്രവര്ത്തകന് വിനോദ് ഇ.എം പെന്‍സില്‍ കൊണ്ട് വരച്ച ചിത്രം ബിഷപ് ഡോ. ജോസഫ് കാരിക്കശേരിക്ക് സമ്മാനിച്ചു. എംഎല്‍എമാരായ വി.ആര് സുനില്‍കുമാര്‍, ഇ.ടി. ടൈസന്‍മാസ്റ്റര്‍, കെ.എന്‍ ഉണ്ണികൃഷ്ണന്, കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.കെ ഗീത, യാത്രയയപ്പ് പരിപാടികളുടെ ജനറല്‍ കണ്വീനറുമ കോട്ടപ്പുറം രൂപത വികാരി ജനറലുമായ മോണ്‍. ഡോ. ആന്റണി കുരിശിങ്കല്‍, വൈദിക പ്രതിനിധി റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, സന്ന്യസ്തരുടെ പ്രതിനിധി സിസ്റ്റര്‍ അഖില റോസ് സിടിസി, അല്മായ പ്രതിനിധി കെസിസി സെക്രട്ടറി ജെസി ജെയിംസ് കൗണ്‍സിലര്‍മാരായ വി.എം. ജോണി, എല്‍സി പോള്‍, കെആര്‍എല്‍സിസി സെക്രട്ടറി പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെആര്സിസിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെആര്സിസിസി മുന്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്ത കലാഭവന്‍ ചവിട്ടുനാടക സമിതി അവതരിപ്പിച്ച വിശുദ്ധ ദേവസഹായം എന്ന ചവിട്ടുനാടകവും അരങ്ങേറി.