ന്യൂയോര്‍ക്കിലെ യുഎന്‍ ജനറല്‍ അസംബ്ലി ഹാളിനെ അനുസ്മരിപ്പിക്കുന്നതാണത്രേ മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ അകത്തളം. യുഎന്‍ അംഗത്വമുള്ള ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും വലിയ ജനാധിപത്യശക്തി എന്നവകാശപ്പെടാവുന്ന ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളെയും ചരിത്രത്തിന്റെ മഹാസ്തംഭങ്ങളെയും പരമാധികാര റിപ്പബ്ലിക്കിന്റെ ആത്മാവിനെതന്നെയും മോദി മാറ്റിപ്പണിയുന്നതെങ്ങനെ എന്നതിന്റെ ബ്രഹ്മാണ്ഡ ബീഭത്സസ്വരൂപമാണ് പുത്തന്‍ ലോക്സഭാ ചേംബറിലെ ചെങ്കോല്‍ പ്രതിഷ്ഠയുടെ മഹാനാടകം.
തമിഴകത്തെ ചോളരാജാക്കന്മാര് വാഴിക്കപ്പെടുമ്പോള്‍ ദൈവികനിയോഗം പോലെ രാജഗുരുവില്‍ നിന്ന് അധികാരത്തിന്റെ ധര്മ്മദണ്ഡായ ചെങ്കോല്‍ ഏറ്റുവാങ്ങിയിരുന്നുവെന്ന പാരമ്പര്യത്തിന്റെ ചുവടുപിടിച്ച്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന് 1947 ഓഗസ്റ്റ് 14ന് രാത്രി 10.45ന് തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ ആധീനം മഠാധിപതി ഗുരു മഹാസന്നിധാനം ശ്രീ ലാ ശ്രീ അമ്പലവന ദേസിക സ്വാമിയുടെ പ്രതിനിധി ഉപമഠാധിപതി കുമാരസ്വാമി തമ്പിരാന് സമ്മാനിച്ച ചെങ്കോല്‍ വിസ്മൃതിയില്‍ നിന്നു വീണ്ടെടുത്താണ് മോദി നവഭാരതമെന്ന തന്റെ ഹിന്ദുത്വ രാഷ്ട്ര സങ്കല്പത്തിലെ അഭിനവ ചക്രവര്‍ത്തിയുടെ വേഷം ആടിതിമിര്‍ക്കുന്നത്.
ശിവന്റെ വാഹനമായ നന്ദിയുടെ രൂപം മുകളില്‍ വാര്ത്തുവച്ച് സ്വര്‍ണം പൂശിയ 4.6 അടി നീളമുള്ള വെള്ളിദണ്ഡിന്റെ ചെങ്കോല്‍ 76 വര്‍ഷം മുന്‍പ് രൂപകല്പന ചെയ്തത് മദ്രാസിലെ സ്വര്‍ണവ്യാപാരികളായ വുമ്മിഡി ബംഗാരു ചെട്ടി ആന്‍ഡ് സണ്‍സ് ആണ്. ഈ ചെങ്കോലും അമ്പലവന പണ്ടാരസന്നിധി ശിവപൂജ നടത്തി നല്കിയ പ്രസാദവും വെള്ളിത്താലത്തില്‍ പീതാംബരവുമായി പഴയ ഒരു ഫോര്‍ഡ് കാറില്‍ കുമാരസ്വാമി തമ്പിരാന്, മാണിക്കം ഓതുവര്‍, നാഗസ്വരവിദ്വാന്‍ ടി.എന്‍ രാജരത്തിനംപിള്ള എന്നിവരോടൊപ്പം ഡല്‍ഹിയില്‍ ലുട്യന്‍ സോണിലെ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായ 17 യോര്‍ക്ക് റോഡ് ബംഗ്ലാവിലേക്ക് സ്വാതന്ത്ര്യപ്പിറവിയുടെ ആ രാത്രി ചെന്നെത്തിയതിന്റെ വിവരണം സമകാലിക ടൈം മാഗസിന് പ്രസിദ്ധീകരിച്ചിരുന്നു. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന നെഹ്റു ദക്ഷിണേന്ത്യയില്‍ നിന്നെത്തിയ ശൈവസന്ന്യാസിമാരുടെ ഉപഹാരം ഏറ്റുവാങ്ങിയതിലെ കൗതുകമാണ് അതില്‍ എടുത്തുകാട്ടിയത്. ചെങ്കോല്‍ സമ്മാനിക്കാന്‍ നെഹ്റുവിന്റെ വസതിയിലേക്കുള്ള യാത്രയില്‍ വഴിനീളെ രാജരത്തിനംപിള്ള ഇടവിട്ട് റോഡിലിറങ്ങി നാഗസ്വരം വായിച്ചു. നാഗസ്വര അകമ്പടിയോടെ ഓതുവര്‍ തേവാരത്തില്‍ നിന്ന് കീര്‍ത്തനം ആലപിക്കുമ്പോഴാണ് നെഹ്റുവിനെ പീതാംബരം അണിയിച്ച് പുണ്യതീര്‍ഥം തളിച്ച് ചെങ്കോല്‍ കൈമാറിയത്.
ബ്രിട്ടീഷ് കോളനിവാഴ്ച അവസാനിപ്പിച്ച് ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ഭാരതീയ ആചാരാനുഷ്ഠാനപ്രകാരം എന്തെങ്കിലും ചടങ്ങ് സംഘടിപ്പിക്കേണ്ടതുണ്ടോ എന്ന് അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റന് പ്രഭു നെഹ്റുവിനോട് ആരാഞ്ഞുവെന്നും, ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി നിര്‍ദേശിച്ച പ്രകാരം തിരുവാടുതുറൈ ആധീനത്തില്‍ നിന്നുള്ള ചെങ്കോല്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയും അത് ആദ്യം മൗണ്ട് ബാറ്റന് സമര്‍പ്പിച്ച് പുണ്യതീര്‍ഥം തളിച്ച് തിരിച്ചുവാങ്ങി നെഹ്റുവിന് കൈമാറുകയും ചെയ്തുവെന്നും ബ്രിട്ടീഷ് ഇന്ത്യയില്‍ കൗണ്‍സില്‍ ഹൗസ് എന്നറിയപ്പെട്ടിരുന്ന സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലമെന്റ് ഹൗസിലെ സെന്‍ട്രല്‍ ഹാളില്‍ നെഹ്റു ”ചരിത്രഭാഗധേയവുമായുള്ള ഇന്ത്യയുടെ കണ്ടുമുട്ടല്‍” എന്ന വിഖ്യാത സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നതിനു മുന്‍പ് നെഹ്റുവിന്റെ വസതിയില്‍ വച്ച് ”ആധികാരികമായ അധികാരകൈമാറ്റം” ആ ചെങ്കോല്‍ സമര്‍പ്പണത്തിലൂടെ സംഭവിച്ചുവെന്നുമുള്ള പുതിയ വെളിപാടുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ചെന്നൈയിലും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു.
സ്വാതന്ത്ര്യലബ്ധിയുടെ ഒരു ചരിത്രരേഖയിലും ഇതുവരെ ആരും കാണാത്ത ഈ അധികാരകൈമാറ്റത്തിന്റെ ചെങ്കോല്‍ക്കഥ സംഘപരിവാര്‍ ‘വാട്സ്ആപ് യൂണിവേഴ്സിറ്റി”യില്‍ നിന്നുള്ള വ്യാജചരിത്രനിര്മിതിയുടെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ്.
മൗണ്ട് ബാറ്റനും നെഹ്റുവും രാജാജിയും തങ്ങളുടെ സമഗ്രവും വിശദവുമായ രചനകളില്‍ ഒരിടത്തും ഈ സംഭവം പരാമര്‍ശിച്ചിട്ടില്ല. ”ഭാരതീയ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ” ആ ചെങ്കോല്‍ ”നെഹ്റുവിന്റെ സ്വര്‍ണ ഊന്നുവടി” എന്ന ലേബലോടെ അലഹബാദിലെ നെഹ്റുവിന്റെ ആനന്ദ്ഭവന് വസതിയിലെ പ്രദര്‍ശനവസ്തുക്കളുടെ കൂട്ടത്തില്‍ തള്ളി ചരിത്രത്തെ തമസ്കരിച്ചുവെന്ന് പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ആരോപണം അഴിച്ചുവിട്ടു. സത്യത്തില്‍ ആനന്ദ്ഭവനില്‍ അല്ല, അലഹബാദ് മ്യൂസിയത്തിലാണ് അത് സൂക്ഷിച്ചിരുന്നത്. ”നെഹ്റുവിന് സമ്മാനമായി ലഭിച്ച സുവര്‍ണ ദണ്ഡ്” എന്നാണ് ചെങ്കോലിന്റെ ലേബലില്‍ എഴുതിയിരുന്നത്. 2022 നവംബര്‍ നാലിന് ഈ ചെങ്കോല്‍ അലഹബാദ് മ്യൂസിയത്തില്‍ നിന്നു ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തിലേക്കു മാറ്റുകയുണ്ടായി. അവിടെ നിന്നാണ് പുതിയ പാര്‍ലമെന്റില്‍ പ്രതിഷ്ഠിക്കാനായി അതു കൊണ്ടുപോയത്. എന്നാല്‍ താന്‍ പ്രയാഗ് രാജിലെ ആനന്ദ്ഭവനില്‍ നിന്ന് അത് വീണ്ടെടുത്തുവെന്നാണ് മോദി അവകാശപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്സ് ഈ വിശിഷ്ട ചെങ്കോലിന് അത്യുഗ്രന്‍ ബ്ലാക് ആന്‍ഡ് വൈറ്റ് പരസ്യവീഡിയോയും പ്രത്യേക വെബ്സൈറ്റും ഇറക്കി. മദ്രാസില്‍ നിന്ന് രാജാജി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു എന്ന് അതില്‍ പറയുന്നുണ്ട്. എന്നാല്‍ ചെങ്കോലുമായി 1947 ഓഗസ്റ്റ് 11ന് ശൈവമഠത്തില് നിന്നുള്ള മൂന്നുപേര്‍ മദ്രാസ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിന്റെ ചിത്രം ദ് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്തായാലും, ”ആ അധികാരകൈമാറ്റത്തിന്റെ ചരിത്രസംഭവം” പുനരാവിഷ്കരിക്കാന്‍ തിരുവാടുതുറൈ ആധീനത്തിലെ ഇപ്പോഴത്തെ മഠാധിപനായ അമ്പലവന ദേസിക പരമാചാര്യരും 21 ആചാര്യന്മാരും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിക്ക് നിരവധി സുവര്‍ണ ചെങ്കോലുകള്‍ സമ്മാനിച്ചു. ഈ ശൈവആചാര്യന്മാരുടെ അകമ്പടിയോടെയാണ് നെഹ്റുവിന്റെ ചെങ്കോലുമായി മോദി സാഘോഷം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിച്ചത്. ചെങ്കോലിനു മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് പ്രൗഢഗംഭീര അനുഷ്ഠാനമാക്കിയാണ് അത് ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രതിഷ്ഠിച്ചത്.
കര്‍ണാടക ചിക്കമഗലൂരു ശൃംഗേരി ശാരദാ പീഠത്തില്‍ നിന്നുള്ള പൂജാരിമാരോടൊപ്പം മുഖ്യകാര്‍മികനായി മോദി നേരത്തെ വാസ്തുപൂജയും മഹാഗണപതി ഹോമവും നടത്തുകയുണ്ടായി. അയോധ്യയില്‍ ശ്രീരാമക്ഷേത്തിന്റെ ശിലാന്യാസത്തിലും കാശി വിശ്വനാഥ് ധാമിലും ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ബദ്രിനാഥ് ക്ഷേത്രങ്ങളിലും മധ്യപ്രദേശിലെ ഉജ്ജൈയ്നി മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തിലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമിപൂജയിലും അശോകസ്തംഭ പ്രതിഷ്ഠയിലുമൊക്കെ ഹൈന്ദവാനുഷ്ഠാനങ്ങളുടെ മുഖ്യകര്‍മ്മിയുടെ വേഷമണിഞ്ഞിട്ടുള്ള പ്രധാനമന്ത്രി, നവഭാരത ചരിത്രത്തിലെ വിരാട്പുരുഷന്റെ പ്രധാന റോളില്‍ ഒറ്റയ്ക്ക് പ്രത്യക്ഷപ്പെടുന്നതിനുള്ള സുവര്ണാവസരങ്ങള് ഒരുക്കുന്നതില്‍ പ്രത്യേക വൈഭവംതന്നെയാണ് കാണിക്കുന്നത്.
ഭരണഘടനയില്‍ പറയുന്നത്, രാഷ്ട്രപതിയും ലോക്സഭയും രാജ്യസഭയും ചേര്‍ന്നതാണ് ലെജിസ്ലേച്ചര്‍ എന്നാണ്. പ്രധാനമന്ത്രി ലോക്സഭയിലെ ഭരണകക്ഷി നേതാവ് എന്ന നിലയില്‍ എക്സിക്യുട്ടീവ് തലവനാണ്. രാജ്യത്തെ ആദ്യത്തെ ഗോത്രവര്‍ഗക്കാരിയായ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിനെയും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കറെയും പാര്‍ലമെന്റ് ഉദ്ഘാടനത്തിലേക്കു ക്ഷണിക്കാതെ പടിക്കു പുറത്തുനിര്‍ത്തിയത്, മാധ്യമങ്ങളുടെ വെള്ളിവെളിച്ചം ഒരാളില്‍ മാത്രം ഫോക്കസ് ചെയ്യാന്‍ വേണ്ടിയാകണം. ചെങ്കോലേന്തിയ രാജാപാര്ട്ടിലൂടെയാണല്ലോ, വീരസവര്‍ക്കര്‍ എന്ന് മോദിയും കൂട്ടരും വാഴ്ത്തുന്ന ഹിന്ദുത്വയുടെ താത്ത്വികാചാര്യന്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ 140-ാം ജന്മവാര്ഷികത്തില്, നവീന ഹിന്ദുരാഷ്ട്ര റിപ്പബ്ലിക്കിന്റെ സ്വപ്നപ്രഖ്യാപനം നടത്തേണ്ടത്.
കോണ്‍ഗ്രസ് ഉള്‍പ്പെടെ 22 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത് ബിജെപിക്കെതിരായുള്ള പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതിന്റെ അടയാളമാണ്. എന്നാല്‍ ഒരു നേതാവും ഒരു പാര്‍ട്ടിയും ഒരുനിറമുള്ള രാഷ്ട്രീയവും മതി തിരഞ്ഞെടുക്കപ്പെടുന്ന സമഗ്രാധിപത്യത്തിന് എന്ന് ഭരണകൂടം വിശ്വസിക്കുമ്പോള്‍ അവരോടൊപ്പമുള്ള 24 സഖ്യകക്ഷികള്‍ക്കും ജനാധിപത്യത്തിലെ ബഹുസ്വരതയെക്കുറിച്ചും സമവായങ്ങളെക്കുറിച്ചും വേവലാതിപ്പെടാനാവില്ലല്ലോ.
ഹിന്ദു ഹൃദയ സമ്രാട്ട് എന്ന് വാഴ്ത്തപ്പെടുന്ന മോദി ദക്ഷിണേന്ത്യയിലെ ചില ഹൈന്ദവ സന്ന്യാസിമാരെയാണ് ഈ മഹാസംഭവത്തിനു കൂടെ കൂട്ടിയത് എന്നത് പലരെയും അദ്ഭുതപ്പെടുത്തി. തമിഴ്നാട്ടിലെ ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ പെരുങ്കോട്ട തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്’ എന്ന മുദ്രാവാക്യവുമായി ബിജെപിയും സംഘ്പരിവാറും തമിഴ് സംസ്കാരിക പൈതൃകത്തിലൂന്നി ചില ഹൈന്ദവ വിഭാഗങ്ങളുമായി വൈകാരികബന്ധം സ്ഥാപിക്കാന്‍ പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. 2022 നവംബറില്‍ മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ ഒരു മാസം നീണ്ട കാശി തമിഴ് സംഗമം കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ചു. ധര്‍മപുരം ശൈവആധീനത്തിലെ സ്വാമി കുമാരുഗുരുപരാ കാശിയിലെത്തി കേദാര്ഘാട്ടില് കേദാരേശ്വര്‍ ക്ഷേത്രം സ്ഥാപിച്ചതും തമിഴ്നാട്ടിലെ തിരുപ്പണന്താലില് കാശിമഠം സ്ഥാപിച്ചതും, കാശിക്കു പോകുന്ന തീര്‍ഥാടകര്‍ക്കായി പ്രത്യേക ബാങ്കിങ് സര്‍വീസ് നടപ്പാക്കിയതും മറ്റും മോദി തമിഴ്മക്കളെ പറഞ്ഞുകേള്‍പ്പിക്കുന്നു. മുഹമ്മദ് ഗസ്നി ഗുജറാത്തിലെ സൗരാഷ്ട്രതീരത്തെ സോമനാഥ് ക്ഷേത്രം ആക്രമിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മതവിശ്വാസവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കാന്‍ തമിഴ്നാട്ടിലേക്കു പലായനം ചെയ്തവരെ അനുസ്മരിച്ചുകൊണ്ട് ഗുജറാത്തിലെ ബിജെപി ഗവണ്മെന്റ് പ്രത്യേക തമിഴ് സംഗമം സൗരാഷ്ട്രയില്‍ സംഘടിപ്പിക്കുകയുണ്ടായി. തമിഴ്നാട്ടില്‍ നിന്ന് 3,000 പേരെയാണ് 10 സ്പെഷല്‍ ട്രെയിനുകളില്‍ സൗരാഷ്ട്രയിലേക്കു കൊണ്ടുപോയത്.
140 കോടി ഭാരതീയരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പ്രതീകം എന്നു മോദി വിശേഷിപ്പിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പഴയ സന്‍സദ് സദനിലേതിനെക്കാള് ഇരട്ടിയിലേറെ സീറ്റുകളുണ്ട്: 888 ലോക്സഭാ സീറ്റും 384 രാജ്യസഭാ സീറ്റും ഉള്‍പ്പെടെ മൊത്തം 1,272 സീറ്റുകള്‍. നിലവില്‍ ലോക്സഭയില്‍ 543 സീറ്റും രാജ്യസഭയില്‍ 250 സീറ്റുമാണുണ്ടായിരുന്നത്. 2026-ല്‍ ജനസംഖ്യാനുപാതികമായി ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടക്കാനിരിക്കേ കൂടുതല്‍ സീറ്റുകള്‍ വേണ്ടിവരുമെന്നാണ് മോദി സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കിലും ഹിന്ദിഹൃദയഭൂമിയില്‍ സീറ്റുകളുടെ എണ്ണം കൂട്ടി ഭൂരിപക്ഷം നിലനിര്‍ത്തുക എന്നതാകും ബിജെപിയുടെ തന്ത്രം. മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിലൂടെ ലോക്സഭാ സീറ്റുകള്‍ 543-ല്‍ നിന്ന് 846 വരെ ആയി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ 80 ലോക്സഭാ സീറ്റുകളുണ്ട്; അത് 143 വരെ ആകാനിടയുണ്ട്. കേരളത്തില്‍ നിലവിലുള്ള 20 സീറ്റുകള്‍ അധികം വൈകാതെ കുറഞ്ഞെന്നും വരും – കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചപ്രകാരം കുടുംബാസൂത്രണത്തിലൂടെ ജനനനിയന്ത്രണം സംപൂര്‍ണമായി നടപ്പാക്കിയതിന്റെ പ്രതിഫലം!
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന മാമാങ്കം നടക്കുമ്പോള്‍, ലൈംഗികാതിക്രമത്തിന് ഏഴു ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച പരാതിയില്‍ പോക്സോ കേസ് ഉള്‍പ്പെടെ ചുമത്തപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ്ഭൂഷണ് ശരണ്‍ സിങ് എന്ന ബിജെപി എംപിക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹി ജന്തര്‍ മന്തറില്‍ സത്യഗ്രഹം നടത്തിവന്ന വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ താരങ്ങളെ മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസ് അതിക്രൂരമായി നിരത്തിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുകയും, കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകന്റെ ജോലി തടസപ്പെടുത്തല്‍ തുടങ്ങി ആറു വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ യഥാര്‍ഥ മുഖം ലോകത്തിനു വെളിപ്പെടുത്തുന്നതായി. അപമാനം താങ്ങാനാവാതെ തങ്ങളുടെ രാജ്യാന്തര മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ ഭാരത് കിസാന്‍ യൂണിയന് ദേശീയ പ്രസിഡന്റ് നരേഷ് ടികായത്തും ഖാപ് പഞ്ചായത്ത് നേതൃത്വവും ഇടപെട്ട് തത്കാലത്തേക്ക് അതില്‍ നിന്നു പിന്തിരിപ്പിച്ചുവെങ്കിലും ഭരണകൂടം ബ്രിജ്ഭൂഷണ് എന്ന സീരിയല്‍ കുറ്റവാളിയെ സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ്. നവരാജാഭിഷിക്തന്റെ ചെങ്കോല്‍ ഇത്തരക്കാരുടെ കവചമായ കൊടുങ്കോലാകുന്നു.