‘ഫുട്ബോളാണ് എന്റെ ജീവിതം. രാത്രി ഉറങ്ങാന്‍ പോകും മുമ്പ് കിടക്കക്കരികെ ഒരു ഫുട്ബോള്‍ വച്ചിരിക്കും. പുലര്‍ച്ചെ 3 മണിക്ക് ഉണരുമ്പോള്‍ എന്റെ തലച്ചോറില്‍ അന്ന് പരിശീലിപ്പിക്കേണ്ട ഫുട്ബോള്‍ തന്ത്രങ്ങളായിരിക്കും ഉണ്ടായിരിക്കുക’
കൊച്ചിയുടെ ദ്രോണാചാര്യന്
ഇന്ത്യന്‍ നാവികസേനയുടെ ആയുധപരിശീലന വിദ്യാലയമാണ് (നേവല്‍ ഗണ്ണറി സ്കൂള്‍) ഫോര്‍ട്ടുകൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യ. 7 എംഎം പിസ്റ്റള്‍ മുതല്‍ 76 എംഎം പീരങ്കി തോക്കുകള്‍ വരെയും ബരാക് സര്‍ഫസ് ടു എയര്‍ മിസൈല്‍ മുതല്‍ ഹൈപ്പര്‍സോണിക് ബ്രഹ്മോസ് വരെയുള്ള ആയുധങ്ങളില്‍ പ്രായോഗിക പരിശീലനം നല്കുന്നിടം.
1948ല്‍ സ്ഥാപിതമായ ഇന്ത്യന്‍ നാവികസേനയുടെ കൊച്ചി ഗണ്ണറി സ്കൂള്‍ 1978ല്‍ ഐഎന്‍എസ് ദ്രോണാചാര്യയായി മാറി. ഐഎന്‍എസ് ദ്രോണാചാര്യക്കു ഏതാനും വാര അകലെ മറ്റൊരു ദ്രോണാചാര്യയുണ്ട്. കൊച്ചിക്കാര് സ്നേഹപൂര്‍വം ഫുട്ബോള്‍ അങ്കിള്‍ എന്നു വിളിക്കുന്ന റൂഫസ് വേര്‍ണി അലോഷ്യസ് ഡിസൂസയുടെ കൊച്ചുവീട്. 90-ാം വയസ്സിന്റെ പടിവാതിലിലാണ് ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന സജീവ ഫുട്ബോള്‍ പരിശീലകന്. 53 വര്‍ഷമായി ഐഎന്‍എസ് ദ്രോണാചാര്യക്കു സമീപമുള്ള കൊച്ചി പരേഡ് ഗ്രൗണ്ടില്‍ അദ്ദേഹം കുട്ടികളെ സൗജന്യമായി ഫുട്ബോള്‍ പരിശീലിപ്പിച്ചുവരുന്നു. ഫുട്ബോളിലും ഹോക്കിയിലും ഒരു പോലെ പ്രാവിണ്യം നേടുകയും രണ്ടു സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കളിക്കുകയും പിന്നീട് പരിശീലിപ്പിക്കുകയും ചെയ്ത കായികലോകത്തെ അപൂര്‍വവ്യക്തിത്വം.
ഫിഫയുടെ ഔദ്യോഗിക ട്വീറ്റര്‍ പേജിലും ബിബിസി ഡോക്യുമെന്ററിയിലും വരെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് അങ്കിള്‍ റൂഫസ്. ബിബിസി ഡോക്യുമെന്ററി കണ്ട് ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരം ജോണ്‍ കിഡ്സ് കൊച്ചിയില്‍ പറന്നെത്തി ഡിസൂസയെ കണ്ട് ആദരവറിയിച്ചു. 2010ലെ ലോകകപ്പ് ചാമ്പ്യന്മാരായിരുന്ന സ്പെയിന് ടീമിന്റെ നായകനും റിയല്‍ മാഡ്രിഡ് ക്ലബ്ബ് അംഗവുമായ ഇകര്‍ കസീയസ് സ്നേഹാദരവോടെ ഒപ്പിട്ടു നല്കിയ ജഴ്സിയും റിയല്‍ മാഡ്രിഡിന്റെ ഉത്തരീയവും മെമന്റോയും ജിവിതത്തിലെ വിലമതിക്കാനാകാത്ത അംഗീകാരങ്ങളായി ഫുട്ബോള്‍ അങ്കിള്‍ കരുതുന്നു. 2019ല്‍ ക്വിറ്റ് ഇന്ത്യ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖരെ ആദരിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ആദരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞു. രണ്ട് മുറികളിലെ ചില്ലലമാരകളില്‍ നിറഞ്ഞിരിക്കുന്നത് അനേകം പുരസ്കാരങ്ങളും ഓര്‍മചിത്രങ്ങളും….. ആയിരത്തിലധികം മികച്ച ഫുട്ബോള്‍ താരങ്ങളെ രാജ്യത്തിനു സമര്‍പ്പിച്ച റൂഫസ് ഡിസൂസയുമായുള്ള അഭിമുഖം.
ബാസ്ക്കറ്റ് ബോളും ഹോക്കിയും
ലൂയീസ് ഡിസൂസ എന്നാണ് എന്റെ പിതാവിന്റെ പേര്. അദ്ദേഹം മികച്ച ഹോക്കി കളിക്കാരനായിരുന്നു. അമ്മ ഡോര്‍ത്തി ഡിസൂസ ബാസ്ക്കറ്റ് ബോള്‍ കളിക്കാരിയും. അച്ഛന് ഞാന്‍ ഹോക്കി കളിക്കാരനാകണമെന്നും അമ്മയ്ക്ക് ഞാന്‍ ബാസ്ക്കറ്റ് ബോള്‍ താരമാകണമെന്നുമായിരുന്നു ആഗ്രഹം. ഇതിന്റെ പേരില്‍ വീട്ടില്‍ പലപ്പോഴും മാതാപിതാക്കള്‍ തമ്മില്‍ വഴക്കും നടക്കാറുണ്ടായിരുന്നു. ഒരു ദിവസം കലഹം രൂക്ഷമായി. അമ്മ എന്നോട് എന്തു കളിക്കാനാണ് താല്പര്യമെന്നു ചോദിച്ചു. ഹോക്കിയെന്ന് ഞാന്‍ മറുപടി പറഞ്ഞു. അതോടെ അമ്മ മുറിയില്‍ കയറി വാതിലടച്ചു. മുത്തശ്ശിയടക്കം എല്ലാവരും വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ഞാന്‍ വാതിലിലിടിച്ച് അമ്മയോടു പറഞ്ഞു, അമ്മ വാതില്‍ തുറന്നില്ലെങ്കില്‍ ഞാന്‍ പോയി ചാകും. ഉടനെ അമ്മ വാതില്‍ തുറന്നു. നാനിയുടെ (മുത്തശ്ശി) മധ്യസ്ഥതയില്‍ എന്റെ കളി, എന്റെ ഇഷ്ടത്തിനു വിടാന്‍ അച്ഛനമ്മമാര്‍ സമ്മതിച്ചു.
മൂന്നു പന്തുകള്‍
എണ്‍പതിലേറെ വര്‍ഷം പഴക്കമുള്ള മൂന്നു പന്തുകള്‍ റൂഫസ് ഡിസൂസ സൂക്ഷിച്ചിട്ടുണ്ട്. ഒന്ന് ഒരു ഒതളങ്ങയാണ്. രണ്ടാമത്തേത് ഒരു തുണിപ്പന്തും, മൂന്നാമത്തേത് ടെന്നീസ് ബോളും. ഹോക്കി കളിക്കാന്‍ തുടങ്ങിയപ്പോള്‍ പരുത്തികൊണ്ടുള്ള വടി വെട്ടിയെടുത്താണ് ഹോക്കിസ്റ്റിക്ക് ഉണ്ടാക്കിയത്. കടപ്പുറത്ത് പോയി ഒതളങ്ങ പെറുക്കികൊണ്ടുവന്ന് പന്തുമാക്കി. ഒതളങ്ങയെടുക്കാന് കടലിലിറങ്ങിയപ്പോള്‍ തിരയില്‍പെട്ട് മരിച്ചു പോകേണ്ടതായിരുന്നു. ഒരു മത്സ്യത്തൊഴിലാളിയാണ് രക്ഷപ്പെടുത്തിയത്. സ്കൂള്‍ പഠനകാലത്ത് ഫുട്ബോളും ഹോക്കിയും ഒരു പോലെ കളിക്കാന്‍ ആരംഭിച്ചു. തുണിപ്പന്തിലാണ് ആദ്യം കാല്പന്ത് പരിശീലിച്ചത്. ആ സമയത്ത് കൊച്ചിന് ക്ലബ്ബില്‍ ടെന്നീസ് കളിയുണ്ടായിരുന്നു. അവിടെ പോയി നോക്കി നില്ക്കുമായിരുന്നു. അവിടത്തെ സ്ഥിരം കളിക്കാരനായിരുന്ന ഡോ. ഷേണായി ഒതളങ്ങയുപയോഗിച്ച് റൂഫസ് ഹോക്കി കളിക്കുന്നത് കണ്ടു. അദ്ദേഹമുടനെ വിളിച്ച് നല്‍കിയതാണ് ഈ ടെന്നീസ് ബോള്‍. പിന്നെ കുറേക്കാലം അതുപയോഗിച്ചായിരുന്നു കളി.
ഹോക്കിയും ഫുട്ബോളും ഒരുമിച്ച്
ബ്രിട്ടോ സ്കൂളില്‍ പഠിക്കുന്ന സമയത്താണ് ഫുട്ബോള്‍ ഹരമായി മാറിയത്. ഹോക്കിയും അന്നു കളിക്കുന്നുണ്ടായിരുന്നു. പരേഡ് ഗ്രൗണ്ടില്‍ മുതിര്‍ന്ന ചേട്ടന്മാര് ഫുട്ബോള്‍ കളിക്കുന്നത് നോക്കി നില്ക്കും. കളിക്കാന്‍ അവസരം കിട്ടാറില്ല. പിന്നീട് പകരക്കാരനായി ഇറക്കി തുടങ്ങി. കളി മോശമല്ലെന്നു കണ്ടതോടെ സ്ഥിരം അവസരങ്ങള്‍ കിട്ടി. അബൂക്ക എന്ന കെ.എം. അബുവാണ് ഫുട്ബോളിന്റെ ആദ്യ പാഠങ്ങള്‍ അവിടെ വച്ചു പറഞ്ഞു തരുന്നത്.
ഹോക്കിയില്‍ പടിപടിയായി ഉയര്‍ന്ന് തിരുകൊച്ചി സ്റ്റേറ്റിന്റെ ക്യാപ്റ്റനായി. 1950കളിലാണത്. 1954 മുതല്‍ 59 വരെ തിരുകൊച്ചി ടീമിനു വേണ്ടി കളിച്ചു. പിന്നീട് മദ്രാസില്‍ പോയി. അവിടെ നേതാജി ഫുട്ബോള്‍ ക്ലബ്ബിനു വേണ്ടി ഫുട്ബോള്‍ കളിച്ചു. അതേസമയം തന്നെ ഐറ്റിസി കമ്പനിക്കു വേണ്ടി ഹോക്കിയും കളിച്ചു. 1960 മുതല്‍ 67 വരെ മദ്രാസ് സ്റ്റേറ്റിനു വേണ്ടി ഫുട്ബോളും ഹോക്കിയും കളിച്ചു. 1963ല്‍ ആദ്യത്തെ സതേണ്‍ പെന്റാങ്കിള് ടൂര്‍ണമെന്റില്‍ കേരളം, മദ്രാസ്, ബംഗ്ളൂര്, ഹൈദ്രാബാദ്, ശ്രീലങ്ക എന്നീ ടീമുകളാണ് മത്സരിച്ചത്. റൂഫസ് ഡിസൂസ ബൂട്ടണിഞ്ഞ മദ്രാസായിരുന്നു ജേതാക്കള്‍. ലെഫ്റ്റ് ഇന്‍സൈഡ് ഫോര്‍വേഡ് എന്ന പൊസിഷനിലായിരുന്നു കളിച്ചിരുന്നത്. 1956-57 കാലഘട്ടത്തില്‍ കേരള സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ടീമിലേക്ക് ചില കാരണങ്ങളാല്‍ സെലക്ഷന് ലഭിച്ചില്ല. അന്ന് റൂഫസിനു പകരം ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളുടെ മകന് 30 വര്‍ഷത്തിനു ശേഷം റൂഫസിന്റെ വീട്ടിലെത്തി ക്യാമ്പില്‍ റൂഫസ് കൂടി ഉള്‍പ്പെട്ട ഒരു ഗ്രൂപ്പ് ഫോട്ടോ തന്നിട്ടുപോയി. അതു വളരെ വൈകാരികമായി അനുഭവപ്പെട്ടു. എന്തുകൊണ്ട് അന്ന് ടീമില്‍ നിന്നു തഴയപ്പെട്ടെന്ന് അന്നും പിന്നീടും അന്വേഷിച്ചിട്ടില്ല.
1972ല്‍ കേരള ഹോക്കി ടീമിന്റെ നായകനായി. മദ്രാസില്‍ നിന്നു തിരിച്ചുവന്നപ്പോള്‍ കൊച്ചി സാന്റോസ് ക്ലബ്ബില്‍ ചേര്‍ന്നു. അന്നുമുതല്‍ പരേഡ് ഗ്രൗണ്ടിന്റെ ഭാഗമായി. ഡോണ്‍ ബോസ്കോ ടൂര്‍ണമെന്റില്‍ സാന്റോസിനെ പരിശീലിപ്പിച്ചാണ് പരിശീകന്റെ വേഷമണിഞ്ഞത്. ഇപ്പോഴത് 53 വര്‍ഷം പിന്നിടുന്നു. യൂണിവേഴ്സിറ്റി, സംസ്ഥാന, രാജ്യാന്തര തലങ്ങളില്‍ എത്തിയ നിരവധി താരങ്ങളെ പരിശീലിപ്പിച്ചു. സേവ്യര്‍ പയസ്, തോബിയാസ്, ഹാമില്ട്ടണ് ബോബി, ഫിറോസ് ഷെരീഫ്, കെ.എ. ആന്സന്, സെബാസ്റ്റ്യന്‍ തോമസ്, ജോര്‍ജ് വര്‍ഗീസ്, എം.എം ജോര്‍ജ്, എം.എം. സെബാസ്റ്റിയന്, സെബാസ്റ്റിയന് നെറ്റോ തുടങ്ങി നിരവധി താരങ്ങളെ കാല്പന്തിന്റെ രാശി അണിയിച്ചത് റൂഫസ് ഡിസൂസയാണ്. ഫുട്ബോള്‍ താരമായിരുന്നപ്പോഴും പിന്നീട് പരിശീലകനായപ്പോഴും നിരവധി ഇന്ത്യന്‍ ഫുട്ബോള്‍ ലെജന്‍ഡ്സിനെ പരിചയപ്പെടാന്‍ ഇടയായി. ചുനി ഗോസ്വാമി, ജര്‍ണയില്‍ സിങ്, ധില്ലന്, പി.കെ. ബാനര്‍ജി, പീറ്റര്‍ തങ്കരാജ് തുടങ്ങിയവര്‍ ഇന്ത്യയുടെ സുവര്‍ണകാല ഫുട്ബോളര്‍മാരായിരുന്നു.
കാലിടറി ഇന്ത്യ
ഇന്ത്യന്‍ ഫുട്ബോളിനും ഹോക്കിക്കും ഒരു സുവര്‍ണകാലമുണ്ടായിരുന്നു എന്ന് റൂഫസ് ഡിസൂസ ഓര്‍ക്കുന്നു. 1951ലും 62ലും ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ചാമ്പ്യന്മാരായിരുന്നു ഇന്ത്യ. ഏഷ്യയിലെ ഏറ്റവും മികച്ച ടീം. 1956ലെ സമ്മര്‍ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ഓസ്ട്രേലിയയെ വെല്ലി ഡിസൂസയുടെ ഹാട്രിക്കില്‍ തകര്‍ത്തു. രാജ്യാന്തര ഫുട്ബോളില്‍ ഒരു ഏഷ്യക്കാരന്റെ ആദ്യ ഹാട്രിക്കായിരുന്നു അത്. ഫിഫ സംഘടിപ്പിച്ച ഒരു പ്രധാന ടൂര്‍ണമെന്റില്‍ സെമിഫൈനലിലെത്തിയ ആദ്യ ഏഷ്യന്‍ ടീമായിരുന്നു ഇന്ത്യ. 1950 ലെ ബ്രസീല്‍ ലോകകപ്പിലേക്ക് ക്വാളിഫൈ ചെയ്തെങ്കിലും കളിക്കാതെ പിന്മാറേണ്ടി വന്നു. 1952ല്‍ ഹെല്‍സിങ്കി ഒളിമ്പിക്സില്‍ നഗ്നപാദരായി കളിച്ച ഇന്ത്യന്‍ ടീമിനെ കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ. പുതിയ തലമുറയ്ക്ക് ഇന്ത്യയുടെ സുവര്‍ണകാല കഥകള്‍ വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടാകും. ഇപ്പോള്‍ ഏറ്റവും ദുര്‍ബലരായ അയല്‍ രാജ്യങ്ങളെ പോലും ഇന്ത്യക്ക് തോല്‍പ്പിക്കാന്‍ കഴിയുന്നില്ല.
ഹോക്കിയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു കാലത്ത് ലോകഹോക്കിയിലെ മുടിചൂടാ മന്നന്മാരായിരുന്ന ഇന്ത്യയുടെ സ്ഥിതി ഇന്നെന്താണ്? 1970കളില്‍ ഗെയിംസുകളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ സംഭവിച്ചു. മൈതാനങ്ങളപ്പാടെ മാറി. കൃത്രിമ പുല്ല് പിടിപ്പിച്ച മൈതാനങ്ങള്‍ നിലവില്‍ വന്നു. പക്ഷേ, ഇന്ത്യ ഈ മാറ്റമൊന്നും അറിഞ്ഞില്ല. പരിശീലനത്തിലും സാങ്കേതികതയിലും സംഭവിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടില്ല. എളുപ്പവഴിയായി കണ്ടത്് വിദേശത്തു നിന്ന് പരിശീലകരെ കൊണ്ടുവരികയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളേയോ കളിക്കാരേയോ മനസിലാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. ഫലമോ ഉപഭൂകണ്ഢത്തിലെ തന്നെ ഏറ്റവും മോശം ടീമായി മാറിക്കൊണ്ടിരിക്കുന്നു.
ഐഎസ്എലും ഐ ലീഗുമൊന്നും പരീക്ഷിച്ചിട്ടും ഒരു രക്ഷയും കിട്ടിയില്ല. അവിടെ വിദേശതാരങ്ങള്‍ എന്നു പറഞ്ഞു വരുന്നത് ആ രാജ്യങ്ങളിലെ ഏറ്റവും മോശം കളിക്കാരോ വെറ്ററന്‍ താരങ്ങളോ ആണ്. അവരില്‍ നിന്ന് ഇന്ത്യന്‍ കളിക്കാര്‍ക്ക് ഒന്നും പഠിക്കാനില്ല. ചീമ ഒകേരിക്കു ശേഷം ഒരു മികച്ച വിദേശകളിക്കാരന് ഇന്ത്യയില്‍ വന്നിട്ടില്ല. ചീമ താന്‍ കളിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ കളി പഠിപ്പിക്കുന്നതിനും മിടുക്കനായിരുന്നു. കേരളത്തിലെ എത്രപേര്‍ക്ക് ഐഎസ്എലില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്? നോര്‍ത്ത് ഈസ്റ്റ്, ഗോവന്‍ കളിക്കാര്‍ക്ക് എല്ലാ ടീമിലും ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിക്കാന്‍ കഴിയുമ്പോള്‍ ഒന്നോ രണ്ടോ മലയാളികള്‍ക്കു മാത്രമേ ഈ അവസരം ലഭിക്കുന്നുള്ളു. ഈ ടൂര്‍ണമെന്റുകളെല്ലാം വെറും ബിസിനസ് മാത്രമാണെന്നാണ് റൂഫസിന്റെ അഭിപ്രായം.
നഷ്ടപ്പെട്ട മൈതാനങ്ങള്‍
മൈതാനങ്ങള്‍ ധാരാളമുണ്ടായിരുന്ന സ്ഥലമാണ് ഇന്ത്യയും കേരളവും. പല വികസന ആവശ്യങ്ങള്‍ക്കുമായി മിക്കവാറും മൈതാനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു. അതിന് പകരം സംവിധാനമൊന്നുമുണ്ടായില്ല. താന്‍ കളിച്ചുവളര്‍ന്ന, ഇപ്പോള്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന പരേഡ് ഗ്രൗണ്ട് ബ്രിട്ടീഷുകാരുടെ കാലത്താണ് കളിക്കളമാക്കുന്നത്. നിരവധി അഖിലേന്ത്യാ ടൂര്‍ണമെന്റുകള്‍ നടന്നിട്ടുള്ള മൈതാനമാണിത്. അണ്ടര്‍ 17 വേള്‍ഡ് കപ്പിനും ഉപയോഗിച്ചിരുന്നു. പക്ഷേ അതിനു ശേഷം ഗ്രൗണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഇപ്പോള്‍ കല്ലും മണ്ണും കൂടിക്കിടക്കുകയാണ്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവായി.
കാല്പന്തിന്റെ രസതന്ത്രം പകര്‍ന്നു നല്കിയ 53 വര്‍ഷങ്ങള്‍
പുലര്‍ച്ചെ തുടങ്ങുന്നു വെറ്ററന്‍ കോച്ചിന്റെ ഒരു ദിനം. പുലര്‍ച്ചെ 3 മണിക്ക് ഏണീക്കും. പ്രാഥമിക കൃത്യങ്ങള്‍ക്കു ശേഷം വീടിന്റെ മുറ്റം അടിച്ചുവാരും. 5 മണിയാകുമ്പോഴേക്കും പരേഡ് ഗ്രൗണ്ടിലെത്തും. 5.15ന് കുട്ടികള്‍ എത്തിച്ചേരും, എത്തിച്ചേരണമെന്നാണ് കര്‍ശനമായ നിര്‍ദേശം. കൊച്ചുകുട്ടികള്‍ മുതല്‍ പരിശീലനത്തിനു വരുന്നുണ്ട്. റൂഫസിന്റെ കളരിയില്‍ അച്ചടക്കം വളരെ പ്രധാനമാണ്. കൃത്യനിഷ്ഠ ആദ്യത്തേത്. അതിലൂന്നി അവരുടെ കാരക്ടര്‍ തന്നെ വളര്‍ത്തിയെടുക്കും. അതുകൊണ്ട് കുട്ടികളെ റൂഫസ് ആശാന്റെ കളരിയില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് വലിയ താല്പര്യമാണ്. ‘ഫുട്ബോളാണ് എന്റെ ജീവിതം. രാത്രി ഉറങ്ങാന്‍ പോകും മുമ്പ് കിടക്കക്കരികെ ഒരു ഫുട്ബോള്‍ വച്ചിരിക്കും. പുലര്‍ച്ചെ 3 മണിക്ക് ഉണരുമ്പോള്‍ എന്റെ തലച്ചോറില്‍ അന്ന് പരിശീലിപ്പിക്കേണ്ട ഫുട്ബോള്‍ തന്ത്രങ്ങളായിരിക്കും ഉണ്ടായിരിക്കുക’ റൂഫസ് പറയുന്നു.
കൊതിയാകും വരെ ഇവിടെ കളിച്ച് കടന്നുപോകണം
തനിക്ക് ജീവനുണ്ടെങ്കില്‍ താന്‍ ദിവസവും പരേഡ് ഗ്രൗണ്ടിലെത്തിയിരിക്കുമെന്നാണ് റൂഫസ് ഡിസൂസ പറയുന്നത്. മഴയും വെയിലും പ്രശ്നമല്ല. ഫുട്ബോളാണ് തന്റെ ജീവന്. ഫുട്ബോളാണ് തനിക്കിന്നുള്ളതെല്ലാം തന്നത്. അതു ചെറിയ രീതിയിലെങ്കിലും തിരിച്ചുകൊടുക്കാനാണ് ശ്രമിക്കുന്നത്. ഫുട്ബോള്‍ വാങ്ങി വെറുതേ വച്ചിട്ട് കാര്യമില്ല. പുസ്തകം വാങ്ങി വായിക്കാതെ വക്കുന്നതിന് തുല്യമാണത്. പന്തില്‍ കാല് തൊടുമ്പോള്‍ പന്തിന് ജീവന് വയ്ക്കും.
അവശേഷിക്കുന്ന സ്വപ്നം
ഇന്ത്യന്‍ പതാക മൈതാനത്ത് പാറിപ്പറക്കുമ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു, ആനന്ദകണ്ണീര് പൊഴിക്കുന്നു.