ഡല്‍ഹി: സമാധാനപ്രിയരുടെ നാടായ മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള പീഡനങ്ങള്‍ വീണ്ടും ശക്തമാകുന്നതില്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതി (സിബിസിഐ) കടുത്ത ആശങ്ക രേഖപ്പെടുത്തി. ദേവാലയങ്ങളും ഒട്ടേറെ വീടുകളും തീവച്ചുനശിപ്പിച്ചു. നിരവധി ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തിനും കേന്ദ്ര സായുധ പൊലീസിനും കഴിഞ്ഞിട്ടുണ്ടെങ്കിലും ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല. ആളുകളെ, വിശേഷിച്ച് വിദ്യാര്‍ഥികളെ, സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഹെല്പ് ലൈനുകള്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. ഗോത്രമോ മതവിഭാഗമോ നോക്കാതെ മണിപ്പൂരിലെ എല്ലാ ജനങ്ങളുടെയും കാര്യത്തില്‍ കത്തോലിക്കാ സഭയ്ക്ക് ഉത്കണ്ഠയുണ്ട്.
ചില ജില്ലകളില്‍ കുകീ ഗോത്രസമൂഹം നടത്തിയ പ്രതിഷേധപ്രകടനങ്ങളില്‍ പ്രകോപിതരായി മെയ്തെയ് വിഭാഗക്കാരായ ചിലര്‍ രംഗത്തിറങ്ങിയതും തക്കസമയത്ത് ഇടപെടാതിരുന്ന പൊലീസിന്റെ അനാസ്ഥയുമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്.
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവര്‍ സംഭാഷണത്തിന് തയാറാകാനും മനോഹരവും പ്രശാന്തവുമായ ഒരിടമായി അതു മാറാനും കത്തോലിക്കാ ഇടവക സമൂഹങ്ങളും സന്ന്യസ്ത സമൂഹങ്ങളും പ്രാര്‍ഥിക്കണമെന്ന സന്ദേശം കൈമാറാന്‍ സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ആന്‍ഡ്രൂസ് താഴത്ത് മെത്രാന്മാരോട് അഭ്യര്‍ഥിച്ചു.
ക്രൈസ്തവര്‍ പ്രബല ജനവിഭാഗമായിട്ടും
ആക്രമിക്കപ്പെടുന്നത്
ഉത്കണ്ഠാജനകം
– ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ
ബെംഗളൂരു: വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ജനസംഖ്യയില്‍ 41 ശതമാനം വരുന്ന ക്രൈസ്തവര്‍ക്കുനേരെ വീണ്ടും അതിക്രമങ്ങള്‍ ശക്തമാകുന്നതില്‍ കര്‍ണാടക റീജ്യന് കത്തോലിക്കാ മെത്രാന്മാരുടെ കൗണ്‍സിലിന്റെയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള അഖില കര്‍ണാടക ക്രൈസ്തവ ഐക്യ ഫോറത്തിന്റെയും പ്രസിഡന്റും ബാംഗളൂര്‍ ആര്‍ച്ച്ബിഷപ്പുമായ ഡോ. പീറ്റര്‍ മച്ചാഡോ അതിയായ ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇത്രയും പ്രബലമായ സമൂഹമായിട്ടും അവിടെ ക്രൈസ്തവര്‍ അരക്ഷിതരാകുന്നു എന്നത് ഏറെ അസ്വാസ്ഥ്യജനകമാണ്.
ലോകപ്രശസ്ത ബോക്സിങ് താരം മേരി കോം തന്റെ സംസ്ഥാനത്തെ രക്ഷിക്കൂ എന്ന അപേക്ഷയുമായി കേന്ദ്ര ഗവണ്മെന്റിന് അടിയന്തര സന്ദേശം അയച്ചിരുന്നു. അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഹെല്പ് ലൈന്‍ നിര്‍ദേശങ്ങള്‍ തന്നെ ജനങ്ങള്‍ മതവിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ അക്രമത്തിനു വിധേയരാകുന്നു എന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് വെളിപ്പെടുത്തുന്നത്. പതിനേഴോളം ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയോ അശുദ്ധമാക്കപ്പെടുകയോ പവിത്രത ഭംഗപ്പെടുത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പലതും ഇപ്പോഴും കത്തിക്കൊണ്ടിരിക്കയാണ്.
”’അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ ബാധ്യതയാണ് മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നത് വിശേഷിച്ച് നല്ല ഭരണം കാഴ്ചവയ്ക്കുമെന്ന വിശ്വാസത്തില്‍ ജനങ്ങള്‍ ഒരു പാര്‍ട്ടിയെ അധികാരത്തിലേറ്റുമ്പോള്‍,” ആര്‍ച്ച്ബിഷപ് മച്ചാഡോ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ മേയ് 10ന് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുകയാണ്.
രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ പലയിടത്തും ക്രൈസ്തവ സമൂഹങ്ങള്‍ക്കും സമര്‍പ്പിതരായ പ്രേഷിതര്‍ക്കും ദേവാലയങ്ങള്‍ക്കും ആതുരസേവന പ്രസ്ഥാനങ്ങള്‍ക്കും നേരെ സംഘടിതമായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആര്‍ച്ച്ബിഷപ് മച്ചാഡോ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
മണിപ്പൂര്‍ കലാപം വടക്കുകിഴക്കന്‍ മേഖലയ്ക്കും
രാജ്യത്തിനും വിനാശകരം
– ബരേലി ബിഷപ് ഡോ. ഇഗ്നേഷ്യസ് ഡിസൂസ
ബരേലി: മണിപ്പൂരില്‍ കാട്ടുതീപോലെ പടര്‍ന്ന വന്‍തോതിലുള്ള വര്‍ഗീയ കലാപം ഇനിയും മൂര്‍ച്ഛിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനുതന്നെയും ഏറെ വിനാശകരമാകുമെന്ന് ഉത്തര്‍പ്രദേശിലെ ബരേലി ബിഷപ് ഡോ. ഇഗ്നേഷ്യസ് ഡിസൂസ അതിക്രമങ്ങളെ ശക്തമായി അപലിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.
മേയ് മൂന്നു മുതല്‍ മണിപ്പൂരില്‍ പടര്‍ന്നുപിടിച്ച വര്‍ഗീയ കലാപം ക്രമസമാധാനതര്ച്ചയുടെ അത്യന്തം അസ്വാസ്ഥ്യജനകമായ തെളിവാണ്. നൂറുകണക്കിന് വീടുകളും ദേവാലയങ്ങളും വാഹനങ്ങളും വസ്തുവകകളും നശിപ്പിക്കപ്പെടുകയും കൊള്ളിവയ്ക്കപ്പെടുകയും ചെയ്തു. പ്രത്യേക ഇടങ്ങള്‍ തിരഞ്ഞുപിടിച്ച് കൊള്ളയടിക്കുകയും ആക്രമിക്കുകയുമാണുണ്ടായത്. നിഷ്കളങ്കരായ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു, ഒട്ടേറെപ്പര്‍ക്ക് പരിക്കേറ്റു. ആയിരകണക്കിന് ആളുകള്‍ മണിപ്പൂര്‍ സംസ്ഥാനത്തുനിന്ന് പലായനം ചെയ്യുകയാണ്.
അക്രമം ഇപ്പോള്‍ ഡല്‍ഹിയിലേക്കും പടര്‍ന്നിരിക്കുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റി നോര്‍ത്ത് ക്യാമ്പസില്‍ താമസിക്കുന്ന ഒരുകൂട്ടം വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണമുണ്ടായി. മണിപ്പൂരിന്റെ സമീപ സംസ്ഥാനങ്ങളിലേക്കും അക്രമം വ്യാപിച്ചേക്കുമെന്ന ആശങ്ക നിലനില്ക്കുന്നു. ഇത് അത്യന്തം ആപല്‍ക്കരമാണ്.
മനുഷ്യരെ കൊല്ലുന്നതിനെ ഒരു പ്രത്യയശാസ്ത്രത്തിനും ന്യായീകരിക്കാനാവില്ല. ഈ വിഷമസന്ധിയില്‍, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെക്കുറിച്ചാണ് നമ്മള് ചിന്തിക്കുന്നത്. മണിപ്പൂരിലെ അക്രമസംഭങ്ങളെ താന്‍ ശക്തമായി അപലപിക്കുന്നുവെന്ന് ബിഷപ് ഡിസൂസ പ്രസ്താവനയില്‍ പറഞ്ഞു.
ശത്രുതകള്‍ക്ക് അറുതിവരുത്താനും സ്ഥിതിഗതികള്‍ ശാന്തമാക്കാനും പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ അനുരഞ്ജന സംവാദം ആരംഭിക്കാനും സംസ്ഥാന, കേന്ദ്ര ഗവണ്മെന്റുകള് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സ്ഥിതിഗതികള്‍ സ്വാധീനിക്കാന്‍ പ്രാപ്തിയുള്ളവര്‍ സമാധാനത്തിനുവേണ്ടി അത് വിനിയോഗിക്കുകയും അക്രമത്തിന് അറുതിവരുത്താനുള്ള ശ്രമങ്ങളെ പിന്താങ്ങാനും ക്രമസമാധാനം പുനഃസ്ഥാപിച്ചി സ്ഥിതിഗതികള്‍ സാധാരണനിലയിലേക്കു കൊണ്ടുവരാനും സന്നദ്ധരാകണം.
മണിപ്പൂര്‍ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളെയും മതനിരപേക്ഷ വിഭാഗങ്ങളെയും ഓര്‍മിപ്പിക്കട്ടെ. ദുരിതപൂരിതമായ ഈ സന്ദര്‍ഭത്തില്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു; സംസ്ഥാനത്ത് ജനാധിപത്യമൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനും സമാധാനപൂര്‍ണവും സുരക്ഷിതവുമായ ഭാവി സംസ്ഥാനത്തിന് ഉറപ്പുവരുത്താനുമുള്ള അവരുടെ പരിശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്ന് ബിഷപ് ഇഗ്നേഷ്യസ് ഡിസൂസ സന്ദേശത്തില്‍ പറഞ്ഞു.