മനസറിഞ്ഞ് ഒരു ധ്യാനം കൂടണമെന്ന് ആഗ്രഹമുണ്ടോ? വെല്ലൂര്‍ സിഎംസി ആശുപത്രിയിലേക്കു ചെല്ലുക. അവിടെയുള്ള ഏതെങ്കിലും ഒരു രോഗിയെ ശുശ്രൂഷിച്ച് ഒരാഴ്ച കഴിയുക. മതി, പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ അകത്തേക്കു കയറിയ വ്യക്തിയായിരിക്കില്ല, തീര്‍ച്ച. കുറ്റംപറച്ചിലും പരാതി പറച്ചിലും അഹങ്കാരവും ഇല്ലായ്മ പറച്ചിലും ഏറ്റവും കുറഞ്ഞത് 50 ശതമാനമെങ്കിലും ഇല്ലാതാകും, ഈ ധ്യാനം കൂടിയിറങ്ങിവരുമ്പോള്!
കഴിഞ്ഞ 10 വര്‍ഷമായി ഇങ്ങനെ നിരന്തരം ധ്യാനത്തിലായ ഒരു അമ്മയെ പരിചയപ്പെടുത്താം.- ജ്യോതി. വെല്ലൂരാണ് താമസം. കൂടെയുള്ളത് 12 വയസുകാരി മകള്‍. രണ്ടു വയസുവരെ വീട്ടിനകത്തും പുറത്തും പിന്നെ, അപ്പന്റേയും അമ്മയുടേയും മനസിനകത്തും പുഞ്ചിരിയുടെ പൂത്തിരിയും കത്തിച്ച് ഓടി നടന്നിരുന്നവള്‍. ഭക്ഷണം ഒരു തരി തൊണ്ടയില്‍ കുരുങ്ങിയതാണ്. ശ്വാസം കിട്ടാതെ പാടുപെടുന്ന രണ്ടുവയസുകാരിയെ കൃത്യം പത്തു മിനിറ്റിനുള്ളില്‍ ആശുപത്രിയിലെത്തിച്ചതുമാണ്. പക്ഷേ തലച്ചോറിലേക്കും ശരീരത്തിലേക്കും ഓക്സിജന്‍ എത്തിച്ചേരാനാവാത്ത തടസമായി അപ്പോഴേക്കും അതു മാറിയിരുന്നു. മൂന്നു മിനിറ്റിലേറെയായാല് തലച്ചോറിലെ സെല്ലുകള്‍ നശിക്കാന്‍ തുടങ്ങും. വൈകുന്ന ഓരോ സെക്കന്റും ജീവിതലേക്കുള്ള തിരിച്ചു വരവ് അസാധ്യമാക്കി ക്കൊണ്ടിരിക്കും. എച്ച്.ഐ.ഇ എന്ന് വൈദ്യശാസ്ത്രം ചുരുക്കപ്പേരില്‍ വിളിക്കുന്ന അവസ്ഥ.അന്ന്, കുഞ്ഞിന്റെ തൊണ്ടയിലെ ഭക്ഷണത്തിന്റെ ആ അംശം പുറത്തെടുക്കാനായെങ്കിലും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനാവാത്ത വിധം വൈകിപ്പോയിരുന്നു.
പത്തു മിനിറ്റ്… വെറും പത്തുമിനിറ്റിനുള്ളില്‍ തനിക്കു മുന്നിലെ ലോകം കീഴ്മേല്‍ മറിയുന്നത് ജ്യോതി അറിഞ്ഞു.
” പത്തു മിനിറ്റു കൂടി സമയം തരാം…. തിരുമാനം പറയണം… ജീവന് തിരിച്ചു കിട്ടിയാലും പൂര്‍ണ്ണമായും കോമ സ്റ്റേജിലായിരിക്കും. ഒരിക്കലും ഒരു മരുന്നുകൊണ്ടും കുഞ്ഞിനെ പഴയതുപോലെ തിരിച്ചെടുക്കാനാവില്ല…. അതല്ല നിങ്ങളുടെ തീരുമാനം മറ്റൊന്നാണെങ്കില്‍… അങ്ങനെ…” ഐസിയുവില്‍ നിന്നു പറത്തുവന്നു സംസാരിച്ച ഡോക്ടറുടെ വാക്കുകള്‍ ജ്യോതിയെ അക്ഷരാര്‍ത്ഥത്തില്‍ പൊള്ളിച്ചു കളഞ്ഞു.
വലിയ സ്വപ്നങ്ങളുമായി ദുബായ് എന്ന സ്വപ്ന നാട്ടില്‍ വന്നിറങ്ങിയതാണ്. കോസ്റ്റ്യൂം ഡിസൈനിങ്ങില്‍ ഉന്നത ബിരുദം. ഹോളിവുഡ് സിനിമകളില്‍പ്പോലും വസ്ത്രാലങ്കാരം ചെയ്യുന്ന വിദേശകമ്പനിയിലെ തിരക്കു പിടിച്ച ജോലി. ഇനിയും ഉയരങ്ങള്‍ നേടാന്‍ കൊതിച്ച് കാത്തിരിക്കുന്ന പ്രായം. വേണ്ടാ.അതൊന്നും വേണ്ടാ. സ്വന്തം സ്വപ്നങ്ങള്ക്കുമുയരെയുള്ള ഒരു സ്വര്‍ഗം സ്വപ്നം കണ്ടു ജീവിക്കാന്‍ അന്നവള്‍ തീരുമാനമെടുത്തു. സ്വര്‍ഗം തന്ന ജീവനെ ജീവനുള്ളിടത്തോളം നെഞ്ചോടു ചേര്‍ത്തു പിടിക്കാനുള്ള തീരുമാനം.
പത്തുമിനിറ്റെന്തിന്? പത്തുസെക്കന്റു പോലുമെടുക്കാതെ അവള് ഡോക്ടറോടു പറഞ്ഞു: “ഏതവസ്ഥയിലാണെങ്കിലും എനിക്കെന്റെ കുഞ്ഞിനെ വേണം”
ഒരു ജീവന് രക്ഷിക്കുക എന്നാല്‍ ദൈവത്തിന്റെ പുസ്തകത്തിലെ ആദ്യ പേജില്‍ പേരെഴുതിച്ചേര്‍ക്കുന്ന പുണ്യമാണെന്നു വിശ്വസിച്ചിരുന്ന ആ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജ്യോതിക്കു കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചു കൊടുത്തു, വെന്റിലേറ്ററില്‍. അങ്ങനെ 2013 ജൂലൈ മുതല്‍ ജ്യോതിയുടേയും കുടുംബത്തിന്റേയും ജീവിതം കുഞ്ഞിന്റെ കട്ടിലിനോടു ചേര്‍ന്നു കെട്ടപ്പെട്ടു. കുരിശിനോടു ചേര്‍ന്നു കെട്ടപ്പെട്ട യേശുവിന്റെ ജീവിതം പോലെ.
ഭക്ഷണം ഇറക്കാനാവാത്തതുകൊണ്ട് മൂക്കിലൂടെ കുഴലിട്ടു. ശ്വാസത്തിനു കഴുത്തിലൊരു ദ്വാരം. ശ്വാസകോശത്തില്‍ ഇടയ്ക്കിടയ്ക്ക് കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള കഫം വലിച്ചെടുക്കാന്‍ അവിടേയ്ക്ക് ഒരു കുഴല്‍. എപ്പോള്‍ വേണമെങ്കിലും കഫം രൂപപ്പെട്ട് കുഴല്‍ അടഞ്ഞു പോകാമെന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് കഫം പുറത്തെടുത്തുകൊണ്ടിരിക്കണം. ഓരോ നിമിഷവും വായില്‍ നിറയുന്ന ഉമിനീര് കുഴല്‍ വഴി ശ്വാസകോശത്തിലേക്കു പോകാനുള്ള സാധ്യതയുള്ളതുകൊണ്ട്, അതും വലിച്ചെടുത്തുകൊണ്ടിരിക്കണം. 24 മണിക്കൂറും കണ്ണിമയ്ക്കാതെ കൂടെ ഒരാള്‍ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ.
കഴിഞ്ഞ പത്തുവര്‍ഷമായി, ജ്യോതി രാത്രി ഉറങ്ങാറേയില്ല.
പകല്‍, സഹായത്തിനൊരാള് കുഞ്ഞിന്റെ കൂടെ നില്ക്കുന്ന നേരം അല്പം ഒന്നുറങ്ങും. ബാക്കി സമയം മുഴുവന്‍, രാത്രിയില്‍ പൂര്‍ണമായും, കുഞ്ഞിനരികില്‍ ജ്യോതിയുണ്ട് കാവലായി. ഇടയ്ക്കിടയ്ക്ക് സമയമേറെയെടുത്തിട്ടായാലും ഭക്ഷണം കൊടുക്കണം. അത് ദഹിച്ചോ എന്നു നോക്കണം. പാഡു മാറ്റി കുഞ്ഞിനെ വൃത്തിയാക്കണം., കഫം കെട്ടാറായി എന്നറിഞ്ഞാല്‍, അതു സക്ഷന്‍ ചെയ്തെടുക്കണം. ഒരിക്കലും അവസാനിക്കാത്ത പണികളുമായി വിശ്രമിക്കാനാവാത്ത ജീവിതവുമായി, ഒരു നോട്ടം കൊണ്ടോ പുഞ്ചിരി കൊണ്ടോ പോലും തിരികെ പ്രതികരണം കിട്ടാതെ ഇവിടെ ഒരമ്മ.
എങ്കിലും, ഈ അമ്മയ്ക്കും മകള്‍ക്കുമിടയില്‍ അവര്‍ക്കു മാത്രം മനസിലാകുന്ന ഒരു അന്തര്‍ധാര സജീവമാണ്. മകളുടെ ശ്വാസത്തിന്റെ താളം ഇപ്പോള്‍ അമ്മയ്ക്ക് മനഃപാഠമാണ്. അതിലൊരു വ്യത്യാസം വന്നാല്‍ അമ്മയ്ക്കറിയാം. അതു വിശന്നിട്ടാണോ, ശ്വാസം തടസപ്പെട്ടിട്ടാണോ, പാഡ്മാറ്റിത്തരണം എന്നു പറയാനാണോ അമ്മ ഒന്ന് അടുത്തു കൈപിടിച്ചു കൂടെയിരിക്കണം. എന്നു പറയാനാണോ… അങ്ങനെ എല്ലാം.
ചില രാത്രികളും പകലുകളും അന്തമില്ലാത്ത മണിക്കൂറുകളോളം ഈ പന്ത്രണ്ടു വയസുകാരിയെ മടിയില്‍ നിന്നും മാറ്റാതെ അമ്മ ചേര്‍ത്തു പിടിച്ചിരിക്കും, അമ്മ മറിയത്തിന്റെ മടിയില്‍ യേശുവിനെ എന്ന പോലെ. പരാതിയില്ലാതെ ഒരു തുള്ളി കണ്ണുനീരൊഴുകിയിറങ്ങാതെ, നിരാശയ്ക്കു പിടികൊടുക്കാതെ ചോദ്യങ്ങള്‍ ചോദിക്കാതെ പത്തുവര്‍ഷമായി ഇവിടെ ഒരമ്മ.
ജ്യോതീ, വിശ്വാസത്തിന്റെ ഈ ജ്യോതി എങ്ങനെ കത്തിച്ചുയര്‍ത്തി പിടിക്കാന്‍ കഴിയുന്നു? ഇത്രയും വായിച്ചപ്പോള്‍ അങ്ങനെയൊരു ചോദ്യം നിങ്ങളിലുയരുന്നുണ്ട്, അല്ലേ? ജ്യോതിക്ക് വ്യക്തമായ മറുപടിയുണ്ട്. പ്രശ്നങ്ങളും ദുരന്തങ്ങളും വരുമ്പോള്‍ ഉണ്ടാക്കിയെടുക്കേണ്ടതല്ല വിശ്വാസം. അതിനു മുന്‍പേ വിശ്വാസം ദൃഢപ്പെടുത്തിയിട്ടുണ്ടാകണം. ബലമുള്ള വിശ്വാസമാണെങ്കില്‍ ദൈവത്തെ വിട്ടുപോകാനാവില്ല. ദൈവമറിയാതൊന്നും ജീവിതത്തിലുണ്ടാവില്ല എന്ന വിശ്വാസം ചെറുതിലേ കിട്ടണം. ഒരു ഘട്ടത്തിനപ്പുറത്തേക്കു തന്നെ വലിച്ചു താഴ്ത്താന്‍ ഒരു സങ്കടത്തിനും ആവില്ല എന്ന ഉറപ്പ് ജ്യോതിക്കുണ്ട്. ദൈവവചനമാണ് ബലം. വെറുതെ ബൈബിള്‍ വായനയല്ല, ബൈബിള്‍ പഠനമാണ് ജ്യോതി നടത്തുന്നത്. രാത്രിയാമങ്ങളില്‍ കുഞ്ഞിന്റെ കട്ടിലിനോടു ചേര്‍ന്നുള്ള കസേരയിലിരുന്നു ജ്യോതി വചനം പഠിക്കുന്നു, വിചിന്തനം ചെയ്യുന്നു, കിട്ടുന്ന ഉള്‍ക്കാഴ്ചകള്‍ പുസ്തകത്താളുകളില്‍ കുഞ്ഞു കുറിപ്പുകളാക്കുന്നു.
1 കൊറി 10,13 ആണ് ജ്യോതിയുടെ ഹൃദയത്തോടു ചേര്‍ന്നു നില്ക്കുന്ന ദൈവവചനം. മനുഷ്യന്റെ ശക്തിക്കതീതമായ പരീക്ഷണ വഴികളിലേക്കു നയിക്കാത്തവനാണ് നമ്മുടെ ദൈവം. പരീക്ഷണങ്ങള്‍ക്ക് നമ്മെ വിട്ടുകൊടുക്കുന്നവന് തന്നെ, അവയെല്ലാം അതിജീവിക്കാന്‍ വേണ്ട ശക്തിയും തരും.
സഹനം തരുന്നുണ്ടെങ്കില്‍, അതിലൂടെ ഒരു പോക്കുവഴിയും അവന് ഒരുക്കും. അതിനറ്റത്ത് ഒരു ഉയിര്‍പ്പും ഉണ്ടാകും. ഉറപ്പ്. അതിന് ചിലപ്പോള്‍ ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ പത്തുവര്ഷമോ അതിലേറെയോ എടുത്തേക്കാം. എന്നാലും അതുണ്ടാകും എന്നത് നിശ്ചയം. ജ്യോതിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, “ദൈവത്തെ അറിയുക എന്നതാണ് ഏറ്റവും വലിയ ഉയിര്‍പ്പ്. സത്യത്തില്‍ ഞാനറിഞ്ഞിടത്തോളം എത്രപേര്‍ ദൈവത്തെ അറിഞ്ഞിട്ടുണ്ട്? എനിക്കു സംശയമാണ്. ദൈവത്തിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ഗുണവിശേഷങ്ങള്‍ അറിഞ്ഞയാളാണ് ഞാന്‍. അതെനിക്കറിയണം. അറിഞ്ഞേ തീരു എന്ന് ഞാന്‍ ആഗ്രഹിച്ചു ശ്രമിച്ചതുകൊണ്ടാണത്. അറിയാന്‍ ആഗ്രഹമുള്ളവന്റെ മുന്നില്‍ ഞാന്‍ എന്നെത്തന്നെ വെളിപ്പെടുത്തും എന്ന് ദൈവം തന്നെ വചനത്തില്‍ നമ്മോടു പറഞ്ഞിട്ടുള്ളതല്ലേ…?”
തന്റേത് തികച്ചും ഒറ്റപ്പെട്ട ഒരു ജീവിതാനുഭവമല്ല എന്നും ഓര്‍മിപ്പിക്കാന്‍ ജ്യോതിക്ക് ആഗ്രഹമുണ്ട്. ജനിച്ചപ്പോള്‍ മുതല്‍ ശ്വാസത്തിലൂടെ മാത്രം ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിയാവുന്ന ഒരു മകനെയുമായി 38 വര്‍ഷമായി ജീവിക്കുന്ന വേറെ ഒരമ്മയെ ഈയമ്മയ്ക്കറിയാം. കൈമാറി ഏല്‍പ്പിക്കാന്‍ വേറൊരാള് പോലുമില്ലാതെ എത്രനാളെന്നറിയാതെ ഒരു നിമിഷാര്‍ധം പോലും നോട്ടം പിഴയ്ക്കാന്‍ അനുവദിക്കാതെ ഇത്തരം മക്കളെ നോക്കുന്ന ഇനിയും എത്രയോ അമ്മമാര്‍.
വെല്ലൂരിലേതു പോലെയുള്ള, ഇത്തരം കുഞ്ഞുങ്ങള്‍ക്കുള്ള ആശുപത്രി ഐസിയുകള്ക്കുള്ളില് നിന്നാല്‍ സ്വന്തം ഇല്ലായ്മകളും ദുരന്തങ്ങളുമോര്ത്ത് പിന്നീടൊരിക്കലും നമ്മുടെ മിഴിനിറയില്ല, വിതുമ്പാന്‍ പോലും നമുക്കാവില്ല.
71-ാം സങ്കീര്‍ത്തനത്തിലെ വൃദ്ധനായ ദാവീദിന്റെ പ്രാര്‍ഥന കൂട്ടുപിടിച്ചാണ് ജ്യോതി സംഭാഷണം അവസാനിപ്പിച്ചത്. ‘യൗവന കാലം മുതല്ക്കേ ദൈവമേ നീ എന്നെ അറിഞ്ഞു, തിരഞ്ഞെടുത്തു, ഉരുക്കി വാര്‍ത്ത് ഒരുക്കി എടുത്തു. അതുകൊണ്ട് എനിക്കുറപ്പാണ് കഷ്ടതകള്‍ക്കൊടുവില്‍, ഭൂമിയുടെ ആഴത്തില്‍ നിന്ന് നീ എന്നെ ഉയര്‍ത്തിയെടുക്കും….
രക്തം വിയര്‍ക്കും പോലെ മനസും ശരീരവും പിടയ്ക്കുന്ന ഗദ്സെമിനിയിലൂടെ ജ്യോതി കടന്നു പോയിട്ടുണ്ട്. സാധ്യമെങ്കില്‍, എനിക്കു വച്ചുനീട്ടിയിട്ടുള്ള പാനപാത്രത്തിനുള്ളിലെ കയ്പ്പൊരല്പം കുറച്ച് തരണമെന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങളുണ്ട്. സഹനം മുറുകി ഉയര്ത്തപ്പെടുമ്പോള് സ്വര്‍ഗത്തിലേക്ക് നോക്കി വിളിച്ചപേക്ഷിച്ചിട്ടുണ്ട്… അപ്പോഴെല്ലാം ഒരേയൊരുത്തരമാണ് കിട്ടിയത്.”കൃപമതി… നിന്റെ ബലഹീനതയില്‍ എന്റെ ശക്തി പ്രവര്‍ത്തിച്ചു കൊള്ളും…”
അത്യപൂര്‍വ്വമായ ഒരു ദൈവവിളിയുടെ പേരാണ് ജ്യോതി. സഹനങ്ങള്ക്കിടയിലൂടെ ആഗ്രഹിച്ചു ചോദിക്കുന്നതുകൊണ്ട് മറ്റാര്‍ക്കും അനുഭവിക്കാന്‍ അവസരം കിട്ടാത്ത ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ രുചിച്ചറിയാന്‍ അവസരം കിട്ടിക്കൊണ്ടേയിരിക്കുന്നവള്. ഓരോ പുതിയ അറിവിലും ഓരോ പുതിയ ഉയിര്‍പ്പ് അനുഭവിക്കാന്‍ ദൈവവിളിയേറ്റെടുത്തവള്.
ഭൂമിക്കടിയിലേക്കു ഒതുക്കിയിട്ടും മൂന്നാം നാള് ജ്വലിച്ചുയര്‍ന്നുവന്ന ഉയിര്പ്പുവെട്ടം പോലെ ‘ജ്യോതി’ എന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട്, സഹനങ്ങള്‍ക്കു മേല്‍ ഉദിച്ചുയര്ത്തു നില്ക്കുന്നു ജ്യോതി.