ലൂക്കാസ് ഡോണ്ട് സംവിധാനം ചെയ്ത ബെല്‍ജിയം സിനിമയാണ് ‘ക്ലോസ്’. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ഇത്തവണത്തെ ഓസ്കറിന്റെ തൊട്ടടുത്ത് എത്തിയ ചിത്രം. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ നിരൂപക പ്രശംസ നേടുകയും ഗ്രാന്‍ഡ് പ്രിക്സ് നേടുകയും ചെയ്തു. മികച്ച ചിത്രത്തിനുള്ള ആന്ദ്രേ കാവന്സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടി.
ബെല്‍ജിയത്തിലെ ഒരു ഗ്രാമത്തിലാണ് ‘ക്ലോസ്’ സംഭവിക്കുന്നത്. 13 വയസുള്ള രണ്ട് ആണ്‍കുട്ടികളുടെ അടുത്ത സൗഹൃദമാണ് പ്രതിപാത്യം. സ്കൂള്‍ ജീവിതകാലം എല്ലാവരുടേയും ജീവിതത്തിലെ മറക്കാനാകാത്ത കാലമായിരിക്കും. അവിടെയാണ് കുടുബത്തിനു പുറത്ത് നമുക്ക് അടുത്ത ബന്ധങ്ങള്‍ നാമ്പിടാന്‍ തുടങ്ങുന്നത്. ചില ബന്ധങ്ങള്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാറുമുണ്ട്. ബന്ധങ്ങള്‍ പോലെ തന്നെയാണ് ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും. പ്രായത്തിന്റെ നിഷ്കളങ്കതയ്ക്കപ്പുറത്ത് ചിലപ്പോള്‍ ദുരന്തങ്ങളും സംഭവിക്കാറുണ്ട്.
ലിയോയും (ഈഡന് ഡാംബ്രൈന്) റെമിയും (ഗുസ്താവ് ഡി വെയ്ലെ) വേര്‍പിരിയാനാകാത്ത വിധത്തിലുളള സുഹൃത്തുക്കളാണ്. ഇരുവരും അവരുടെ കുടുംബങ്ങള്‍ ജോലിചെയ്തിരുന്ന ചെറിയ പൂന്തോട്ട കൃഷിയിടങ്ങളിലാണ് വളര്‍ന്നത്. അവര്‍ ഒരുമിച്ചു പഠിക്കുന്നു, കളിക്കുന്നു, സൈക്കിളില്‍ യാത്ര ചെയ്യുന്നു, അത്താഴത്തിനും ഉറങ്ങാനും ഒരാള്‍ പലപ്പോഴും മറ്റൊരാളുടെ വീട്ടില്‍ പോകുന്നു. രണ്ടു കൂട്ടരുടേയും മാതാപിതാക്കള്‍ ഈ കൂട്ടുകെട്ട് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. റെമിയുടെ മാതാപിതാക്കളായ സോഫിയും പീറ്ററും ലിയോയെ തങ്ങളുടെ മറ്റൊരു മകനായി തന്നെ സ്നേഹിക്കുന്നു.
രണ്ട് കൂട്ടുകാരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. അവര്‍ തൊട്ടടുത്തിരിക്കുന്നു. ജീവിതം സന്തോഷകരവും സമാധാനപരവുമായി നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കന്റീനില്‍ വച്ച് അവരുടെ സമപ്രായക്കാരിയായ പെണ്‍കുട്ടി ചോദിക്കുന്നു, ‘നിങ്ങള്‍ ഒരുമിച്ചാണോ?’ നമുക്ക് പെട്ടെന്ന് മനസിലാകില്ലെങ്കിലും ഒരു യൂറോപ്യന്‍, പാശ്ചാത്യന്‍ ഈ ചോദ്യം എളുപ്പം പിടികിട്ടും. നിങ്ങള്‍ സ്വവര്ഗസ്നേഹികളാണോ എന്ന ചോദ്യം ആ സംസ്കാരത്തിന് ഒട്ടും അന്യമല്ല. പക്ഷേ, അവിടെ പോലും അത്തരമൊരു ചോദ്യം തിരിച്ചറിയാനാകുമെങ്കിലും അതിന്റെ ആഴം ആ പ്രായത്തിലുളള കുട്ടികളെ വേദനിപ്പിക്കുമെന്നാണ് ‘ക്ലോസ്’ കാണുമ്പോള്‍ തിരിച്ചറിയേണ്ടത്. ലിയോക്കും റെമിക്കും അസ്വസ്ഥതയുണ്ടാക്കുന്ന സംശയങ്ങളാണ് മറ്റു സഹപാഠികളില്‍ നിന്നുമുണ്ടാകുന്നത്.
ലിയോയെയാണ് റെമിയേക്കാള് അത് മാനസികമായി ബാധിക്കുന്നത്. അത്തരമൊരു തെറ്റായ ധാരണ മറ്റുള്ളവരില്‍ വളര്‍ത്താന്‍ അവനാഗ്രഹിക്കുന്നില്ല. റെമിയാകട്ടെ അത് കാര്യമായെടുക്കുന്നില്ല. ലിയോ റെമിയെ ഒഴിവാക്കാന്‍ തുടങ്ങുന്നു. അവന് പുതിയ സൗഹൃദങ്ങള്‍ തേടുന്നു. റെമിയെ ഒഴിവാക്കി തനിച്ച് ഐസ് ഹോക്കി ടീമില്‍ ചേരുന്നു. സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ റെമിയില്‍ നിന്നു മാറി മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നു. ഇപ്പോള്‍ അവര്‍ ക്ലാസില്‍ എതിര്‍വശങ്ങളിലാണ് ഇരിക്കുന്നത്. ഒരിക്കല്‍ സാധാരണ പോലെ തമ്മില്‍ കളിയായി ആരംഭിച്ച ദ്വന്ദയുദ്ധം കാര്യമാകുന്നു. അപ്പോഴാണ് ലിയോ തന്നില്‍ നിന്ന് അകലുകയാണെന്ന യാഥാര്‍ത്ഥ്യം റെമി മനസിലാക്കുന്നത്. ഇതവനെ വേദനിപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. സംഭവങ്ങള്‍ അവര്‍ മാതാപിതാക്കളോട് പറയുന്നില്ല. പലപ്പോഴും റെമി ഇടപെടാന്‍ ശ്രമിച്ചിട്ടും ലിയോ റെമിയില്‍ നിന്ന് അകന്നുപോകുകയാണ്. ഒരുമിച്ചുള്ള യാത്രകളും കളികളും തീരെ ഇല്ലാതായി. ലിയോ റെമി ഒഴികെയുള്ള കുട്ടികളുമായി സൈക്കിള്‍ ചവിട്ടുന്നു, കുടുംബത്തോടൊപ്പം ഫാമില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. എന്തുകൊണ്ടാണ് അവര്‍ ഒരുമിച്ച് സമയം ചെലവഴിക്കാത്തത് എന്നതിനെക്കുറിച്ച് റെമി ഒടുവില്‍ ലിയോയോട് തുറന്നു ചോദിക്കുന്നു. ലിയോ ഒഴിഞ്ഞു മാറുമ്പോള്‍ അസ്വസ്ഥനും കോപാകുലനുമായ റെമി കളിസ്ഥലത്ത് മറ്റുള്ളവരുടെ മുന്നില്‍ ലിയോയുമായി ശണ്ഠ കൂടുന്നു. ഒരിക്കല്‍ ഒരു സ്കൂള്‍ ട്രിപ്പില്‍ റെമിയെ കാണുന്നില്ല. റെമി ആത്മഹത്യ ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ലിയോ കേള്‍ക്കുന്നത്. റെമി സ്വയം ജീവനൊടുക്കാന്‍ കാരണം തന്റെ അകല്‍ച്ചയാണെന്ന് അവന് മനസിലാകുന്നു.
ഐസ് ഹോക്കിയിലും പൂന്തോട്ടപരിപാലനത്തിലും മുഴുകി തന്റെ ഉള്ളിലെ വേദനയെ അടിച്ചമര്‍ത്താനും മറക്കാനും ലിയോ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമായിരുന്നു ഫലം. തന്റെ പുതിയ സൗഹൃദങ്ങളൊന്നും റെമിയുമായി ഉണ്ടായിരുന്ന ആഴത്തിലുള്ള ബന്ധത്തിന്റെ അടുത്തുപോലും വരുന്നില്ലെന്ന് അവന് മനസിലാകുന്നു. റെമിയുടെ അമ്മ സോഫിയുമായി ലിയോക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. റെമിയുടെ അച്ഛന് പീറ്ററിനേയും സോഫിയേയും സന്ദര്‍ശിക്കണമെന്നും എല്ലാം തുറന്നുപറയണമെന്നും അവനാഗ്രഹിക്കുന്നു. പക്ഷേ കഴിയുന്നില്ല. അവര്‍ എങ്ങിനെ പ്രതികരിക്കുമെന്ന് അവനു ഭയമുണ്ട്.
ഒരിക്കല്‍ സോഫിയും പീറ്ററും ലിയോയുടെ കുടുംബത്തോടൊപ്പം അത്താഴം കഴിക്കുന്നു. ലിയോയുടെ പിതാവ് ചാര്‍ലി ലിയോയെ കുറിച്ചുള്ള തന്റെ ഭാവിപദ്ധതികള്‍ വിവരിക്കുമ്പോള്‍ പീറ്റര്‍ പൊട്ടിക്കരയുന്നു. സോഫിയും പീറ്ററും റെമിയെ കുറിച്ചോര്‍ത്ത് വിലപിക്കുമ്പോള്‍ ലിയോ ആകെ തകരുകയാണ്. അടുത്ത വേനല്‍ക്കാല അവധിക്കാലം ആരംഭിക്കുമ്പോള്‍, ലിയോ മുന്നറിയിപ്പില്ലാതെ സോഫിയെ അവളുടെ ജോലിസ്ഥലത്ത് സന്ദര്‍ശിക്കുന്നു. അവള് അവനെ വീട്ടിലേക്ക് കൊണ്ടുപോയി. ഒടുവില്‍ വളരെ ബുദ്ധിമുട്ടി അവന് അവളോട് സംഭവിച്ച കാര്യങ്ങള്‍ ഏറ്റുപറയുന്നു. റെമിയുടെ ആത്മഹത്യ താന്‍ മൂലം സംഭവിച്ചതാണെന്ന് താന്‍ കരുതുന്നുവെന്ന് അവന് പറയുന്നു. ഇരുവരും ഒരുമിച്ച് കരയുന്നു. അവള് അവനെ ആര്‍ദ്രതയോടെ കെട്ടിപ്പിടിക്കുന്നു. ലിയോക്ക് അതു വളരെ ആശ്വാസമായിരുന്നു. ആ വീട്ടില്‍ സുഹൃത്തിന് പകരക്കാരനാകാന്‍ അവന് അഗ്രഹിച്ചിട്ടുണ്ടാകാം. കുറച്ചുകാലം കഴിഞ്ഞ് വീണ്ടും ലിയോ തന്റെ സുഹൃത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ അവര്‍ വീടുപൂട്ടി ആ സ്ഥലം ഉപേക്ഷിച്ചു പോയിട്ടുണ്ടായിരുന്നു. ലിയോയുടെ തകര്‍ച്ച അവടെ പൂര്‍ണമാകുകയാണ്. തന്റെ ഉറ്റസുഹൃത്ത് ആത്മഹത്യ ചെയ്തതും കുടുംബം തകര്‍ന്നതും പോലെ ലിയോ ജീവിതകാലം മുഴുവന്‍ അതിന്റെ വേദനയും കുറ്റബോധവും അനുഭവിക്കാന്‍ പോകുന്നു എന്ന അറിവാണ് ആ ഘട്ടത്തില്‍ നമുക്കുണ്ടാകുന്നത്.
അഭിനേതാക്കളുടെ പ്രകടനങ്ങളും (പ്രത്യേകിച്ച് കുട്ടികളുടെ) സംവിധാനവും തിരക്കഥയുടെ ഒതുക്കവും ഛായാഗ്രഹണത്തിന്റെ മനോഹാരിതയും ഇഷ്ടപ്പെടുമ്പോള്‍ തന്നെ കഥയില്‍ നമ്മെ അസ്വസ്ഥമാക്കുന്ന ചിലതാണ്, സ്വവര്‍ഗസ്നേഹത്തെ കുറിച്ചുളള സൂചനകളും കുട്ടിയുടെ ആത്മഹത്യയും. ലിയോയും റെമിയും അകലാനും റെമിയുടെ ജീവനൊടുക്കാനും കാരണമായവരില്‍ ചിലര്‍ തന്നെയാണ് കടുത്ത ഏകാന്തതയും വേദനയും അനുഭവിക്കുന്ന ലിയോയെ ആശ്വസിപ്പിക്കാനെത്തുന്നതെന്നും ശ്രദ്ധേയമാണ്. ജിവിതത്തില്‍ പലപ്പോഴും സംഭവിച്ചേക്കാവുന്ന കാര്യങ്ങളാണിത്.