കോട്ടയം: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിലിന്റെ ഭൗതികദേഹം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തത്. അദ്ദേഹത്തിന് 92 വയസായിരുന്നു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ചങ്ങനാശേരി മെട്രോപൊലീത്തന്‍ കത്തീഡ്രലില്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് മാര്‍ച്ച് 21 നാണ് തുടക്കമായത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും മറ്റു മെത്രാപോലീത്തമാരും മെത്രാന്മാരും സഹകാര്‍മ്മികരായിരുന്നു. കത്തീഡ്രലിനോടു ചേര്‍ന്നുള്ള മര്‍ത്ത് മറിയം കബറിട പള്ളിയിലാണ് ഭൗതികശരീരം സംസ്കരിച്ചത്.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നഗരികാണിക്കല്‍ ചടങ്ങില്‍ 250 പരം ഇടവകളില്‍ നിന്നു വിശ്വാസികള്‍ പങ്കെടുത്തു. പ്രിയ ഇടയന് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രലില്‍ ഒഴുകിയെത്തിയത്. 20ന് രാവിലെ ചങ്ങനാശേരി രൂപത ആസ്ഥാനത്ത് പ്രാര്‍ഥനകള്‍ക്ക് ശേഷം വിലാപയാത്രയായാണ് മൃതദേഹം കത്തീഡ്രലിലേക്കു കൊണ്ടുപോയത്.
കത്തീഡ്രലില്‍ മാര്‍ പൗവത്തിലിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെത്തി. സ്പീക്കര്‍ എ. എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ വി.എന്‍ വാസവന്, സജി ചെറിയാന്, റോഷി അഗസ്റ്റിന്, എംപിമാരായ ജോസ് കെ. മാണി, കൊടിക്കുന്നില്‍ സുരേഷ്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, എംഎല്‍എമാരായ പി.ജെ ജോസഫ്, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല, മാണി സി. കാപ്പന്, അഡ്വ. ജോബ് മൈക്കിള്‍, ഗണേഷ്കുമാര്, മുന്‍ മന്ത്രിമാരായ തോമസ് ഐസക്, കെ.സി ജോസഫ്, മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, സിപിഎം ജില്ലാ സെക്രട്ടറി എ.വി റസ്സല്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പിഎസ്എം ബഷീര്‍ തുടങ്ങി വിവിധ സാമുദായിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ളവരെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
സംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം 22ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ നയിച്ചു. കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്കി. ഫ്രാന്‍സിസ് പാപ്പയ്ക്ക് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി അയച്ച അനുശോചന സന്ദേശം ബിഷപ് മാര്‍ തോമസ് പാടിയത്ത് വായിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു വച്ച മാര്‍ പൗവ്വത്തലിന്റെ ജീവിതരേഖ ഭൗതിക ശരീരത്തോടൊപ്പം പെട്ടിയില്വെച്ച്് അടക്കം ചെയ്തു.
കെസിബിസി പ്രസിഡന്റ്
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ
കേരള കത്തോലിക്ക മെത്രാന് സമിതിയുടേയും ഭാരത കത്തോലിക്ക മെത്രാന് സമിതിയുടേയും അധ്യക്ഷനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ നിര്‍ണായക ഘട്ടങ്ങളില്‍ സഭയ്ക്ക് ദിശാബോധം നല്‍കിയിട്ടുള്ള വൈദിക മേലധ്യക്ഷനായിരുന്നുവെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുസ്മരിച്ചു. സീറോ മലബാര്‍ സഭയുടെ സഭാദര്‍ശനത്തെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ ഒരു പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. അജപാലന ശുശ്രൂഷയുടെ പുതിയ വഴികള്‍ ചങ്ങനാശേരി അതിരൂപതയ്ക്കും കാഞ്ഞിരപ്പള്ളി രൂപതയ്ക്കും അദ്ദേഹം നല്കി. വിദ്യാഭ്യാസ മേഖലയിലും വികസന മേഖലയിലും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വേറിട്ടതും ശ്രദ്ധേയമായതുമാണ്. പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി, കുട്ടനാട് വികസന സമിതി തുടങ്ങിയ സംഘടനകള്‍ രൂപീകരിച്ച് അവികസിത പ്രദേശങ്ങളില്‍ വളര്‍ച്ചയുടെ വിത്തുകള്‍ പാകി.
കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ അധ്യക്ഷനെന്ന നിലയില്‍ മലയോര കര്‍ഷകരുടെ അതിസങ്കീര്‍ണമായ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് നേരിട്ട് ബോധ്യപ്പെടുകയും കര്‍ഷകരുടെ ഉന്നമനത്തിനായി യത്നിക്കുകയും ചെയ്തു.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ വികസനം നടക്കൂ എന്ന് നല്ല ബോധ്യമുണ്ടായിരുന്ന അദ്ദേഹം കേരള സഭയിലും ഭാരത സഭയിലും വിദ്യാഭ്യാസ ദര്‍ശനത്തിനു ഏറെ കരുത്ത് നല്‍കിയിട്ടുള്ള വിദ്യാഭ്യാസ വിചക്ഷണനാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷണം എന്നത് കുറച്ചു ആളുകളുടെ നിലനില്‍പ്പിന്റെ വിഷയം എന്നതിനപ്പുറത്ത് ഭാരത സംസ്കാരത്തിന്റെ നിലനില്പിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം നിരന്തരം ഉത്ബോധിപ്പിച്ചുകൊണ്ടിരുന്നു. നിലപാടുകളിലെ കാര്‍ക്കശ്യം വ്യത്യസ്തനാക്കുമ്പോഴും ജീവിതത്തിലെ എല്ലാതലങ്ങളിലും അദ്ദേഹം ലാളിത്യം പുലര്‍ത്തിയെന്നും കെസിബിസി പ്രസിഡന്റ് പറഞ്ഞു.
കെആര്‍എല്‍സിബിസി പ്രസിഡന്റ്
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
കേരളത്തിന്റെ ആധ്യാത്മിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ തിളങ്ങിനിന്ന വ്യക്തിത്വവും ധാര്‍മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന കത്തോലിക്ക സഭയുടെ ഉറച്ച ശബ്ദവുമായിരുന്നു ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് പൗവത്തിലിന്റേതെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. മികച്ച അധ്യാപകനെന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് സുവ്യക്തമായ നിലപാടുകള്‍ പ്രകടിപ്പിച്ചിരുന്ന വിദ്യാഭ്യാസ വിചക്ഷണനായിരുന്നു പവത്തില്‍ മെത്രാപ്പൊലീത്ത. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കേരളത്തിലെ സഭയുടെ നവീകരണത്തിനു നേതൃത്വം നല്കുന്നതില് അദ്ദേഹം ശ്രദ്ധേയമായ നേതൃത്വം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് കത്തോലിക്ക സഭാ സമൂഹത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുകയാണെന്നും ബിഷപ് ചക്കാലക്കല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍
മാര്‍ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദീര്‍ഘകാലം സഭാ വിശ്വാസത്തെയും പുണ്യപാരമ്പര്യങ്ങളെയും സംരക്ഷിച്ച കേരള സഭയുടെയും ഭാരതസഭയുടെയും മത രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ തനതായ ശ്രേഷ്ഠ സംഭാവനകള്‍ നല്കിയ മെത്രാപ്പോലീത്തയായിരുന്നു മാര്‍ ജോസഫ് പവത്തില്‍. അദ്ദേഹവുമായി തനിക്ക് അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന കാര്യവും ആര്‍ച്ച്ബിഷപ്പ് അനുസ്മരിച്ചു. കാലത്തിനപ്പുറം ചിന്തിക്കുകയും സഭാതനയരെ ആത്മീയ പാരമ്പര്യത്തിന് ഒത്തവണ്ണം അദ്ദേഹം നയിക്കുകയും ചെയ്തുവെന്ന് ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു.