ജല സ്രോതസുകളുടെ അന്വേഷകന്
കിണറുകളുടെ സ്ഥാനം നിര്‍ണയിക്കുന്നതിന് ബിഷപ് ജോസഫ് ഫെര്‍ണാണ്ടസിന് പ്രത്യേക കഴിവുണ്ടായിരുന്നു. പരിശുദ്ധ അമ്മ തനിക്കു നല്കിയ ഒരു വരദാനമായി ഇതിനെ അദ്ദേഹം കണ്ടിരുന്നു. ലോഹനിര്‍മിതമായ ഒരു പെന്‍ഡുലത്തിന്റെ സഹായത്തോടെ ഭൂമിക്കടിയിലെ ജലലഭ്യത മനസിലാക്കുകയും കിണര്‍ കുഴിക്കുന്നതിന് കൃത്യമായ സ്ഥലം നിര്‍ണയിച്ചു നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ വിവിധ ജാതി മതവിഭാഗക്കാരുടെ 150ല്‍ അധികം കിണറുകള്‍ക്ക് അദ്ദേഹം സ്ഥാനം കണ്ടിട്ടുണ്ട്.
മതബോധന അധ്യാപകരുടെ അധ്യാപകന്
രൂപതയുടെ മതബോധന കേന്ദ്രം വിപുലീകരിക്കുകയും മതബോധന രംഗത്ത് പുത്തന്‍ ഉണര്‍വുണ്ടാക്കുകയും ചെയ്തു. മതബോധന അധ്യാപകര്‍ക്കുള്ള വിവിധ കോഴ്സുകള്‍, പഠനകളരികള്‍, റിഫ്രഷന്‍ ക്ലാസുകള്‍, ചര്‍ച്ചാവേദികള്‍ എന്നിവ സംഘടിപ്പിച്ചു.
വചനോത്സവങ്ങളുടെ സംഘാടകന്‍
ബൈബിള്‍ പ്രേഷിതരംഗം സജീവമാക്കി. രൂപതയിലെ എല്ലാ ഭവനങ്ങളിലും ബൈബിള്‍ എത്തിക്കുകയും ബൈബിള്‍ പാരായണം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ ദൈവാവിഷ്കരണമെന്ന പ്രമാണരേഖയ്ക്ക് അനുരൂപമായി രൂപതാതലത്തില്‍ വചനസമിതി പ്രവര്‍ത്തമാരംഭിച്ചു. നിബന്ധനകള്‍ക്കു വിധേയമായി ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ പ്രോത്സാഹിപ്പിച്ചു. നോമ്പുകാല തീരദേശ കണ്വെന്ഷന്, ഇടവക നവീകരണ ധ്യാനപരമ്പരകള് എന്നിവ സംഘടിപ്പിച്ചു. ബൈബിള്‍ കലോത്സവങ്ങള്‍ നടത്തി. ക്രിസ്തുരാജ റാലിക്ക് ആരംഭം കുറിച്ചു.
കുടുംബക്ഷേമ പദ്ധതികളുടെ സൂത്രധാരന്‍
1980ല്‍ അജപാലന അവലോകന സെമിനാറുകള്‍ സംഘടിപ്പിച്ച് ആശയരൂപീകരണം നടത്തി. 1983ല്‍ കുടുംബനവീകരണ പദ്ധതി എന്ന തലക്കെട്ടില്‍ ഇടയലേഖനം പ്രസിദ്ധീകരിച്ചു. 15-20 കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘അടിസ്ഥാന സ്നേഹസമൂഹങ്ങള്’ എന്ന പേരില്‍ പ്രാര്‍ഥനാ കൂട്ടായ്മകള്‍ സ്ഥാപിച്ചു. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക രൂപതകളിലെ പ്രഥമ സംരംഭമായിരുന്നു ഇത്. 1990ല്‍ ഈ പ്രാര്‍ഥനാ സമൂഹങ്ങളെ അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളായി (ബിസിസി) പുനര്‍രൂപപ്പെടുത്തി. പരിശീലനത്തിനായി പ്രബോധന കമ്മറ്റിക്കും ഇടവക നവീകരണത്തിനായി പ്രഘോഷണ കമ്മറ്റിക്കും രൂപം നല്കി. അജപാലന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്ത സഭ എന്ന ആശയം സൃഷ്ടിച്ചു. ഇടവക ആലോചനാ സമിതികളുടെ മാര്‍ഗരേഖ തയ്യാറാക്കി നിയമാവലി പ്രസിദ്ധീകരിച്ചു. കടലോരഗ്രാമങ്ങളിലെ കുടുംബങ്ങളുടെ ക്ഷേമത്തിനായി പഠനപരിപാടികള്‍ ആവിഷ്കരിച്ചു. കുടുംബപ്രേഷിത സെമിനാറുകള്‍ സംഘടിപ്പിച്ചു. ഫാമിലി ലൈഫ് എഡ്യുക്കേഷന്‍, നാച്വറല്‍ ഫാമിലി പ്ലാനിംഗ്, നിര്‍ബന്ധിത മാര്യേജ് പ്രിപ്പറേഷന്‍ കോഴ്സ് എന്നിവ ആരംഭിച്ചു. കുടുംബദിനാചരണവും വിവാഹവാര്‍ഷിക ജൂബിലി ആഘോഷങ്ങളും സംഘടിപ്പിച്ചു.
കന്യാവ്രതക്കാരുടെ സംരക്ഷകന്‍
സമര്‍പ്പിത സേവനത്തിനുള്ള സന്ന്യാസ സമൂഹങ്ങള്‍ക്ക് രൂപതയില്‍ വിവിധയിടങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനത്തിനുള്ള അവസരം ഒരുക്കികൊടുത്തു. 24 സന്ന്യാസ സമൂഹങ്ങളാണ് അദ്ദേഹത്തിന്റെ കാലത്ത് അവിഭക്ത കൊല്ലം രൂപതയില്‍ ആരംഭിച്ചത്.
രോഗികളുടേയും ദരിദ്രരുടേയും ആശ്രയം
ബിഷപ് ഡോ. ബെന്‍സിഗര്‍ ആശുപത്രി കെട്ടിടം വികസിപ്പിക്കുകയും കൂടുതല്‍ ആധുനികവത്കരിക്കുകയും ചെയ്തു. സ്പെഷലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് ക്വാര്‍ട്ടേഴ്സും സേവനമനുഷ്ഠിക്കുന്ന സന്ന്യസ്തര്‍ക്ക് കോണ്‍വെന്റും നിര്‍മിച്ചു. ഓസാനാം ഐ സെന്റര്‍ എന്ന പേരില്‍ കണ്ണാശുപത്രി നിര്‍മിച്ച് ദരിദ്രര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി.
തീരത്തിന്റേയും മത്സ്യത്തൊഴിലാളികളുടേയും തോഴന്
രൂപതയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ക്യൂഎസ്എസ്എസിന്റെ (കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 1979ല്‍ രൂപതയില്‍ വിപുലമായ സോഷ്യോ ഇക്കോണമിക് സര്‍വേ നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യസംരക്ഷണ ബോധവത്കരണ ക്ലാസുകളും ആതുരസേവാ ക്ലാസുകളും വ്യാപകമായി സംഘടിപ്പിച്ചു. മത്സ്യതൊഴിലാളികള്‍ക്കായി സംയോജിത ആരോഗ്യ കുടുംബക്ഷേമ പരിപാടികള്‍ നടപ്പാക്കി. വയോജനവിദ്യാഭ്യാസ ക്ലാസുകളും സാക്ഷരതാ ക്ലാസുകളും സംഘടിപ്പിച്ചു. ഗ്രാമപ്രദേശങ്ങളില്‍ 40 ലൈബ്രറികള്‍ സ്ഥാപിച്ചു. പഠനത്തിനും പരിശീലനത്തിനുമായി നീണ്ടകര പന്നയ്ക്കല്‍ തുരുത്തില് ശ്രേയസ് എന്ന പേരില്‍ കേന്ദ്രം സ്ഥാപിച്ചു. ഗ്രാമവികനപദ്ധതികളുടെ ഭാഗമായി സ്വയംതൊഴില്‍ സംരംഭങ്ങള്‍, നിക്ഷേപ സമ്പാദ്യപദ്ധതികള്‍ എന്നിവ ആരംഭിച്ചു. ഭവനരഹിതര്‍ക്കായി ഭവനനിര്‍മാണ പദ്ധതി, മത്സ്യതൊഴിലാളികള്‍ക്കായി ഭവന-ഫ്ളാറ്റ് പദ്ധതികള്‍ക്കും തുടക്കം കുറിച്ചു.
നവമാധ്യമ ശുശ്രൂഷയുടെ പ്രചാരകന്
കത്തോലിക്ക പ്രസ് നവീകരിച്ചു. രൂപതയുടെ ഔദ്യോഗിക ജിഹ്വയായ വിശ്വധര്‍മം മാസികയാക്കി രൂപപ്പെടുത്തി. സെന്റ് റാഫേല്‍ സെമിനാരിയില്‍ വിശ്വദര്‍ശന്‍ മീഡിയാ സെന്റര്‍ സ്ഥാപിച്ചു. മാധ്യമ ക്ലാസുകള്‍, വിവിധ കര്‍മപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. ക്രിസ്തീയ ഭക്തിഗാനങ്ങളുടെ കസെറ്റുകള്‍ ഇറക്കി. ചലച്ചിത്ര ക്യാമ്പുകള്‍, നാടകം, മീഡിയാ ക്ലബ്ബ്, സൗണ്ട്-സ്ലൈഡ് പരിപാടികള്‍ എന്നിവയ്ക്കു രൂപം നല്കി. ബെന്‍സിഗര്‍ റേഡിയോയുടെ അടിസ്ഥാനം ഇതായിരുന്നു.
അറിവിന്റെ വിത്തിടങ്ങളുടെ സംരംഭകന്
വിവിധ ഇടവകകളില്‍ പ്രൈമറി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. വിദ്യാലയങ്ങള്‍ അപ്ഗ്രേഡ് ചെയ്തു. ഫാത്തിമമാതാ കോളജില്‍ പുതിയ കോഴ്സുകള്‍ക്കു തുടക്കം കുറിച്ചു. സെന്റ് ജോസഫ്സ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെന്റര്‍ സ്ഥാപിച്ചു. ജ്യോതി നികേതന്‍ വനിതാ കോളജ് കൂടുതല്‍ പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചു.
നവ സംരംഭങ്ങളുടെ ആര്‍കിടെക്ട്
കൊല്ലം നഗരത്തിന്റെ വ്യവസായ സിരാകേന്ദ്രമായി പ്രശോഭിക്കുന്ന ജെറോം നഗര്‍ കെട്ടിട സമുച്ചയം നിര്‍മിച്ചു. കൊട്ടിയത്ത് ക്രിസ്തു ജ്യോതിസ് ആനിമേഷന്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കി. നീണ്ടകരയില്‍ ശ്രേയസ് എന്ന പേരില്‍ വിദ്യാഭ്യാസധിഷ്ഠിത കേന്ദ്രം സ്ഥാപിച്ചു.
ആത്മീയ സൗധങ്ങളുടെ നിര്‍മാതാവ്
24 ദേവാലയങ്ങളാണ് ബിഷപ് ജോസഫ് ഫെര്‍ണാണ്ടസിന്റെ കാലത്ത് കൊല്ലം രൂപതയില്‍ നിര്‍മിച്ചത്. 8 ദേവാലയങ്ങള്‍ പുനര്‍നിര്‍മിച്ചു. 7 ദേവാലയങ്ങള്‍ നവീകരിച്ചു. 20 കുരിശടികള്‍ സ്ഥാപിച്ചു. 15 വൈദിക ഭവനങ്ങളും പണിതു.