”ഇത്രയും കുറ്റങ്ങള്‍, ഇത്രയും അക്രമങ്ങള്‍ പൊറുക്കാന്‍ കര്ത്താവിന് എങ്ങനെ കഴിയും? സമാധാനത്തിന്റെ ദൈവമാണല്ലോ അവിടന്ന്,”
യുക്രെയ്നില്‍ റഷ്യ സൈനികാക്രമണം തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലെ പൊതുദര്‍ശന വേളയിലെ സന്ദേശം അവസാനിപ്പിച്ചത് ഈ വാക്കുകളോടെയാണ്.
അസംബന്ധവും ക്രൂരവുമെന്നു വിശേഷിപ്പിച്ച യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍, മരണങ്ങളുടെയും മുറിവുകളുടെയും അഭയാര്‍ഥികളുടെയും ചിതറിക്കപ്പെട്ടവരുടെയും നാശങ്ങളുടെയും സാമ്പത്തിക സാമൂഹിക കെടുതികളുടെയും കണക്കുകള്‍ സ്വയം സംസാരിക്കുന്നതാണെന്ന് പാപ്പാ പറഞ്ഞു.
”രക്തസാക്ഷികളാക്കപ്പെടുന്ന യുക്രെയ്ന് ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തി യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യതമായതെല്ലാം ചെയ്യുന്നുണ്ടോ? വെടിനിര്‍ത്തലിനും സന്ധിസംഭാഷണത്തിനുമായി രാഷ്ട്രങ്ങളുടെമേല്‍ അധികാരമുള്ളവര്‍ തങ്ങളെത്തന്നെ ക്രിയാത്മകമായി പൂര്‍ണമായി സമര്‍പ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നാശനഷ്ടങ്ങള്ക്കുമേല് പടുത്തുയര്‍ത്തുന്നതൊന്നും യഥാര്‍ഥ വിജയമാവുകയില്ല,” ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിച്ചു.
യുദ്ധവാര്ഷികദിനത്തില് വത്തിക്കാനിലെ പുതിയ സിനഡല്‍ ഹാളില്‍, ‘ഫ്രീഡം ഓണ്‍ ഫയര്‍: യുക്രെയ്ന്സ് ഫൈറ്റ് ഫോര്‍ ഫ്രീഡം’ (സ്വാതന്ത്ര്യം തീച്ചൂളയില്‍: സ്വാതന്ത്ര്യത്തിനായുള്ള യുക്രെയ്നിന്റെ പോരാട്ടം) എന്ന ഡോക്യുമെന്ററി പ്രദര്‍ശനം വീക്ഷിച്ച ഫ്രാന്‍സിസ് പാപ്പാ ആത്മപ്രചോദിതമായി ഒരു പ്രാര്‍ഥന തല്‍ക്ഷണം ചൊല്ലുകയും യുക്രെയ്ന്റെ ദേശീയ പതാക ചുംബിക്കുകയും ചെയ്തു.
യുക്രെയ്നിനുവേണ്ടി പ്രാര്‍ഥനയും
ഉപവാസവും
ഡോക്യുമെന്ററി നിര്‍മിച്ച ഇസ്രയേലി-അമേരിക്കന്‍ സംവിധായകന് എവ്ജെനി അഫിനീവ്സ്കിയും റഷ്യക്കാര്‍ യുദ്ധതടവുകാരനാക്കിയ ഒരു യുക്രെയ്നിയന്‍ സൈനികന്റെ ഭാര്യ അന്യ സെയ്ത്സെവായും ഒരു വര്‍ഷവും നാലുമാസവും പ്രായമായ കുഞ്ഞും മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റ് സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ റഷ്യന്‍ സൈനികരുടെ പിടിയിലകപ്പെട്ട സൈനികന്റെ അമ്മയും ആ ഉരുക്കുനിര്‍മാണശാലയുടെ ഉടമയും ഉള്‍പ്പെടെ ഡോക്യുമെന്ററിയുടെ ഭാഗമായ പലരെയും പാപ്പാ ആശീര്‍വദിച്ചു. ഒരു പൂവും യുക്രെയ്ന് പാതകയും യുക്രെയ്ന്‍കാര്‍ പ്രത്യേക സമ്മാനമായി നല്കുന്ന ഉപ്പുമാണ് ആ സൈനികന്റെ അമ്മ പരിശുദ്ധ പിതാവിന് സമ്മാനിച്ചത്.
റഷ്യയിലേക്കു കടത്തിക്കൊണ്ടുപോയ 16,000 യുക്രെയ്നിയന്‍ കുട്ടികളുടെ മോചനത്തിനായി ഇടപെടണമെന്ന് വത്തിക്കാനില്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തിയ യുക്രെയ്ന് പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധിസംഘം അഭ്യര്‍ഥിച്ചു. വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റില്‍ വിവിധ രാഷ്ട്രങ്ങളും രാജ്യാന്തര സംഘടനകളുമായുള്ള ബന്ധത്തിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗറിന്റെ മുഖ്യകാര്‍മികത്വത്തില്‍ റോമിലെ യുക്രെയ്നിയന്‍ സമൂഹത്തിനുവേണ്ടി സാന്ത് അന്ത്രെയാ ദെല്ല വാലെ ബസിലിക്കയില്‍ പ്രത്യേക ദിവ്യബലി അര്‍പ്പിച്ചു. ബൈസന്റൈന്‍ റീത്തുകാരായ യുക്രെയ്നിയന്‍ വിശ്വാസികള്‍ക്കായുള്ള ഇറ്റലിയിലെ അപ്പസ്തോലിക എക്സാര്‍ക് ബിഷപ് ഡിയോനീസിയോ ലഖൊവിക്സും എക്സാര്കേറ്റിലെ വൈദികരും യുക്രെയ്നിലെ ലത്തീന്‍ റീത്ത് വൈദികരും സന്ന്യസ്തരും സഹകാര്‍മികത്വം വഹിച്ചു.
യുക്രെയ്നിലെ ക്രൈസ്തവ വിശ്വാസികള്‍ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം പ്രാര്‍ഥനയിലും ഉപവാസത്തിലും ചെലവഴിച്ചു. യുക്രെയ്നിലെ ലത്തീന്‍ റീത്ത് മെത്രാന്മാരുടെ നേതൃത്വത്തില്‍ ബെര്ഡിഷിവിലെ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ നടത്തിയ ജാഗരണപ്രാര്‍ഥനയില്‍ രാജ്യത്തെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് വിസ്വല്ഡസ് കുല്ബോകസ് പങ്കുചേര്‍ന്നു. യുദ്ധകാലത്ത് യുക്രെയ്നില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഹൃദയസാമീപ്യത്തിന്റെ അടയാളമായി അപ്പസ്തോലിക നുണ്‍ഷ്യോ അപകടകരമായ സാഹചര്യങ്ങളിലും കിയെവില്തന്നെ തുടരുകയായിരുന്നു. കിയിവ് റുസ് എന്നറിയപ്പെട്ടിരുന്ന സ്വതന്ത്ര രാഷ്ട്രം 1037-ല്‍ പരിശുദ്ധ കന്യകമറിയത്തിന്റെ സംരക്ഷണത്തിന് സമര്പ്പിക്കപ്പെട്ടതാണെന്ന് ആര്‍ച്ച്ബിഷപ് കുല്ബോകസ് അനുസ്മരിച്ചു.
യുക്രെയ്നിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേലധ്യക്ഷന് മേജര്‍ ആര്‍ച്ച്ബിഷപ് സ്വിവറ്റൊസ്ലാവ് ഷെവ്ചുക്കിന്റെ മുഖ്യകാര്‍മികത്വത്തില്‍ കിയെവില്‍ യേശുവിന്റെ ഉത്ഥാനത്തിന്റെ പാത്രിയാര്‍ക്കല്‍ കത്തീഡ്രലില്‍ 12 മണിക്കൂര്‍ ജാഗരണപ്രാര്‍ഥന നടത്തി. റഷ്യ 2014-ല്‍ ക്രൈമിയ പിടിച്ചടക്കുകയും ലുഹാന്‍സ്ക്, ഡോണെട്സ്ക് എന്നീ കിഴക്കന്‍ പ്രവിശ്യകളില്‍ വിമതര്‍ക്ക് സൈനികസഹായം എത്തിക്കുകയും ചെയ്തതു മുതല്‍ യുക്രെയ്നെതിരെ യുദ്ധം ആരംഭിച്ചതാണെന്നും വെടിനിര്‍ത്തലിനുള്ള ഉപാധി എന്ന നിലയില്‍ യുക്രെയ്ന്റെ ചില മേഖലകള്‍ റഷ്യയ്ക്കു വിട്ടുകൊടുക്കണമെന്ന നിര്‍ദേശം തള്ളിക്കളയണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഷെവ്ചുക് പറഞ്ഞു. ഖെര്‍സോണ്‍ മേഖലയ്ക്കടുത്ത് നിരോധിക്കപ്പെട്ട ഫോസ്ഫറസ് ഷെല്ലുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം തുടരുകയാണ്. രാജ്യത്തിന്റെ 17% ഭൂപ്രദേശം റഷ്യ കൈയടക്കിയിരിക്കുന്നു. അവിടെ കത്തോലിക്കാ വൈദികര്‍ ആരുംതന്നെ അവശേഷിക്കുന്നില്ല; പലരെയും പുറത്താക്കി, മറ്റുള്ളവരെ തടവിലാക്കി. ദുരിതങ്ങള്‍ക്ക് അയവുവരുത്താന്‍ നയതന്ത്രത്തിനോ സംവാദത്തിനോ കഴിയുന്നില്ലെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് ഷെവ്ചുക് പറഞ്ഞു.
”ഈ യുദ്ധത്തിന് അറുതിയുണ്ടാകണമെന്ന് ദശലക്ഷകണക്കിന് വിശ്വാസികള്‍ ദിവസവും പ്രാര്ഥിക്കുന്നുണ്ട്. എങ്കിലും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ദുഷ്ടശക്തികള്‍ പിന്മാറുന്നില്ല. റഷ്യന്‍ അതിക്രമങ്ങളെ അതിജീവിക്കാന്‍ യുക്രെയ്ന് ദൈവത്തിന്റെ ശക്തി ആവശ്യമുണ്ട്. മൂന്നു ദിവസം കൊണ്ട് റഷ്യ യുക്രെയ്നെ കീഴടക്കുമെന്നാണ് 2022 ഫെബ്രുവരി 24ന് മിക്ക രാഷ്ട്രീയ നേതാക്കളും വിദഗ്ധരും പ്രവചിച്ചത്. എന്നാല്‍ ഇവിടെ ദൈവം അദ്ഭുതം പ്രവര്‍ത്തിച്ചു. എണ്ണത്തിലും സാങ്കേതിക മികവിലും അതിശക്തരായ ശത്രുസൈന്യത്തെ പിടിച്ചുനിര്‍ത്താന്‍ ദൈവം യുക്രെയ്നൊപ്പം നിന്നു,” യുക്രെയ്നിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളും ജൂതരും മുസ്ലിങ്ങളും ഉള്‍പ്പെടുന്ന ഓള് യുക്രെയ്നിയന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ് ആന്‍ഡ് റിലീജിയസ് ഓര്‍ഗനൈസേഷന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
യുക്രെയ്നുവേണ്ടിയും രാജ്യത്തെ രക്ഷിക്കുന്ന സൈനികര്‍ക്കുവേണ്ടിയും സമാധാനം തേടുന്ന പൗരന്മാര്ക്കുവേണ്ടിയും യുദ്ധവിജയത്തിനും സമാധാനത്തിനും വേണ്ടിയും പ്രാര്‍ഥിക്കാന്‍ യുക്രെയ്നിലെ സ്വതന്ത്ര ഓര്‍ത്തഡോക്സ് സഭാ മേലധ്യക്ഷന് എപ്പിഫാനിയുസ് പ്രഥമന്‍ മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു.
രാജ്യത്തെ എല്ലാ പൗരന്മാരും വലിയ തിന്മയുമായുള്ള ഏറ്റുമുട്ടലിലാണെന്നും പോരാട്ടത്തില്‍ ആലസ്യമോ ക്ഷോഭമോ വിനാശകരമായ ദേഷ്യമോ നിരാശയോ ഉണ്ടാകരുതെന്നും രാജ്യത്തെ റോമന്‍ കത്തോലിക്കാ മെത്രാന്മാര് സംയുക്ത സര്‍ക്കുലറില്‍ ഓര്‍മിപ്പിച്ചു.
മോസ്കോയിലെ ഓര്‍ത്തഡോക്സ് പാത്രിയാര്ക്കേറ്റിനോടു കൂറുപുലര്‍ത്തുന്ന യുക്രെയ്നിലെ ഓര്‍ത്തഡോക്സ് സഭാവിഭാഗത്തിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും അടക്കം ആറ് മേലധ്യക്ഷന്മാരുടെ പൗരത്വം റദ്ദാക്കാന്‍ യുക്രെയ്ന് മൈഗ്രേഷന്‍ സര്‍വീസ് തീരുമാനിച്ചിരുന്നു. കെര്കസി കനേവ് മെത്രാപ്പോലീത്ത തിയോഡോസിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി.
യുക്രെയ്ന് ജനതയുടെ ആധ്യാത്മികവും സാംസ്കാരികവുമായ സ്വത്വവും പൈതൃകവും അടിച്ചമര്‍ത്താന്‍ നൂറ്റാണ്ടുകളായി ‘റഷ്യന്‍ ലോകം’ എന്ന മുദ്രാവാക്യവുമായി സാമ്രാജ്യത്വശക്തികള്‍ നടത്തിവന്ന അധീശത്വപ്രത്യയശാസ്ത്രത്തിന്റെ പൂര്‍ത്തീകരണമാണ് യുക്രെയ്നെതിരെ റഷ്യ നടത്തിയ സൈനിക കടന്നാക്രമണമെന്ന് 2019-ല്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റ് സ്വയംഭരണസഭയായി അംഗീകരിച്ച ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് യുക്രെയ്ന് (ഒസിയു), 2022 മേയ് വരെ മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ കീഴിലായിരുന്ന യുക്രേയ്നിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് (യുഒസി) എന്നിവ കിയെവിലെ സെന്റ് സോഫിയ ദേശീയ തീര്ഥാലയ സങ്കേതത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. കിയെവിന്റെ പുരാതന ഓര്‍ത്തഡോക്സ് പാരമ്പര്യവും യുക്രെയ്നിയന്‍ ജനതയുടെ ആധ്യാത്മിക ഐക്യവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഏറെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും നിറഞ്ഞ സാഹചര്യത്തില്‍ ഇരു സഭാവിഭാഗങ്ങളും അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും സഹകരണത്തിന്റെയും പാതയില്‍ ഒരുമിച്ചുവരാനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെ ഉയര്‍ന്നിരിക്കുന്ന വെല്ലുവിളിയെ ഒറ്റക്കെട്ടായി നേരിടാനും സംയുക്തപ്രസ്താവന ആഹ്വാനം ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് പുടിന്റെ അക്രൈസ്തവവും മനുഷ്യത്യഹീനവുമായ അതിക്രങ്ങള്ക്കു കൂട്ടുനില്‍ക്കുന്ന മോസ്കോ പാത്രിയാര്‍ക്കീസ് കിറിലിന്റെ നടപടികളെ ഓര്‍ത്തഡോക്സ് സഭകളുടെ ഏകോപന സമിതി അപലപിച്ചു. റഷ്യന്‍ അധിനിവേശത്തെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നു പുറത്താക്കപ്പെട്ട ലിത്വേനിയയിലെ അഞ്ചു വൈദികരെ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഓര്‍ത്തഡോക്സ് എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റ് സ്വീകരിച്ചു. യുക്രെയ്നില്‍ റഷ്യ നടത്തുന്ന സൈനിക അധിനിവേശത്തെ പിന്തുണയ്ക്കുന്ന മോസ്കോ പാത്രിയാര്‍ക്കേറ്റിനെ അനുകൂലിച്ച പോളണ്ടിലെ സവാ മെത്രാപ്പോലീത്തയുടെ ബ്രിഗേഡിയര്‍ ജനറല്‍ എന്ന ഓണററി സൈനിക റാങ്ക് പിന്‍വലിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
യുക്രെയ്നില്‍ ലുഹാന്‍സ്, ഡൊണെട്സ്ക്, ഖാര്‍കിവ്, ഖെര്‍സോണ്‍ മേഖലയില്‍ 494 ആരാധനാലയങ്ങള്‍ റഷ്യന്‍ സൈന്യം നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കിയെവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധം കൂടുതല്‍ രൂക്ഷമാകുന്ന ഘട്ടത്തില്‍ പാശ്ചാത്യലോകത്തിന്റെയും നാറ്റോ സൈനികസഖ്യത്തിന്റെ പൂര്‍ണ പിന്തുണ യുക്രെയ്ന് ഉറപ്പുനല്കുന്നതിന് കിയെവിലേക്ക് അപ്രഖ്യാപിത യാത്ര നടത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മരീന്‍സ്കി പാലസില്‍ പ്രസിഡന്റ് സെലെന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം പ്രഖ്യാപിച്ചു: ”ഒരു വര്‍ഷം കഴിയുന്നു, കിയെവ് ഇപ്പോഴും നിലനില്ക്കുന്നു. യുക്രെയ്ന് നിലനില്ക്കുന്നു. ജനാധിപത്യം നിലനില്ക്കുന്നു. അമേരിക്കക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; ലോകം നിങ്ങള്‍ക്കൊപ്പമുണ്ട്.”
യുകെയ്ന്‍ തലസ്ഥാനത്ത് അഞ്ചു മണിക്കൂര്‍ ചെലവഴിച്ച പ്രസിഡന്റ് ബൈഡന്, 2014 മുതല്‍ റഷ്യയുമായുള്ള സൈനിക ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട യുക്രെയ്ന് സൈനികരുടെ സ്മൃതിമണ്ഡപ ചുമരില്‍ പുഷ്പചക്രം അര്‍പ്പിച്ചു. കിയെവിലെ യുഎസ് എംബസി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയ പ്രസിഡന്റ് ബൈഡന് സെന്റ് മൈക്കള്‍സ് കത്തീഡ്രലില്‍ ഓര്‍ത്തഡോക്സ് സഭയുടെ മേലധ്യക്ഷന് എപ്പിഫാനുസ് പ്രഥമനെ സന്ദര്‍ശിച്ചു. പോളണ്ട് അതിര്‍ത്തിയില്‍ നിന്ന് ട്രെയിനില്‍ പത്തുമണിക്കൂര്‍ യാത്രചെയ്താണ് പ്രസിഡന്റ് ബൈഡന് കിയെവിലെത്തിയത്.
റഷ്യ യുക്രെയ്നിലേക്ക് സൈന്യത്തെ വിന്യസിച്ച 2022 ഫെബ്രുവരി 24 തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നീണ്ട ദിനമായിരുന്നുവെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി അനുസ്മരിച്ചു. ”ഇക്കഴിഞ്ഞ ഒരു വര്‍ഷം യുക്രെയ്നിലെ ഓരോരുത്തര്‍ക്കും ആരെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട് – പിതാവിനെ, മകനെ, സഹോദരനെ, അമ്മയെ, മകളെ, പ്രിയപ്പെട്ട വ്യക്തിയെ. അവരെ ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഇതിന് ഞങ്ങള്‍ ഒരിക്കലും മാപ്പുനല്കുകയില്ല.”
രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട യുക്രെയ്ന് അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ ഫെഡറേഷന് തങ്ങളുടെ സൈന്യത്തെ ഉടന്‍, നിരുപാധികം, പൂര്‍ണമായി പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭ അസന്ദിഗ്ധമായി ആവശ്യപ്പെട്ടു. യുക്രെയ്ന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും അഖണ്ഡതയെയും യുഎന്‍ പിന്താങ്ങുന്നതായി 141 രാഷ്ട്രങ്ങള്‍ പിന്താങ്ങിയ പ്രമേയത്തില്‍ ജനറല്‍ അസംബ്ലി വ്യക്തമാക്കി. ഇന്ത്യ, ചൈന, ഇറാന്, സൗത്ത് ആഫ്രിക്ക എന്നിവ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ വോട്ടില്‍ നിന്നു വിട്ടുനിന്നു. റഷ്യ, ബെലാറുസ്, ഉത്തര കൊറിയ, എറിട്രിയ, മാലി, നിക്കരാഗ്വ, സിറിയ എന്നിങ്ങനെ ഏഴു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ സൈനിക ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് രണ്ടു ലക്ഷം സൈനികരെയാണ് 2022 ഫെബ്രുവരി 24ന് യുക്രെയ്നിലേക്കു വിന്യസിച്ചത്. യുദ്ധത്തില്‍ 1.42 ലക്ഷം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് യുക്രെയ്ന് സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് അറിയിച്ചത്. ഇരുഭാഗത്തെയും മരണസംഖ്യ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചുരുങ്ങിയത് മൂന്നുലക്ഷം പേര് കൊല്ലപ്പെട്ടുവെന്നാണ് സൂചനകള്‍. യുഎന്‍ കണക്കുകള്‍ പ്രകാരം 7,199 സാധാരണപൗരന്മാര് ഒരുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്, കുട്ടികള്‍ അടക്കം ആയിരകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. 2022-ല്‍ 1.86 കോടി യുക്രെയ്നിയന്‍ അഭയാര്‍ഥികള്‍ അതിര്‍ത്തി കടന്നതായി യുഎന്‍ ഏജന്‍സികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പകുതിയിലേറെപേര്‍ പോളണ്ടിലാണ് അഭയം തേടിയത്, 80 ലക്ഷം പേര് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും. യുക്രെയ്നില്‍ 60 ലക്ഷം പേര് സ്വന്തം സ്ഥലം വിട്ട് ചിതറിക്കഴിയുന്നുണ്ട്.