ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ സര്‍ക്കാരും നിയമ നീതിന്യായ സംവിധാനങ്ങളും അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യവുമായി 79 ക്രൈസ്തവ സഭകളുടേയും സംഘനകളുടേയും നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ വന്‍പ്രതിഷേധ സംഗമം നടത്തി.
സിസിബിഐ സെക്രട്ടറി ജനറലും ഡല്‍ഹി അതിരൂപതാധ്യക്ഷനുമായ ഡോ. അനില്‍ ജെ. കൂട്ടോ, ഫരീദാബാര് രൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ അധ്യക്ഷന്‍ ബിഷപ് പോള്‍ സ്വരൂപ്, ഗുരുഗ്രാം മലങ്കര രൂപത വികാരി ജനറല്‍ ഫാ. വര്‍ഗീസ് വിനയാനന്ദ്, നാഷണല്‍ കൗണ്‍സിലര്‍ ഓഫ് ചര്‍ച്ചസ് എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. എബ്രഹാം മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
ക്രൈസ്തവര്‍ക്കു നേരെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകവും ആസൂത്രിതവുമായ നീക്കങ്ങളാണ് ഉണ്ടാകുന്നതെന്ന് ആര്‍ച്ച്ബിഷപ് ഡോ. അനില്‍ ജെ. കുട്ടോ പറഞ്ഞു. ക്രൈസ്തവര്‍ സേവനത്തിന്റെയും സ്നേഹത്തിന്റേയും പാതയില്‍ ചരിക്കുന്നവരാണ്. രാജ്യത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസേവന രംഗങ്ങളില്‍ മഹത്തായ സംഭാവനകളാണ് ക്രൈസ്തവര്‍ നല്‍കിയിട്ടുള്ളത്. ഇതെല്ലാം അവഗണിച്ചാണ് ചിലര്‍ ക്രൈസ്തവര്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നതും സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതും. പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ ന്യൂനപക്ഷവിഭാഗത്തിലെ രണ്ടുപേരെ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ അദ്ദേഹം നടുക്കം പ്രകടിപ്പിച്ചു. ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അടിയന്തര ശ്രദ്ധ ചെലുത്തണം. അതിക്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സുപ്രീം കോടതിയുടേയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍ എത്തിക്കാനാണു സംഗമം ഒരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും ക്രൈസ്തവരെയും അവരുടെ കീഴിലുള്ള ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുകയാണെന്നും മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ഭരണഘടന നല്കുന്ന മതസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു. പരാതി നല്‍കിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.പി ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) ചെയര്മാന് ഡോ. മൈക്കിള്‍ വില്യംസ് പറഞ്ഞു. ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും ലോക്സഭാ സ്പീക്കര്‍ക്കും നിവേദനം നല്‍കും. ദേശീയ മനുഷ്യാവകാശ കമ്മീഷന്, ആദിവാസി, ഗോത്രവര്‍ഗ, വനിതാ കമ്മീഷനുകള്‍ എന്നിവര്‍ക്കും നിവേദനം നല്‍കും. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏഴു പതിറ്റാണ്ടിനിടെ രാജ്യത്തെ ക്രൈസ്തവസമൂഹം രാജ്യതലസ്ഥാനത്ത് നിരവധി തവണ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പ്രചാരണങ്ങള്‍ തള്ളിക്കളയുകയും ഇതു നടത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കുറ്റവാളികള്‍ക്കെതിരായ നടപടി സ്വീകരിക്കുന്നതിനും സംസ്ഥാനങ്ങളില്‍ പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് അക്രമങ്ങള്‍ക്ക് ഉത്തരവാദികളായ സംഘങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുക, നിയമവിരുദ്ധമായി അറസ്റ്റു ചെയ്യപ്പെട്ട ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധ സംഗമം ഉയര്‍ത്തി. ക്രമസമാധാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.