കോട്ടയം: സുവിശേഷാധിഷ്ഠിത ജീവിതം നയിക്കാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നതാണ് കെആര്‍എല്‍സിസി നാല്പതാമത് ജനറല്‍ അസംബ്ലി നല്കുന്ന സന്ദേശമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. കെആര്‍എല്‍സിസി പുരസ്കാരങ്ങള്‍ വിതരണം ചെയ്യാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
യുവജനങ്ങള്‍ സ്വയം തിരിച്ചറിയണം. തങ്ങളുടെ ചുറ്റുമുള്ള ലോകത്ത് എന്താണ് നടക്കുന്നതെന്ന് പഠിച്ച് വിശകലനം ചെയ്യാന്‍ അവര്‍ക്കു കഴിയണം. അതനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ കഴിയണം.
ഈ തീരുമാനങ്ങള്‍ സുവിശേഷാധിഷ്ഠിതമായിരിക്കണം. പുതിയ വര്‍ഷത്തില്‍ പുതിയൊരു ആകാശവും പുതിയൊരു ഭൂമിയും സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയണം. അതിന് ജനങ്ങളിലേക്കിറങ്ങി ചെന്ന് പ്രവര്‍ത്തിക്കണം. എല്ലാവരേയും ഉള്‍ക്കൊള്ളുകയും വേണം. സ്നേഹത്തിലധിഷ്ഠിതമായ ഒരു വിപ്ലവം നയിച്ച യേശുവിനെ ഇതിനായി മാതൃകയാക്കാം.
ലത്തീന്‍ കത്തോലിക്കരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാരിനോട് ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടാന്‍ നമുക്കു കഴിയണമെന്നും ബിഷപ് വ്യക്തമാക്കി.
സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരെ കെആര്‍എല്‍സിസി എടുക്കുന്ന ധീരമായ നിലപാടിനൊപ്പം തന്നെയാണ് താനെന്ന് യോഗത്തില്‍ പ്രസംഗിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വ്യക്തമാക്കി. വിഴിഞ്ഞത്ത് വൈദിക ശ്രേഷ്ഠന്മാര് എല്ലാ കുരിശുകളെയും അതിജീവിച്ചുകൊണ്ട് ശക്തിയോടെ നിലയുറപ്പിച്ചത് കേരളരാഷ്ട്രീയ രംഗത്ത് പോലും കാണാന്‍ സാധിക്കാത്ത കാര്യമായിരുന്നു. കേരളത്തില്‍ ബഫര്‍സോണ്‍ നിയമം കെട്ടി ഏല്‍പ്പിക്കേണ്ട ആവശ്യമില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വൃക്ഷാവരണം ഉള്ള സംസ്ഥാനമാണ് കേരളം. കാട്ടിലും കടലിലും നാട്ടിലും താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബെന്നറ്റ് സൈലം (വിദ്യാഭ്യാസം- ശാസ്ത്രം), ഷെല്ട്ടന് പിന്‍ഹീറോ (മാധ്യമം), കുരുവിള ജോസഫ്(സംരംഭകന്), ബെന്റ്ല ഡിക്കോത്ത (കായികം), ജോസഫ് പനയ്ക്കല്‍ (സാഹിത്യം), കെസ്റ്റര്‍ ആന്റണി (കലാപ്രതിഭ), ലൈലാമ്മ ജോണ്‍ (സമൂഹനിര്‍മിതി), ഷൈന്‍ ആന്റണി (യുവത), ഫാ. ജോര്‍ജ് അറയ്ക്കല്‍( വൈജ്ഞാനികസാഹിത്യം), ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് (വനിതാ ശക്തിമത്കരണം) എന്നിവരാണ് ഈ വര്‍ഷത്തെ കെആര്‍എല്‍സിസി അവാര്‍ഡു ജേതാക്കള്‍.
അസംബ്ലിയുടെ സമാപന ദിവസമായ ഇന്ന് രാവിലെ കഴിഞ്ഞ ജനറല്‍ അസംബ്ലി റിപ്പോര്‍ട്ട് കെആര്‍എല്‍സിസി സെക്രട്ടറി പി.ജെ തോമസും, 6 മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും അവതരിപ്പിച്ചു. വിമലഗിരി കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ് ഡോ. ക്രിസ്തുദാസ് ആര്. വചനപ്രഘോഷണം നടത്തി. തുടര്‍ന്ന് ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ച നടത്തി അംഗീകരിച്ച യുവജനരേഖ കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിന് അവതരിപ്പിച്ചു. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജെന്സന് പുത്തന്‍വീട്ടില്‍ മോഡറേറ്ററായിരുന്നു. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി കണ്‍വീനറുമായ ജോസഫ് ജൂഡ് അവതരിപ്പിച്ച പ്രമേയം ഭേദഗതികളോടെ പാസാക്കി.