അലി അബ്ബാസി സംവിധാനം ചെയ്ത ‘ഹോളി സ്പൈഡര്’ വര്ത്തമാനകാലത്തെ ഇറാനിലെ സംഭവവികാസങ്ങള് കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഇറാനില് യഥാര്ത്ഥത്തിലുണ്ടായ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് അലി അബ്ബാസി ‘ഹോളി സ്പൈഡര്’ സംവിധാനം ചെയ്തിരിക്കുന്നത്. 2000-ലും 2001-ലുമായി 16 തെരുവുവേശ്യകളെ കഴുത്ത് ഞെരിച്ച് കൊന്ന ഒരു സീരിയല് കൊലയാളിയുടെ കഥയാണ് അദ്ദേഹം പറയുന്നത്. 2022ലെ കാന് ഫിലിം ഫെസ്റ്റിവലിലാണ് ‘ഹോളി സ്പൈഡര്’ ആദ്യമായി പ്രദര്ശിപ്പിച്ചത്.
വിശുദ്ധി എന്ന പദത്തിന്റെ വിരോധാഭാസത്തെയാണ് അലി അബ്ബാസി തുറന്നുകാണിക്കാന് ശ്രമിക്കുന്നത്. ഇറാനിയന് സ്ത്രീകള് അഭിമുഖീകരിക്കുന്ന നിരവധി പ്രതിബന്ധങ്ങളുടെയും വെല്ലുവിളികളുടെയും വ്യക്തവും ബഹുമുഖവുമായ ചിത്രം ഈ സിനിമയിലൂടെ ലഭിക്കുന്നുണ്ട്. ഇറാനിലെ വിശുദ്ധ നഗരങ്ങളിലൊന്നായ മഷ്ഹദില് ഒരു നിര്മ്മാണ തൊഴിലാളിയും പഴയ പട്ടാളക്കാരനുമായ സയീദ് ഹനായി (മെഹ്ദി ബജസ്താനി) യുടെ യഥാര്ത്ഥ കഥയാണ് ചിത്രത്തിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. ഷിയാ മുസ്ലിംകളുടെ ആത്മീയ കേന്ദ്രമായ തന്റെ ജന്മദേശം ‘ശുദ്ധീകരിക്കാനുള്ള’ സയീദ് ഹനായിയുടെ ഉദ്യമം ജനങ്ങളില് അയാളോട് വെറുപ്പല്ല പകരം സാഹോദര്യമാണ് പങ്കുവയ്ക്കപ്പെടുന്നതെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്ത്ഥ്യമാണ് സിനിമ തുറന്നുകാണിക്കുന്നത്. അതിനു പ്രധാനകാരണമാകുന്നത് ഇറാനിലെ മാധ്യമങ്ങളുമാണ്.
ഉന്നത കുലജാതനും നല്ലൊരു കുടുംബനാഥനുമായ കൊലയാളി പാപങ്ങള് തുടച്ചുനീക്കാനാണ് ഉദ്യമിക്കുന്നതെന്നാണ് ജനങ്ങള്ക്കു ലഭിച്ച അപകടകരമായ സന്ദേശം. അയാള് വക്രബുദ്ധിയും ക്രൂരനായ കൊലയാളിയുമാണെന്ന വശം വിശുദ്ധിയുടെ മറയില് അവര് മറക്കുന്നു. മറുഭാഗത്ത് കൊലയാളിയെ പിടിക്കാനുള്ള കുരിശുയുദ്ധത്തെ നയിക്കുന്നത് ഒരു വനിതാ പത്രപ്രവര്ത്തകയാണ്.
2001 ലാണ് കഥ സംഭവിക്കുന്നത്. റഹീമിയെ (സര് അമീര് ഇബ്രാഹിമി) ഒരു മാധ്യമ പ്രവര്ത്തകയാണ്. സീരിയല് കില്ലറെ കണ്ടെത്താനാണ് അവരുടെ ശ്രമം. അവള് ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദിലെ ഒരു ഹോട്ടലില് താമസിക്കാനെത്തുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു സ്ത്രീയാണ് താമസത്തിനെത്തിയിരിക്കുന്നതെന്നറിയുമ്പോള് ഹോട്ടലില് സ്ഥലമില്ലെന്നാണ് ഹോട്ടലിലെ ഡെസ്ക് ക്ലര്ക്കിന്റെ ഒഴിവുകഴിവ്. തനിക്ക് റിസര്വേഷന് ഉണ്ടെന്ന് അവള് മറുപടി നല്കി. അവളുടെ അക്രഡിറ്റേഷനുകള് അയാളെ കാണിക്കുന്നു. അയാള് നിവൃത്തിയില്ലാതെ, മനസ്സില്ലാമനസ്സോടെ അവള്ക്ക് ഒരു മുറി നല്കി. അവള് മുറിയിലേക്ക് പോകുന്നതിനു മുമ്പ് അയാള് അവളെ ഉപദേശിക്കുന്നത് ശിരോവസ്ത്രം ശരിയായി ധരിക്കാനാണ്. ശിരോവസ്ത്രത്തിനുളളിലൂടെ അവളുടെ മുടി ധാരാളം കാണുന്നുണ്ടെന്നും സദാചാര പൊലീസ് കണ്ടാല് വെറുതേവിടില്ലെന്നും അയാള് മുന്നറിയിപ്പ് നല്കുന്നു. അയാള് പറഞ്ഞത് നൂറുശതമാനവും ശരിയാണെന്ന് അറിയാമെങ്കിലും റഹീമിയ അയാളെ പരിഹസിച്ചാണ് മുറിയിലേക്കു പോകുന്നത്.
ഹോളി സ്പൈഡറിന്റെ തുടക്കത്തിലെ ഈ രംഗം ഇറാനിലെ സമകാലിക സംഭവങ്ങളുമായി ശക്തമായി പ്രതിധ്വനിക്കുന്നുണ്ട്. ടെഹ്റാനിലെ സദാചാര പൊലീസ് ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്സ അമിനി എന്ന യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. കസ്റ്റഡിയില് ആയിരിക്കുമ്പോള്, അവള് മരിച്ചു, ഇത് രാജ്യവ്യാപകമായി ഇപ്പോഴും തുടരുന്ന പ്രതിഷേധത്തിന് കാരണമായി. സമീപ വര്ഷങ്ങളില് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ നിരവധി ജനകീയ പ്രക്ഷോഭങ്ങള് കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ പ്രക്ഷോഭം നയിക്കുന്നത് സ്ത്രീകളാണെന്നതാണ് പ്രത്യേകത.
സയീദ് ഹനായി തന്റെ ഭാര്യയെ വേശ്യയായി തെറ്റിദ്ധരിച്ചതാണ് സീരിയല് കില്ലറായി മാറാനുള്ള കാരണമെന്ന് പറയപ്പെടുന്നുണ്ട്. തന്റെ ഇരകളെ ആക്രമിക്കുമ്പോള് തന്റെ പക്ഷത്ത് ദൈവം ഉണ്ടെന്നാണ് അയാളുടെ അവകാശവാദം. വിശുദ്ധ നഗരമായ മഷാദിനെ അതിന്റെ ഏറ്റവും ദുഷിച്ച ഘടകങ്ങളില് നിന്ന് മുക്തി നേടിക്കൊടുക്കാനുള്ള ഒരു ജിഹാദിലാണ് താന് എന്ന് അയാള് സ്വയം വിശ്വസിച്ചു. ഒരുപക്ഷേ, അയാളുടെ കഥയിലെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന വശം, കൊലയാളി വധിക്കപ്പെടുന്നതിന് മുമ്പ് പലര്ക്കുമയാള് നായകനായി മാറി എന്നതാണ്.
സീരിയല് കില്ലര് സിനിമകള് ഇപ്പോഴൊരു ട്രെന്ഡ് ആണെന്നത് വാസ്തവമാണ്. കൊറിയന് സിനിമകള് പകര്ന്നു നല്കിയ ഈ തരംഗം മലയാളമുള്പ്പെടെയുള്ള ഭാഷകളിലേക്ക് അതിവേഗം പടര്ന്നുപിടിച്ചിട്ടുണ്ട്. എന്നാല് അലി അബ്ബാസി അതിന്റെ സെന്സേഷണലിസ്റ്റിക് ടോണിനെ മറികടന്നുവെന്നതാണ് പ്രധാനകാര്യം. സ്പൈഡര് കില്ലര് കഥ കവര് ചെയ്ത ഒരു യഥാര്ത്ഥ വനിതാ റിപ്പോര്ട്ടര് ഇറാനിലുണ്ടായിരുന്നു എന്നത് കൗതുകകരമാണ്.
സയീദ് തന്റെ മോട്ടോര് സൈക്കിളില് കറങ്ങിനടന്ന് ഒരു വേശ്യയെ കണ്ടെത്തി അവളെ വശീകരിച്ച് തന്റെ അപ്പാര്ട്ട്മെന്റിലേക്ക് കൊണ്ടുവന്ന് അവളുടെ ശിരോവസ്ത്രം കൊണ്ട് അവളെ കഴുത്തു ഞെരിച്ച് കൊല്ലുകയാണ് രീതി. ‘ഹോളി സ്പൈഡര്’ ഇറാനിയന് നിര്മ്മാണമോ ഇറാനില് ചിത്രീകരിച്ചതോ അല്ല. ഇത് ഒരു ഡാനിഷ്-സ്വീഡിഷ്-ജര്മ്മന്-ഫ്രഞ്ച് സംയുക്തസംരംഭമാണ്. സംവിധായകന് അബ്ബാസി ഇറാനില് ജനിച്ചു വളര്ന്ന് സ്വീഡനില് വാസ്തുവിദ്യയും ഡെന്മാര്ക്കില് ഫിലിം മേക്കിംഗും പഠിച്ചു. അവിടെയാണ് അദ്ദേഹം തന്റെ സിനിമകള് ചെയ്യാന് തുടങ്ങിയത്. ‘ഹോളി സ്പൈഡര്’ ഇറാനില് ചിത്രീകരിക്കാനാണ് അബ്ബാസി ആഗ്രഹിച്ചിരുന്നുവെങ്കിലും അധികാരികള് അനുമതി നിഷേധിച്ചതിനാല് ജോര്ദാനിലായിരുന്നു ചിത്രീകരണം.
സിനിമയിലെ ലൈംഗിക ഉള്ളടക്കം, മയക്കുമരുന്ന് ഉപയോഗം, അക്രമം എന്നിവ പാശ്ചാത്യ മാനദണ്ഡങ്ങള്ക്കനുസരിച്ച് അമിതമല്ലെങ്കിലും ഇറാനില് നിഷിദ്ധമാണ്. ഇറാനിലെ വിശുദ്ധ നഗരമായ മഷാദിന്റെ രൂപവും ഭാവവും ഭംഗിയായി പുനരവതരിപ്പിക്കാന് കലാസംവിധായകര്ക്കു കഴിഞ്ഞു.
കുറ്റവാളിയെ അന്വേഷിക്കുന്നതിനിടയില് പുരുഷന്മാരുമായി സഹായത്തിന് ഇടപെടേണ്ടി വരുമ്പോള് റഹീമിക്ക് ലൈംഗിക ചുവയോടെയുള്ള കമന്റുകളും ക്ഷണങ്ങളുമാണ് മിക്കവാറും ലഭിക്കുന്നത്. ഒരു മാധ്യമ പ്രവര്ത്തയ്ക്കുപോലും ഇത്തരമൊരനുഭവമാണ് നേരിടേണ്ടി വരുന്നതെന്നാണ് സൂചന. കൊലപാതകിയെ ഒടുവില് റഹീമി തിരിച്ചറിയുകയും പൊലീസിന് അയാളെ പിടികൂടേണ്ടി വരികയും ചെയ്യുന്നു. നീതിപീഠം അയാളെ രക്ഷിക്കാന് ശ്രമിക്കുന്നുവെങ്കിലും തെളിവുകളെല്ലാം പകല്പോലെ വ്യക്തമായതില് തൂക്കിക്കൊല്ലാന് വിധിക്കേണ്ടി വരുന്നു. കൊലപാതകിയുടെ കൗമാരക്കാരനായ മകന് തന്റെ പിതാവിനെ ആരാധിക്കുകയും തന്റെ പിതാവ് തന്റെ ഇരകളെ കീഴടക്കുകയും അവരെ ശ്വാസം മുട്ടിക്കുകയും ചെയ്തതെങ്ങനെയെന്ന് അഭിമാനത്തോടെ വിവരിക്കുയും ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന രംഗത്തോടെയാണ് ഹോളി സ്പൈഡര് അവസാനിക്കുന്നത്.
Trending
- അന്താരാഷ്ട്ര ചലച്ചിത്രമേള : ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ
- എറണാകുളത്ത് ഇനി എവിടെയും സൗജന്യ വൈ- ഫൈ
- മുനമ്പം റിലേ നിരാഹര സമരം നാല്പത്തി മൂന്നാം ദിനത്തിലേക്ക്
- ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം-കെആർഎൽസിസി
- കൂനമ്മാവില് വി. ചാവറയച്ചന്റെ വിശുദ്ധ പദവി ദശവര്ഷ ആഘോഷം; തിരുസ്വരൂപ പ്രയാണം തുടങ്ങി
- കുടുംബം സമൂഹത്തിന്റെ അടിത്തറ- ഫാ മാത്യു തടത്തിൽ
- ‘ഭരണഘടനയില് വഖഫ് നിയമത്തിന് സ്ഥാനമില്ല, രൂക്ഷ വിമര്ശനവുമായി പ്രധാനമന്ത്രി
- രാഹുലിന് റെക്കോര്ഡ് ഭൂരിപക്ഷം; ബി ജെ പി കോട്ടകള് തകര്ന്നു
വൈരുദ്ധ്യാത്മിക വിശുദ്ധവാദം
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2024 ThemeSphere. Designed by ThemeSphere.