മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്ന നിരവധി ആത്മകഥകള്‍ ഉണ്ട്. ജീവിതമെഴുത്ത് ഒരു അസാധാരണ സംഭവമൊന്നുമായി പരിഗണിക്കപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍ ഒരു ചിത്രകാരന് ആത്മകഥ വരയ്ക്കുന്നത് അസാധാരണമായ സംഭവമാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തനായ ചിത്രീകരണ കലാകാരന് നമ്പൂതിരി അദ്ദേഹത്തിന്റെ ആത്മകഥ വരയ്ക്കുകയാണ് ചെയ്തത്. വരയാണ് നമ്പൂതിരിയുടെ മാധ്യമം. വര്‍ണ്ണങ്ങള്‍ നിറയുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന് ഇല്ല. എന്നാല്‍ പ്രകൃതിയിലാകട്ടെ വരകള്‍ ഇല്ല, വര്‍ണ്ണങ്ങളേ ഉള്ളൂ. വര്‍ണ്ണങ്ങളെ വെല്ലുന്ന വര നമ്പൂതിരിയുടെ സ്വന്തമാണ്.
തന്റെ ജീവിതത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്ന വരകളുടെ പുസ്തകമാണ് ‘രേഖകള്‍.’ ആത്മകഥയ്ക്ക് പകരം ആത്മരേഖ എന്ന് വേണമെങ്കില്‍ പറയാവുന്ന പുസ്തകം. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും അപൂര്‍വമായിരിക്കും ഇങ്ങനെയൊരു ആത്മകഥ. ഭാഷാപോഷിണിയിലാണ് വരകളുടെ ആത്മകഥ ‘രേഖകള്‍’ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവന്നത്.
ആത്മകഥയുടെ ആമുഖത്തില്‍ നമ്പൂതിരി ഇങ്ങനെ പറയുന്നു: പരിചയമുള്ള ആളുകള്‍, പലേ സംഗതികള്‍ക്കും സാക്ഷ്യം വഹിച്ച സ്ഥലങ്ങള്‍, സംഭവങ്ങള്‍, ജീവിത പുസ്തകത്തില്‍ ഇങ്ങനെ ഗൗരവപ്പെട്ടതും നിസ്സാരമായതുമായി ഒരുപാട് വിഷയങ്ങള്‍ കടന്നു വരും. സ്വാഭാവികം എന്ന് കരുതി അവ പിന്നീട് വേഗം മറക്കുന്നു. അതൊക്കെ ഒന്ന് രേഖപ്പെടുത്തിയാലോ, അങ്ങനെ ഒരു ആലോചന വന്നു. ചിത്രം കൊണ്ട് ഒരു ആത്മകഥ. വരകൊണ്ടു മാത്രം പൂര്‍ണമാവില്ലെന്ന് തോന്നി. കുറച്ച് വിവരണവുമായാലോ? വരയ്ക്കൊപ്പം വാക്കും ചേര്‍ത്തു.
വരയ്ക്കൊപ്പമുള്ള വാക്കുകള്‍ കെ.സി. നാരായണന്റേതാണ്. ‘വാക്കും വരയും’ എന്ന തലക്കെട്ടില്‍ എംടിയുടെ അവതാരികയുമുണ്ട്. മുപ്പത്തിമൂന്ന് അധ്യായങ്ങളുള്ള പുസ്തകത്തിന്റെ അനുബന്ധമായി കെജിഎസ് എഴുതിയ ‘ചരിത്രകാരനായ ചിത്രകാരന്’ എന്ന പഠനവും ചേര്‍ത്തിരിക്കുന്നു.
ചിത്രവരയുടെ സൂക്ഷ്മതയും ആ സൂക്ഷ്മത നല്കുന്ന യാഥാര്‍ത്ഥ്യബോധവും ഈ പുസ്തകത്തിലൂടെ നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും.
വസ്ത്രം, ഭാഷ, അവയവങ്ങള്‍, ഉടയാഭരണങ്ങള്‍ എന്നിവ കൊണ്ട് ഒരു മനുഷ്യനെ എങ്ങനെ അടയാളപ്പെടുത്തി ചിത്രീകരിക്കാമെന്ന് നമ്പൂതിരി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
പുസ്തകത്തിലെ അരവിന്ദന്റെ ആദ്യസിനിമ ഉത്തരായനത്തെ കുറിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളും രസകരമാണ്. മലബാറിലെ സ്വാതന്ത്ര്യ സമര അധ്യായത്തിന്റെ കഥയാണ് ഉത്തരായനം. വീറോടെ വീര്യത്തോടെ പ്രാണന് പണയം വെച്ച് പോരാടിയവരുടെയും അതില്‍നിന്നു മുതലെടുത്തവരുടെയും കഥ. സ്വാതന്ത്ര്യത്തോടെ മാറ്റം വന്ന വ്യക്തികളുടെ പരിണാമകഥ.
അരവിന്ദന്റെ ഷൂട്ടിങ് സ്ക്രിപ്റ്റ് മൂന്നു പേജൊക്കെയേ കാണൂ. ചിത്രീകരണത്തിനിടയില്‍ ആക്ഷന്‍’, ‘കട്ട്’ തുടങ്ങിയ കോലാഹലങ്ങളൊന്നുമില്ല. പിന്നീട് ക്യാമറ ഷാജിയൊക്കെയായപ്പോള് അയാളുടെ പുറത്ത് അരവിന്ദന്റെ ഒരു സ്പര്‍ശം മാത്രമേ ഉണ്ടാവൂ എന്ന് കേള്‍ക്കാറുണ്ട്. അതില്‍ത്തന്നെ ചെറുവിരലില്‍ തുടങ്ങി നടുവിരല്‍ ചുമലില്‍ അമര്‍ത്തുമ്പോഴാണ് ഷാജി നിര്‍ത്തുക. അത്ര നിശ്ശബ്ദം. ക്യാമറ വര്‍ക്കു ചെയ്യുന്ന ശബ്ദം മാത്രം. കാര്‍ട്ടൂണില്‍, സിനിമയില്‍, ജീവിതത്തില്‍ ഒക്കെ ആ മൗനത്തെ അരവിന്ദന് ധ്വനിപ്പിച്ചു. വ്യക്തികളെ കുറിച്ചുള്ള എത്ര ആഴമാര്‍ന്ന നീരീക്ഷണം!
എംടി, മാരാര്‍, വൈക്കം മുഹമ്മദ് ബഷീര്‍, കേളപ്പന്, ചെമ്പൈ, എന്‍.വി. കൃഷ്ണവാര്യര്‍, എം.വി. ദേവന് തുടങ്ങി നിരവധി പേരുടെ രേഖാചിത്രങ്ങളുണ്ട്. ആ രേഖാചിത്രങ്ങളുടെ പിന്നില്‍ അധ്വാനം രേഖപ്പെടുത്തുന്ന ഒരു കുറിപ്പ് ചുവടെ ചേര്‍ക്കുന്നു.
‘ഒരു ദിവസം ഞാന്‍ ബിലാത്തിക്കുളത്ത് വീട്ടിലിരിക്കുമ്പോള്‍ ഒരാള്‍ പടി കയറി വരുന്നു. അപരിചിതന് പരിചയപ്പെടുത്തി, ‘ഞാന്‍ റഹ്മാന് എം.എ റഹ്മാന്’ എന്താ വിശേഷിച്ച്? ‘ബഷീറിനെക്കുറിച്ച് ഞാന്‍ ഒരു ഡോക്യുമെന്ററി എടുക്കാനുള്ള ശ്രമത്തിലാണ്. ചെറിയൊരു ഉപകാരം ചെയ്യണം’
എന്താണ്?
ബഷീറിന്റെ ഒരുപാട് കഥകളുണ്ട്. അതൊക്കെ സിനിമയില്‍ കൊണ്ടുവരാന്‍ വിഷമമാണ്. പല യാത്രകളുണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ സ്കെച്ചസ് നമ്പൂരി ഉണ്ടാക്കിത്തരണം ‘
”ശ്രമിച്ചുനോക്കാം’ എന്നു പറഞ്ഞു. ”അതല്ല, നമ്പൂരി തന്നെ ചെയ്യണം. ”സ്ഥലത്തെ പ്രധാന ദിവ്യന്, ”ആനവാരി’. ”പൊന്‍കുരിശു തോമ്മ’, ‘രണ്ട് ആനകള്‍’ ഇങ്ങനെ കഥാപാത്രങ്ങള്‍ മുഴുവന്‍ ….
കുറച്ചു വരച്ചു. ഇടമുറിഞ്ഞു എന്നുകണ്ടപ്പോള്‍ വീട്ടില്‍ നിന്നുമാറി വേറെയെവിടെയെങ്കിലും പോയി താമസിച്ചു വരയ്ക്കാന്‍ തീരുമാനിച്ചു. കുറെ കടലാസും വരയ്ക്കാനുള്ള സാമഗ്രികളും തന്ന് റഹ്മാന് എന്നെ തിരുവനന്തപുരത്തേക്കയച്ചു. അവിടത്തെ ഹോട്ടല്‍ മുറിയിലിരുന്നാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആ ചിത്രീകരണകാലം എന്നെ സംബന്ധിച്ചിടത്തോളം ഒരു അനുഭവം തന്നെയായിരുന്നു.
ഇന്ത്യയിലെ മികച്ച രേഖാചിത്രകാരനായ നമ്പൂതിരി 1925 സെപ്റ്റംബര്‍ 13 പൊന്നാനിയില്‍ ജനിച്ചു. വാസുദേവന്‍ നമ്പൂതിരി എന്നാണ് മുഴുവന്‍ പേര്. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചിത്രകലാപഠനം. 1960 മുതല്‍ മാതൃഭൂമിയില്‍ ചിത്രകാരന്. പിന്നീട് കലാകൗമുദിയിലും മലയാളം വാരികയിലും വരച്ചു. രേഖാചിത്രണം. പെയിന്റിംഗ് എന്നിവയ്ക്ക് പുറമേ ശില്പകലയിലും പ്രശസ്തന്‍. മണ്ണിലും മരത്തിലും ലോഹത്തിലും ഒരുപോലെ സ്വാധീനം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരന്മാരായ അരവിന്ദന്, പത്മരാജന് എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി സേവനം ചെയ്തിട്ടുണ്ട്.