ജെയിംസ് അഗസ്റ്റിന്
അവര്‍ അവസാന നിമിഷംവരെ സംഗീതാലാപനം തുടര്‍ന്നു. അവരെ നിശ്ശബ്ദയിലാഴ്ത്താന് ശക്തിയുണ്ടായിരുന്നത് കടലിനു മാത്രമായിരുന്നു. സംഗീതസംഘം ഗാനം വായിച്ചുകൊണ്ടിരുന്നു. ഞാന്‍ അത് വ്യക്തമായി കേട്ടു. അവസാനം വളരെ അടുത്തിരുന്നു.” (ടൈറ്റാനിക് ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട ഷാര്‍ലറ്റ് കോളിയര്‍) ആര്‍എംഎസ് ടൈറ്റാനിക് എന്ന ആഡംഭരകപ്പല് നീറ്റിലിറക്കിയപ്പോള്‍ അതിന്റെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചിരുന്നവരുടെ അവകാശവാദം ‘ദൈവത്തിനു പോലും മുക്കാന്‍ കഴിയാത്ത കപ്പല്‍’ എന്നായിരുന്നു.

എന്നാല്‍ ടൈറ്റാനിക്കിന്റെ കന്നിയാത്രയില്‍ തന്നെ, 1912 ഏപ്രില്‍ 15-ന് കപ്പല്‍ ഒരു മഞ്ഞുമലയിലിടിച്ച് മുങ്ങി. ഏകദേശം 2,200 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഏകദേശം 1,500 പേര് കൊല്ലപ്പെട്ടു. (കപ്പലിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവിധ പട്ടികകളില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് മൊത്തം എണ്ണത്തില്‍ ആശയക്കുഴപ്പം ഉണ്ടായി. അതുകൊണ്ടു തന്നെ മരിച്ചവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല). ലോകചരിത്രത്തിലെ ഏറ്റവും ദാരുണമായ ദുരന്തങ്ങളിലൊന്നും സമുദ്രയാത്രാ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനാശങ്ങളില് ഒന്നുമായി ടൈറ്റാനിക് അപകടം കണക്കാക്കുന്നു.
ടൈറ്റാനിക് സ്മരണകള്‍ ഇന്നും സജീവമാണ്.2 മണിക്കൂര്‍ 40 മിനിറ്റ് സമയമെടുത്താണ് കപ്പല്‍ പൂര്‍ണമായും സമുദ്രത്തിനടിയില്‍ മറഞ്ഞത്. ടൈറ്റാനിക് മുങ്ങിത്താഴുമ്പോഴും കപ്പലില്‍ ഉണ്ടായിരുന്ന എട്ടംഗ ബാന്‍ഡ് രക്ഷപെടാന്‍ ശ്രമിക്കാതെ കപ്പലിന്റെ ഡെക്കില്‍ നിന്ന് ഒരു പ്രാര്‍ത്ഥനയെന്നോണം തങ്ങളുടെ സംഗീതോപകരണത്തില്‍ യാത്രക്കാര്‍ക്കായി സാന്ത്വനഗീതങ്ങള്‍ വായിക്കുകയായിരുന്നു. അവസാനശ്വാസം വരെ അവര്‍ സംഗീതം പൊഴിച്ചുകൊണ്ടേയിരുന്നു.
712 പേരാണ് ദുരന്തത്തെ അതിജീവിച്ചത്. ഇവരുടെ മൊഴിയില്‍ നിന്നുമാണ് ടൈറ്റാനിക്കില്‍ അവസാനമായി കേട്ട സംഗീതം ‘നിയറര്‍ മൈ ഗോഡ് ടു തീ’ (‘നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടേ’)എന്നു തുടങ്ങുന്ന പ്രശസ്തമായ സ്തുതിഗീതമാണെന്നു ചരിത്രകാരന്മാര് രേഖപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കാണുമ്പോള്‍ ദൈവത്തോടു ചേരുന്നതിനെക്കുറിച്ചാണ് ഈ ഗാനം പറയുന്നത്.വയലിനിസ്റ്റുമാരായ വാലസ് ഹാര്‍ട്ലി(ബാന്‍ഡ് ലീഡര്‍), ജോണ്‍ ലോ ഹ്യൂം, ജോര്‍ജ് ക്രിന്‍സ്, ചെല്ലോ വാദകരായ ജോണ്‍ വെസ്ലി, റോജര്‍ ബ്രിക്കോ, പേഴ്സി ടെയ്ലര്, പിയാനിസ്റ്റ് തിയോഡോര്‍ ബ്രെയ്ലി, ബാസിസ്റ്റ് ജോണ്‍ ക്ലാര്‍ക് എന്നിവരാണ് മരണത്തിലേക്ക് പോകുന്ന സഹയാത്രികരെ ദൈവത്തിന്റെ സംഗീതം കേള്‍പ്പിച്ചു യാത്രയാക്കിയത്. ഈ സംഗീതസംഘത്തിലെ ആരും രക്ഷപ്പെട്ടില്ല. അവരുടെ ധൈര്യം ടൈറ്റാനിക് ദുരന്തത്തിന്റെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗങ്ങളിലൊന്നായി ചരിത്രത്തില്‍ രേഖപ്പെടുത്തി.
ടൈറ്റാനിക് ദുരന്തം പല കാലങ്ങളിലായി സിനിമകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ 1958-ല്‍ റോയ് വാര്‍ഡ് ബേക്കര്‍ സംവിധാനം ചെയ്ത എ നൈറ്റ് റ്റു റിമംബര്‍ എന്ന സിനിമയും 1997-ല്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന സിനിമയുമാണ് ചരിത്രത്തോട് ഏറ്റവും കൂടുതല്‍ നീതി പുലര്‍ത്തിയിട്ടുള്ളത്. ഈ രണ്ട് ചിത്രങ്ങളിലും ദുരന്തസമയത്ത് സംഗീതസംഘം ഗാനമാലപിക്കുന്നത് ചിത്രീകരിച്ചിട്ടുണ്ട്. ജെയിംസ് കാമറൂണിന്റെ ചിത്രത്തില്‍ കപ്പല്‍ മുങ്ങുമ്പോള്‍ സംഗീതസംഘം ഡെക്കില്‍ നിന്നു സംഗീതം അവതരിപ്പിക്കുന്ന രംഗത്തില്‍ ഒരു ഘട്ടത്തില്‍ ഗായകസംഘാംഗങ്ങള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങുമ്പോള്‍ ബാന്‍ഡ് ലീഡര്‍ ഹാര്‍ട്ലി പറയുന്നുണ്ട്, ” ‘പ്രിയ സുഹൃത്തുക്കളെ ഇന്നീരാവില്‍ നിങ്ങളോടൊപ്പം സംഗീതം പങ്കുവെച്ചത് എന്റെ ജീവിതത്തിലെ അഭിമാനകരമായ ഒരു അനുഭവമായിരുന്നു.’ ഇതു കേട്ടയുടനെ എല്ലാവരും തിരിച്ചുവന്ന് ഒരുമിച്ചുകൂടി ഗാനം വീണ്ടും ആലപിക്കുന്നു.
1906-ല്‍ കാനഡയുടെ തീരത്തു വാന്‍കൂവറില്‍ മുങ്ങിയ എസ്.എസ്.വാലെന്‍ഷ്യ എന്ന കപ്പലിലും അവസാനം കേട്ടത് ഇതേ ഗാനമായിരുന്നു. മുങ്ങിത്തുടങ്ങിയ കപ്പലില്‍ നിന്നും രണ്ടു ചെറിയ ബോട്ടുകളില്‍ കുറച്ചുപേരെ തീരത്തേക്ക് മാറ്റിയ ശേഷം ബോട്ട് തിരിച്ചു വരുന്നതും കാത്തിരുന്ന യാത്രക്കാരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഒരുമിച്ചു ഈ ഗാനം പാടിക്കൊണ്ടേയിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ എഴുതിയത്. കപ്പലില്‍ ഉണ്ടായിരുന്ന 173 പേരില്‍ 37 പേര്‍ക്ക് മാത്രമാണ് ജീവന് തിരിച്ചു കിട്ടിയത്. മരിച്ചവരില്‍ 17 സ്ത്രീകളും 11 കുട്ടികളുമുണ്ടായിരുന്നു.

ഉല്‍പ്പത്തി പുസ്തകം 28-ാം അധ്യായത്തിലെ യാക്കോബിന്റെ സ്വപ്നത്തെ ആസ്പദമാക്കി 1841-ല്‍ ബ്രിട്ടീഷ് എഴുത്തുകാരിയായ സാറാ ഫ്ളവര്‍ ആഡംസ് എഴുതിയതാണ് ഈ ഗീതം. വരികള്‍ക്ക് ഏറ്റവും പ്രചാരത്തിലുള്ള സംഗീതം നല്‍കിയത് ലോവെല്‍ മേസണ്‍ എന്ന അമേരിക്കന്‍ സംഗീതജ്ഞനാണ്. 1600-ല്‍ അധികം സ്തുതിഗീതങ്ങള്‍ക്ക് ഈണം നല്കിയ അദ്ദേഹമാണ് മേരിക്കുണ്ടൊരു കുഞ്ഞാട് (മേരി ഹാഡ് എ ലിറ്റില്‍ ലാംബ്)എന്ന നഴ്സറിപ്പാട്ടിനും സംഗീതം നല്‍കിയത്. ലോകത്തിലെ പ്രശസ്തരായ ഗായകരും സംഗീതസംഘങ്ങളും തങ്ങളുടെ ആല്‍ബങ്ങളില്‍ ‘നിയറര്‍ മൈ ഗോഡ് ടു തീ’ എന്ന ഗാനം ചേര്‍ത്തിട്ടുണ്ട്.മലയാളത്തിലേക്ക് ഈ ഗാനം പരിഭാഷപ്പെടുത്തിയത് ഇ.എല്‍.ജേക്കബ് ആണ്. ‘നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടേനിന് ക്രൂശു ഞാന്‍ വഹിപ്പതെന്നാലുമേ,എന്‍ ഗീതം എന്നുമേ’എന്നായിരുന്നു ഈ പരിഭാഷ. മാര്‍ത്തോമാ സഭയുടെ പഴയ പാട്ടുപുസ്തകങ്ങളില്‍ ഈ ഗാനം ചേര്‍ത്തിട്ടുണ്ട്.അടുത്തകാലത്ത് മലയാളത്തില്‍ ഇറങ്ങിയ സര്‍വം മായ എന്ന സിനിമയില്‍ നായികയുടെ മരണം ചിത്രീകരിച്ചപ്പോള്‍ ഇതേ ഈണം ചേര്‍ത്തിരുന്നു.

