ഡോ. ജേക്കബ് പ്രസാദ്
ആമുഖം
2025 നവംബർ നാലാം തീയതി വത്തിക്കാനിൽ നിന്നുള്ള വിശ്വാസപ്രബോധനസംബന്ധ മന്ത്രാലയം പരിശുദ്ധ കന്യകമറിയത്തെക്കുറിച്ച് ഒരു പ്രബോധനം പുറപ്പെടുവിച്ചു: മാതർ പോപുലി ഫിഡെലിസ് എ ഡോക്ട്രിനൽ നോട്ട്:
”ഓൺ സം മേരിയൻ ടൈറ്റിൽസ് റിഗാർഡിംഗ് മേരീസ് കോ-ഓപ്പറേഷൻ ഇൻ ദ വർക്ക് ഓഫ് സാൽവേഷൻ” ‘ (വിശ്വസ്തജനത്തിന്റെ മാതാവ്: രക്ഷാകരപ്രവൃത്തിയിൽ മറിയത്തിന്റെ സഹകരണം സംബന്ധിച്ച ചില നാമങ്ങളെക്കറിച്ചുള്ള ഒരു പ്രബോധനക്കുറിപ്പ്) (എംപിഎഫ് എന്ന് തുടർന്ന്). ഈ കുറിപ്പ് 2025 ഒക്ടോബർ ഏഴാം തീയതി പരിശുദ്ധപിതാവ് ലെയോ പാപ്പാ അംഗീകരിച്ചിരുന്നു.
ഈ രേഖയിൽ ഒപ്പുവച്ചിരിക്കുന്നത് വിശ്വാസപ്രബോധനസംബന്ധ മന്ത്രാലയത്തിന്റെ തലവൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും പ്രസ്തുത മന്ത്രാലയത്തിന്റെ പ്രബോധനസംബന്ധ വിഭാഗത്തിന്റെ സെക്രട്ടറിയായ മോൺസിഞ്ഞോർ
മത്തേയോ അർമാന്തെയും ആണ്. വളരെ നീണ്ടതും സങ്കീർണവുമായ ഒരു പ്രയത്നത്തിന്റെ അനന്തരഫലമാണ് ഈ രേഖ. പരിശുദ്ധ കന്യകമറിയത്തോടുള്ള
ഭക്തിയുടെ വേദപുസ്തക അടിസ്ഥാനവും പിതാക്കന്മാരുടെയും സഭാ പണ്ഡിതന്മാരുടെയും പ്രബോധനവും പൗരസ്ത്യ സഭകളുടെ പാരമ്പര്യവും സമീപകാലത്തെ പാപ്പാമാരുടെ സംഭാവനകളും ഇതിൽ കണക്കിലെടുത്തിട്ടുണ്ട്. മറിയത്തെ ‘വിശ്വാസികളുടെ മാതാവ്,’ ‘ആത്മീയ മാതാവ്,’ എന്നീ അപദാനങ്ങളാൽ സ്തുതിക്കപ്പെടാമെന്നു രേഖ കരുതുന്നു.
അതേസമയം, മറിയത്തെക്കുറിച്ച് ഉപയോഗിക്കുന്ന ‘സഹരക്ഷക,’ ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’ എന്നീ പ്രയോഗങ്ങൾ ഉചിതമല്ല എന്ന് ഈ രേഖ പഠിപ്പിക്കുന്നു.
മറിയത്തെക്കുറിച്ചുള്ള അടിസ്ഥാന വിശ്വാസസത്യങ്ങൾ
പരിശുദ്ധ കന്യകമറിയത്തെക്കുറിച്ച് നാല് വിശ്വാസസത്യങ്ങളാണ് (ഡോഗ്മാസ്) കത്തോലിക്കാ സഭ പ്രഘോഷിക്കുന്നത്:
- മറിയം, ദൈവമാതാവ് (തീയോട്ടോകോസ്) : എ. ഡി. 431-ൽ എഫേസോസിലെ സാർവത്രിക സൂനഹദോസിലാണ് മറിയം ദൈവമാതാവ് എന്നതിനെക്കുറിച്ചുള്ള നിർവചനം ഉണ്ടായത്; കൃത്യമായി പറഞ്ഞാൽ, ‘മറിയം ദൈവപുത്രന്റെ മാതാവ്’ എന്നാണ് അർഥമാക്കുന്നത്. കാരണം, ‘ദൈവപുത്രൻ’ എന്നാണല്ലോ പുതിയ നിയമത്തിൽ സാധാരണയായി യേശുവിനു നൽകിയിരിക്കുന്ന നാമം.
- മറിയം, നിത്യകന്യക (ഐപർതെനോസ്): എ. ഡി. 553-ൽ രണ്ടാം കോൺസ്റ്റന്റിനോപോൾ സാർവത്രിക സൂനഹദോസിൽ തത്സംബന്ധമായ തീരുമാനമുണ്ടായി. തുടർന്ന് 649-ൽ ഒന്നാമത്തെ ലാറ്ററൻ സുനഹദോസിൽ
മാർട്ടിൻ ഒന്നാമൻ പാപ്പാ പ്രസ്തുത പഠനം വിപുലീകരിച്ചു: അതായത്, മറിയം യേശുവിന്റെ ജനനത്തിനുമുമ്പും ജനനത്തിലും ജനനത്തിനുശേഷവും കന്യക ആയിരുന്നു എന്ന്. സഭാ പിതാക്കന്മാരായ തെർതുല്യൻ, വിശുദ്ധ അത്ത്നേഷ്യസ്, അംബ്രോസ്, അഗസ്റ്റിൻ എന്നിവരും ഇക്കാര്യം സ്ഥിരീകരിച്ചവരാണ്. - മറിയം അമലോൽഭവ: എ. ഡി. 1854 -ൽ പീയൂസ് ഒമ്പതാമൻ പാപ്പാ ഇത് പ്രഖ്യാപിച്ചു. പിൽക്കാലത്ത് മറിയം ലൂർദ്ദിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി. താൻ അമലോൽഭവയാണെന്ന് വിശുദ്ധ
ബർണഡിറ്റിനോട് അവൾ പറഞ്ഞു. - മറിയം സ്വർഗാരോപിത: 1950: പീയൂസ് പന്ത്രണ്ടാമൻ പാപ്പാ ഈ വിശ്വാസസത്യം പ്രഖ്യാപിച്ചു. കത്തോലിക്കാ സഭയിൽ ഏറ്റവും അവസാനമായി പ്രഖ്യാപിച്ചിട്ടുള്ള വിശ്വാസസത്യമാണിത്.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ
രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൂടിയ പിതാക്കന്മാർ, അതായത് മെത്രാന്മാർ, മറിയത്തോടുള്ള ഭക്തിയെക്കുറിച്ച് ചർച്ചചെയ്യുകയുണ്ടായി. കൗൺസിലിന്റെ ഇപ്പോഴുള്ള 16 പ്രമാണരേഖകൾക്കു പുറമേ മറിയത്തെ സംബന്ധിച്ച് ഒരു സ്വതന്ത്ര പ്രമാണരേഖ എഴുതണമെന്ന് ഒരുകൂട്ടം പിതാക്കന്മാർ അഭിപ്രായപ്പെട്ടപ്പോൾ മറ്റൊരുകൂട്ടം അതിനോടു യോജിച്ചില്ല. അപ്രകാരമുള്ള ചർച്ചയുടെ അനന്തരഫലമാണ് സഭയെസംബന്ധിച്ച
‘ജനതകളുടെ പ്രകാശം’ എന്ന വിശ്വാസസത്യപരമായ കോൺസ്റ്റിറ്റിയൂഷന്റെ ( ഡോഗ്മാറ്റിക് കോൺസ്റ്റിറ്റിയൂഷൻ, ലൂമേൻ ജെൻഷ്യും) അവസാന അധ്യായത്തിൽ മറിയത്തെക്കുറിച്ചുള്ള കൗൺസിലിന്റെ സംഭാവന എഴുതിചേർത്തത്. അതീവ അർഥവത്തായ രീതിയിലാണ് മനുഷ്യാവതാരത്തിലും സഭയിലെ രഹസ്യങ്ങളിലുമുള്ള പരിശുദ്ധ കന്യകമറിയത്തിന്റെ സ്ഥാനത്തെക്കുറിച്ച് കൗൺസിൽ ചർച്ച ചെയ്യുന്നത്.
കൗൺസിലിന്റെ ഈ രേഖയ്ക്ക് എട്ടാം അധ്യായത്തിൽ 18 ഖണ്ഡികകളാണുള്ളത്, 52-69. ഇതിൽ 52 മുതൽ 54 വരെയുള്ളത് ആമുഖമാണ്. മറിയത്തെ ഇവിടെ സഭയിലെ അതുല്യയായ അംഗവും സ്നേഹത്തിലും വിശ്വാസത്തിലും അതിവിശിഷ്ടമായ പ്രതിരൂപവും മഹനീയമായ മാതൃകയുമായി അവതരിപ്പിച്ചിരിക്കുന്നു. 55 മുതൽ 59 വരെയുള്ള ഖണ്ഡികകളിൽ രക്ഷാകരപദ്ധതിയിൽ മറിയം ചെയ്ത ശുശ്രൂഷയെക്കുറിച്ചു പ്രതിപാദിക്കുന്നു.
ഇവിടെ ശ്രദ്ധിക്കാനുള്ളത് കൗൺസിൽ വളരെ ജാഗ്രതയോടെ മറിയത്തിനു ‘സഹരക്ഷക’ എന്ന നാമം ഒഴിവാക്കുന്നു എന്നതാണ്. 60 മുതൽ 65 വരെയുള്ള ഇടത്ത് മറിയത്തിന് സഭയോടുള്ള ബന്ധം ചിത്രീകരിക്കപ്പെടുന്നു. 60,61,62 ഖണ്ഡികകളിൽ മറിയത്തിന്റെ മധ്യസ്ഥസ്ഥാനവും മാതൃസ്ഥാനവും എങ്ങനെ മനസ്സിലാക്കണം എന്നു വിശദീകരിക്കുന്നു. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് ‘മധ്യസ്ഥ’ എന്ന നാമം സവിശേഷമാംവിധം മറിയത്തെ
സംബന്ധിച്ച് ഉപയോഗിക്കുന്നില്ല എന്നതാണ്; അത് ഇതര നാമങ്ങളോടു ചേർത്തു മാത്രം
അവതരിപ്പിക്കപ്പെടുന്നു.
60-ാം ഖണ്ഡികയിൽ കൗൺസിൽ ഇപ്രകാരം പഠിപ്പിക്കുന്നു: ‘അപ്പോസ്തലന്റെ വാക്കുകളിൽനിന്ന് അറിയുന്നതുപോലെ നമുക്കൊരു മധ്യസ്ഥനേയുള്ളൂ. ദൈവം ഒരുവനേയുള്ളൂ; ദൈവത്തിനും നമുക്കും ഇടയ്ക്കുമുള്ള മധ്യസ്ഥനും ഒന്ന് – നമുക്കെല്ലാവർക്കുംവേണ്ടി വീണ്ടെടുപ്പിന്റെ വിലയായി സ്വയം നൽകിയ
മനുഷ്യനായ യേശുക്രിസ്തു’ (1 തിമോ 2:5-6). ക്രിസ്തുവിന്റെ അതുല്യമായ ഈ മാധ്യസ്ഥത്തെ മാതാവ് എന്ന നിലയിൽ മറിയത്തിന് മനുഷ്യരുടെ നേർക്കുള്ള കടമ അവ്യക്തമാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നില്ല; മറിച്ച് അതിനെ ശക്തിവെളിപ്പെടുത്തുകയാണ് ചെയ്യുന്നത് …. ക്രിസ്തുവിന്റെ യോഗ്യതകളാണ് മറിയത്തിന്റെ സ്വാധീനതയുടെ ഉത്ഭവസ്ഥാനം.
ക്രിസ്തുവിന്റെ മാധ്യസ്ഥമാണ് അതിനുള്ള അടിസ്ഥാനം.’ 62-ാം ഖണ്ഡികയിൽ കൗൺസിൽ തുടർന്ന് പറയുന്നു: ‘തന്മൂലമത്രേ തിരുസഭ പരിശുദ്ധ കന്യകയെ അഭിഭാഷിക, സഹായിക, ഉപകാരിണി, മധ്യസ്ഥ എന്നീ അഭിദാനങ്ങളാൽ വിളിച്ചപേക്ഷിക്കുന്നത്. അതേസമയം, ഇവയൊന്നും ഏകമധ്യസ്ഥനായ ക്രിസ്തുവിന്റെ മഹത്ത്വത്തെയോ ഫലദായിക ശക്തിയെയോ ഏതെങ്കിലും തരത്തിൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കേണ്ടതില്ല ….
ഇപ്രകാരം മറിയത്തിന് പരിത്രാണപദ്ധതിയിലുള്ള വിധേയാത്മകമായ സ്ഥാനം ഏറ്റുപറയാൻ സഭ മടിക്കുന്നില്ല.’ 63-ാം ഖണ്ഡിക മറിയത്തെ കന്യകയും മാതാവുമായി അവതരിപ്പിക്കുന്നു. 64-ാം ഖണ്ഡിക സഭയെത്തന്നെ കന്യകയും മാതാവുമായി ചിത്രീകരിക്കുന്നു. 65-ാം ഖണ്ഡിക മറിയത്തെ സഭയ്ക്ക് ഉത്തമമാതൃകയായി അവതരിപ്പിക്കുന്നു. ഇതിന്റെ എല്ലാം അനന്തരഫലം എന്നോണം 66-ഉം 67-ഉം ഖണ്ഡികകൾ സഭയിൽ മറിയത്തിനു
നൽകുന്ന വണക്കത്തെക്കുറിച്ചു പറയുന്നു.
67-ാം ഖണ്ഡിക ഇക്കാര്യത്തിൽ ചില മുന്നറിയിപ്പുകൾ നൽകുന്നതാണ്: ‘ദൈവമാതാവിന്റെ അതുല്യ മാഹാത്മ്യത്തെപ്പറ്റി ദൈവശാസ്ത്രജ്ഞന്മാരും സുവിശേഷപ്രബോധകന്മാരും
പ്രതിപാദിക്കുമ്പോൾ തെറ്റായ അതിവർണനയും തീരെ ഇടുങ്ങിയ മനഃസ്ഥിതിയും ഉപേക്ഷിക്കണമെന്ന് ശക്തിയായി ഉദ്ബോധിപ്പിച്ചുകൊള്ളുന്നു…. വേർപെട്ടു നിൽക്കുന്ന സഹോദരങ്ങൾക്കോ മറ്റാർക്കെങ്കിലും സഭയുടെ പഠനങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണ ഉളവാക്കുന്ന വാക്കോ പ്രവൃത്തിയോ ഉണ്ടാകാതിരിക്കാൻ സൂക്ഷിക്കണം.’
ഈ അധ്യായത്തിൽ ഒരിടത്തും മറിയത്തിന്റെ പ്രത്യക്ഷങ്ങളെക്കുറിച്ച് (അപ്പാരിഷൻസ്) സൂചിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധാർഹമാണ്; പ്രത്യക്ഷങ്ങളല്ല മറിയത്തെക്കുറിച്ചുള്ള പ്രബോധനത്തിനാധാരം എന്നർഥം.
68-ഉം 69-ഉം ഖണ്ഡികകൾ മറിയം ദൈവജനത്തിന്റെ സുനിശ്ചിതമായ പ്രത്യാശയും സമാശ്വാസവുമാണെന്നു ചൂണ്ടിക്കാണിക്കുന്നു. കൗൺസിലിന്റെ പഠനം ഇപ്രകാരം സുവ്യക്തമാണെങ്കിലും തുടർന്നുവന്ന കാലത്ത് മറിയത്തെ ‘സഹരക്ഷക’ എന്നും
‘എല്ലാ കൃപകളുടെയും മധ്യസ്ഥ’ എന്നും വിളിക്കണമെന്നു ശക്തമായ അഭ്യർഥന ഉയർന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് മേൽപ്പറഞ്ഞ മന്ത്രാലയം ‘വിശ്വസ്തജനത്തിന്റെ മാതാവ്’ (എംപിഎഫ്) എന്ന രേഖ പുറപ്പെടുവിച്ചത്.

വിശ്വസ്തജനത്തിന്റെ മാതാവ്
- ‘സഹരക്ഷക’ സംബന്ധിച്ച പഠനം ഇരുപതാം നൂറ്റാണ്ടിൽ ചില പാപ്പാമാർ മറിയത്തിനു ‘സഹരക്ഷക’ എന്ന നാമം നൽകി വിശേഷിപ്പിച്ചിട്ടുണ്ട്; എന്നാൽ, അവർ അതിന്റെ അർഥതലത്തിലേക്ക് ഗൗരവമായി പ്രവേശിക്കാതെയാണ് അപ്രകാരം ചെയ്തത് (എംപിഎഫ് 33 മുതൽ 36 വരെ കുറിപ്പുകൾ കാണുക). രണ്ടാം വത്തിക്കാൻ കൗൺസിൽ വിശ്വാസസത്യപരം, അജപാലനപരം, സഭൈക്യപരം എന്നീ കാരണങ്ങളാൽ ഈ നാമം മറിയത്തിനു നൽകുന്നതിൽ വിസമ്മതിച്ചു എന്നു നാം മുകളിൽ സൂചിപ്പിച്ചല്ലോ!
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ കുറഞ്ഞത് ഏഴ് അവസരങ്ങളിലെങ്കിലും മറിയത്തെ ‘സഹരക്ഷക’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട് (എംപിഎഫ്, കുറിപ്പ് 36 കാണുക). നമ്മുടെ സഹനങ്ങൾ ക്രിസ്തുവിന്റെ സഹനങ്ങളോടുചേർത്ത് സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന സഹനത്തിന്റെ രക്ഷാകര മൂല്യത്തോടു ബന്ധപ്പെടുത്തിയാണ് അദ്ദേഹം മറിയത്തിനു ഈ നാമം നൽകിയത്; കാരണം, മറിയം സവിശേഷമാംവിധം ക്രിസ്തുവിന്റെ കുരിശുമായി ബന്ധപ്പെട്ടിരിക്കുന്നു'(എംപിഎഫ് 18 കാണുക). അതേസമയം, വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പായുടെ മറിയത്തെ
സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രബോധനരേഖയായ ‘രക്ഷകന്റെ മാതാവ്’ (റെഡംപ്റ്റോറിസ് മാതർ) എന്ന ചാക്രിക ലേഖനത്തിൽ ഈ പ്രയോഗമില്ല.
1996 ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതിയിലെ വിശ്വാസപ്രബോധനസംബന്ധ തിരുസംഘത്തിന്റെ (സിഡിഎഫ്) യോഗത്തിൽ അന്നത്തെ തിരുസംഘത്തലവനായ കർദിനാൾ ജോസഫ് റാറ്റ്സിംഗർ മറിയത്തെ ‘സഹരക്ഷകയും’ ‘സകലകൃപകളുടെയും മധ്യസ്ഥയും’ എന്നീ നാമങ്ങൾ നൽകി വിശ്വാസസത്യമായി പ്രഖ്യാപിക്കണം എന്ന അഭ്യർഥനയ്ക്കു നിഷേധാത്മകമായാണ് ഉത്തരം നൽകിയത് (എംപിഎഫ് 19 കാണുക).
മൂന്ന് അവസരങ്ങളിലെങ്കിലും ഫ്രാൻസിസ് പാപ്പാ മറിയത്തെക്കുറിച്ച് ‘സഹരക്ഷക’ എന്ന പ്രയോഗത്തോടു വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ പുത്രന്റേതായ ഒന്നും കവർന്നെടുക്കാൻ അവൾ ശ്രമിച്ചിട്ടില്ലെന്നും അവൾ ഒരിക്കലും ഒരു സഹരക്ഷകയായി തന്നെത്തന്നെ അവതരിപ്പിച്ചിട്ടില്ലെന്നും അവൾ ഒരു ശിഷ്യയായിട്ടാണ് തന്നെ കണ്ടിട്ടുള്ളതെന്നും പാപ്പാ പഠിപ്പിച്ചു (എംപിഎഫ് 21 കാണുക). ഫ്രാൻസിസ് പാപ്പാ വളരെ വലിയ മരിയ ഭക്തനായിരുന്നല്ലോ.
അതിനാലാണ് താൻ മറിയത്തിന്റെ മടിയിൽ ഉറങ്ങാൻ പോകുന്നു എന്ന ചിന്തയാൽ തന്റെ ശവകുടീരം റോമായിലെ പരിശുദ്ധ കന്യകമറിയത്തിന്റെ മഹാദേവാലയത്തിൽ ആയിരിക്കണമെന്നു നിശ്ചയിച്ചുറപ്പിച്ചത്.
1903-നുശേഷം ഒരു പാപ്പായെയും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ മഹാദേവാലയത്തിനു പുറത്ത് സംസ്കരിച്ചിട്ടില്ല. 2002-ൽ കർദിനാൾ റാറ്റ്സിംഗർ പറഞ്ഞു: ‘സഹരക്ഷക’ എന്ന പ്രയോഗം വിശുദ്ധ ലിഖിതത്തിൽനിന്നും പിതാക്കന്മാരുടെ പഠനങ്ങളിൽനിന്നും ഒരുപാട് വിദൂരത്തേക്ക് പോകുന്നു; അതിനാൽ, അത് തെറ്റിദ്ധാരണകൾക്ക് വഴിതെളിക്കുന്നു… എഫേസോസുകാർക്കും കൊളോസോസുകാർക്കും എഴുതിയ ലേഖനങ്ങളിൽ പറയുന്നതുപോലെ
എല്ലാം അവനിൽ നിന്ന് (ക്രിസ്തുവിൽ നിന്ന്) വരുന്നു; അതുപോലെ മറിയം ആയിരിക്കുന്നതും അവനിലാണ്. ‘സഹരക്ഷക’ എന്ന അപദാനം ഈ ഉറവിടത്തെ വ്യക്തത ഇല്ലാത്തതാക്കിത്തീർക്കുന്നു. അപ്രകാരമുള്ള ഒരു
നിർദേശത്തിന്റെ നല്ല ലക്ഷ്യങ്ങൾ അംഗീകരിച്ചെങ്കിലും അത് ‘ശരിയായവിധം’ അല്ല പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് അദ്ദേഹം നിരീക്ഷിച്ചു’ (എംപിഎഫ് 19).
അതിനാൽ, രേഖ ഇപ്രകാരം തൽസംബന്ധമായി ഉപസംഹരിച്ചു: ‘മറിയത്തിന്റെ സഹകരണം നിർവചിക്കാൻ ‘സഹരക്ഷക’ എന്ന സംജഞ ഉപയോഗിക്കുന്നത് എപ്പോഴും അനിയുക്തമാണ്. ഈ നാമം ക്രിസ്തുവിന്റെ അനന്യമായ
രക്ഷാകരമാധ്യസ്ഥത്തെ (യൂനീക് സാൽവിഫിക് മീഡിയേഷൻ) തമസ്കരിക്കുന്നു; അങ്ങനെ അത് ക്രൈസ്തവ വിശ്വാസസത്യങ്ങളുടെ സ്വരചേർച്ചയിൽ ആശയകുഴുപ്പവും അസന്തുലിതാവസ്ഥയും സൃഷ്ടിക്കുന്നു… ഒരു
പ്രയോഗത്തിനു നിരവധിയും ആവർത്തിച്ചുള്ളതുമായ വിശദീകരണം വേണ്ടിവരുമ്പോൾ അതിന്റെ ശരിയായ അർഥത്തിൽ നിന്നു വഴിമാറിപോകാൻ ഇടവരുന്നു; അപ്പോൾ അത് ദൈവജനത്തിന്റെ വിശ്വാസത്തിന്
ഉപകരിക്കാതിരിക്കുകയും സഹായകമാകാതിരിക്കുകയും ചെയ്യുന്നു’ (എംപിഎഫ് 22). - ‘സകലകൃപകളുടെയും മധ്യസ്ഥ’ (മീഡിയാട്രിക്സ് ഓഫ് ഓൾ ഗ്രേസസ്) സംബന്ധിച്ച പഠനം
എ) മറിയം മധ്യസ്ഥ
ക്രിസ്തു അല്ലാതെ മറ്റൊരു മധ്യസ്ഥൻ ഇല്ലെന്നുള്ള വേദപുസ്തകത്തിന്റെ പ്രസ്താവന രേഖ നിർണായകം ആണെന്ന് അംഗീകരിക്കുന്നു. ക്രിസ്തു ആണ് ഏക മധ്യസ്ഥൻ (എംപിഎഫ് 24 കാണുക). അതേസമയം രേഖ പറയുന്നു: ‘ ‘മാധ്യസ്ഥ്യം’ എന്നത് അനുദിന ജീവിതത്തിലെ പലതലങ്ങളിലും സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പദമാണ്.
അവിടെ അത് സഹകരണം, സഹായം, വക്കാലത്ത് പറയുക എന്നീ അർഥങ്ങളിലാണ് ഉപയോഗിക്കുന്നത്. അതിനാൽ ഈ പദം മറിയത്തിന് ഒരു താഴ്ന്ന അർഥത്തിൽ (ഇൻ എ സബ്ഓഡിനേറ്റ് സെൻസ്) ഉപയോഗിക്കാവുന്നതാണ്. ഈ രീതിയിൽ ഉപയോഗിക്കപ്പെടുമ്പോൾ യഥാർഥ ദൈവവും മനുഷ്യനും ആയ യേശുക്രിസ്തുവിന്റെ അനന്യമായ മാധ്യസ്ഥത്തിനു പുറമേ അതിന് എന്തെങ്കിലും ഫലദായകത്വമോ ശക്തിയോ പകരാൻ ഉദ്ദേശിക്കുന്നില്ല’ (എംപിഎഫ് 25).
അതേസമയം, ‘ദൈവപുത്രൻ നമ്മുടെ മനുഷ്യത്വം സ്വീകരിച്ച് മനുഷ്യാവതാരം സാധ്യമാക്കിയതിൽ മറിയത്തിന് യഥാർഥമായും ഒരു മാധ്യസ്ഥഭാഗം (മീഡിയേറ്ററി റോൾ) ഉണ്ടെന്നുള്ളത് വ്യക്തമായ കാര്യമാണ്’ (എംപിഎഫ് 26). മറിയമാണ് ലോകത്തിനു വീണ്ടെടുപ്പിന്റെയും കൃപയുടെയും നാഥനെ നൽകിയത്; അവൾ കുരിശിന്റെ കീഴേ
ബലമായി നിന്നു (യോഹ 19:25 കാണുക); അവൾ തന്റെ പുത്രനോടൊപ്പം സഹിക്കുകയായിരുന്നു; തന്റെ മാതൃഹൃദയത്തിൽ തുളച്ചുകയറിയ വാൾവഴിയായുള്ള ദുഃഖം (ലൂക്കാ 2:35) അവൾ സമർപ്പിക്കുകയായിരുന്നു. രേഖ പറയുന്നതനുസരിച്ച്, ‘മനുഷ്യാവതാരം മുതൽ കുരിശും ഉത്ഥാനവുംവരെ അനിതരസാധാരണവും
മറ്റേതൊരു വിശ്വാസിയെയും അതിലംഘിക്കുന്നവിധത്തിൽ അവൾ ക്രിസ്തുവിനോടു സംയോജിച്ചിരുന്നു’ (എംപിഎഫ് 32).
നാമെല്ലാവരും യഥാർഥത്തിൽ മധ്യസ്ഥരാണ്; വിശുദ്ധരെല്ലാം മധ്യസ്ഥരാണ്; ഈ മധ്യസ്ഥരിൽ
അഗ്രഗണ്യയാണ് പരിശുദ്ധ കന്യകമറിയം. പഴയനിയമത്തിൽ മക്കബായക്കാരുടെ രണ്ടാം പുസ്തകം 15:11-14 വരെയുള്ള ഭാഗത്ത് യൂദാസ് മക്കബേയസിനുണ്ടായ ഒരു സ്വപ്നത്തെക്കുറിച്ച് പറയുന്നു: അതിൽ കണ്ടത് പ്രധാന പുരോഹിതനായിരുന്ന ഓനിയാസും, ജറെമിയ പ്രവാചകനും ജനത്തിനും നഗരത്തിനും വേണ്ടി പ്രാർഥിക്കുന്നവരായിട്ടാണ്; മൃതിയടഞ്ഞ അവർ, ദൈവ തിരുമുമ്പാകെ, മധ്യസ്ഥ പ്രാർഥന നടത്തുന്നു.
‘മധ്യസ്ഥ’ എന്ന പദം സർവസാധാരണമായി ഉപയോഗിച്ചുവരുന്നതാണ്. സഹകരണം, സഹായം, ഇടനില പ്രാർത്ഥന നടത്തുക എന്ന അർഥങ്ങളിലാണ് അത് ഉപയോഗിച്ചുവരുന്നത്. അതേസമയം, യേശുവാണ് ഏക മധ്യസ്ഥൻ (1 തിമോ 2:5-6). യേശുവിന്റെ അനിതരസാധാരണമായ മാധ്യസ്ഥത്തിന് കുറവ് വരുത്താത്ത രീതിയിൽ മറിയത്തെക്കുറിച്ച് ഇത് ഉപയോഗിക്കാവുന്നതാണ്. ദൈവ പുത്രന്റെ മനുഷ്യാവതാരത്തിൽ അവൾക്ക് കൃത്യമായി ഒരു മധ്യസ്ഥപങ്ക് ഉണ്ടായിരുന്നു എന്നത് ശരിയത്രേ. ‘ക്രിസ്തുവിന്റെ മാധ്യസ്ഥത്തിന്റെ ഏകതാനത (യൂനിസിറ്റി) ‘എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്’
(‘ഇൻക്ലുസീവ്’). തന്റെ രക്ഷാകരപദ്ധതിയിൽ അവൻ പല രൂപത്തിലുള്ള പങ്കാളിത്തം സാധ്യമാക്കുന്നു; കാരണം, അവനുമായി ഐക്യത്തിൽ ആയിരുന്നുകൊണ്ട്, നമുക്കെല്ലാവർക്കും, ഏതെങ്കിലും വിധത്തിൽ, ദൈവത്തിന്റെ സഹകാരികളാകാം, അതോടൊപ്പം പരസ്പരം ‘മധ്യസ്ഥരും’ (1 കോറി 3:9 കാണുക)’ (എംപിഎഫ് 28).
യ) മറിയം ‘എല്ലാ’ കൃപകളുടെയും മധ്യസ്ഥയല്ല.
എന്നാൽ, ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’ ( മീഡിയാട്രിക്സ് ഓഫ് ഓൾ ഗ്രേസസ്) എന്ന നാമം ഉചിതമായ ഒന്നല്ല. അത് വ്യക്തമായും വെളിപാടിൽ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. ദൈവശാസ്ത്ര വിചിന്തനത്തിന്റെയും ആധ്യാത്മികശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ അത് നിലനിൽക്കുന്നതല്ല (എംപിഎഫ് 45 കാണുക). നമ്മുടെ രക്ഷ എന്നത് ക്രിസ്തുവിന്റെ ഏക രക്ഷാകര കൃപയുടെ ഫലമാണ്, മറ്റാരുടേതുമല്ല (എംപിഎഫ് 47 കാണുക). ‘യഥാർഥത്തിൽ അവൾ (മറിയം) ആദ്യം രക്ഷിക്കപ്പെട്ടവൾ എന്നവിധത്തിൽ അവൾക്കുതന്നെ ലഭിച്ച കൃപയുടെ മധ്യസ്ഥ ആകാൻ സാധിക്കില്ലല്ലോ!”(എംപിഎഫ് 67). മറിയംതന്നെ, തന്റെ സ്തോത്രഗീതത്തിൽ പറയുന്നത്, ‘എന്റെ ഉള്ളം എന്റെ
‘രക്ഷകനായ’ ദൈവത്തിൽ ആനന്ദിക്കുന്നു’ എന്നാണ് (ലൂക്കാ 1:47). തൽസബന്ധമായി പൗലോസ് അപ്പോസ്തലൻ റോമാക്കാർക്കെഴുതിയ ലേഖനത്തിൽ ഇപ്രകാരം പറയുന്നു, ‘ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതി അനുസരിച്ചു വിളിക്കപ്പെട്ട വർക്ക്, സകലതും നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നമുക്കറിയാമല്ലോ. എന്തെന്നാൽ, അവിടുന്ന് മുൻകൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ മുൻകൂട്ടി നിശ്ചയിക്കുകയുംചെയ്തു. ഇത് തന്റെ പുത്രൻ അനേകം സഹോദരരിൽ ആദ്യജാതനാകേണ്ടതിനാണ്. താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു; വിളിച്ചവരെ നീതിമത്കരിച്ചു; നീതിമത്കരിച്ചവരെ മഹത്ത്വപ്പെടുത്തി’ (റോമാ 8:28-30).
ഉപസംഹാരം
‘മറിയത്തിന്റെ അതുല്യമായ മഹാത്മ്യം എന്നു പറയുന്നത് അവൾക്ക് ലഭിച്ച കാര്യങ്ങളും ആത്മാവിനാൽ കീഴടക്കപ്പെടാനായി തന്നെത്തന്നെ പ്രത്യാശപൂർവം സമർപ്പിക്കാനുള്ള സന്നദ്ധതയും ആയിരുന്നു. അവളുടെ സജീവമായ പ്രവർത്തനങ്ങൾ നാം ക്രിസ്തുവിനു സമാന്തര ഭാഗങ്ങളാക്കി മാറ്റാൻ ശ്രമിക്കുമ്പോൾ, നമ്മൾ അവൾക്കുമാത്രം സ്വന്തമായുള്ള അതുല്യമായ അവളുടെ സൗന്ദര്യത്തിൽനിന്ന് പിന്നാക്കം പോവുകയാണ് ചെയ്യുന്നത്’ (എംപിഎഫ് 33). അതിനാൽ, ഈ രേഖ മറിയത്തെ സംബന്ധിച്ച ശരിയായ പ്രബോധനം അവതരിപ്പിക്കുന്നു. ക്രിസ്തുവിജ്ഞാനീയത്തിൽ അധിഷ്ഠിതമായ രീതിയിൽ ഇത് മരിയവിജ്ഞാനീയം വിശകലനം ചെയ്യുന്നു. ക്രിസ്തുവിജ്ഞാനീയത്തിൽ മറിയത്തിന്റെ സ്ഥാനം അതുല്യമത്രേ.

