ബെംഗളൂരു: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സിജെ റോയ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവിൽ വെച്ചാണ് സംഭവം. സ്വയം വെടിയുതിർത്താണ് മരണം എന്നാണ് പ്രാഥമിക വിവരം. ആദായ നികുതി വകുപ്പിന്റെ പരിശോധന സിജെ റോയിയുടെ സ്ഥാപനങ്ങളിൽ നടക്കവെയാണ് അശോക് നഗറിലുളള ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്തത്.
കേരളത്തിൽ ഉൾപ്പെടെ നിരവധി ബിസിനസ്സ് സംരഭങ്ങൾ സിജെ റോയിക്കുണ്ട്. അദ്ദേഹത്തിന്റെ ഓഫീസിലും കഫേയിലും അടക്കം ഇന്ന് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. അതിനിടെയാണ് മുറിയിലേക്ക് പോയ സിജെ റോയ് ലൈസൻസുളള സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്
പ്രമുഖ കൺസ്ട്രക്ഷൻ സംരഭമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് 75കാരനായ സിജെ റോയ്. മലയാളത്തിലെ പല റിയാലിറ്റി ഷോകളുടേയും സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരുന്നത് കൊണ്ടും മലയാളികൾക്ക് ചിരപരിചിതനാണ് ഡോ. സിജെ റോയ്. നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടർന്നാണ് ആദായ നികുതി വകുപ്പ് അദ്ദേഹത്തിന്റെ സ്ഥാനങ്ങളിൽ പരിശോധനയ്ക്ക് എത്തിയത്. ഇതിന് മുൻപും സിജെ റോയിയുടെ സ്ഥാപനങ്ങളിൽ നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് ഐടി റെയ്ഡ് നടന്നിരുന്നു.
ഈ പരിശോധനകൾക്കെതിരെ സിജെ റോയ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കൊച്ചിയിൽ നിന്നുളള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് ഇന്ന് ബെംഗളൂരുവിലെ ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്. ചില രേഖകൾ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് സിജെ റോയിക്ക് നൽകാൻ സാധിച്ചിരുന്നില്ല എന്നാണ് വിവരം. റെയ്ഡ് നടക്കുന്നതിനിടെ ഓഫീസ് മുറിയിലേക്ക് പോയ സിജെ റോയ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ചാണ് സ്വയം തലയ്ക്ക് വെടിയുതിർത്തത്. ഈ തോക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിജെ റോയിയെ ഉടനെ തന്നെ എച്ച് എസ് ആർ ലേ ഔട്ടിലെ നാരായണ ഹോസ്പ്റ്റലിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

