അഭിമുഖം
അഡ്വ. ഷെറി. ജെ. തോമസ്/ ബിജോ സില്‍വേരി
*കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ പിറവി
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1891 ല്‍ പള്ളിത്തോട് നസ്രാണി സമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന് എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടുണ്ട്. നിരവധി വ്യക്തികളും സംഘടനകളും പല കാലഘട്ടങ്ങളിലായി സമുദായത്തെ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോരാടിയിട്ടുണ്ട്.
1972 മാര്‍ച്ച് 26 ന് വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കൊല്ലം, തിരുവനന്തപുരം, വിജയപുരം എന്നീ രൂപതയില്‍ നിന്നുള്ള പ്രതിനിധികള്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍ ഒരുമിച്ച് ചേര്‍ന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് രൂപീകരിച്ചു. സംഘടന ഇല്ലാതിരുന്നതുകൊണ്ട് ആലപ്പുഴയിലെയും വിജയപുരത്തെയും ബിഷപ്പുമാര്‍ നോമിനേറ്റ് ചെയ്ത പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. മറ്റ് രൂപതകള്‍ അവരുടെ ജനറല്‍ബോഡി തിരഞ്ഞെടുത്തത് പ്രകാരം പ്രതിനിധികളെ അയച്ചു. ആ യോഗം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കേളന്തറ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കാത്തലിക് അസോസിയേഷന് പ്രസിഡന്റ് ടി.ജെ മൊറൈസ് അധ്യക്ഷത വഹിച്ചു. കെ.ജെ ബെര്‍ളി പ്രസിഡന്റായും ഇ.പി ആന്റണി ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കേരളത്തിലെ ലത്തീന്‍ രൂപതകളിലെ അല്മായ സംഘടനകളെ ഒന്നിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന് എന്ന സമുദായ സംഘടന ജന്മമെടുത്തു.
*വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക നീതി തുടങ്ങിയ മേഖലകളില്‍
കെഎല്‍സിഎ നടത്തിയ പ്രധാന ഇടപെടലുകള്‍
സാമൂഹിക നീതി മേഖലയില്‍ ഭവനം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി തീരവാസികള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള സാധ്യതകള്‍ക്കായി നിരന്തര പോരാട്ടത്തിലാണ്. സിആര്‍സെഡ് 2011 ഇളവുകള്‍ സംബന്ധിച്ച് സ്വാമിനാഥന് കമ്മീഷന് മുമ്പാകെ ചെലവിന് ഹാജരായിരുന്നു. ഇഡബ്ല്യുഎസ് 2019 വിജ്ഞാപനത്തിലെ ഇളവുകള്‍ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് പുതുതായി ഹര്‍ജികള്‍ നല്‍കുകയും വ്യവഹാരമധ്യേ 2024 ഒക്ടോബര്‍ 16ന് സിസെഡ്എംപി പ്രസിദ്ധീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. കകങജ പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം തുടരുന്നു.
വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഇന്ന് ഉദ്യോഗത്തിന് സമാനമായ രീതിയില്‍ ലഭിക്കുന്നില്ല. അത്തരം ഒരു ആവശ്യം ദീര്‍ഘനാളായി ഉന്നയിച്ചിരുന്നു. ഒടുവില്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 23.5.2014 തീയതി 10/ 2014 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒപ്പം ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തി പ്രൊഫഷണല്‍ കോളജുകളിലും ഹയര്‍ സെക്കന്‍ഡറി വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും നിലവിലുള്ള രണ്ട് ശതമാനം സംവരണം മൂന്നു ശതമാനമായി വര്‍ധിപ്പിച്ചു. എന്നാല്‍ പിജി കോഴ്സുകള്‍ക്ക് ഇപ്പോഴും ഇത് എല്ലായിടത്തും നടപ്പിലാക്കിയിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ വ്യവഹാരം നടത്തി വരുന്നു. ഉദ്യോഗ സംവരണത്തിന് സമാനമായി വിദ്യാഭ്യാസ മേഖലയിലും സംവരണം ലഭിക്കണമെന്നത് ഇന്നും ഒരു ആവശ്യമായി തന്നെ നിലകൊള്ളുന്നു.
കോളജുകളില്‍ കമ്മ്യൂണിറ്റി മെറിറ്റ് കോട്ടയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്കോളര്‍ഷിപ്പ് വിദ്യാര്തികള്ക്ക് നിലവില്‍ ലഭിക്കുന്നില്ല. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടനാ വ്യവഹാരം നടത്തുന്നുണ്ട്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മറുപടി കമ്മ്യൂണിറ്റി ക്വാട്ടയില്‍ കയറുന്ന കുട്ടികള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ അല്ല എന്നാണ്. അത് തികച്ചും തെറ്റാണ് എന്ന വാദം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.
ഉദ്യോഗ മേഖലയില്‍ ജസ്റ്റിസ് നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരമുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പിലാക്കണമെന്ന് ദീര്‍ഘനാളായി സംഘടന ആവശ്യപ്പെട്ടുവന്നിരുന്നു. സ്പെഷ്യല്‍ നടപ്പിലാക്കിയില്ലെങ്കിലും എന്‍സിഎ നിയമങ്ങള്‍ വഴി ഭാവിയില്‍ അവസരനഷ്ടം നിയന്ത്രിക്കാനാകുന്നു.
വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതു സംബന്ധിച്ച് പിന്നെ പിന്നാക്കവിഭാഗ വികസന വകുപ്പില്‍ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഉദ്യോഗ വിദ്യാഭ്യാസ സംവരണത്തിനായി സമുദായ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പ്രക്ഷോഭത്തിലാണ്. ബിഷപ്പുമാര്‍ നല്കുന്ന കത്ത് ആധികാരിക രേഖയായി പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് ശുപാര്ശുകളില് അത് ഉള്‍പ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസം ക്ഷേമം ഉദ്യോഗം വിഷയങ്ങളില്‍ അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കണം എന്ന് സബ്മിഷന് പി.ടി തോമസ് എംഎല്‍എ യിലൂടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഉന്നയിപ്പിച്ചത് കെഎല്‍സിഎ ആണ്. പിന്നീട് വിവിധ കോണുകളില്‍ നിന്ന് അതേ ആവശ്യത്തെ തുടര്‍ന്ന് ക്രൈസ്തവര്‍ക്ക് മുഴുവനായും വേണ്ടിയുള്ള ഒരു കമ്മീഷനായി ജസ്റ്റിസ് ജെബി കോശി കമ്മീഷന് നിയോഗിക്കപ്പെടുകയായിരുന്നു. വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ്, സംവരണ വിഷയങ്ങള്‍ ഉള്‍പ്പെടെ 284 ശുപാര്‍ശകളില്‍ വളരെയധികം ശുപാര്‍ശകള്‍ സമുദായത്തിന് ഗുണകരമാകുന്നതാണ്. നൂറില്‍പരം വിവരാവകാശ രേഖകള്‍ കമ്മീഷന് നല്കുന്നതിനുവേണ്ടി സംഘടിപ്പിച്ച് സംഘടനാ സമര്‍പ്പിച്ചിരുന്നു.
2023 മെയ് മാസം സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തു വിടാത്തതിനെതിരെയും ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കണം എന്ന വിഷയം ഉന്നയിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
തിരുവനന്തപുരം മുതലപ്പൊഴി വിഷയത്തില്‍ പരിഹാരമുണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തി. ക്രിമിനല്‍ കേസുകളില്‍ സംഘടനാ നേതാക്കള്‍ പ്രതികളാണ്. വിഴിഞ്ഞം സമരത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് മികച്ച പിന്തുണയാണ് സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടന നല്‍കിയത്. മുനമ്പം വിഷയത്തില്‍ ഭൂ സംരക്ഷണ സമിതി രൂപീകരിച്ച് പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നതിന് മുമ്പ് ആദ്യഘട്ട യോഗങ്ങളില്‍ തന്നെ കെഎല്‍സിഎ പങ്കാളികളായിരുന്നു.
*കെഎല്‍സിഎ ലത്തീന്‍ സമുദായത്തിനു വേണ്ടിയും
പൊതുസമൂഹത്തിനു വേണ്ടിയും ഉന്നയിക്കുന്ന ആവശ്യങ്ങള്‍
- പാര്‍പ്പിടം ജന്മാവകാശം – തീരനിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിച്ച് തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് അനുമതി ലഭ്യമാകുന്ന സാഹചര്യം ഉണ്ടാക്കുക. ദ്വീപുകള്‍ക്ക് 20 മീറ്റര്‍ ഇളവ് ലഭ്യമാക്കുന്ന സംയോജിത ഐലന്‍ഡ് മാനേജ്മെന്റ് പ്ലാന്‍ നടപ്പിലാക്കുക. മലയോര മേഖലയിലെ വിഷയങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക. വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് സുരക്ഷ ഉറപ്പാക്കുക.
- ജസ്റ്റീസ് ജെബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടുക. ഗുണഭോക്താക്കളുമായി ആലോചിച്ച് ശുപാര്‍ശകള്‍ നടപ്പിലാക്കുക.
- വിദ്യാഭ്യാസ മേഖലയില്‍ ഡിഗ്രി, പി ജി കോഴ്സുകളില്‍ ആംഗ്ളോ ഇന്ത്യന്‍ സമുദായത്തിനുള്പ്പെടെ 4 ശതമാനമെങ്കിലും സംവരണം ഉറപ്പാക്കുക.
4 സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഷപ് നല്കുന്ന കത്ത് ആധികാരിക രേഖയാക്കി പരിഗണിക്കാന്‍ ഉത്തരവുണ്ടായിട്ടും അത് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക. ഒട്ടേറെ അവാന്തര വിഭാഗങ്ങള്‍ ഉള്ള ലത്തീന്‍ സമുദായാംഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുക.
5 ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടനാപരമായി അവകാശപ്പെട്ട സംവരണാനുകൂല്യം നല്‍കുക. - തീരമേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുക. കടലേറ്റം, കടല്‍ ദുരന്തം എന്നിവയെ പ്രകൃതിദുരന്തങ്ങളായി പ്രഖ്യാപിക്കുക, പിന്നാക്കാരായ ഭൂരഹിതര്‍ക്ക് വീടും ഭൂമിയും അനുവദിക്കുക, സമ്പൂര്‍ണ്ണ ഭവനപദ്ധതി രൂപീകരിക്കുക
- സമുദായം ഒരു പൊളിറ്റിക്കല്‍ ബാക്ക് വേര്‍ഡ് കമ്മിറ്റിയാണ്. രാഷ്ട്രീയ നീതിയും ഭരണപങ്കാളിത്തവും ഉറപ്പുവരുത്തുക. ഭരണഘടനാ സ്ഥാപനങ്ങളിലും ബോര്‍ഡുകളിലും ഭരണനിര്‍വഹണ സമിതികളിലും ലത്തീന്‍ സമുദായത്തിന് മതിയായ പ്രാതിനിധ്യം നല്‍കുക.
- എയ്ഡഡ് സ്ഥാപനങ്ങളിടെ നിയമാനുസൃത നിയമനങ്ങള്‍ അനാവശ്യമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുക
9 അസംഘടിത തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഹരിക്കുക, മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, ഇന്ധന ലഭ്യത ഉറപ്പുവരുത്തുക. - വിഴിഞ്ഞം പദ്ധതിമൂലം നഷ്ടമുണ്ടാകുന്നവര്ക്ക് അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, തീരവും തൊഴിലും സംരക്ഷിക്കാന്‍ ഫിഷിംഗ് ഹാര്‍ബര്‍ പണി പൂര്‍ത്തിയാക്കുക.
11.മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂര്‍ണമായും നടപ്പിലാക്കുക.
12 ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത തീരപ്രദേശങ്ങളില്‍ സ്കൂള്‍ അനുവദിക്കുക.
13 തീരദേശ ഹൈവേ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിക്കുക. - പുതുവൈപ്പ് ഐ ഒ സി യുടെ സംഭരണകേന്ദ്രം സമരം സംബന്ധിച്ച കേസുകള്‍ പിന്‍വലിക്കുക.
15 വിഴിഞ്ഞം സമരത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുക. - ഇഡബ്ല്യുഎസ് നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക. മെറിറ്റില്‍ വളരെ താഴെയുള്ളവര്‍ ഒരേസമയം മെച്ചപ്പെട്ട ജീവിതനിലയിലുള്ളവര് സംവരണ വിഭാഗങ്ങളേ മറികടന്ന് കരസ്ഥമാക്കുന്ന അവസരങ്ങള്‍ പരിശോധിക്കുക, പരിഹാരമുണ്ടാക്കുക.
*സിആര്‍സെഡ് വിഷയത്തില്‍ നടത്തിയിട്ടുള്ള നിയമപരവും
സാമൂഹ്യപരവുമായ പോരാട്ടങ്ങള്‍
സിആര്‍സെഡ് വിഷയത്തില്‍ ഭവന നിര്‍മ്മാണത്തിന് ഇളവുകള്‍ക്ക് വേണ്ടി പോരാടിയതിന്റെ ഫലമായി 2019 വിജ്ഞാപനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അത് നടപ്പിലാക്കുന്നതിന് വൈകിയപ്പോള്‍ കോടതിയില്‍ കൂടുതല്‍ ഹര്‍ജി നല്കി. 2024 ഒക്ടോബര്‍ 16ന് സിസെഡ്എംപി പുറത്തിറക്കി. കകങജ സംയോജിത ദ്വീപ് വികസന പ്ലാന്‍ പുറത്തിറക്കിയാല്‍ ആണ് ദ്വീപുകള്‍ക്ക് 20 മീറ്റര്‍ ഭവന നിര്‍മ്മാണത്തിന് ഗുണം ലഭിക്കുകയുള്ളൂ. അക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും താല്പര്യ ഹര്‍ജി തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ 66 പഞ്ചായത്തുകള്‍ കൂടുതല്‍ ഇളവ് അര്‍ഹരായി. 175 പഞ്ചായത്തുകള്‍ക്ക് കൂടി ആ ഇളവ് ആവശ്യപ്പെട്ട വീണ്ടും വ്യവഹാരം തുടരുന്നു. ഇതിനോടകം പണിതു കഴിഞ്ഞ വീടുകള്‍ക്ക് ഇപ്പോള്‍ നിയമത്തില്‍ മാറ്റം വന്നിട്ടും നമ്പര്‍ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. പരിഹാരം ഉണ്ടാവുന്നതിന് പോരാട്ടത്തിലാണ്.
സമുദായ സമ്പര്‍ക്ക പരിപാടി എന്ന പേരില്‍ വിവിധ തീരദേശ രൂപതകളില്‍ ഇക്കാര്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗങ്ങളുമായി നേരിട്ട് സംവദിച്ച് പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുത്തു വരുന്നു.
*ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍
സര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ കാരണം
284 ശുപാര്‍ശകളാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 33 വകുപ്പുകള്‍ക്കായി പുറത്തിറക്കിയ സര്‍ക്കാര്‍ രേഖയില്‍ ഉള്ളത്. പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടും വിഷയത്തെ അത്ര ഗൗരവമായി ഇതുവരെ കണ്ടിട്ടില്ല എന്നുള്ളതും റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് കാലതാമസം ഉണ്ടാക്കുന്നു. റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ട് സംഘടന നിരന്തരം സമരത്തിലാണ്. തിരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തില്‍ എങ്കിലും റിപ്പോര്‍ട്ട് സംബന്ധിച്ച് എന്തെങ്കിലും തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. റിപ്പോര്‍ട്ട്പുറത്ത് വിട്ടാല്‍ അത് നടപ്പിലാക്കേണ്ടി വരും എന്ന നിലപാടും ഇതിന് കാരണമാകാം.
*വിഴിഞ്ഞം സമരം നടത്തിയ രീതിയില്‍ പാളിച്ചകളുണ്ടായോ
സമരത്തില്‍ പാളിച്ചകള്‍ ഉണ്ടായോ എന്നതിനപ്പുറത്ത് ഒരു അതിരൂപതയും ജനങ്ങളും സമരത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ അതിനു പിന്തുണ കൊടുക്കണം എന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ലത്തീന്‍ സഭയുടെ ഉന്നതാധികാര സമിതിയായ കെആര്‍എല്‍സിസിയുടെ നിലപാടിന് അനുസരിച്ചാണ് എന്നും കെഎല്‍സിഎ നിലകൊണ്ടിട്ടുള്ളതും. ലത്തീന്‍ രൂപതകള്‍ ഒന്നടങ്കം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുന്നതിന് സാഹചര്യമുണ്ടായില്ല. സമരം ആരംഭിച്ചു കഴിഞ്ഞപ്പോള്‍ അതില്‍ സജീവമായി പങ്കെടുക്കാനും പിന്തുണയ്ക്കാനും സംഘടന മുന്നിട്ടിറങ്ങി. കളവായ നിരവധി കേസുകളും ഇത് സംബന്ധിച്ച് എടുത്തിട്ടുണ്ട്. മൂലംപള്ളിയില്‍ നിന്ന് ആരംഭിച്ച യാത്ര തിരുവനന്തപുരത്തെ അവസാനിപ്പിച്ചപ്പോള്‍ അതിനെതിരെയും കേസുകള്‍ എടുത്തു. മൂലംപള്ളിയില്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു ആരോപണം.
*മുനമ്പം ഭൂപ്രശ്നത്തില്‍ സമരത്തെ ചിലര്‍ ഹൈജാക്ക് ചെയ്തോ
മുനമ്പം വിഷയം യഥാര്‍ത്ഥത്തില്‍ ഇത്രത്തോളം വലിച്ചു നീട്ടാതെ എളുപ്പം പരിഹരിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രശ്നപരിഹാരം നീണ്ടുപോയത് മതവിഭാഗങ്ങളില്‍ തമ്മില്‍ സ്പര്‍ദ്ദ ഉണ്ടാക്കിയെടുക്കാനുള്ള ചിലരുടെ ബോധപൂര്‍വ്വമായ ശ്രമത്തിന് സാധ്യത നല്കി. വരാപ്പുഴ അതിരൂപത മുന്‍കൈയെടുത്ത് പല ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ വിഷയം തീരാതിരിക്കാന്‍ ബിഷപ്പുമാരെ വരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ നിക്ഷിപ്ത താല്പര്യക്കാര് പ്രവര്‍ത്തിച്ചു. അതിനു വേണ്ടി മുന്നിട്ടിറങ്ങുന്ന സമുദായ നേതാക്കളെ ഭീഷണിയിലൂടെ സമരരംഗത്ത് നിന്ന് പിന്തിരിപ്പിക്കാന് ശ്രമങ്ങള്‍ നടന്നു. സമുദായ പ്രവര്‍ത്തകരെ എങ്ങനെ ഉപദ്രവിച്ചാലും ആരും ചോദിക്കാന്‍ ഉണ്ടാവില്ല എന്ന് മനോഭാവം നിക്ഷിപ്ത താല്പര്യക്കാര്ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ കൂടുതല്‍ സ്പര്‍ദ്ദ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൗകര്യം ഒരുക്കി.

*സമുദായ സംഘടന എന്ന നിലയ്ക്ക് കെഎല്‍സിഎ രാഷ്ട്രീയത്തോട്
എത്രമാത്രം അടുത്ത് നില്‍ക്കണം
സമുദായത്തിന് അര്‍ഹമായ പ്രാതിനിത്യം രാഷ്ട്രീയ മേഖലയില്‍ നേരിടുന്നതിന് സംഘടനാ മുന്നിട്ടിറങ്ങണം എന്നാണ് അഭിപ്രായം. ഒബിസി എന്ന് പറയുന്നതുപോലെ എന്ന ഒരു സാഹചര്യമാണ് സമുദായത്തെ സംബന്ധിച്ചിടത്തോളം നിലവിലുള്ളത്.
*സമുദായത്തിന്റെ ആവശ്യങ്ങള്‍ രാഷ്ട്രീയ അജണ്ടയാകാന്‍
ഏത് തരത്തിലുള്ള ഇടപെടലുകളാണ് ആവശ്യമായത്?
ഒരൊറ്റ ശബ്ദം ഒരൈക്ക്യ ശക്തി എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. എല്ലാ രൂപതകളും ഒരുമിച്ച് നിന്നുള്ള നിലപാടുകളും പ്രഖ്യാപനവും ആണ് ആവശ്യം. പൊതുസംഘടനയായി കെഎല്‍സിഎ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. എങ്കിലും എല്ലാ ഇടവകകളിലും സമുദായം മുന്നേറ്റത്തിന് അവസരം ഉണ്ടാക്കണം.
- മറ്റു ചില സമുദായത്തിലെ നേതാക്കള്‍ എടുത്ത കാലത്തായി രാഷ്ട്രീയത്തില്‍
പരസ്യമായി ഇടപെടാനും തങ്ങളുടെ അജണ്ട നിശ്ചയിക്കാനും
ശ്രമിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ? സമൂഹത്തിന് ഇത്തരം നീക്കങ്ങള്‍ ദോഷകരമാണോ ഗുണകരമാണോ?
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള വിഭാഗങ്ങള്‍ എന്ന കണക്കില്‍ ഓരോ സമുദായത്തിനും അര്‍ഹമായത് നേടിയെടുക്കാന്‍ സമുദായ സംഘടനകള്‍ പ്രവര്‍ത്തിക്കണം. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഡയലോഗുകള്‍ ആവശ്യമാണ്. രാഷ്ട്രീയത്തോട് സമുദായത്തിന്റെ മുഖമായി പറയാന്‍ കെആര്‍എല്‍സിസി എന്ന നയ രൂപീകരണ സമിതിയുടെ ഏകോപനത്തില്‍ സമുദായ സംഘടനയായി കെഎല്‍സിഎ നിലകൊള്ളണം എന്നതാണ് ആഗ്രഹം. മതപരമായ ദ്രുവീകരണത്തിന് അവസരം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. അതേസമയം മതം എന്നതിനപ്പുറത്ത് ഭരണഘടനാപരമായ വിഭാഗങ്ങള്‍ എന്ന രീതിയിലായിരിക്കണം ആവശ്യങ്ങള്‍ ഉന്നയിക്കേണ്ടത്.
*രാഷ്ട്രീയ പാര്‍ട്ടികള്‍ സമുദായ സംഘടനകളെ സമീപിക്കുന്ന രീതിയില്‍
വേണ്ട പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ്?
ഇന്ന് സമുദായത്തിന്റെ മുഖമായി കെഎല്‍സിഎ സംഘടന മാറിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സമുദായ പ്രവര്‍ത്തകരായ നിരവധി ആളുകള്‍ സ്ഥാനാര്ത്ഥികളാവുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. കേവലം സമുദായ സംഘടന എന്നതിനപ്പുറത്ത് നിലപാടുകളുള്ള, മതേതര കാഴ്ചപ്പാടുള്ള ആളുകളാണ് എന്ന ഒരു ബോധ്യം പൊതു സമൂഹത്തിന് നല്കാന് സംഘടനയിലൂടെ കഴിഞ്ഞിട്ടുണ്ട്.
*അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സമുദായത്തിന്റെ നിലപാടുകള്‍
വോട്ടിംഗ് പ്രവണതയെ സ്വാധീനിക്കുന്ന രീതിയില്‍ എന്തെങ്കിലും പ്രവര്ത്തനങ്ങളുണ്ടാകുമോ?
സമുദായത്തിന്റെ വിവിധ ആവശ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കണ്‍വെന്‍ഷനുകള്‍ നടത്തുന്ന കാര്യം പരിഗണനയിലാണ്. നാം ഉയര്‍ത്തിക്കൊണ്ടുവന്ന ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ തെളിവുകളാണ് ഈ അവസാനഘട്ടത്തില്‍ എങ്കിലും ചിലതെങ്കിലും നടപ്പിലാക്കാന്‍ കാണിക്കുന്ന തിടുക്കം.
*ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളോടോ മുന്നണികളോടോ പ്രത്യേക അടുപ്പം
ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമോ
ദീര്‍ഘനാളായി പറഞ്ഞുപോരുന്ന സമുദായത്തിന്റെ ആവശ്യങ്ങളോട് രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കുന്ന പ്രതികരണം ആശ്രയിച്ചിരിക്കും നിലപാടുകള്‍. തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിലുള്ള അനുകൂല പ്രതികരണങ്ങള്‍ അല്ല, മറിച്ച് പൊതുവായ നിലപാടുകളും തീരുമാനത്തില്‍ പ്രതിഫലിക്കും.
*വികസനം, സാമൂഹിക സുരക്ഷ, മതേതരത്വം തുടങ്ങിയ വിഷയങ്ങളില്‍
കെഎല്‍സിഎ വോട്ടര്‍മാര്‍ക്ക് നല്കുന്ന പ്രധാന സന്ദേശം എന്തായിരിക്കും
രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണം. ധാര്‍ഷ്ട്യത്തിന്റെയും സ്വജനപക്ഷപാദത്തിന്റെയും വാര്‍ത്തകള്‍ക്കപ്പുറത്ത് എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യമായ ഭരണസംവിധാനങ്ങള്‍ ആയിരിക്കണം ഉണ്ടാകേണ്ടത്.
ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍, സമുദായത്തിന്റെ
ഐക്യവും രാഷ്ട്രീയ ബോധവത്കരണവും
ശക്തമാക്കാന്‍ എന്തെല്ലാം ചെയ്യാനുണ്ട്?
അധികാരത്തില്‍ പങ്കാളിത്തം ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കണം. സമുദായം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കൃത്യമായി പഠിച്ച് എല്ലാവരിലേക്കും അത് എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കും. ഓരോ ജനപ്രതിനിധിയോടും ജനങ്ങള്‍ അക്കാര്യത്തെപ്പറ്റി നേരിട്ട് സംവദിക്കുന്ന രീതിയില്‍ പ്രചാരണം ശക്തമാക്കും.
- തദ്ദേശതിരഞ്ഞെടുപ്പില്‍ കെഎല്‍സിഎ പ്രവര്‍ത്തകരും
അനുഭാവികളുമായ നിരവധി പേര് വിജയിച്ചു വന്നിട്ടുണ്ട്.
ഇത് ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നോ?
സമുദായത്തിന്റെ മുഖമായി മാറാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. സമുദായ സമ്പര്‍ക്ക പരിപാടികളിലൂടെയും ഇതര ജനകീയ വിഷയങ്ങളിലുള്ള ഇടപെടലിലൂടെയും സമുദായ പ്രവര്‍ത്തകര്‍ക്ക് പൊതുയിടത്തില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സ്പേസ് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. സമുദായത്തിന് എന്താണ് പറയാനുള്ളത് എന്ന് ചോദ്യം വരുമ്പോള്‍ അവിടെ സംഘടനയുടെ നിലപാട് പ്രധാനപ്പെട്ടതായി മാറുന്ന രീതി ഉണ്ടായി വരുന്നു.
*യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും രാഷ്ട്രീയ നേതൃസ്ഥാനങ്ങളിലേക്ക്
കടന്നുവരാന്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?
കക്ഷി രാഷ്ട്രീയത്തിലൂടെ മാത്രമേ നിയമനിര്‍മാണങ്ങള്‍ നടത്താനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഭരണഘടനാപരമായി സാധിക്കുകയുള്ളൂ. ചെറുപ്പത്തിലെ തന്നെ കത്തോലിക്കാ സഭയുടെ വിവിധ സംഘടനകളുടെ പരിശീലനം സിദ്ധിച്ച ആളുകള്‍ പൊതുരംഗത്ത് വരുന്നത് ഈ ലക്ഷ്യം നിറവേറുന്നതിന് സഹായകമാകും. ആരും എവിടെയും അനിവാര്യരല്ല. മികച്ച ആളുകള്‍ കടന്നു വന്നില്ലെങ്കില്‍ മറ്റ് ആരെങ്കിലും അവിടെ കടന്നു ചെല്ലും. അത് നോക്കി നില്‍ക്കേണ്ടവരല്ല നമ്മള്. സഭയുടെ വേദികള്‍ ഉപയോഗിച്ച് പൊതു ഇടങ്ങളില്‍ സമുദായ പ്രവര്‍ത്തകര്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം.
സമുദായത്തെയും സമൂഹത്തെയും ബാധിക്കുന്ന വിഷയങ്ങളെപ്പറ്റി കൃത്യമായ പഠനം നടത്തി അധികാര കേന്ദ്രങ്ങളോട് സംവദിക്കാന്‍ ഉതകുന്ന തരത്തില്‍ വിവിധ നേതാക്കളെ എല്ലാ രൂപതകളിലും വളര്‍ത്തിയെടുക്കണം. അതിനായി പ്രത്യേക പരിശീലന പരിപാടികള്‍ വരുന്ന വര്‍ഷങ്ങളില്‍ ഊന്നല്‍ നല്‍കണം എന്നാണ് നിലവിലെ സമിതി ആഗ്രഹിക്കുന്നത്.

